twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മറ്റൊരു വല്യേട്ടന്‍ കഥ

    By Staff
    |

    മറ്റൊരു വല്യേട്ടന്‍ കഥ
    സുധീഷ്

    വി.എം.വിനുവിന്റെ ബാലേട്ടനിലും വേഷത്തിലും പ്രേക്ഷകര്‍ ഈ വല്യേട്ടനെ കണ്ടതാണ്. ബസ് കണ്ടക്ടറില്‍ വിനു അവതരിപ്പിക്കുന്ന കുഞ്ഞാക്കയും അതേ ജനുസില്‍ പെടുന്നു. ഈ ആവര്‍ത്തനം വിനുവിന് മടുക്കുന്നില്ലെങ്കിലും പ്രേക്ഷകര്‍ക്ക് വല്ലാതെ ചെടിക്കുന്നുണ്ട്.

    അതിവൈകാരികതയാണ് ടി.എ.റസാഖിന്റെ തിരക്കഥകളുടെ മുഖമുദ്ര. വേഷം, രാപ്പകല്‍ എന്നീ ചിത്രങ്ങള്‍ വിജയിച്ചതോടെ സെന്റിമെന്റല്‍ മെലോഡ്രാമക്ക് മലയാളത്തില്‍ നല്ല മാര്‍ക്കറ്റാണെന്ന് റസാഖ് ധരിച്ചുവശായെന്ന് തോന്നുന്നു. (ഈ ചിത്രങ്ങള്‍ക്കു മുമ്പ് റസാഖ് തിരക്കഥയെഴുതി വിജയിച്ച ഏകചിത്രം വിഷ്ണുലോകം ആയിരുന്നു.) ആ ധാരണ തിരുത്താന്‍ സമയമായെന്ന് ഏതായാലും ബസ് കണ്ടക്ടര്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലെ ശുഷ്കമായ പ്രേക്ഷകനിര റസാഖിനെ ബോധ്യപ്പെടുത്തികാണണം.

    ബാലേട്ടന്‍ വിജയിച്ചതിനു പിന്നില്‍ പ്രധാനം മോഹന്‍ലാലിനോടുള്ള സിംപതി ഫാക്ടര്‍ ആയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടി വല്യേട്ടന്‍ വേഷത്തില്‍ വീണ്ടുമെത്തിയപ്പോള്‍ വേഷവും ക്ലിക്കായി. ഹിറ്റുകള്‍ക്ക് പിന്നില്‍ അങ്ങനെ ചില യാദൃശ്ചിക ഘടകങ്ങളുണ്ട്. എന്നാല്‍ ബസ് കണ്ടക്ടറിനെ രക്ഷിക്കാന്‍ അങ്ങനെയൊരു ഘടകവും ഈ ചിത്രത്തിലില്ല.

    മൈത്രി ബസിന്റെ ഉടമയും കണ്ടക്ടറുമായ സുല്‍ത്താന്‍ വീട്ടില്‍ സക്കിര്‍ ഹുസൈന്‍ എന്ന കുഞ്ഞാക്ക അരിശം മൂത്താന്‍ പൊലീസിനെ പോലും തല്ലുന്ന ഒരു സൂപ്പര്‍നായകനാണ്. റോഡ് കിംഗ് എന്ന ബസിന്റെ ഉടമയായ സ്ഥലം സബ് ഇന്‍സ്പെക്ടറെ ലോക്കപ്പിലിട്ടു തല്ലാനും സക്കീര്‍ ഹുസൈന്‍ മടിക്കുന്നില്ല! അതേ സമയം ഈ കിടിലന്‍ കുഞ്ഞാക്കയെ ജനങ്ങള്‍ക്കു വലിയ കാര്യവുമാണ്.

    പിന്നെ ത്യാഗത്തിനായി ജനിച്ച സഹോദരന്‍മാരുടെ കഥ പറയുന്ന ഏത് ചിത്രത്തിലെയും പോലെ കുഞ്ഞാക്കയും തന്റെ ഉറ്റവര്‍ക്ക് വേണ്ടി ജീവന്‍ കൊടുക്കാന്‍ പോലും തയ്യാറുള്ളവന്‍ തന്നെ. അനിയത്തി സെലീനയെ രോഗിയായതിനാല്‍ കുഞ്ഞാക്ക വല്ലാതെ ആകുലനാണ്. അവളുടെ വിവാഹം കേമമായി നടത്തണം എന്ന സ്വപ്നം കൊണ്ടുനടക്കുന്ന കുഞ്ഞാക്ക അവളുടെ വിവാഹത്തിനു ശേഷമേ തന്റെ വിവാഹമുള്ളൂവെന്ന പ്രതിജ്ഞയിലാണ്. സ്കൂള്‍ ടീച്ചറായ നൂര്‍ജ-ഹാനോടുള്ള ഇഷ്ടം പോലും കുഞ്ഞാക്ക ഉള്ളിലടക്കുന്നു.

    ത്യാഗവും സഹജീവിസ്നേഹവും നിറഞ്ഞ കുഞ്ഞാക്കയുടെ ഈ ജീവിതത്തിലേക്ക് പെട്ടെന്ന് സുഗന്ധി എന്ന പെണ്‍കുട്ടി കടന്നുവരുന്നു. അവളുമായുള്ള ബന്ധത്തിന്റെ പേരില്‍ കുഞ്ഞാക്ക തെറ്റിദ്ധരിക്കപ്പെടുന്നു. (പറഞ്ഞുപറഞ്ഞ് ബാലേട്ടന്റെ കഥയിലെത്തിയോ വായനക്കാര്‍ എന്ന് തെറ്റിദ്ധരിക്കേണ്ട.) തുടര്‍ന്ന് പതിവ് നാടകീയരംഗങ്ങളും നായകന്റെ മഹത്വം കൊട്ടിപ്പാടുന്ന കൊട്ടിക്കലാശവും.

    പല ചിത്രങ്ങളിലും കണ്ട കഥ തന്നെയാണ് പശ്ചാത്തലത്തില്‍ മാത്രം ഇത്തിരി മാറ്റങ്ങളോടെ വി.എം.വിനുവും ടി.എ.റസാഖും പുനരവതരിപ്പിച്ചിരിക്കുന്നത്. അതിന് അവരെ പഴി പറയുന്നതും അത്ര ശരിയല്ല. പുതുതായൊന്നും പറയാനില്ലാത്ത സംവിധായകരും തിരക്കഥാകൃത്തുക്കളും പിന്നെന്തുചെയ്യും?

    മമ്മൂട്ടിയുടെ 2005ലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കിടയില്‍ വല്ലാതങ്ങ് മങ്ങിപ്പോയി കുഞ്ഞാക്ക ബസ് കണ്ടക്ടര്‍ എന്ന കഥാപാത്രം. തുടര്‍ച്ചയായ വിജയങ്ങള്‍ക്കു ശേഷം ഒരു മമ്മൂട്ടി ചിത്രം ബോക്സോഫീസില്‍ തകരുകയാണ്.

    മമ്മൂട്ടിയുടെ ആരാധകര്‍ക്കു പോലും രുചിക്കുന്ന വിധത്തിലല്ല ചില രംഗങ്ങളില്‍ റസാഖ് സംഭാഷണങ്ങളെഴുതി പിടിപ്പിച്ചിരിക്കുന്നത്. നല്ല ഗാനങ്ങളോ സംഗീതമോ ഈ ചിത്രത്തിലില്ല. രണ്ടാം കിട ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ എന്നതാണെന്ന് തോന്നുന്നു ഇപ്പോള്‍ എം.ജയചന്ദ്രനുള്ള സ്ഥാനം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X