ഹിറ്റ് ആവര്‍ത്തിക്കാനുള്ള വിഫലശ്രമം
ഹിറ്റ് ആവര്‍ത്തിക്കാനുള്ള വിഫലശ്രമം
ഗംഗ
വന്‍വിജയങ്ങള്‍ സംവിധായകര്‍ക്ക് ബാധ്യത കൂടിയായി തീരാറുണ്ട്. വീണ്ടും ഒരു സൂപ്പര്‍ഹിറ്റുണ്ടാക്കാനാവുമെന്ന തങ്ങളിലുള്ള പ്രതീക്ഷ നിറവേറ്റാനുള്ള തത്രപ്പാടില്‍ വിജയങ്ങള്‍ ആവര്‍ത്തിക്കാന്‍ അവര്‍ക്കു കഴിഞ്ഞുവെന്നു വരില്ല. ഈ പറക്കും തളിക എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഒരു ഇടവേള പിന്നിട്ട് കേരളഹൗസ് വില്പനക്ക് എന്ന ചിത്രമൊരുക്കിയ താഹക്കും സംഭവിച്ചത് അതാണ്.
പറക്കുംതളിക പോലെ ഒരു നോണ്‍ സ്റോപ്പ് കോമഡി ചിത്രം ഒരുക്കാനാണ് താഹ കേരള ഹൗസിലും ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ ആ ശ്രമത്തില്‍ പൂര്‍ണമായി വിജയം കണ്ടുവെന്ന് താഹക്ക് അവകാശപ്പെടാനാവില്ല. മാത്രവുമല്ല ചിത്രത്തിലെ ചിരിരംഗങ്ങള്‍ സിനിമയുടെ കഥാഗതിയില്‍ വേറിട്ടുനില്‍ക്കുന്നതായി പലപ്പോഴും പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുകയും ചെയ്യുന്നു.
സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം ആത്മഹത്യ ചെയ്യേണ്ടിവന്ന മഹേന്ദ്രന്‍ എന്ന കോണ്‍ട്രാക്ടറുടെ മകനായ ദിനേശന്റെ ജീവിത പ്രാരബ്ധങ്ങളുടെ കഥയാണ് നര്‍മത്തിന്റെ മേമ്പൊടിയോടെ താഹ പറയുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കേരള-തമിഴ്നാട് അതിര്‍ത്തിയിലുള്ള തന്റെ വീട് വില്‍ക്കാന്‍ ദിനേശന്‍ ശ്രമിക്കുന്നതും റീസര്‍വെയില്‍ വീട് സ്ഥിതി ചെയ്യുന്നത് കേരളത്തിലും തമിഴ്നാട്ടിലുമായാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടാവുന്ന പ്രശ്നങ്ങളുമാണ് ചിരി രംഗങ്ങള്‍ക്ക് പശ്ചാത്തലമായി സിനിമയുടെ കഥാഗതിയെ മുന്നോട്ടു കൊണ്ടുപോവുന്ന സംഭവങ്ങള്‍.
ഈ പറക്കും തളികയില്‍ ആദ്യന്തം നായകനായ ദിലീപിനോടൊപ്പം പ്രത്യക്ഷപ്പെടുന്നതു പോലെ കേരള ഹൗസിലും നായകനായ ജയസൂര്യയോടൊപ്പം ഹരിശ്രീ അശോകനെ തുടക്കം മുതല്‍ കാണാം. പ്രേക്ഷകനെ ചിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിശ്രീ അശോകനെ നായകനോടൊപ്പം ഏതു നേരവും കാണിക്കുന്നതെങ്കിലും ഈ പറക്കും തളികയിലേതു പോലെ ചിരിയുടെ കോലാഹലമൊന്നും താഹക്ക് ഈ ചിത്രത്തിലുണ്ടാക്കാനായിട്ടില്ല.
ജയസൂര്യ പല രംഗങ്ങളിലും മങ്ങിപ്പോയി. കൊലക്കുറ്റത്തിന് ജയിലില്‍ പോയി അഹിംസാവാദിയായി തിരിച്ചുവരുന്ന വടിവാള്‍ വാസുവിനെ അവതരിപ്പിക്കുന്ന കൊച്ചിന്‍ ഹനീഫയാണ് ചിത്രത്തില്‍ പിന്നെയും പ്രേക്ഷകനെ ചിരിപ്പിക്കുന്നത്. ടെസ്റര്‍ കണ്ണപ്പന്‍ എന്ന വേഷത്തില്‍ സലിംകുമാറും ചിരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്.
കലൂര്‍ ഡെന്നീസാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. ഹാസ്യചിത്രങ്ങള്‍ക്ക് തിരക്കഥ രചിക്കുന്നതില്‍ വലിയ വൈഭവം കാണിച്ചിട്ടില്ലാത്ത ഡെന്നീസിന് അതുകൊണ്ടുതന്നെ പറക്കുഴതളികയുടെ വിജയം ആവര്‍ത്തിക്കാന്‍ സംവിധായകനെ വലിയ തോതില്‍ സഹായിക്കാനുമായില്ല.
പറക്കുംതളികയുടെ വിജയം ഉണ്ടാക്കിയ ബാധ്യത നിറവേറ്റാന്‍ ചിരിരംഗങ്ങള്‍ ഒരുക്കുന്നതില്‍ സംവിധായകന്‍ കാണിച്ചിരിക്കുന്ന അമിതശ്രദ്ധയാണ് ഒരു തരത്തില്‍ മറ്റൊരു മുഴുനീള കോമഡി ചിത്രം എന്ന വിശേഷണം കേരള ഹൗസിന് അസാധ്യമാക്കിയത്.


Click it and Unblock the Notifications