twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കളക്ഷന്‍ മോശമായ ബസ് റൂട്ട്

    By Staff
    |

    കളക്ഷന്‍ മോശമായ ബസ് റൂട്ട്
    ഗോപാല്‍

    ബാലേട്ടന്റെ വിജയഫോര്‍മുല ആവര്‍ത്തിക്കാനുള്ള മറ്റൊരു പരാജയപ്പെട്ട ശ്രമമാണ് വാമനപുരം ബസ് റൂട്ട്. മോഹന്‍ലാലിന്റെ ഏറ്റവും നിലവാരം കുറഞ്ഞ ചിത്രങ്ങളിലൊന്ന് എന്ന് പ്രേക്ഷകര്‍ വിധിയെഴുതിയ ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിന് പിന്നാലെ വന്ന വാമനപുരം ബസ് റൂട്ടിനോടും ആദ്യദിവസങ്ങളില്‍ തന്നെ പ്രേക്ഷകര്‍ മുഖംതിരിച്ചുകഴിഞ്ഞു.

    ഒരു ഗ്രാമത്തിലെ ബസ് സര്‍വീസിനെ ചൊല്ലി നടക്കുന്ന തര്‍ക്കങ്ങളും പ്രശ്നങ്ങളും അതിനിടയിലേക്ക് കടന്നുവരുന്ന ലിവര്‍ ജോണി എന്ന ബസ് ക്ലീനറുമാണ് വാമനപുരത്തിന്റെ കഥയെ മുന്നോട്ടുകൊണ്ടുപോവുന്നത്. ഗ്രാമാന്തരീക്ഷത്തിലൊരുക്കിയ പല പഴയചിത്രങ്ങളെയും ഓര്‍മിപ്പിക്കുന്നതാണ് ഈ ചിത്രത്തിലെ പല രംഗങ്ങളും. ചില രംഗങ്ങളാവട്ടെ പഴയ ചിത്രങ്ങളുടെ വികലമായ അനുകരണവുമായി.

    ബാലേട്ടന്‍ പോലെ പ്രേക്ഷകരുടെ പ്രിയം നേടിയ പഴയകാല ചിത്രങ്ങളിലെ മോഹന്‍ലാല്‍ കഥാപാത്രത്തെ പുന:സൃഷ്ടിക്കാനുള്ള ശ്രമവും ദയനീയമായി പാളി. ചിത്രത്തിലെവിടെയും പഴയ മോഹന്‍ലാലിന്റെ ഒരു നിഴല്‍ പോലുമാവാന്‍ ബസ് ക്ലീനറായ ലിവര്‍ ജോണിയുടെ വേഷം കെട്ടിയാടുന്ന മലയാളത്തിന്റെ പ്രിയതാരത്തിന് കഴിഞ്ഞില്ല. ഒരു നോട്ടം കൊണ്ടോ ഭാവം കൊണ്ടോ പ്രേക്ഷകര്‍ക്ക് നിറഞ്ഞ ചിരി നല്‍കിയിരുന്ന മോഹന്‍ലാലാണോ ചിരിയുണര്‍ത്താനായി കോമാളിത്തരം കാട്ടുന്നതെന്ന അതിശയമാണ് ചില രംഗങ്ങള്‍ പ്രേക്ഷകരില്‍ ഉണ്ടാക്കുന്നത്.

    ഒരു എംജിആര്‍ ആരാധകനാണ് ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രം. തമിഴും മലയാളവുമൊക്കെ മാറിമാറി വരുന്ന ഒരു ഗാനരംഗത്തില്‍ ഗാനരംഗങ്ങളിലെ എം. ജി. ആറിന്റെ ചേഷ്ടകള്‍ അനുകരിച്ചുകൊണ്ട് മോഹന്‍ലാല്‍ ആടുകയും ഓടുകയും ചെയ്യുന്നുണ്ട്. ഇത് കാണുമ്പോള്‍ ഓര്‍മ വരുന്നത് ഇരുവറിലെ ഒരു ഗാനരംഗമാണ്. ചേഷ്ടകളിലൂടെയും ചലനങ്ങളിലൂടെയും ഇരുവറിലെ ഗാനരംഗത്തില്‍ അത്ഭുതകരമായി എം. ജി. ആര്‍ തന്നെയായി മാറുകയാണ് മോഹന്‍ലാല്‍. ഇരുവറിലെ കഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിച്ച മോഹന്‍ലാല്‍ എം. ജി. ആര്‍. ആരാധകന്റെ വേഷം കെട്ടിയാടുന്ന രംഗങ്ങള്‍ ദയനീയമായിപ്പോയി. ഓരോ ചിത്രം പിന്നിടുമ്പോഴും വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാട്ടിയ ഈ നടന്‍ ഇപ്പോള്‍ തന്റെ പ്രതിഭയെ സ്വയം തളര്‍ത്തുകയാണോ എന്ന് സംശയം തോന്നും ഹരിഹരന്‍പിള്ളയ്ക്ക് പിന്നാലെ വാമനപുരത്തിലും കാട്ടുന്ന പ്രകടനം കാണുമ്പോള്‍.

    പുതിയ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായത് അദ്ദേഹത്തിന് വിനയായി എന്നാണ് ഹരിഹരന്‍പിള്ളയും വാമനപുരവും വ്യക്തമാക്കുന്നത്. സംവിധാനത്തിലെ പാളിച്ചകള്‍ വാമനപുരത്തിലുടനീളം മുഴച്ചുനില്‍ക്കുന്നു. പ്രിയദര്‍ശന്റെ സഹായിയായി പ്രവര്‍ത്തിച്ച സോനു ശിശുപാല്‍ സഹായിയുടെ ജോലി കുറച്ചുകാലം കൂടി ചെയ്തതിന് ശേഷം സ്വതന്ത്ര സംവിധായകന്റെ വേഷം കെട്ടിയാല്‍ മതിയായിരുന്നു എന്നാണ് വാമനപുരത്തിലെ അദ്ദേഹത്തിന്റെ സംവിധായകപാടവം വെളിപ്പെടുത്തുന്നത്. ഗ്രാമാന്തരീക്ഷത്തിലെ കഥയ്ക്ക് അയാഥാര്‍ഥ സ്വഭാവമുണ്ടെന്നതാണ് ചിത്രത്തിന്റെ പോരായ്മകളിലൊന്ന്.

    ചിത്രം മൊത്തത്തില്‍ നന്നായില്ലെങ്കിലും ഗാനരംഗങ്ങള്‍ മികച്ചതാക്കാന്‍ ഇപ്പോള്‍ സംവിധായകര്‍ പ്രത്യേക ശ്രദ്ധ കാട്ടാറുണ്ട്. എന്നാല്‍ ഗാനരംഗങ്ങള്‍ പോലും മികച്ചതാക്കാന്‍ പ്രിയദര്‍ശന്റെ ശിഷ്യന് കഴിഞ്ഞില്ല. സോനു ശിശുപാല്‍ തന്നെ ഈണം പകര്‍ന്ന ഗാനങ്ങളും കേള്‍ക്കാനിമ്പമില്ലാത്തതാണ്.

    അഭിനയത്തില്‍ അല്പമെങ്കിലും മെച്ചപ്പെട്ടത് സ്വതസിദ്ധമായ ശൈലിയില്‍ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ജഗതി ശ്രീകുമാര്‍ മാത്രമാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X