പ്രജ: രഞ്ജി പണിക്കരുടെ പാരഡി
പ്രജ: രഞ്ജി പണിക്കരുടെ പാരഡി
മലയാളത്തിലെ താരമൂല്യമുള്ള ഒരു തിരക്കഥാകൃത്തിന്റെ പ്രതാപം അവസാനിക്കുകയാണോ? വന്‍പ്രതീക്ഷകളോടെ തിയേറ്ററിലെത്തിയ ക്രിസ്മസ് ചിത്രമായ പ്രജയെക്കുറിച്ച് പ്രതികൂല അഭിപ്രായങ്ങള്‍ വ്യാപകമായി ഉയരുന്നത് ഇങ്ങനെയൊരു ചോദ്യമുയര്‍ത്തുന്നുണ്ട്.
ബോക്സോഫീസില്‍ പരാജയമടഞ്ഞ ദുബായ്ക്കു ശേഷം രണ്‍ജി തിരക്കഥയെഴുതിയ പ്രജയും പരാജയമായേക്കുമെന്നാണ് ആ ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന വിമര്‍ശനങ്ങള്‍ സൂചിപ്പിക്കുന്നത്. രണ്‍ജി പണിക്കര്‍ എന്ന തിരക്കഥാകൃത്തിന്റെ താരമൂല്യം തകര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. മുന്‍കാലങ്ങളില്‍ എത്രയോ സൂപ്പര്‍ ഹിറ്റുകള്‍ തീര്‍ത്ത ഈ തിരക്കഥാകൃത്ത് സ്വയം അനുകരിച്ച് പാരഡി നിലവാരത്തിലേക്ക് താഴുകയാണെന്ന് പ്രജയില്‍ വ്യക്തമായിക്കാണാം.
നരസിംഹവും രാവണപ്രഭുവുമെല്ലാം മോഹന്‍ലാലിന് നല്‍കിയിട്ടുള്ള പരിവേഷത്തിനൊപ്പിച്ച് അതിമാനുഷികനായ ഒരു നായകനെയാണ് രണ്‍ജി പണിക്കര്‍ പ്രജയില്‍ സൃഷ്ടിച്ചത്. എന്നാല്‍ നരസിംഹത്തിലും രാവണപ്രഭുവിലും പ്രേക്ഷകനെ പിടിച്ചിരുത്താന്‍ രഞ്ജിത്ത് ഉപയോഗിക്കുന്ന പൊടിക്കൈകളുടെ സ്ഥാനത്ത് രണ്‍ജി ഉപയോഗിക്കുന്ന നമ്പരുകള്‍ പ്രേക്ഷകനില്‍ പലപ്പോഴും അസഹനീയത വളര്‍ത്തുന്നതാണ്. എവിടെ നിന്ന് തുടങ്ങി എവിടെ അവസാനിച്ചുവെന്നറിയാത്ത നെടുങ്കന്‍ ഡയലോഗുകളിലെ ചെടിപ്പിക്കുന്ന കൃത്രിമത്വം മോഹന്‍ലാലിന്റെ ആരാധകരെപ്പോലും കൈയടിയില്‍ നിന്ന് പിന്തിരിപ്പിക്കും.
ഇരുപതാം നൂറ്റാണ്ട്, ആര്യന്‍, ഉസ്താദ് തുടങ്ങിയ ചിത്രങ്ങളില്‍ കണ്ട അതേ അധോലോക നായകന്‍ തന്നെയാണ് പ്രജയിലും. പ്രജയിലെ മോഹന്‍ലാല്‍ വ്യത്യസ്തനാവുന്നത് ആ ചിത്രങ്ങളിലേക്കാളും അതിമാനുഷമായ ഒരു പരിവേഷം ഈ ചിത്രത്തിലെ സക്കീര്‍ ഹുസൈന്‍ എന്ന കഥാപാത്രത്തിന്റെ തലയ്ക്കു ചുറ്റും വലയം ചെയ്തുനില്‍ക്കുന്നുണ്ടെന്നതാണ്. എന്നാല്‍ സക്കീര്‍ ഹുസൈന് അതിമാനുഷത നല്‍കാന്‍ മൂന്നേ കാല്‍ മണിക്കൂര്‍ നീളുന്ന ചിത്രത്തില്‍ രണ്‍ജി സൃഷ്ടിക്കുന്ന മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളും പ്രേക്ഷകനില്‍ അസഹനീയത വളര്‍ത്തുന്ന വിധത്തിലുള്ളതാണ്. മുംബൈ അധോലോകത്ത് ഒരു കാലത്ത് അരങ്ങുവാണ സക്കീര്‍ ഹുസൈനെ അനീതികള്‍ക്കെതിരെ ആഞ്ഞടിക്കുന്ന സിംഹഗര്‍ജനമാക്കിമാറ്റാന്‍ ശ്രമിക്കുന്ന രണ്‍ജിയുടെ തിരക്കഥ പലപ്പോഴും പാളിപോയി.
തന്റെ ഗുരുവായിരുന്ന മുസ്തഫാ ഹാജി (അനുപം ഖേര്‍)യെ കൊലപ്പെടുത്തിയ രമണ്‍ ഭായി (മഹേഷ് ആനന്ദ്) യെ സക്കീര്‍ വകവരുത്തുന്നിടത്തു നിന്നാണ് ചിത്രം തുടങ്ങുന്നത്. അധോലോക ബന്ധങ്ങള്‍ അവസാനിപ്പിച്ച് ദില്ലിയില്‍ കുടിയേറിയ സക്കീറിനെ അവിടെയും ശത്രുക്കള്‍ തേടിയെത്തി. ഐപിഎസ് ഓഫീസര്‍ മേരി കുര്യനും (ഐശ്വര്യ) അയാളുടെ ശത്രുപക്ഷത്തുണ്ടായിരുന്നു.എന്നാല്‍ സക്കീറിലെ നന്മയുടെ യഥാര്‍ഥ രൂപം തിരിച്ചറിഞ്ഞതോടെ ഐപിഎസ് ഓഫീസര്‍ക്ക് സക്കീറിനോടുള്ള മനോഭാവം മാറി. അത് ഒടുക്കം പ്രേമവുമായി. പൊലീസ് ഉദ്യോഗം വലിച്ചെറിഞ്ഞ് മേരി സക്കീറിനോടൊപ്പം കൂടി. മേരിയുടെയും തന്റെ കൂട്ടാളികളുടെയും സഹായത്തോടെ ശത്രുക്കളോടുള്ള പ്രതികാരം വീട്ടുകയാണ് തുടര്‍ന്ന് സക്കീര്‍.
സിനിമയെ ഭാഷയുടെ അതിര്‍വരമ്പുകള്‍ കടത്തി തെലുങ്കിലേക്കോ കന്നടയിലേക്കോ കൊണ്ടുപോവുന്ന തരത്തിലുള്ള ക്ലൈമാക്സ് ആണ് ചിത്രത്തില്‍ രണ്‍ജി ഒരുക്കിയിരിക്കുന്നത്. തന്റെ ശത്രുക്കളെ ഒരു നെടുങ്കന്‍ ഡയലോഗിന്റെ അന്ത്യത്തില്‍ ചുട്ടുകൊല്ലുന്ന സക്കീര്‍ ഹുസൈനെ കണ്ട് പ്രേക്ഷകര്‍ ആവേശഭരിതരാകുമെന്ന തെറ്റിദ്ധാരണ ക്ലൈമാക്സ് രംഗങ്ങള്‍ എഴുതുമ്പോള്‍ രണ്‍ജിക്കുണ്ടായിരിക്കണം. താന്‍ സ്വയം സൃഷ്ടിച്ചിട്ടുള്ള ഒരു പിടി തെറ്റിദ്ധാരണകള്‍ തിരുത്താനുള്ള സമയമായിക്കഴിഞ്ഞു എന്നതാണ് പ്രജയില്‍ നിന്ന് രണ്‍ജി പഠിക്കേണ്ട പാഠം.
രാവണപ്രഭുവിലും നരസിഹത്തിലുമൊക്കെ ആരാധകരെ തൃപ്തിപ്പെടുത്താനുള്ള ചില ഞൊളുക്കു വിദ്യകളാണെങ്കില്‍ ക്കൂടി ഡയലോഗുകളിലൂടെ മോഹന്‍ലാല്‍ കസറുക തന്നെ ചെയ്തിരുന്നു. എന്നാല്‍ രണ്‍ജി മോഹന്‍ലാലിന്റെ വായില്‍ തിരുകിയ ഡയലോഗുകള്‍ പലപ്പോഴും അദ്ദേഹത്തിന്റെ വായില്‍ കൊള്ളുന്നില്ല. ജീവനില്ലാത്ത ഡയലോഗുകള്‍ ഉരുവിടുമ്പോള്‍ മോഹന്‍ലാലും ഏറെ ബുദ്ധിമുട്ടുന്നത് പ്രകടമായി കാണാം. ഓരോ നടനും ഓരോ സംഭാഷണ രീതിയുണ്ട്. അതിനനുസരിച്ച് ഡയലോഗ് എഴുത്തില്‍ മാറ്റങ്ങള്‍ വരുത്തണം എന്ന പാഠം കൂടി രണ്‍ജി മറന്നുപോയതുപോലെ തോന്നുന്നു.
ദുബായിലെ പോലെ ജോഷി സംവിധായകന്റെ ജോലി പ്രജയിലും ഭംഗിയാക്കിയിട്ടുണ്ട്. എന്നാല്‍ തിരക്കഥയിലെ പ്രശ്നങ്ങള്‍ സംവിധായകന് പരിഹരിക്കാവുന്നതല്ലല്ലോ.


Click it and Unblock the Notifications