For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദോസ്ത്: ഫ്രണ്ട്സിനൊരു അനുബന്ധം

  By Staff
  |

  ദോസ്ത്: ഫ്രണ്ട്സിനൊരു അനുബന്ധം

  സംവിധാനം: തുളസീദാസ്

  രംഗത്ത്: ദിലീപ്, കുഞ്ചാക്കോ ബോബന്‍, കാവ്യാ മാധവന്‍ തുടങ്ങിയവര്‍

  സംഗീതം: വിദ്യാസാഗര്‍

  സിനിമയില്‍ പരീക്ഷണങ്ങള്‍ പലപ്പോഴും പിന്നീട് അനുകരണമാതൃകകളാകാറുണ്ട്. രാജസേനന്റെ ഡാര്‍ലിംഗ് ഡാര്‍ലിംഗ് അപ്രതീക്ഷിത വിജയം നേടിയപ്പോള്‍ ആ ചേരുവയില്‍ ഒട്ടേറെ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങാന്‍ തുടങ്ങി. റാഫി മെക്കാര്‍ട്ടിന്റെ തെങ്കാശിപ്പട്ടണം മെഗാഹിറ്റിലേക്ക് കുതിക്കുന്ന ഈ അവസ്ഥയില്‍ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഇനിയും ഉണ്ടായേക്കും.

  ഡാര്‍ലിംഗ് ഡാര്‍ലിംഗിലും തെങ്കാശിപ്പട്ടണത്തിലും അനുകരിക്കത്തക്കതായ പ്രവണതകള്‍ എന്തൊക്കെയാണുള്ളത് ? . ഈ രണ്ടു ചിത്രങ്ങളിലും നായകന്മാരില്ല എന്നതു തന്നെ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ചിത്രത്തില്‍ ഒന്നില്‍ കൂടുതല്‍ നായകാന്മാരുണ്ടെന്നര്‍ത്ഥം. ഡാര്‍ലിംഗ് ഡാര്‍ലിംഗിലൂടെ രാജസേനനാണ് ഈ രീതിയ്ക്ക് തുടക്കം കുറിച്ചത് എന്നു വേണമെങ്കില്‍ പറയാം (മുന്‍കാലങ്ങളില്‍ ഇത്തരം ചിത്രങ്ങള്‍ ഇറങ്ങിയിരുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല).

  രണ്ടു നായകന്മാര്‍... ഒരു നായിക. ഈ ചേരുവയില്‍ തുളസീദാസ് ഒരുക്കിയതാണ് ദോസ്ത്. യുവനായകന്മാരായ ദിലീപും കുഞ്ചാക്കോ ബോബനും ആണ് നായകന്മാര്‍. നായിക കാവ്യയും. കോളേജില്‍ തല്ലും കോളുമായി നടക്കുന്ന പരുക്കന്‍ സ്വഭാവക്കാരനാണ് അജിത് (ദിലീപ്). പിന്നില്‍ ഒരു സംഘമുണ്ടെങ്കിലും അജിതിന് സ്വന്തമെന്നു പറയാന്‍ ആരും കൂട്ടില്ല. തന്റെ ബൈക്കിനു പിന്നില്‍ പോലും അവന്‍ ആരെയും കയറ്റാറില്ല.

  കൂട്ടുകാരെ ഇങ്ങനെ വെറുക്കാന്‍ അവനൊരു കഥയുണ്ട്. മുമ്പ് അവനൊരു ആത്മാര്‍ത്ഥ സുഹൃത്തുണ്ടായിരുന്നു - ശങ്കര്‍ (ഷിജു). എന്നാല്‍ വിവാഹദിവസം അജിത്തിന്റെ മൂത്ത സഹോദരി (അഞ്ജു അരവിന്ദ്) ശങ്കറിന്റെ കൂടെ ഒളിച്ചോടി . മകള്‍ ഒളിച്ചോടിപ്പോയ ആഘാതത്തില്‍ അജിത്തിന്റെ അച്ഛന്‍ മരിച്ചു. അന്നു മുറിഞ്ഞതാണ് കൂട്ടുകാരുമായുള്ള അജിത്തിന്റെ ബന്ധം. ഇപ്പോള്‍ അജിത്തിന് ഒരു ലക്ഷ്യമേയുള്ളൂ... ഇളയ സഹോദരിയായ ഗീതു (കാവ്യാമാധവന്‍)വിനെ മാന്യമായി വിവാഹം കഴിച്ചയയ്ക്കുക.

  ആയിടയ്ക്കാണ് അജിത്തിന്റെ കോളേജില്‍ പുതിയ വിദ്യാര്‍ത്ഥിയായി വിജയ് (കുഞ്ചാക്കോ ബോബന്‍) എത്തുന്നത്. കോളേജില്‍ ചേരാന്‍ വരുന്ന വഴിയില്‍ റെയില്‍വെ സ്റേഷനില്‍വെച്ച് വിജയ് ഗീതുവുമായി കൂട്ടിമുട്ടുന്നു. അന്നു മുതല്‍ ഗീതു വിജയിന്റെ മനസ്സില്‍ കുടിയേറി. അതിനിടയ്ക്ക് അല്പസ്വല്പം ഉടക്കിനു ശേഷം വിജയ് അജിത്തുമായി നല്ല ചങ്ങാത്തത്തിലായി ക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ അവര്‍ ദോസ്തുക്കളാണ്.

  ഗീതുവിനോടുള്ള പ്രണയം വിജയ് അജിത്തിനോടു സൂചിപ്പിച്ചു. ഒരു ദിവസം അജിത്തും വിജയും ചേര്‍ന്ന് അവളെ കാണാന്‍ റെയില്‍വെസ്റേഷനിലെത്തി. ഗീതു അജിത്തിന്റെ സഹോദരിയാണെന്ന് വിജയ് അറിയുന്നത് അപ്പോഴാണ്. അതോടെ അവന്‍ ധര്‍മ്മ സങ്കടത്തിലായി. ആത്മാര്‍ത്ഥ സുഹൃത്തിന്റെ പെങ്ങളെ പ്രണയിക്കുന്നത് ശരിയാണോ എന്ന കാര്യം അവനെ വല്ലാതെ ഉലച്ചു. എന്നാല്‍ കാര്യസ്ഥന്‍ കുട്ടപ്പന്റെ (ജഗതി) ഉപദേശപ്രകാരം വിജയ് ഗീതുവിനെ സ്നേഹിക്കാന്‍ തന്നെ തീരുമാനിച്ചു.

  ഇരുവരുടെയും പ്രേമം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണ് വിജയ് അജിത്തിന്റെ പൂര്‍വകഥ അറിയുന്നത്. ആത്മാര്‍ത്ഥ സുഹൃത്തിനെ വഞ്ചിക്കില്ലെന്ന് ഉറപ്പിച്ച അവന്‍ ഗീതുവില്‍ നിന്ന് പതുക്കെ അകലാന്‍ തുടങ്ങി. ദുഃഖിതയായ ഗീതു വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുന്നു. വിജയ് ആശുപത്രിയിലെത്തുന്നതോടെ ഇവരുടെ പ്രണയം എല്ലാവരും അറിയുകയും അജിത് ആ ബന്ധത്തിന് പച്ചക്കൊടി കാണിക്കുകയും ചെയ്യുന്നു.

  ദിലീപും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ചെങ്കിലും കാര്യമായ ചലനമുണ്ടാക്കാനുള്ള ശേഷി ദോസ്തിനുണ്ടെന്ന് തോന്നുന്നില്ല. പ്രമേയത്തിലും പാത്രസൃഷ്ടിയിലും ഒന്നും ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത ഈ ചിത്രം യുവപ്രേക്ഷകരെ മാത്രമേ ആകര്‍ഷിക്കാനിടയുള്ളൂ. ചിലപ്പോള്‍ ദിലീപിന്റെ സ്ഥിരം പ്രേക്ഷകരെ ചിത്രം നിരാശപ്പെടുത്താനും ഇടയുണ്ട്.

  ആത്മാര്‍ത്ഥ സുഹൃത്തിന്റെ സഹോദരിയെ പ്രണയിക്കുന്നതില്‍ വേദനിക്കുന്ന കൂട്ടുകാരന്‍ അടുത്തകാലത്ത് സിദ്ദിഖിന്റെ ഫ്രണ്ട്സില്‍ വന്നിട്ടുണ്ട്. ഫ്രണ്ട്സ് വിശദമായിപറയാത്ത കാര്യം ് ദോസ്ത് വിവരിക്കുന്നുവെന്നു മാത്രം. പ്രമേയത്തില്‍ അത്രയേ പുതുമയുള്ളൂ. ചിത്രത്തിലെ ഒട്ടേറെ രംഗങ്ങള്‍ ഡാര്‍ലിംഗ് ഡാര്‍ലിംഗ്, നിറം എന്നീ ചിത്രങ്ങളുടെ ആവര്‍ത്തനമാണ്.

  റൊമാന്റിക് നായകന്‍ എന്ന ശാപത്തില്‍ നിന്ന് കുഞ്ചാക്കോ ബോബന് അടുത്തെങ്ങും മുക്തി ലഭിക്കുമെന്ന് തോന്നുന്നില്ല. അനിയത്തിപ്രാവിലെയും നിറത്തിലെയും നായകനേക്കാളേറെയൊന്നും ദോസ്തിലെ വിജയിനു ചെയ്യാനില്ല. പാട്ട് സീനുകളിലെങ്കിലും വെറൈറ്റി പരീക്ഷിക്കാന്‍ ചാക്കോച്ചന്‍ തയ്യാറാകേണ്ടതാണ്. കാവ്യാ മാധവനും ടൈപ്പ് ചെയ്യപ്പെടുകായാണ് എന്ന തോന്നലാണ് ദോസ്തുളവാക്കുന്നത്.

  തുളസീദാസ് ചിത്രങ്ങളിലെ നര്‍മ്മവും ദോസ്തില്‍ അന്യമാണ്. എന്നാല്‍ പ്രണയത്തിന്റെ തീവ്രത അനിയത്തിപ്രാവിനെയോ നിറത്തെയോ പോലെ അവതരിപ്പിക്കാന്‍ നോക്കിയെങ്കിലും സംവിധായകര്‍ തീര്‍ത്തും പരാജയപ്പെടുകയും ചെയ്തു.

  എസ്. രമേശന്‍ നായര്‍ രചിച്ച് വിദ്യാസാഗര്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ കേള്‍ക്കാനിമ്പമുണ്ട്.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X