twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വക്കാലത്ത്: ലക്കും ലഗാനുമില്ലാത്തൊരു ചിത്രം

    By Staff
    |

    വക്കാലത്ത്: ലക്കും ലഗാനുമില്ലാത്തൊരു ചിത്രം

    സംവിധാനം: ടി.കെ. രാജീവ് കുമാര്‍
    രംഗത്ത്: ജയറാം, മുകേഷ്, മന്യ തുടങ്ങിയവര്‍
    സംഗീതം: മോഹന്‍ സിത്താര

    പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം കഴിപ്പിച്ച മന്ത്രിയുടെ കസേര തെറിപ്പിച്ചുകൊണ്ടാണ് ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത വക്കാലത്ത് നാരായണന്‍കുട്ടി തുടങ്ങുന്നത്. എന്നാല്‍ പിന്നീടങ്ങോട്ട് തിയേറ്ററുകളിലെ കസേരകളില്‍ ഇരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറായത് അവരുടെ ക്ഷമാശീലം കൊണ്ടായിരിക്കാം.

    ജയറാമും മുകേഷും ഒന്നിച്ച വക്കാലത്ത് തീര്‍ത്തും നിരാശാജനകമായ അനുഭവമാണ്. നാരായണന്‍കുട്ടി (ജയറാം) സര്‍ക്കാര്‍ ഉദ്യോഗസ്ഥനെങ്കിലും പൊതുതാല്പര്യഹരജിക്കാരനായാണ് അറിയപ്പെടുന്നത്. ഉദ്യോഗസ്ഥനെങ്കിലും ഗുമസ്ത പണി ചെയ്യാന്‍ നാരായണന്‍ കുട്ടിക്ക് പ്രചോദനമാകുന്നത് അച്ഛനാണ്.

    എന്തിനും ഏതിനും നിയമ നടപടി സ്വീകരിക്കുന്ന വക്കാലത്ത് നാരായണന്‍കുട്ടിയുടെ വക്കാലത്തിന്റെ പേരിലാണത്രെ കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിംഗ് സമ്പ്രദായം നടപ്പാക്കിയത്..!

    മുഖം നോക്കാതെ നിയമ നടപടികള്‍ സ്വീകരിക്കുന്നയാളായിരുന്നു നാരായണന്‍ കുട്ടി. അതുകൊണ്ടാണല്ലോ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തിടത്ത് കാര്‍ പാര്‍ക്ക് ചെയ്തതിന് ഡിജിപി കുര്യന്റെ (രാജന്‍ പി. ദേവ്) മകള്‍ കുക്കു കുര്യനെ (മന്യ) വരെ അയാള്‍ കോടതി കയറ്റിച്ചത്.

    പ്രതികാരം ചെയ്യാനായി നിയമവിദ്യാര്‍ത്ഥിയായ കുക്കു നാരായണന്‍കുട്ടിയെ കോളേജിലെ ഒരു പരിപാടിക്ക് വിളിച്ച് വേദിയില്‍വച്ച് അപമാനിച്ചു. നാരായണന്‍കുട്ടി സ്വാമി വിവേകാനന്ദന്റെ ആദര്‍ശങ്ങള്‍ പ്രസംഗിക്കുമ്പോള്‍ കുക്കുവും കൂട്ടരും അയാളെ കൂകിവിളിച്ച് അപമാനിക്കുകയായിരുന്നു. നാരയണന്‍കുട്ടി വിടുമോ... തന്നെ വിളിച്ചപമാനിച്ചതിനു പകരം സ്വാമി വിവേകാനന്ദന്റെ വാക്കുകളെ അപമാനിച്ചതിന് അയാള്‍ കേസു കൊടുത്തു. കുക്കു വീണ്ടും കോടതിയില്‍.

    ഏതൊരു ചിത്രം പോലെയും ഇവിടെയും ഈ അടിപിടി അവസാനം പ്രണയത്തിലെത്തി. സുന്ദരനും കോമളനും സത്യസന്ധനുമായ നാരായണന്‍ കുട്ടിയുമായി കുക്കു കലശലായ പ്രേമത്തിലെത്തിയെന്നു പറഞ്ഞാല്‍ മതിയല്ലോ.

    നാരായണന്‍കുട്ടിയുടെ സുഹൃത്തായ മാത്യു നേരുപറമ്പില്‍ (മുകേഷ്) നിയമപഠനം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും ഒരു ജോലിയും ശരിയായില്ല. അവസാനം വക്കാലത്ത് തന്നെ മാത്യുവിനെ നിയമവിദഗ്ധന്‍ ഈശ്വര അയ്യരുടെ (ജഗതി) അടുത്തെത്തിച്ചു. പിന്നീടങ്ങോട്ട് മാത്യുവിന് വെച്ചടിവച്ച് കയറ്റമായിരുന്നു. നാരായണന്‍കുട്ടിയുടെ കേസുകള്‍ വാദിച്ചു തുടങ്ങിയ മാത്യു പിന്നീട് പബ്ലിക് പ്രോസിക്യൂട്ടര്‍ വരെയായി.

    ഇതിനിടയ്ക്ക് നാരായണന്‍കുട്ടിയും കുക്കുവും തമ്മിലുള്ള രജിസ്റര്‍ വിവാഹവും കഴിഞ്ഞു. ഒരു സുപ്രഭാതത്തില്‍ ഇവര്‍ തമ്മില്‍ രജിസ്റര്‍ വിവാഹം കഴിച്ചതെന്തിനാണെന്ന് എത്രയായിട്ടും മനസ്സിലായിരുന്നില്ല (സംവിധായകന് അറിയുമായിരിക്കുമല്ലോ..). വിവാഹം രജിസ്റര്‍ ചെയ്ത് ഒരു മാസം കഴിഞ്ഞതിനു ശേഷമേ അതിന് നിയമ പ്രാബല്യമുണ്ടാവൂ എന്നറിയാമെങ്കിലും നാരായണന്‍കുട്ടി ഒരു രാത്രി കുക്കുവിന്റെ കിടപ്പറയില്‍ എത്തുന്നു. നാരായണന്‍കുട്ടിയുടെ വരവ് കുക്കു ഒരു ഡിജിറ്റര്‍ ക്യാമറയിലൂടെ പകര്‍ത്തി നിയമവിരുദ്ധം എന്ന പേരില്‍ സൂക്ഷിക്കുകയും ചെയ്തു.

    ഈയിടയ്ക്കാണ് ഡിജിപി കുര്യനും എസ്ഐ മിന്നല്‍ ചന്ദ്രനും (കലാഭവന്‍ മണി), മുന്‍ മന്ത്രി ശശിധരകുറുപ്പും (പി. ശ്രീകുമാര്‍) ചേര്‍ന്ന് നടത്തിയ ഒരു കെണിയില്‍ നാരായണന്‍കുട്ടി കുടുങ്ങുന്നത്. സ്ത്രീ പീഡനക്കേസില്‍ നാലാംപ്രതിയായ നാരായണന്‍ പോറ്റി എന്നയാളുടെ പേര് നാരായണന്‍കുട്ടി എന്നാക്കി ഇവര്‍ വക്കാലത്തിനെ ഈ മൂന്നാംകിട കേസില്‍ പ്രതിയാക്കി.

    ആത്മസുഹൃത്തായ മാത്യുവും വക്കാലത്തിനെ വിശ്വസിച്ചില്ല. അവസാനം കുക്കു നിയമവിരുദ്ധമായി സൂക്ഷിച്ചു വെച്ച വീഡിയോ ടേപ്പാണ് നാരായണന്‍കുട്ടിയുടെ രക്ഷക്കെത്തുന്നത് (ഇപ്പോഴാണ് രജിസ്റര്‍ വിവാഹത്തിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്). സിനിമയുടെ അവസാനത്തെ അഞ്ചു മിനിറ്റുകൊണ്ട് നാരായണന്‍കുട്ടി ഡിജിപിയെയും എസ്ഐ ചന്ദ്രനെയും മുന്‍ മന്ത്രിയെയും യൂണിയന്‍ നേതാക്കളെയും കോടതിമുറിയിലിട്ടു നിര്‍ത്തി പൊരിക്കുന്നതോടെ രാജീവ് കുമാര്‍ ചിത്രം അവസാനിപ്പിക്കുന്നു...!

    രാജീവ് കുമാറും സംഘവും ഒരു നേരമ്പോക്കിന് തട്ടിക്കൂട്ടിയതാണെന്നു തോന്നും ഈ ചിത്രം കണ്ടാല്‍ . രണ്ടര മണിക്കൂറു കൊണ്ട് പരസ്പര ബന്ധമില്ലാത്ത, കാര്യകാരണ ബന്ധമില്ലാത്ത ചില ഷോട്ടുകളും സീനുകളും കൊണ്ടൊരു അമ്മാനമാടല്‍. അതിനുള്ളില്‍ ജയറാമിന്റെ താരാരാധനയെ വസൂലാക്കാന്‍ ചില നമ്പരുകള്‍... ജോക്കറിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച മന്യയുടെ പ്രശസ്തി ഉപയോഗപ്പെടുത്തല്‍... കലാഭവന്‍ മണിയെ അലറല്‍ ചന്ദ്രന്റെ രൂപത്തില്‍ ഒരു വില്ലനാക്കല്‍... ഇത്രയേയുള്ളൂ വക്കാലത്ത് നാരായണ്‍കുട്ടി.

    കഴിഞ്ഞ വര്‍ഷം മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ജലമര്‍മ്മരം സംവിധാനം ചെയ്ത രാജീവ് കുമാറില്‍ നിന്ന് ഇത്തരമൊരു ലക്കും ലഗാനുമില്ലാത്ത ചിത്രം തീരെ പ്രതീക്ഷിച്ചില്ല. കുറഞ്ഞ പക്ഷം ജയറാമും മുകേഷും ജഗതിയും ഒത്തു ചേര്‍ന്നൊരവസരത്തെ ഉപയോഗപ്പെടുത്താനുള്ള തന്ത്രങ്ങള്‍ പോലും രാജീവ് കുമാറും ജയപ്രകാശ് കുളൂരും ചേര്‍ന്നൊരുക്കിയ തിരക്കഥയില്‍ ഇല്ലായിരുന്നു.

    മന്യയെ അല്പം ലൂസായ പ്രണയനായികയാക്കിയതും കലാഭവന്‍ മണിയെ എന്തിനും ഏതിനും അലറുന്ന അലറല്‍ എസ്ഐയാക്കിയതും രാജീവ് കുമാര്‍ ഈ ചിത്രത്തിലൂടെ ചെയ്ത മറ്റൊരു പാതകമായിരിക്കും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X