നഗരവധു: വാണിക്കൊരു പുതുമ
നഗരവധു: വാണിക്കൊരു പുതുമ
സംവിധാനം: കലാധരന്‍
രംഗത്ത്: വാണി വിശ്വനാഥ്, സായികുമാര്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍
സംഗീതം: എം. ജയചന്ദ്രന്‍
മലയാള സിനിമയിലെ പ്രതികാര ദുര്‍ഗ്ഗയാണല്ലോ വാണി വിശ്വനാഥ്. 2000ത്തില്‍ ഇത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങള്‍ ഇറങ്ങിയിരുന്നു. 2001ലും വാണിയുടെ ഇത്തരം കഥാപാത്രങ്ങള്‍ അസ്തമിക്കുന്നില്ല. അത്തരമൊരു പ്രതികാരത്തിന്റെ കഥയാണ് കലാധരന്‍ സംവിധാനം ചെയ്ത നഗരവധു.
എന്നാല്‍ ചെറിയൊരു വ്യത്യാസമുണ്ട്. ഇവിടെ വാണി തോക്കെടുത്ത് വില്ലന്മാര്‍ക്കു നേരെ കുതിക്കുന്നില്ല. മറിച്ച് ഇച്ഛാശക്തിയും കൂര്‍മ്മബുദ്ധിയുമാണ് ഇവിടെ പ്രതികാരത്തിന്റെ ആയുധങ്ങള്‍. വാണിയുടെ പ്രതികാര ദുര്‍ഗകളിലെ ഏറ്റവും ബുദ്ധിമതിയാണ് നഗരവധുവിലെ സുകന്യ.
ഒരു അഗ്രഹാരത്തിലെ മൂന്നു സഹോദരിമാരില്‍ മൂത്തവളായ സുകന്യ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു. തന്റെ അയല്‍പക്കത്തുകാരനായ സേതുരാമനുമായി അവള്‍ സ്നേഹത്തിലുമായിരുന്നു. എന്നാല്‍ ഒരിക്കല്‍ സേതുരാമന്‍ ജീപ്പകടത്തില്‍ കൊല്ലപ്പെട്ടു. സുകന്യയെയാകട്ടെ വേശ്യാവൃത്തിയുടെ പേരില്‍ പൊലീസ് അറസ്റു ചെയ്യുകയും ചെയ്തു.
അഗ്രഹാരത്തില്‍ എല്ലാവരാലും വെറുക്കപ്പെട്ടവളായി കഴിഞ്ഞുകൂടുമ്പോഴാണ് പ്രമുഖ ഗാന്ധിയനായ കേസരി ഗോവിന്ദ പിള്ള (ജനാര്‍ദ്ദനന്‍) സുകന്യക്ക് ഒരു ജീവിത വാഗ്ദാനവുമായി കടന്നുവരുന്നത്. തന്റെ മകന്‍ ശ്രീഹര്‍ഷന്റെ (ജയകൃഷ്ണന്‍) ഭാര്യയാകാനാണ് അദ്ദേഹം സുകന്യയെ ക്ഷണിച്ചത്.
എന്നാല്‍ വിവാഹത്തിനു ശേഷമാണ് അവള്‍ ചതി മനസ്സിലാക്കുന്നത്. ഈ വിവാഹം നരേന്ദ്ര ബാബുജി (സായ്കുമാര്‍) എന്ന രാഷ്ട്രീയക്കാരന്റെ ചില പിന്നാമ്പുറ കളികളായിരുന്നു. വിദ്യാഭ്യാസ കാലത്തു തന്നെ സുകന്യയില്‍ നോട്ടമുള്ള ആളായിരുന്നു ബാബുജി. ഇന്ന് അയാള്‍ വലിയ രാഷ്ട്രീയക്കാരനായതോടെ പണവും അധികാരവും കൈയില്‍ വന്നു. ബാബുജിക്കു വേണ്ടി സുകന്യയെ കെണിയില്‍ വീഴ്ത്താനുള്ള പദ്ധതി തയ്യാറാക്കിയത് മാമാജി എന്നറിയപ്പെടുന്ന ഡിജിപി ബാലഗംഗാധര മേനോനാണ് (രാജന്‍ പി. ദേവ്). സേതുരാമന്റെ മരണവും മറ്റും ആ പദ്ധതിയുടെ ഭാഗമായിരുന്നു.
ബാബുജിയുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സുകന്യ നിര്‍ബന്ധിതയായി. എന്നാല്‍ ഒരവസരത്തിനു വേണ്ടി അവള്‍ കാത്തിരുന്നു. ബാബുജിയെ പ്രീതിപ്പെടുത്തി രാഷ്ട്രീയത്തില്‍ നല്ലൊരു പദവി നേടിയെടുത്തത് അതിനുവേണ്ടിയായിരുന്നു. പിന്നീട് രാഷ്ട്രീയത്തിന്റെ ബലത്തില്‍ അവള്‍ തന്റെ പ്രതികാരം പൂര്‍ത്തിയാക്കുന്നു.
ജി.സി. കാരയ്ക്കലിന്റെ കഥയെ ആധാരമാക്കി രാജന്‍ കിരിയത്ത് തയ്യാറാക്കിയ തിരക്കഥ പക്ഷെ എത്രത്തോളം പുതുമ നിലനിര്‍ത്തുമെന്ന് കണ്ടറിയണം. വഞ്ചിതയാവുകയും പിന്നീട് പ്രതികാരത്തിനിറങ്ങുകയും ചെയ്ത കഥ മലയാള സിനിമക്ക് പുതുമയൊന്നുമല്ല...
വില്ലന്‍ വേഷങ്ങളില്‍ താന്‍ അഗ്രഗണ്യനാണെന്ന് വിളിച്ചോതുന്നതാണ് സായികുമാറിന്റെ ബാബുജി. കേസരി ഗോവിന്ദ പിള്ള ജനാര്‍ദ്ദനന് സ്ഥിരം തമാശ വേഷങ്ങളില്‍ നിന്നുള്ള മോചനമാണ്. എന്നാല്‍ രാജന്‍ പി. ദേവിന്റെ മാമാജി ഒരു പുതുമയും പുലര്‍ത്തിയില്ല. എബി ചെറിയാന്‍ എന്ന യുവനേതാവായി ബൈജു നല്ല പ്രകടനം കാഴ്ച വെച്ചു.
രാജാമണിയുടെ സംഗീതം ഒരു പ്രതികാര കഥയ്ക്കു വേണ്ട ശബ്ദവിന്യാസം ഉണ്ടാക്കിക്കൊടുത്തു. പ്രഭാവര്‍മ്മയും സുധാംശുവും എഴുതിയ ഗാനങ്ങള്‍ക്ക് ഇത്തരമൊരു ചിത്രത്തില്‍ ഒരു പ്രാധാന്യവും ഉണ്ടാകാനിടയില്ലല്ലോ.


Click it and Unblock the Notifications