twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഏച്ചുകെട്ടിയാല്‍ മുഴച്ചു തന്നെ നില്‍ക്കും

    By Super
    |

    സംവിധാനം: വിനയന്‍
    രംഗത്ത്: മമ്മൂട്ടി, മുരളി, സായികുമാര്‍, ആതിര, കാവേരി തുടങ്ങിയവര്‍
    സംഗീതം: മോഹന്‍ സിതാര

    മലയാള സിനിമയില്‍ ഒട്ടേറെ ചിത്രങ്ങള്‍ വിജയിപ്പിച്ച് സൂപ്പര്‍സംവിധായക നിരയിലേക്കുയര്‍ന്ന വിനയന്‍ ശക്തമായൊരു പ്രമേയത്തെ ആസ്പദമാക്കി ഒരു ചിത്രം ഒരുക്കുന്ന എന്നറിഞ്ഞതില്‍ സന്തോഷിച്ചവര്‍ ഏറെയാണ്.

    പാകിസ്ഥാന്‍ ചാരനെന്ന് മുദ്ര കുത്തപ്പെട്ട് കേരളത്തില്‍ ജീവിക്കുക... അതും സ്വാതന്ത്യ്രസമരത്തില്‍ ജീവിതം മറന്ന് പോരോടിയ ഒരാളുടെ മകന്‍... അര്‍ത്ഥവ്യാപ്തി കൊണ്ടുതന്നെ ശ്രദ്ധേയമായേക്കാവുന്ന പ്രമേയം. ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് വിജയം കണ്ട വിനയന്‍ അങ്ങനെ ഒരു ചിത്രത്തില്‍ ഏര്‍പ്പെടുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ ഏറെ തന്നെയായിരിക്കും.

    എന്നാല്‍ ക്രിസ്മസിന് കേരളത്തിലെ തിയേറ്ററുകളില്‍ എത്തിയ ദാദാസാഹിബ് കണ്ടിറങ്ങുമ്പോള്‍ മിക്കവാറും പ്രേക്ഷകരും സംശയത്തിലാണ്. ഇത്തരം കനപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ മാത്രം വിനയന്‍ വളര്‍ന്നിട്ടുണ്ടോ..?

    സ്വാതന്ത്യ്രസമര സേനാനി ദാദാസാഹിബിന്റെ മകന്‍ അബൂബക്കര്‍ പാകിസ്ഥാന്‍ ചാരനെന്ന് മുദ്രകുത്തപ്പെട്ട് തൂക്കുകയറും പ്രതീക്ഷിച്ച് ജയിലില്‍ കഴിയുകയാണ്. തളിയൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം നടക്കുമ്പോള്‍ ബോംബ് വെച്ച് 150 പേരെ കൊലപ്പെടുത്തിയതിനാണ് അബൂബക്കര്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്.

    ഈയവസരങ്ങളിലെല്ലാം അബൂബക്കറിന്റെയും ദാദാസാഹിബിന്റെ ഫ്ലാഷ് ബാക്കുകള്‍ ഭംഗിയായി അവതരിപ്പിച്ചുകൊണ്ടുതന്നെ വിനയന്‍ ചിത്രത്തിന്റെ പിരിമുറുക്കും കാത്തുസൂക്ഷിച്ചിരുന്നു. എന്നാല്‍ ജയില്‍ ഡോക്ടറുടെയും സൂപ്രണ്ടിന്റെയും എന്തിന് ഐജിയുടെ പോലും മുന്നില്‍ വെച്ച് തൂക്കിക്കൊന്ന അബൂബക്കറിന് പുനര്‍ജന്മം നല്‍കുന്നതോടെ വിനയന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യത്തില്‍ നിന്നു വ്യതിചലിക്കുന്നു.

    ബ്രിട്ടനില്‍ പണ്ടെങ്ങോ തൂക്കുകയറില്‍ നിന്ന് രക്ഷപ്പെട്ട കുറ്റവാളിയെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് വിനയനും കൂട്ടരും അബൂബക്കറിനെ തൂക്കുകയറില്‍ നിന്നും രക്ഷപ്പെടുത്തുന്നത്. അതോടെ ചിത്രം ഒരു സാധാരണ പ്രതികാരചിത്രത്തിലേക്ക് വഴിമാറുന്നു. (ഏതു കുട്ടിക്കും അറിയാമല്ലോ... അബൂബക്കര്‍ (നായകന്‍) നിരപരാധിയാണന്നും പ്രതികാരം ചെയ്യുകയായിരിക്കും അയാളുടെ അടുത്ത ലക്ഷ്യമെന്നും!).

    അബൂബക്കറിനെ കള്ളക്കേസില്‍ കുടുക്കിയത് എംഎല്‍എ മുഹമ്മദ് കുട്ടിയും (സായികുമാര്‍), ഐജി സ്കറിയ സക്കറിയയും (രാജന്‍ പി.ദേവ്) ചേര്‍ന്നാണ് എന്ന് അയാള്‍ക്കും ദാദാസാഹിബിനും അറിയാം. അബൂബക്കര്‍ നേരത്തെതന്നെ ഇവരിരുവരുമായും ഏറ്റുമുട്ടിയിട്ടുണ്ട്. അബൂബക്കര്‍ തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടുമ്പോഴേക്കും മുഹമ്മദ് കുട്ടി ആഭ്യന്തരമന്ത്രിയായി കഴിഞ്ഞിരുന്നു.

    എങ്കിലും ഐജി സ്കറിയ സക്കറിയയുെം മുഹമ്മദ് കുട്ടിയെയും അബൂബക്കര്‍ കീഴടക്കുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സപ്പറാണ് ഇവരുടെ പിന്നില്‍ അബൂബക്കര്‍ ഈ സമയത്താണ് മനസ്സിലാക്കുന്നത്. ഒരു റിപ്പബ്ലിക്ക് ദിനാഘോഷ വേളയില്‍ സംസ്ഥാന ഗവര്‍ണര്‍ റഹ്മത്ത് അലി (ശങ്കര്‍ മോഹന്‍) ആണ് സപ്പര്‍ എന്ന് അബൂബക്കര്‍ മുഹമ്മദ് കുട്ടിയെ സാക്ഷിയായി വെളിപ്പെടുത്തുന്നു. പിന്നീട് സുരക്ഷാഭടന്മാരില്‍ നിന്നേറ്റ തീയുണ്ടകളെ വകവെക്കാതെ ദാദാസാഹിബ് മുന്നോട്ടെത്തി ഗവര്‍ണറെ കൊല്ലുകയും അന്ത്യശ്വാസം വലിക്കുകയും ചെയ്യുന്നതോടെ ചിത്രം അവസാനിക്കുന്നു.

    കുറച്ചു കാലത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി ഇരട്ടവേഷത്തില്‍ വന്നതൊഴിച്ചാല്‍ എന്താണ് ദാദാസാഹിബിന്റെ പ്രത്യേകയെന്ന് ആര്‍ക്കും സംശയം തോന്നും. അപൂര്‍വത്തില്‍ അപൂര്‍വമായതിനെ ആവിഷ്കരിക്കുമ്പോള്‍ ഏച്ചുകെട്ടിയാല്‍ മുഴച്ചു നില്‍ക്കും എന്ന പഴഞ്ചൊല്ല് വിനയനും തിരക്കഥാകൃത്ത് സുരേഷ് ബാബുവും ഓര്‍ത്തിരിക്കാനിടയില്ല.

    ചിത്രത്തിലുടനീളം അസ്വാഭാവികയാണ്. 80കാരനായ ദാദാസാഹിബിന് ഊര്‍ജസ്വലത നല്ലതു തന്നെ. എന്നാല്‍ 40കാരനായ മകനേക്കാളും ചെറുപ്പമാക്കിയത് എന്തായാലും നന്നായില്ല.

    വാസന്തിയുടെ പ്രേതം വിനയനെ വിട്ടുപോയിട്ടില്ല എന്നും ദാദാസാഹിബ് തെളിയിക്കുന്നു. സ്ത്രീജന്മം പുരുഷനാല്‍ തച്ചുടക്കപ്പെടേണ്ടതാണെന്ന് സംവിധായകന്‍ കരുതുന്നുണ്ടോ..? അല്ലാതെ ആതിര വാരസ്യാരെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നതിനെന്തിനാണ്..? അബൂബക്കറിന്റെ പ്രതികാരാിയില്‍ എണ്ണയൊഴിക്കാനോ..? അതോ... പുനര്‍ജനി നേടിയവന്‍ ജീവിതം നിഷേധിക്കപ്പെടേണ്ടവന്‍ തന്നെയാണ് എന്ന വിശ്വാസം കൊണ്ടോ..? എന്തായാലും ആതിര എന്ന പുതുമുഖ നടിക്ക് മലയാളത്തില്‍ ബ്രേക്ക് നല്‍കുന്ന കഥാപാത്രം ആയിരുന്നില്ല ദാദാസാഹിബില്‍.

    മുരളി അവതരിപ്പിച്ച ജയില്‍ ഡോക്ടര്‍ ശക്തമായൊരു കഥാപാത്രത്തിന്റെ സൂചന നല്‍കിയതാണ്. എന്നാല്‍ മമ്മൂട്ടിയുടെ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനിടയില്‍ സംവിധായകന് ആ കഥാപാത്രത്തെയും കൊല്ലേണ്ടിവന്നു. മോഹന്‍സിതാരയും യൂസഫലി കേച്ചേരിയും ഒരുക്കിയ പാട്ടുകള്‍ കൊള്ളാം.

    Read more about: vinayan mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X