twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍ തന്നെ താരം..

    By Staff
    |

    ലാല്‍ തന്നെ താരം..
    മനോജ്

    ഒരു മികച്ച സംവിധായകന്റെ കടന്നുവരവ്, പഴയ ലാലിലേക്കുള്ള സൂപ്പര്‍താരത്തിന്റെ തിരിച്ചുപോക്ക്, ശ്രീനിവാസന്‍ എഴുതിയ പഴയകാല ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്ന ഒരു പിടി മുഹൂര്‍ത്തങ്ങള്‍- ഇതൊക്കെയാണ് മോഹന്‍ലാലിനെ നായകനാക്കി നവാഗനായ റോഷന്‍ ആന്‍ഡ്രൂസ് ശ്രീനിവാസന്റെ തിരക്കഥയില്‍ സംവിധാനം ചെയ്ത ഉദയനാണ് താരം എന്ന ചിത്രത്തിന്റെ സവിശേഷതകള്‍.

    ഉദയനാണ് താരത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞുവെന്നാണ് സിനിമക്ക് കിട്ടിയിരിക്കുന്ന വരവേല്പ് സൂചിപ്പിക്കുന്നത്. സൂപ്പര്‍ വിജയത്തിലേക്കാണ് ചിത്രം നീങ്ങുന്നതെന്ന് ചിത്രം പ്രേക്ഷകരിലുണ്ടാക്കിയ പ്രതികരണം വ്യക്തമാക്കുന്നു.

    പഴയ മോഹന്‍ലാലിനെ ഓര്‍മിപ്പിക്കും വിധത്തിലുള്ള വേഷപ്പകര്‍ച്ച സൂപ്പര്‍താരം ഈ ചിത്രത്തില്‍ സാധ്യമാക്കിയിരിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും പ്രധാന സവിശേഷത. തന്റെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ സിനിമയിലുടനീളം ഗിമ്മിക്കുകള്‍ കാട്ടുന്ന, ഹീറോയിസവും നെടുങ്കന്‍ ഡയലോഗുകളും ആവര്‍ത്തിക്കുന്ന ലാലിനെയല്ല ഉദയനില്‍ കാണുന്നത്. ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളോട് ഉരുമ്മിനില്‍ക്കുന്ന പഴയ കഥാപാത്രങ്ങളെ തീര്‍ത്തും സ്വാഭാവികമായി അവതരിപ്പിച്ചിട്ടുള്ള മോഹന്‍ലാല്‍ തിരിച്ചുവരുകയാണെന്ന പ്രതീതി ജനിപ്പിക്കാന്‍ ഈ ചിത്രത്തില്‍ ലാലിന് സാധിച്ചിട്ടുണ്ട്.

    ശ്രീനിവാസന്റെ രചനയാണ് ചിത്രത്തെ നിറഞ്ഞ അനുഭവമാക്കി മാറ്റുന്നത്. -ആക്ഷേപഹാസ്യത്തിന്റെ കൂര്‍ത്ത മുനകള്‍ എഴുന്നുനില്‍ക്കുന്ന, ജീവിതത്തിലെ സാധാരണമായ സന്ദര്‍ഭങ്ങളില്‍ നിന്ന് ചിരിയുടെ മുഹൂര്‍ത്തങ്ങളൊരുക്കുന്ന ശ്രീനിവാസന്റെ തിരക്കഥകളില്‍ പടുത്ത സിനിമകള്‍ മലയാളിയുടെ മികച്ച ചലച്ചിത്രാനുഭവങ്ങളില്‍ പെടുന്നവയാണ്. എന്നാല്‍ ചിന്താവിഷ്ടയായ ശ്യാമളക്ക് ശേഷം ശ്രീനിവാസന്റെ തൂലിക സൃഷ്ടിക്കുന്ന ആ അനുഭവം നമുക്ക് അത്രത്തോളം അറിയാന്‍ കഴിഞ്ഞിട്ടില്ല. പഴയ ശ്രീനി ടച്ച് നഷ്ടപ്പെട്ടോ എന്ന സംശയം ജനിപ്പിക്കുന്ന രചനകളാണ് ശ്രീനി പിന്നീട് ഒരുക്കിയത്. എന്നാല്‍ ഉദയനാണ് താരത്തില്‍ ആക്ഷേപഹാസ്യത്തിന്റെ കൂര്‍ത്ത അമ്പുകള്‍ പലര്‍ക്കുമെതിരെ എയ്തുവിടുന്ന ശ്രീനിവാസന്‍ തിരികെയെത്തുന്നതുകാണാം. അതു ചെന്നുകൊള്ളുന്നതോ സിനിമാലോകത്തെ തന്നെ പലര്‍ക്കുമാണെന്നതാണ് കൗതുകകരം.

    റോഷന്‍ ആന്‍ഡ്രൂസ് എന്ന മികച്ച സംവിധായകനെ ഉദയനാണ് താരത്തിലൂടെ മലയാളത്തിന് ലഭിച്ചിരിക്കുന്നു. ജീവിതവും സിനിമയും കോര്‍ത്തിണക്കിയ ശ്രീനിയുടെ പുതുമയാര്‍ന്ന ഈ സൃഷ്ടിയുടെ കാമ്പ് ഒട്ടും നഷ്ടപ്പെടുത്താതെ മനോഹരമായി സീനുകളിലേക്ക് പകര്‍ത്താന്‍ റോഷന്‍ ആന്‍ഡ്രൂസിന് സാധിച്ചിട്ടുണ്ട്. ചലച്ചിത്ര മാധ്യമത്തില്‍ നല്ല കൈയടക്കമുള്ള ഒരു സംവിധായകനാണ് റോഷന്‍ എന്ന് തെളിയിക്കുന്ന ഒട്ടേറെ സീക്വന്‍സുകള്‍ ഈ ചിത്രത്തില്‍ കാണാം.

    സിനിമാലോകത്തെ പശ്ചാത്തലമാക്കി ഒരു പിടി സിനിമകളില്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ ഉദയനാണ് താരം അക്കൂട്ടത്തില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. ആക്ഷേപഹാസ്യത്തിന്റെ മഷിയില്‍ മുക്കി ശ്രീനിവാസന്‍ വരച്ചെടുത്ത സരോജ്കുമാര്‍ എന്ന രാജപ്പന്‍ തെങ്ങുമ്മൂടിലൂടെ സിനിമാലോകത്തെ അസംബന്ധങ്ങള്‍ അതിരൂക്ഷമായി പരിഹസിക്കപ്പെടുകയാണ്.

    സഹസംവിധായകനായി വര്‍ഷങ്ങളോളം സിനിമാലോകത്ത് അലഞ്ഞ് ഒട്ടേറെ ത്യാഗങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ചതിന് ശേഷം തന്റെ പ്രതിഭ തുറന്നുകാട്ടുന്ന സിനിമ ഒരുക്കുന്ന ഉദയന്‍ (മോഹന്‍ലാല്‍) ആണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രം. അയാളുടെ തിരക്കഥ അടിച്ചുമാറ്റി നായകനാവുന്ന രാജപ്പന്‍ തെങ്ങുമ്മൂട്, ആ ചിത്രത്തോടെ സൂപ്പര്‍താരമായി സരോജ്കുമാര്‍ എന്ന പുതിയ പേര് സ്വീകരിക്കുന്ന രാജപ്പനെ നവരസങ്ങള്‍ പഠിപ്പിക്കാന്‍ എത്തുന്ന പച്ചാളം ഭാസി (ജഗതി ശ്രീകുമാര്‍), ഉദയന്റെ കഴിവുകള്‍ എന്തെന്ന് അറിഞ്ഞ് അയാളെ പ്രോത്സാഹിപ്പിക്കുന്ന നിര്‍മാതാവ് ബേബിക്കുട്ടന്‍ (മുകേഷ്), ഉദയനെ ആരാധിക്കുകയും പ്രണയിക്കുകയും വീട്ടുകാരുടെ പീഡനത്തില്‍ മടുത്ത് വീടുവിട്ട് അയാളുടെ അടുത്തേക്ക് വരികയും ചെയ്യുന്ന വളര്‍ന്നുവരുന്ന നടി മധുമതി (മീന)...ഇവരൊക്കെ കഥാപാത്രങ്ങളാവുന്ന സിനിമാലോകത്തിന്റെ സിനിമ തീര്‍ത്തും പുതുമ നിറഞ്ഞ അനുഭവം തന്നെ.

    മുന്നോട്ടുപോവുന്തോറുമാണ് സിനിമ കൂടുതല്‍ രസകരമാവുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ക്ലൈമാക്സ് വരെ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ കഴിയും വിധം സിനിമയൊരുക്കാന്‍ ആന്‍ഡ്രൂസിനും ശ്രീനിക്കും കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകര്‍ സ്വീകരിച്ച ഒരു നല്ല ചിത്രം ഒരുക്കാന്‍ അതുവഴി ഇരുവര്‍ക്കും കഴിഞ്ഞിരിക്കുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X