twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്‍സ്പെക്ടര്‍ ഗരുഡായി ദിലീപിന്റെ സാഹസം

    By Staff
    |

    ഇന്‍സ്പെക്ടര്‍ ഗരുഡ് പെര്‍ഫക്ട് എന്റര്‍ടെയ്നറായിരിക്കുമെന്ന് പരസ്യവാചകത്തിലൂടെ സംവിധായകന്‍ ജോണി ആന്റണി പ്രേക്ഷകര്‍ക്ക് ഉറപ്പ് നല്‍കുന്നു. പ്രേക്ഷകര്‍ക്ക് രസിക്കുമെന്ന വിശ്വാസത്തില്‍ യുക്തിഹീനതയും കോമഡിയെന്ന പേരില്‍ തറവേലകളും കുത്തിനിറച്ചാല്‍ പെര്‍ഫക്ട് എന്റര്‍ടെയ്നറായി എന്നാണ് ജോണി ആന്റണി കരുതുന്നതെന്ന് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകന് ബോധ്യമാവുന്നു.

    ഈ ജനുസിലുള്ള ഒരു പിടി ചിത്രങ്ങള്‍ മുമ്പിറങ്ങിയിട്ടുണ്ട്. ജോണി ആന്റണിയുടെ തന്നെ സിഐഡി മൂസയും തുറുപ്പുഗുലാനും ആ ഗണത്തില്‍ പെടുന്നതാണ്. ഇന്‍സ്പെക്ടര്‍ ഗരുഡ് പക്ഷേ യുക്തിഹീനതയുടെയും അസംഭവ്യമായ കസര്‍ത്തുകളുടെയും കാര്യത്തില്‍ രണ്ട് ചിത്രങ്ങളെയും ബഹുദൂരം പിന്നിലാക്കുന്നു.

    15 ലക്ഷം രൂപ കൈക്കൂലി കൊടുത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആകുന്നയാളാണ് ഈ ചിത്രത്തിലെ നായകന്‍! കൊടുത്ത പണം മുതലാക്കാന്‍ കൈക്കൂലി വാങ്ങുകയും അതിനായി എന്ത് നെറികേട് കാണിക്കുകയും ചെയ്യുന്ന ആദര്‍ശപുരുഷന്‍!! വനിതാ സബ്കളക്ടറെ എടീ, പോടീ എന്ന് വിളിച്ചതിന്റെ പേരില്‍ വനിത കമ്മിഷനു മുന്നില്‍ മാപ്പ് പറയേണ്ടിവന്നതിന്റെ പക തീര്‍ക്കാന്‍ സബ് കളക്ടറെ വിവാഹം ചെയ്ത് മതിയാവോളം എടീ, പോടീ എന്ന് വിളിക്കുന്ന നായകവീരന്‍!!! എന്ത് പൊറാട്ടുനാടകവും സിനിമയാക്കി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ മാത്രമുള്ള ചില സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും ചങ്കൂറ്റം തീര്‍ച്ചയായും സമ്മതിച്ചുകൊടുക്കണം.

    സിനിമയുടെ അന്ത്യത്തില്‍ എല്ലാം പതിവു പോലെ. നായകന്റെ മനം മാറുന്നു. അതുവരെ കാണിച്ച നെറികേടുകള്‍ക്ക് പ്രായശ്ചിത്തമെന്ന പോലെ സിനിമയിലെ വില്ലന്‍മാരെ തുരത്തുന്നു. ഈ മനംമാറ്റത്തിന് അങ്ങനെ വ്യക്തമായ കാരണം വേണമൊന്നൊന്നുമില്ല. കാരണം എത്ര വലിയ കൈക്കൂലിക്കാരനായാലും ആ കഥാപാത്രം സൂപ്പര്‍താരം അവതരിപ്പിക്കുന്ന നായകവേഷമാണല്ലോ...

    സിഐഡി മൂസയില്‍ കാണിച്ചതൊക്കെ കൂറേക്കൂടി പെരുപ്പിച്ച് കാട്ടുകയാണ് ദിലീപ് ഈ ചിത്രത്തില്‍. അതിനായി അദ്ദേഹം ശരീരത്തിന്റെ വണ്ണവും കൂട്ടിയിട്ടുണ്ട്. ഹരിശ്രീ അശോകന്‍, സലിംകുമാര്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയവര്‍ക്ക് പതിവുവേഷം തന്നെ. കോമഡിയുടെ പേരില്‍ സലിംകുമാര്‍ കാട്ടിക്കൂട്ടുന്ന കസര്‍ത്തുകള്‍ പുതിയ മാനങ്ങള്‍ കൈവരിക്കുന്നതും ഈ ചിത്രത്തില്‍ കാണാം.

    സബ് കളക്ടര്‍ നായികയായി കാവ്യാ മാധവനും പ്രേക്ഷകര്‍ക്ക് നേരമ്പോക്ക് പകരുന്നുണ്ട്. പിന്നെ നായകന്റെ വീരശൂര പരാക്രമങ്ങള്‍ക്കിടയില്‍ തീര്‍ത്തും അപ്രസക്തരായിപ്പോകുന്ന ചില കഥാപാത്രങ്ങളും.

    കോമഡിയും ആക്ഷനും ചേര്‍ത്തൊരു പുതിയ വിഭവമാണ് ഈയിടെയായി ദിലീപ് പ്രേക്ഷകര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. ദിലീപ് ആക്ഷന്‍ ചെയ്യുന്നതിലെ കോമഡി തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് രസിക്കുന്നുണ്ടാവണം. തിയേറ്ററിലിറങ്ങുന്നതോടെ മറക്കാനുള്ളതാണ് സിനിമകളെന്ന വിശ്വാസമാണ് നമ്മുടെ സിനിമാലോകത്തെ ഭരിക്കുന്നതെങ്കില്‍ ഇത്തരം സിനിമകള്‍ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X