For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കങ്കാരുവിന്റെ വിജയച്ചാട്ടം

  By Staff
  |

  ചോക്ലേറ്റിന്റെ വിജയത്തോടെ നായകനെന്ന നിലയില്‍ തനിക്ക് സിനിമ വിജയിപ്പിക്കാനാവുമെന്ന് തെളിയിച്ച പൃഥ്വിരാജിനെ നാളത്തെ സൂപ്പര്‍താരമായി മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു കഴിഞ്ഞു. ചോക്ലേറ്റിന്റെ വിജയം താരമൂല്യത്തിന് നല്‍കിയ പുതിയ തിളക്കം നിലനിര്‍ത്താന്‍ അടുത്ത ചിത്രവും വിജയിക്കേണ്ടത് പൃഥ്വിരാജിനെ സംബന്ധിച്ചിടത്തോളം ഒരാവശ്യമാണ്.

  സൂപ്പര്‍ഹിറ്റായില്ലെങ്കിലും പൃഥ്വിരാജിന്റെ പുതിയ ചിത്രമായ കങ്കാരുവിന് ശരാശരി വിജയം ഉറപ്പിക്കാമെന്ന് ചിത്രത്തോടുള്ള പ്രേക്ഷകരുടെ പ്രതികരണം വ്യക്തമാക്കുന്നു. ഹീറോയിസവും ഫാമിലി സെന്റിമെന്റ്സും പ്രണയവുമൊക്കെയായി സാധാരണ പ്രേക്ഷകരെ തിയേറ്ററുകളില്‍ നിന്ന് അകറ്റി നിര്‍ത്താത്ത ഒരു മസാലച്ചിത്രം. നായകവേഷം പൃഥ്വിരാജ് ഭംഗിയാക്കുകയും ചെയ്തു.

  ചെസ്സിനു ശേഷം രാജാ ബാബു സംവിധാനം ചെയ്യുന്ന കങ്കാരു ക്രൈസ്തവ മതത്തിലെ ക്നാനായ സഭയില്‍ പെട്ടവരുടെ കഥയാണ് പറയുന്നത്. പ്രശസ്തമായ പാലക്കുന്നില്‍ തറവാട്ടിലെ അംഗമാണ് ജോസൂട്ടി (പൃഥ്വിരാജ്). തറവാട് പഴയ പ്രതാപമൊക്കെ നശിച്ച് ഇന്ന് പരാധീനതയിലാണ്. കോമേഴ്സില്‍ ബിരുദാനന്തര ബിരുദമുള്ള ജോസൂട്ടി വീട് പുലര്‍ത്താന്‍ ഓട്ടോറിക്ഷാ ഡ്രൈവറായി ജോലി ചെയ്യുന്നു. തുടര്ച്ചയായി ഇന്റര്‍വ്യൂകള്‍ക്കൊക്കെ പോകുന്നുണ്ടെങ്കിലും നല്ലൊരു ജോലിക്കായുള്ള അയാളുടെ ശ്രമങ്ങളൊക്കെ പാഴായി.

  ഈയൊരു ഘട്ടത്തിലാണ് പഞ്ചായത്ത് മെമ്പറും കല്യാണ ബ്രോക്കറുമായ പാപ്പിക്കുഞ്ഞ് (ഹരിശ്രീ അശോകന്‍) ജോസ് കുട്ടിക്കായി ഒരു വിവാഹലോചന കൊണ്ടുവന്നത്. ധനികകുടുംബമായ മാളിക്കേലത്ത് തറവാട്ടില്‍ നിന്നാണ് വിവാഹാലോചന. ആ വീട്ടിലെ അവിവാഹിതയായ അമ്മയായ നാന്‍സി (കാവേരി)യെ വിവാഹം ചെയ്താല്‍ വലിയൊരു തുക ജോസൂട്ടിക്ക് സ്ത്രീധനമായി ലഭിക്കും. നാന്‍സിയുടെ അനുജത്തിയായ ജാന്‍സിയെ മുമ്പൊരിക്കല്‍ ജോസൂട്ടി കണ്ടിട്ടുണ്ട്. അവളോടുള്ള പ്രണയവും അവന്റെ മനസില്‍ വളര്‍ന്നു.

  നാന്‍സിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പാപ്പിക്കുഞ്ഞ് ഏര്‍പ്പാടാക്കി. എന്നാല്‍ ചില ആശയക്കുഴപ്പങ്ങള്‍ കാരണം ജാന്‍സിയെ നാന്‍സിയായി ജോസൂട്ടി തെറ്റിദ്ധരിച്ചു. ജാന്‍സിയുമായുള്ള വിവാഹാലോചനയാണെന്ന് തെറ്റിദ്ധരിച്ച് വിവാഹത്തിന് അയാള്‍ സമ്മതിക്കുകയും ചെയ്തു. ഇതിനിടെ വീട്ടിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പാപ്പിക്കുഞ്ഞിന്റെ നിര്‍ബന്ധത്തിന് വഴങ്ങി നാന്‍സിയുടെ കുഞ്ഞ് തന്റേതാണെന്ന് ജോസൂട്ടി പ്രഖ്യാപിച്ചു.

  ഇതിനിടെ നാന്‍സിയുടെ മേല്‍ ഒരു കണ്ണുള്ള മോനച്ചന്‍ (ജയസൂര്യ) പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു. ജോസൂട്ടിയെ എങ്ങനെയും ഒതുക്കാനാണ് അയാളുടെ ശ്രമം. വിവാഹനിശ്ചയ ദിവസം നാന്‍സി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുന്നു. നാന്‍സിയുടെ കുഞ്ഞിന്റെ സംരക്ഷണം തുടര്‍ന്ന് ജോസൂട്ടി ഏറ്റെടുക്കുന്നു. നാ‍ന്‍സിയെ കൊന്നത് മോനച്ചനാണെന്ന് ജോസൂട്ടിയും ജോസൂട്ടിയും സുഹൃത്തുക്കളും കണ്ടെത്തുന്നു. കഥാന്ത്യത്തില്‍ ജോസൂട്ടിയും ജാന്‍സിയും ഒന്നിക്കുന്നു.

  തന്റെ കഥാപാത്രത്തെ ഭംഗിയാക്കാനും നായകനെന്ന നിലയില്‍ സിനിമയിലുടനീളം തന്റെ സാന്നിധ്യം ശക്തമായി നിലനിര്‍ത്താനും പൃഥ്വിരാജിന് കഴിഞ്ഞിട്ടുണ്ട്. വില്ലന്‍ വേഷങ്ങള്‍ ചെയ്യുമ്പോള്‍ ജയസൂര്യ കുറേക്കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X