twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പഴയ വേഷത്തിന് പുതിയ കുപ്പായം

    By Staff
    |

    പഴയ വേഷത്തിന് പുതിയ കുപ്പായം

    ടി. എ. റസാക്കിന്റെ തിരക്കഥയില്‍ വി. എം. വിനു ഒരുക്കിയ വേഷം എന്ന മമ്മൂട്ടി ചിത്രത്തിന്റെ പ്രമേയത്തിനും കഴിഞ്ഞ വര്‍ഷമിറങ്ങിയ പല ചിത്രങ്ങളെയും പോലെ പുതുമകളൊന്നുമില്ല. പല സിനിമകളിലും കണ്ട കഥാസന്ദര്‍ഭങ്ങളെ ഓര്‍മിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തിലുമുള്ളത്. എങ്കിലും വേഷത്തിന് ശരാശരി മാര്‍ക്ക് കൊടുക്കാന്‍ പ്രേക്ഷകര്‍ മടി കാണിക്കില്ല.

    പ്രേക്ഷകനെ പിടിച്ചിരുത്തുന്ന വിധത്തില്‍ ചിത്രമൊരുക്കാന്‍ വിനുവിനും റസാക്കിനും സാധിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് മുന്‍കൂട്ടി കാണാവാവുന്ന വഴിത്തിരിവുകളും ക്ലൈമാക്സുമാണ് രണ്ടാം പകുതിയിലുള്ളതെങ്കിലും ഭദ്രമായി കഥ പറഞ്ഞ് കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിരിക്കുന്നു.

    വേഷത്തിലെ അപ്പുവിനെ നമ്മള്‍ വാത്സല്യത്തില്‍ കണ്ടതാണ്. വല്യേട്ടനിലും അരയന്നങ്ങളുടെ വീടിലും ഈ അപ്പുവിന്റെ അതേ ഛായയുള്ള കഥാപാത്രങ്ങളുണ്ട്. ആ കഥാപാത്രങ്ങളെയൊക്കെ അവതരിപ്പിച്ചതും അപ്പുവായി അഭിനയിച്ച മമ്മൂട്ടി തന്നെ. അതുകൊണ്ടുതന്നെ കഥ പോലെ തന്നെ ഈ കഥാപാത്രവും നമ്മെ ചില ചിത്രങ്ങളിലെ കഥാസന്ദര്‍ഭങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നുണ്ട്.

    ലീലാ ഗ്രൂപ്പെന്ന ബിസിനസ് സ്ഥാപനത്തിന്റെ അധിപനാണ് അപ്പു. അപ്പുവും അച്ഛന്‍ പപ്പേട്ടനും കഠിനാധ്വാനത്തിലൂടെ വളര്‍ത്തിക്കൊണ്ടുവന്ന സ്ഥാപനമാണ് ലീലാ ഗ്രൂപ്പ്. അച്ഛനെ പോലെ അപ്പുവും ദാരിദ്യ്രത്തിന്റെയും കഷ്ടതയുടെയും തീവ്രത അറിഞ്ഞിട്ടുണ്ട്. എന്നാല്‍ അപ്പുവിന്റെ അനുജന്‍ ഹരിയെ എല്ലാ സുഖസൗകര്യങ്ങളോടെയുമാണ് അവര്‍ വളര്‍ത്തിയിട്ടുള്ളത്.

    ഹരിയെ ലണ്ടനിലേക്ക് എംബിഎ പഠിക്കുന്നതിനായി അയയ്ക്കുമ്പോള്‍ അപ്പുവിന് പ്രതീക്ഷകള്‍ ഏറെയായിരുന്നു. പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ അപ്പു ബിസിനസില്‍ താന്‍ പഠിച്ച മാനേജ്മെന്റ് പാഠങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയപ്പോള്‍ സ്നേഹത്തിന്റെയും അധ്വാനത്തിന്റെയും ജീവിതപാഠങ്ങളില്‍ കമ്പനി കെട്ടിപ്പൊക്കിയ അപ്പുവിന്റെ രീതികള്‍ വെല്ലുവിളിക്കപ്പെടുകയായിരുന്നു.

    പിന്നെയങ്ങോട്ട് ജ്യേഷ്ഠാനുജന്‍മാര്‍ തമ്മിലുണ്ടാവുന്ന കലഹം. എരിതീയില്‍ എണ്ണയൊഴിക്കാനായെത്തുന്ന വില്ലന്‍. ജയിലില്‍ അകപ്പെടുന്ന അപ്പു. ചതിയില്‍ വീഴ്ത്തപ്പെടുന്ന അനിയന് തുണയായി ഒടുവില്‍ എത്തുന്ന സ്നേഹത്തിന്റെ പര്യായമായ ചേട്ടന്‍. എല്ലാം പതിവുപോലെ.

    ഹൃദയസ്പര്‍ശിയായ രംഗങ്ങളൊരുക്കിയും ജീവനുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ചുമാണ് ആവര്‍ത്തനത്തിന്റെ വിരസത ഒരു പരിധി വരെ വിനുവും റസാക്കും അകറ്റുന്നത്. അതിലൂടെ കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന വിധം ചിത്രം അണിയിച്ചൊരുക്കാന്‍ ഇവര്‍ക്ക് സാധിച്ചിരിക്കുന്നു.

    ബാലേട്ടനിലൂടെ മുന്‍നിര സംവിധായകരുടെ നിരയില്‍ സ്ഥാനം പിടിച്ച വി. എം. വിനു വേഷത്തിലെത്തുമ്പോഴേക്കും ഏറെ മുന്നോട്ടുപോയിരിക്കുന്നു. ഈടുറ്റ തിരക്കഥയുടെ പിന്‍ബലം റസാക്ക് നല്‍കിയതോടെ പ്രേക്ഷകര്‍ അംഗീകരിക്കുന്ന ഒരു ചിത്രം ഒരുക്കാന്‍ വിനുവിന് സാധിച്ചു.

    മമ്മൂട്ടിക്ക് മാത്രമിണങ്ങുന്നതാണ് അപ്പു എന്ന കഥാപാത്രം. ഇത്തരം കഥാപാത്രങ്ങള്‍ മമ്മൂട്ടി ചെയ്യുന്നതാണ് പ്രേക്ഷകര്‍ക്കിഷ്ടം. അപ്പുവിനെ ഭംഗിയായി അവതരിപ്പിക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്. ഹരിയായെത്തുന്ന ഇന്ദ്രജിത്തും പപ്പേട്ടനായി എത്തുന്ന ഇന്നസെന്റും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.

    വേഷങ്ങള്‍ ജന്‍മങ്ങള്‍.. എന്ന് തുടങ്ങുന്ന വേഷത്തിലെ ഗാനത്തിന്റെ ഈണം വാത്സല്യം പോലുള്ള പഴയ ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്നതാണ്. ചിത്രത്തിലെ കേള്‍ക്കാന്‍ കൊള്ളാവുന്ന ഒരേയൊരു ഗാനവും ഇതാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X