For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗര്‍ജിക്കുന്ന മിമിക്രി സിംഹം

  By Staff
  |

  ഗര്‍ജിക്കുന്ന മിമിക്രി സിംഹം

  സുധീഷ്

  മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമൊക്കെ തങ്ങളുടെ സൂപ്പര്‍താര ഇമേജിന് മേമ്പൊടിയായി പൊലീസ് ഓഫീസര്‍മാരായും അധോലോക നായകരായും രാഷ്ട്രീയനേതാക്കളായും വേഷമിട്ട് തിളങ്ങിയിട്ടുണ്ട്. സൂപ്പര്‍താരമാവാന്‍ വെറും കോമഡി വേഷങ്ങളില്‍ ഒതുങ്ങിയാല്‍ പോരയെന്ന തോന്നാലാവാം ദിലീപിനെ ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.

  റണ്‍വേയില്‍ സ്പിരിറ്റ് കള്ളക്കടത്തുമായി പുതിയ സാമ്രാജ്യം വെട്ടിപ്പിടിക്കുന്ന അധോലോക നായകനായി വേഷമിട്ട ദിലീപ് ഇപ്പോള്‍ ലയേണില്‍ അനീതികള്‍ക്കും അഴിമതിക്കുമെതിരെ ആഞ്ഞടിക്കുന്ന രാഷ്ട്രീയനേതാവായെത്തുകയാണ്. ഗര്‍ജിക്കുന്ന സിംഹം. എന്നാല്‍ ഈ ഗര്‍ജനത്തിന് മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി പ്രഭൃതികളുടെ സൂപ്പര്‍താര ഗര്‍ജനവുമായി വ്യത്യാസമുണ്ട്. ഈ നടന്‍മാരെ പോലെ ആകാര സൗഷ്ടവമോ സംഭാഷണങ്ങള്‍ പറയുന്നതിലെ ചാതുരിയോ അവകാശപ്പെടാനില്ലാത്ത ദിലീപിനൊപ്പിച്ച് തട്ടിക്കൂട്ടിയിരിക്കുന്ന മിമിക്രി സിംഹമാണിത്. ഈ പോരായ്മകള്‍ തമാശയുടെ മേമ്പൊടി ചേര്‍ത്തെഴുതിയിരിക്കുന്ന തിരക്കഥയുടെ സഹായത്തില്‍ ബാലന്‍സ് ചെയ്തു പോവാന്‍ ദിലീപ് ശ്രമിക്കുന്നുണ്ട്.

  പതിവു ശൈലിയില്‍ ജോഷി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് പുതുമകളൊന്നും അവകാശപ്പെടാനില്ല. എന്നാല്‍ എല്ലാ മസാല ചേരുവകളുമുള്ള കച്ചവട വിഭവം തന്നെയാണ് ഈ ദിലീപ് ചിത്രവും.

  കേരളത്തിലെ മക്കള്‍ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ഉദയ്കൃഷ്ണ-സിബി കെ. തോമസ് തട്ടിക്കൂട്ടിയിരിക്കുന്ന കെട്ടുകഥയാണ് ലയണ്‍. ബാലകൃഷ്ണപിള്ളയെയും ഗണേഷ്കുമാറിനെയും ഓര്‍മിപ്പിക്കുന്ന അച്ഛനും മകനുമാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍. ദിലീപ് അവതരിപ്പിക്കുന്ന മകന്‍ കഥാപാത്രത്തിന്റെ പേര് കൃഷ്ണകുമാര്‍! ആദര്‍ശധീരന്‍, അഴിമതിക്കെതിരെ ആഞ്ഞടിക്കുന്നവന്‍, അച്ഛനെതിരായ ധാര്‍മികയുദ്ധത്തിനൊടുവില്‍ മന്ത്രിക്കസേരയിലെത്തി നേതൃഗുണത്തിന്റെ പുതിയ പര്യായങ്ങള്‍ ചമക്കുന്നവന്‍!!!

  ചന്ദനക്കാട്ടില്‍ ബാലഗംഗാധര മേനോന്‍ (കലാശാല ബാബു) കരുത്തനായ രാഷ്ട്രീയനേതാവും മുന്നണി സര്‍ക്കാരിലെ മന്ത്രിയുമാണ്. അധികാര രാഷ്ട്രീയത്തിന്റെ എല്ലാ തന്ത്രങ്ങളും പയറ്റുന്ന മേനോന്‍ അഴിമതിക്കാരനുമാണ്. ഐഎഎസ് ഓഫീസറും ഐപിഎസ് ഓഫീസറുമായ രണ്ട് മരുമക്കളാണ് (!)അദ്ദേഹത്തിന്റെ എല്ലാ രാഷ്ട്രീയകളികള്‍ക്കും അഴിമതിക്കും കൂട്ടുനില്‍ക്കുന്നത്. അതേ സമയം ഏകമകന്‍ കൃഷ്ണകുമാര്‍ പിതാവിന്റെ നെറികേടുകള്‍ക്ക് എതിരുനില്‍ക്കുന്നു.

  അച്ഛനെതിരായ രാഷ്ട്രീയപോരാട്ടത്തിനൊടുവില്‍ അദ്ദേഹത്തിനെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്ന കൃഷ്ണകുമാര്‍ ആഭ്യന്തരമന്ത്രിയാവുന്നു. സമൂഹത്തിലെ അനീതികളെയും അഴിമതികളെയും ഇല്ലാതാക്കാന്‍ കൃഷ്ണകുമാര്‍ നടത്തുന്ന ശ്രമങ്ങളാണ് തുടര്‍ന്ന് കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്.

  ഇതിനിടയില്‍ ദിലീപിന്റെ ഇഷ്ടജോഡിയായ കാവ്യാ മാധവന്റെ സ്കൂള്‍ ടീച്ചര്‍ വേഷവും പ്രണയവും വിവാഹവും ന്യൂസിലാന്റില്‍ ചിത്രീകരിച്ച ഗാനരംഗങ്ങളുമൊക്കെയുണ്ട്.

  ദിലീപ് അധോലോക നായകനായും രാഷ്ട്രീയനേതാവായും പൊലീസ് ഓഫീസറായുമൊക്കെ പ്രത്യക്ഷപ്പെടുമ്പോള്‍ രഞ്ജിത്തോ രഞ്ജി പണിക്കരോ എസ്.എന്‍.സ്വാമിയോ തിരക്കഥയെഴുതിയാല്‍ ശരിയാവില്ല. അവര്‍ എഴുതുന്ന തിരക്കഥകളിലെ കഥാപാത്രങ്ങള്‍ക്കു സ്ക്രീനില്‍ ജീവന്‍ നല്‍കാന്‍ ലാലിനോ മമ്മൂട്ടിക്കോ സുരേഷ് ഗോപിക്കോ മാത്രമേ കഴിയൂ. ദിലീപ് ഇതൊക്കെയായി വരുമ്പോള്‍ അവിടെ കോമഡി ചേര്‍ത്തുള്ള ബാലന്‍സിംഗ് ഇല്ലാതെ കഴിയില്ല. അതിനാല്‍ ദിലീപിനായി ഇത്തരം തിരക്കഥകള്‍ രചിക്കുന്നതിനായി ഉദയ്കൃഷ്ണ-സിബി.കെ.തോമസ് എന്നൊരു ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ട്. തമാശ മാത്രമെഴുതി ശീലമുള്ളവര്‍ രാഷ്ട്രീയത്തിലും സാമൂഹ്യപ്രശ്നങ്ങളിലും കൈവയ്ക്കുന്നതിലെ പോരായ്മകള്‍ ലയേണില്‍ മുഴച്ചുനില്‍ക്കുന്നുമുണ്ട്.

  ഇത് ദിലീപിനു മാത്രമായി ജോഷി ഒരുക്കിയ ആക്ഷന്‍-രാഷ്ട്രീയ തമാശ ചിത്രമാണ്. പ്രത്യക്ഷമായ തമാശക്കുപരിയായി അതിലെ കഥയുടെ ഘടനയിലുണ്ട് യുക്തിപൂര്‍വം ചിന്തിക്കുന്ന പ്രേക്ഷകരെ ചിരിപ്പിക്കാന്‍ പോന്ന തമാശ. ദിലീപ് അടിസ്ഥാനപരമായി ഒരു മിമിക്രി കലാകാരനാണ്. ലയണ്‍ എന്ന ഈ ചിത്രവും പൊളിറ്റിക്കല്‍ ത്രില്ലറുകളുടെ മിമിക്രിയാണ്.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X