For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിറവും ചടുലതയും വിജയമന്ത്രം

  By Staff
  |

  നിറവും ചടുലതയും വിജയമന്ത്രം

  സംവിധാനം: റാഫി മെക്കാര്‍ട്ടിന്‍

  രംഗത്ത്: സുരേഷ് ഗോപി, ലാല്‍, ദിലീപ്, സംയുക്താ വര്‍മ്മ, ഗീതു മോഹന്‍ദാസ്, കാവ്യാ മാധവന്‍ തുടങ്ങിയവര്‍

  സംഗീതം: സുരേഷ് പീറ്റേഴ്സ്

  തമിഴ്നാട്ടിലെ ചന്തകള്‍ എന്നും മലയാള സിനിമാ സംവിധായകര്‍ക്കും പ്രേക്ഷകര്‍ക്കും ഒരു പോലെ ഹരം പകരുന്നു. അവിടത്തെ ജീവിതത്തെ നിറത്തിന്റെ അകമ്പടിയോടെ മാത്രമേ സംവിധായകര്‍ അവതരിപ്പിച്ചിട്ടുള്ളൂ. ആ നിറങ്ങള്‍ തന്നെയാണ് തെങ്കാശിപ്പട്ടണത്തിന്റെ വിജയമന്ത്രം.

  പുതുമയൊന്നുമില്ലാത്ത കഥയില്‍ നിന്ന് ആദ്യന്തം വിനോദപ്രദമായ ഒരു ചിത്രം മെനഞ്ഞെടുക്കുകയാണ് റാഫിമെക്കാര്‍ട്ടിന്‍ ടീം ചെയ്തത്. അതത്രേ തെങ്കാശിപ്പട്ടണം. ആക്ഷന്‍, സെന്റിമെന്റ്സ്, കോമഡി എന്നിവയെല്ലാം ചേര്‍ന്ന അവിയലാണ് തെങ്കാശിപ്പട്ടണം.

  നേരും നെറിയും ഉള്ള കച്ചവടത്തിലൂടെ തെങ്കാശിപ്പട്ടണത്തിലെ മുതലാളിമാരായി വളര്‍ന്നവരാണ് കണ്ണനും (സുരേഷ് ഗോപി) ദാസപ്പനും (ലാല്‍). ഇവര്‍ക്കൊരു പെങ്ങളുണ്ട്... ദേവൂട്ടി (കാവ്യാമാധവന്‍). കെ.ഡി. ആന്റ് കമ്പനിയുടെ ഉടമസ്ഥരാണിവര്‍. കെ എന്നാല്‍ കണ്ണന്‍. ഡി എന്നാല്‍ ദാസന്‍. അപ്പോള്‍ ദേവൂട്ടിയെവിടെ എന്ന ചോദ്യത്തിന് കമ്പനിയാണ് എന്ന് അവള്‍ തന്നെ പറയുന്നു. കമ്പനിക്കൊരു മാനേജരുണ്ട്. രസികനാണ്... പേര് ശത്രു... ശത്രുഘ്നന്‍ (ദിലീപ്).

  ഒന്നുമില്ലായ്മയില്‍ നിന്ന് മുതലാളിമാര്‍ ഉണ്ടാകുമ്പോള്‍ എതിരാളികളും സ്വാഭാവികം. ഇവിടെ അത് ദേവരാജന്‍ മുതലാളിയാണ് (സ്ഫടികം ജോര്‍ജ്). ചെറുപ്പം മുതലേ ദേവരാജന്‍ മുതലാളിയുടെ മകള്‍ മീനാക്ഷിക്ക് (സംയുക്താ വര്‍മ്മ) കണ്ണനെ ഇഷ്ടമാണ്. കണ്ണനും അവളെ ഇഷ്ടമാണെങ്കിലും ദാസപ്പന്റെ അനിഷ്ടം ഭയന്ന് എല്ലാം ഒളിച്ചുവെക്കുകയാണ്.

  ആയിടെയാണ് കെ.ഡി.ആന്റ് കമ്പനി പട്ടണത്തില്‍ ഉത്സവം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നടക്കുന്ന ഗാനമേള അവതരിപ്പിക്കുന്നത് സംഗീതയും (ഗീതു മോഹന്‍ദാസ്) സംഘവുമാണ്. ഗാനമേള അവതരിപ്പിക്കാതെ സംഗീത പോയപ്പോള്‍ നാടുമുഴുവന്‍ ലോറിയില്‍ ഇരുത്തി പാടിപ്പിച്ചാണ് കണ്ണനും ദാസനും പ്രതികാരം ചെയ്തത്.

  എന്നാല്‍ ഇതോടെ സംഗീത വീട്ടില്‍ നിന്നു പുറത്തായി. പിന്നീട് കണ്ണനും ദാസനും അവളെ സ്വന്തം വീട്ടില്‍ കൊണ്ടുവരുന്നു. ഇതിനിടെ ദാസന് സംഗീതയോട് പ്രേമം. അതറിയിച്ചപ്പോള്‍ തനിക്ക് കണ്ണനെയാണിഷ്ടമെന്ന് സംഗീത വെളിപ്പെടുത്തി. വേദനയോടെയാണെങ്കിലും ദാസന്‍ സുഹൃത്തിനു വേണ്ടി ഒഴിഞ്ഞുമാറുന്നു.

  ഇതിനിടെ താനും മീനാക്ഷിയും തമ്മിലുള്ള സ്നേഹം കണ്ണന്‍ ദാസനെ അറിയിക്കുന്നു. എന്നാല്‍ മീനാക്ഷിക്ക് തന്നെ ഇഷ്ടമാണെന്ന് കണ്ണന്‍ പറയുന്നതായാണ് ദാസന് തോന്നിയത്. അതോടെ ചിത്രം ആകെ കലങ്ങിമറിയുന്നു. ഇതിനിടയില്‍ കിടന്ന് നട്ടം തിരിയുന്നതോ... ഇവരെക്കൊണ്ട് കല്യാണം കഴിപ്പിച്ച് ദേവൂട്ടിയെ സ്വന്തമാക്കാനാഗ്രഹിച്ച ശത്രുവും.

  ഈ അവസരം മുതലെടുക്കാന്‍ ദേവരാജന്‍ മുതലാളി ശ്രമിക്കുന്നു. കണ്ണനും ദാസനും തമ്മില്‍ അടിപിടി വരെ എത്തിയെങ്കിലും ഇരുവരും അവസാനം ഒന്നിക്കുന്നു. അതോടെ തെങ്കാശിപ്പട്ടണവും അവസാനിക്കുന്നു... കണ്ണന് മീനാക്ഷി... ദാസന് സംഗീത... ശത്രുവിന് ദേവൂട്ടി... അതാണ് ചിത്രത്തിന്റെ അവസാനത്തെ ഫോര്‍മുല!!

  ചടുലതയാണ് തെങ്കാശിപ്പട്ടണത്തിന്റെ മുഖമുദ്ര. പിന്നെ നിറവും. ഇതിന് സഹായകമായത് സാലുജോര്‍ജിന്റെ ക്യാമറയും ബോബന്റെ കലാസംവിധാനവും തന്നെ. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ തിയേറ്ററുകളിലെത്തിയ ഈ ചിത്രം സാധാരണ പ്രേക്ഷകരെ ആകര്‍ഷിക്കും.

  ഹാസ്യവും നൃത്തവും തനിക്കിണങ്ങുകയില്ലെന്ന് സുരേഷ് ഗോപി ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് തനിക്ക് പറ്റിയതെന്നും. സുഹൃത് ബന്ധങ്ങളിലെ സ്ഥിരം രക്തസാക്ഷിയാണ് ഇവിടെയും ലാല്‍. അത് ഭംഗിയായി അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വിജയം കണ്ടു.

  എങ്കിലും ചിത്രത്തിന്റെ ഒഴുക്കിനെ നിയന്ത്രിക്കുന്നത് ദിലീപിന്റെ തമാശകളാണ്. കണ്ണന്റെയും ദാസന്റെയും സുഹൃദ്ബന്ധത്തിന്റെ വിരസതകളിലേക്ക് ചിത്രം തെന്നിവീഴാന്‍ തുടങ്ങുമ്പോള്‍ ഗതിമാറ്റുന്നത് ശത്രുവിന്റെ സൂത്രങ്ങളും തമാശകളും തന്നെയാണ്.

  നായികമാര്‍ മൂന്നുണ്ടെങ്കിലും പ്രാധാന്യം കുറവു തന്നെ. ചിത്രത്തിന്റെ ഗതിയെ സ്വാധീനിച്ച കഥാപാത്രം സംയുക്താവര്‍മ്മയുടെ മീനാക്ഷി മാത്രം. ലൈഫ് ഈസ് ബ്യൂട്ടിഫുളിലെ അടിപൊളിക്കാരിയില്‍ നിന്നും ഗീതു മോഹന്‍ദാസിന്റെ സംഗീത കൂടുതല്‍ പക്വതയാര്‍ജിച്ചിരിക്കുന്നു. ദേവൂട്ടിയില്‍ കാവ്യക്ക് കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X