For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാധകര്‍ക്ക് ആര്‍പ്പുവിളിക്കാന്‍ മായാ ബസാര്‍

  By Staff
  |

  പരുന്തിന്‍കാലില്‍ പോയ ആരാധകര്‍ക്ക് കയ്യടിക്കാനും ആര്‍ത്തു വിളിക്കാനും ഒരു ചിത്രം. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ അതാണ് മായാബസാര്‍. ഒരു കാര്യം ഉറപ്പിച്ചു പറയാം, പരുന്തിനെക്കാള്‍ കണ്ടിരിക്കാവുന്നതാണ് ഈ ചിത്രം. പഞ്ച് ഡയലോഗുകളും തമാശകളും സംഘട്ടന രംഗങ്ങളുമൊക്കെ ഇതില്‍ കുറേക്കൂടി ആലോചിച്ചും കണ്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്, സംവിധായകനും തിരക്കഥാ കൃത്തും.

  പലയാവര്‍ത്തി കണ്ടുമടുത്ത നായകകഥാപാത്രമാണ് മായാ ബസാറില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന രമേശന്‍. സാധുക്കളോട് അലിവുളളവന്‍, തന്റേടി, സുന്ദരന്‍, കയ്യൂക്കുളളവന്‍ എന്നിങ്ങനെയുളള നല്ലഗുണങ്ങളെല്ലാം വാറ്റിയാണ് ടി എ റസാഖ് രമേശനെ സൃഷ്ടിച്ചിരിക്കുന്നത്. അസാധാരണനായ കഥാപാത്രമല്ലാത്തതു കൊണ്ടു തന്നെ അസാധാരണമായ അഭിനയ മികവൊന്നും മമ്മൂട്ടിയില്‍ നിന്ന് ഈ കഥാപാത്രം ആവശ്യപ്പെടുന്നുമില്ല.

  നവാഗത സംവിധായകനെന്ന നിലയില്‍ തോമസ് സെബാസ്റ്റിയന്‍ തന്റെ ജോലി ഭംഗിയായി ചെയ്ത് തീര്‍ത്തിട്ടുണ്ട്. സൂപ്പര്‍സ്റ്റാറിന് തിളങ്ങാന്‍ വേണ്ടി എഴുതിവെച്ച രംഗങ്ങള്‍ അദ്ദേഹത്തിന്റെ താരപദവി പൊലിപ്പിച്ചു നിര്‍ത്തും വിധം തിരശീലയിലെത്തിച്ചിട്ടുണ്ട്.

  സ്ത്രീകഥാപാത്രങ്ങള്‍ക്കൊന്നും ചിത്രത്തില്‍ പറയത്തക്ക വ്യക്തിത്വമൊന്നുമില്ല. നായകനും വില്ലനും തമ്മിലുളള സംഘര്‍ഷത്തിന് കാരണമാകുന്ന സ്ഥിരം കഥാപാത്രങ്ങള്‍.

  കലാഭവന്‍ മണിയുടെ വില്ലന്‍ വേഷം കൊളളാം. രമേശനുമായി കട്ടയ്ക്ക് നില്‍ക്കുന്ന വേഷമാണ് മണിയുടെ ഭദ്രന്‍. മലയാളത്തിലെ എണ്ണം പറഞ്ഞ വില്ലന്‍മാരുടെ നിരയില്‍ കലാഭവന്‍ മണിയുടെ സ്ഥാനം ഉറപ്പിക്കാന്‍ ഈ കഥാപാത്രം സഹായകരമാകും. എന്നാല്‍ ഈ കഥാപാത്രത്തെ രണ്ടാം പകുതിയില്‍ നായകന്റെ സുഹൃത്താക്കി മാറ്റി റസാഖും സംവിധായകനും ഒരതിക്രമം കാട്ടുന്നുണ്ട്. രണ്ടര മണിക്കൂര്‍ കഥ പറയാനുളള സംഭവങ്ങള്‍ ആക്രിച്ചന്തയില്‍ ഇല്ലെന്ന തിരിച്ചറിവിലാണ് സിനിമയുടെ രണ്ടാം പകുതി മുന്നോട്ടു നീങ്ങുന്നത്.

  സുരാജും ബിജുക്കുട്ടനും സലിംകുമാറും ചേര്‍ന്നൊരുക്കുന്ന തമാശ രംഗങ്ങള്‍ ആരാധകരെ രസിപ്പിക്കുന്നുണ്ട്. രമേശന്റെ അച്ഛന്‍ ആക്രി ദാമോദരനായി എത്തുന്ന രാജന്‍ പി ദേവ്, തന്റെ ഭാഗം ഭംഗിയാക്കി. തൊമ്മനും മക്കളും, ഛോട്ടാ മുംബെ എന്നീ എന്ന ചിത്രങ്ങളില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ തുടര്‍ച്ചയാണ് ആക്രി ദാമോദരന്‍.

  ഇന്നുവരെ കാണാത്ത പശ്ചാത്തലത്തിലാണ് കഥ നടക്കുന്നതെന്നൊരു വ്യത്യാസമുണ്ട്. വണ്ടി പൊളിച്ച് വില്‍ക്കുന്നവരുടെ ലോകത്ത് നടക്കുന്ന കൊച്ചു കൊച്ചു തമാശകളും പകയും പടലപ്പിണക്കവും സംഘട്ടനവും സൂപ്പര്‍സ്റ്റാര്‍ സിനിമയ്ക്കു വേണ്ട മേമ്പൊടികള്‍ കലര്‍ത്തി പറഞ്ഞിട്ടുണ്ട്. ആരാധകര്‍ക്ക് അതൊക്കെ ഇഷ്ടപ്പെട്ടുവെന്ന് ആര്‍പ്പുവിളിയും കയ്യടിയും തെളിയിക്കുന്നു.

  പക, പ്രണയം, സംഘട്ടനം, ബോറടിക്കാതിരിക്കാന്‍ അല്ലറ ചില്ലറ തമാശകള്‍ ഇവയൊക്കെയാണല്ലോ സൂപ്പര്‍താര ചിത്രമൊരുക്കാന്‍ അവശ്യം വേണ്ട മസാലക്കൂട്ട്. പല പശ്ചാത്തലങ്ങളില്‍ എത്രയോ കാലമായി സിനിമാപ്രേമിയെ ഊട്ടുന്ന ഫോര്‍മുല. ഒരല്‍പം ആകര്‍ഷകമായി അത് പറഞ്ഞിട്ടുണ്ടെന്നതാണ് മായാബസാറിന്റെ നേട്ടം. മമ്മൂട്ടിയുടെ ഡാന്‍സ് ഈ ചിത്രത്തിലുമുണ്ട്.. ഒന്നും പറയുന്നില്ല, അതേക്കുറിച്ച്...

  ബന്ധപ്പെട്ട വാര്‍ത്തകള്‍


  മായാ ബസാര്‍ ചിത്രങ്ങള്‍

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X