For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  കണ്ണൂരിലേക്കൊരു ശാന്തിയുടെ ദൂത്

  By Staff
  |

  കണ്ണൂരിലേക്കൊരു ശാന്തിയുടെ ദൂത്

  സംവിധാനം: ജയരാജ്
  രംഗത്ത്: ഐ.എം. വിജയന്‍, കെ.പി.എ.സി. ലളിത, സീമാ ബിശ്വാസ് തുടങ്ങിയവര്‍
  സംഗീതം: കൈതപ്രം

  സമാന്തര സിനിമ സംവിധായകന്റെ സൃഷ്ടിയാണ് എന്ന് പാടിപ്പതിഞ്ഞ പല്ലവിയാണ്. സിനിമയില്‍ സന്ദേശത്തേക്കാളുപരി സംവിധായകന്റെ കലാവതരണത്തിനാണ് പ്രാധാന്യം എന്ന വാദത്തിനും നല്ല പഴക്കമുണ്ട്. ഇക്കാര്യത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് വാദങ്ങളും ഉണ്ടായിട്ടുണ്ട്.

  എന്തിനാണിവിടെ ഇത്തരം കാര്യങ്ങള്‍ പറയുന്നതല്ലേ..? ജയരാജ് സംവിധാനം ചെയ്ത ശാന്തത്തില്‍ ഒരു സന്ദേശമുണ്ട്. ശാന്തം ജയരാജിന്റെ ഉത്തമസൃഷ്ടിയാണെന്നൊന്നും പറയാനാവില്ല. എന്നാല്‍ അത് നല്‍കുന്ന സന്ദേശത്തിന് കാലിക പ്രധാന്യമുണ്ട്.

  കണ്ണൂരിലെ കലാപകലുഷിത മനസ്സുകള്‍ക്ക് മീതെ പെയ്തിറങ്ങുന്ന സ്നേഹത്തിന്റെ മഴയാണ് ശാന്തം. അമ്മയാണ് ശാന്തി. ശാന്തം അമ്മയുടെ സ്നേഹത്തിന്റെ തീവ്രതയാണ്... ആ സ്നേഹത്തിന്റെ സംരക്ഷണമാണ്...

  ഇത്തരത്തിലുള്ള ഒരു പരീക്ഷണത്തിനു മുതിരാന്‍ തയ്യാറായ ജയരാജ് അഭിനന്ദനമര്‍ഹിക്കുന്നു. ലാഭേച്ഛയില്ലാതെ കണ്ണൂരിലെ അതിക്രമങ്ങള്‍ക്കെതിരെ സിനിമ എന്ന കലാരൂപത്തെ ഉപയോഗപ്പെടുത്താന്‍ ജയരാജ് കാണിച്ച ധീരത അഭിനന്ദനീയം തന്നെ.

  സ്നേഹത്തോടെ കഴിഞ്ഞിരുന്നവരാണ് നാരായണിയുടെയും (കെപിഎസി ലളിത) കാര്‍ത്ത്യായനിയുടെയും (സീമാ ബിശ്വാസ്) കുടുംബങ്ങള്‍. ഇവരുടെ മക്കളായ രാഘവനും (എം.ജി. ശശി) വേലായുധനും (ഐ.എം. വിജയന്‍) ഉറ്റ ചങ്ങാതിമാരാണ്.

  എന്നാല്‍ ആരുടേയോ താല്പര്യങ്ങള്‍ക്കു മുന്നില്‍ ഇവര്‍ ബലിയാടുകളാകുന്നു. ഏതൊക്കെയോ തത്വശാസ്ത്രങ്ങള്‍ക്കുവേണ്ടി ഇവര്‍ ശത്രുക്കളാകുന്നു. ഫലമോ... അമ്മയുടെയും ഭാര്യയുടെയും മകന്റെയും മുന്നില്‍ വെച്ച് രാഘവനെ വേലായുധന്‍ വെട്ടിക്കൊല്ലുന്നു.

  വിശന്ന വയറുമായി മരിച്ച മകന്റെ ആത്മാവിന്റെ ശാന്തിക്കായി നാരായണി തിരുനാവായിലെത്തുന്നു. തിരുനാവാ അക്കരെ കാര്‍ത്ത്യായനിയും എത്തുന്നു. ജാമ്യത്തിലിറങ്ങിയ മകനെ ശത്രുക്കള്‍ വകവരുത്തുന്നതില്‍ നിന്ന് രക്ഷപ്പെടുത്തുവാനുള്ള പ്രാര്‍ത്ഥനയ്ക്കും യജ്ഞത്തിനും വേണ്ടി. മക്കളുടെ ശാന്തിക്കും സംരക്ഷയ്ക്കുമായി ഈ അമ്മമാര്‍ നിളാതീരത്ത് അഭയം പ്രാപിക്കുകയാണ്.

  തത്വശാസ്ത്രങ്ങളുടെ മായികപ്രപഞ്ചത്തില്‍ പെട്ട് അരുതാത്തതു ചെയ്തുപോയ അയാള്‍ (കലാമണ്ഡലം ഗോപി) എന്ന കഥാപാത്രത്തെ ഇവിടെ വെച്ച് ഈ അമ്മമാര്‍ കണ്ടുമുട്ടുന്നു. മക്കള്‍ തമ്മിലുള്ള ശത്രുതയില്‍ പിരിഞ്ഞു പോയ ഈ അമ്മമാരെ വീണ്ടും ഒന്നിപ്പിക്കുന്നത് ഈ മനുഷ്യനാണ്.

  ജാമ്യത്തിലിറങ്ങിയ വേലായുധന്‍ അമ്മയെത്തോടി നിളാതീരത്തെത്തുന്നു. ഒരിക്കല്‍ മരിച്ച രാഘവന്റെ മകന്‍ വേലായുധനെ കാണുന്നു. രാഘവന്റെ അനുജന്റെ നേതൃത്വത്തിലുള്ള സംഘം വേലായുധനെ കൊല്ലാന്‍ നിളാതീരത്തേക്കു കുതിക്കുന്നു. നിസ്സഹായ ജീവിതം നയിക്കുകയായിരുന്നു വേലായുധന്‍ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ കത്തിയുമെടുത്ത് ഈ സംഘത്തിനു നേരെ കുതിക്കുന്നു.

  വേലായുധനെ കൊല്ലരുതെന്ന നാരായണിയുടെയും കാര്‍ത്ത്യായനിയുടെ അപേക്ഷകള്‍ ബധിരകര്‍ണ്ണങ്ങളിലാണ് പതിക്കുന്നത്. ഇവരെ തള്ളിയിട്ട് മുന്നോട്ടു നീങ്ങുന്ന അക്രമിസംഘത്തെ തടയുന്ന ഒട്ടേറെ അമ്മമാരുടെ ഉയര്‍ന്ന കൈകള്‍ വേലായുധനെ സംരക്ഷിക്കുന്നു.

  ജയരാജിന്റെ ചിത്രങ്ങളില്‍ ദൈവികാംശം കൂടുതലാണെന്ന് പൊതുവെ വിമര്‍ശകര്‍ ആരോപിക്കാറുണ്ട്. ശാന്തവും ഈ വിമര്‍ശനത്തില്‍ നിന്ന് മോചിതമാകാന്‍ പോകുന്നില്ല.

  എന്നാല്‍ മറ്റൊരു പശ്ചാത്തലത്തില്‍ നിന്ന് ഈ ചിത്രത്തെ കാണാന്‍ നോക്കാം. മക്കളെ ഓര്‍ത്ത് ഏത് അമ്മയാണ് കണ്ണീരൊഴുക്കാത്തത്. മക്കളുടെ നന്മയും രക്ഷയും തന്നെയാണ് ഏതൊരമ്മയുടെയും ലക്ഷ്യം. മക്കള്‍ക്കു വേണ്ടി ഈശ്വരനെ ധ്യാനിക്കാത്ത ഏത് അമ്മയാണ് ലോകത്തുള്ളത്. മക്കളുടെ രക്ഷക്കായി അമ്മമാര്‍ ദൈവത്തിലും ക്ഷേത്രത്തിലും തന്നെയാണ് അഭയം തേടുന്നത്. ഈശ്വരന്‍ ഏതുമാകട്ടെ... അമ്മയുടെ അത്താണി അദ്ദേഹമാണ്.

  ജയരാജ് ഇവിടെ ക്ഷേത്രങ്ങളും ബലികര്‍മ്മങ്ങളും അതിന്റെ പ്രതീകങ്ങളായി ചിത്രീകരിക്കുന്നു. എന്തുകൊണ്ട് ഇവ സ്വീകരിച്ചു എന്നതിന് മറുപടി പറയേണ്ടത് ജയരാജാണ്. എന്നാല്‍ മതസൗഹാര്‍ദ്ദത്തിനു വേണ്ടി മുസ്ലിം പള്ളികളും ക്രൈസ്തവസഭകളും കാണിച്ച് ജയരാജ് സമദൂരം പാലിക്കണമെന്ന് ആരും നിര്‍ദ്ദേശിക്കുമെന്ന് തോന്നുന്നില്ല.

  മാടമ്പ് എഴുതിയ തിരക്കഥ ശാന്തത്തിന്റെയും കെട്ടുറപ്പാണ്. കൊല്ലപ്പെട്ടവന് ബലികര്‍മ്മത്തിലൂടെ മുക്തി പ്രാപിക്കാം. എന്നാല്‍ കൊന്നവനോ... അവന്റെ പാപഭാരത്തെയും പശ്ചാത്താപത്തെയും ഉള്‍ക്കൊള്ളാന്‍ ബലികര്‍മ്മത്തിനു കഴിയില്ല.. ജീവിതകാലം മുഴുവന്‍ അലഞ്ഞുതിരിഞ്ഞ് അഗ്നിശുദ്ധി വരുത്തുക.. അത്രമാത്രം... അയാള്‍ കൊന്നവന്റെ പാപത്തെ പ്രതിനിധീകരിക്കുന്നു.

  പാപഭാരവും പശ്ചാത്താപവും എല്ലാം ഉള്‍ക്കൊള്ളുന്ന മുഖമാണ് ഐ.എം. വിജയനെ ഈ ചിത്രത്തിലേക്ക് നായകനാക്കാന്‍ ജയരാജിനെ പ്രേരിപ്പിച്ചത്. ആ മുഖത്തെ ജയരാജ് വേണ്ടവിധം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വേലായുധനെ വിജയന്‍ പൂര്‍ണവിജയമാക്കി. ബാന്‍ഡിറ്റ് ക്യൂന്‍ സീമാ ബിശ്വാസിന്റെ അഭിനയശേഷി മലയാളിക്ക് ബോധ്യപ്പെടുത്താന്‍ കാര്‍ത്ത്യായനി മതി. ചിത്രം കണ്ടിറങ്ങുമ്പോള്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രവും കാര്‍ത്ത്യായനി തന്നെ.

  തത്വശാസ്ത്രങ്ങള്‍ക്കപ്പുറം അമ്മമാരുടെ മനസ്സ് വായിച്ചറിയാനാണ് ജയരാജ് ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നത്. യുവമനസ്സുകളില്‍ സാന്ത്വനവും സമാധാനവും ശാന്തിയുമായിറങ്ങുന്ന അമ്മമാര്‍. അതെ... കണ്ണൂരിലെ കുപിതയൗവനത്തിനു വേണ്ടിയുള്ള ശാന്തിയുടെ ദൂതു തന്നെയാണ് ശാന്തം.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more