രൗദ്രത്തിലെ പതിവുകാഴ്ചകള്‍
രൗദ്രം കാണാന്‍ കൊള്ളാത്ത ചിത്രമാണെന്ന് ഇപ്പറഞ്ഞതിന് അര്‍ത്ഥമില്ല. രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ജോഷിയോ ഷാജി കൈലാസോ സംവിധാനം ചെയ്ത ചിത്രങ്ങള്‍ പോലെ ഗംഭീരമായ ഫ്രെയ്മുകളും ഷോട്ടുകളും കൊണ്ട് രൗദ്രം പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നാകുന്നില്ല. കണ്ടിരിക്കാമെന്നൊരു കമന്റില്‍ സംതൃപ്തനാവുന്ന സംവിധായകനാണ് രഞ്ജി പണിക്കരെങ്കില്‍ ടൈറ്റില്‍ കാര്‍ഡില്‍ തിരക്കഥ, സംഭാഷണം എന്നതിനു ശേഷം സംവിധാനം എന്നു കൂടി എഴുതിച്ചേര്‍ത്ത് രഞ്ജി പണിക്കര്‍ക്ക് ഈ ഇരട്ടപ്പണി തുടരാം.
മുന്‍ രഞ്ജി ചിത്രങ്ങള്‍ പോലെ സമകാലീന രാഷ്ട്രീയത്തിലെ വിവാദങ്ങള്‍ രൗദ്രത്തിലും ചുരണ്ടിയെടുത്ത് ഒട്ടിച്ചുവച്ചിട്ടുണ്ട്. മുമ്പത്തേതെന്ന പോലെ ഈ ചിത്രത്തിലെയും കേന്ദ്രകഥാപാത്രം അഴിമതിക്കും അനീതിക്കുമെതിരെ വിട്ടുവീഴ്ചകളില്ലാതെ പോരാടുന്ന വീരനായകനാണ്.
എസിപി നരേന്ദ്രന്‍ (മമ്മൂട്ടി) പൊലീസ് സേനയ്ക്കുള്ളില്‍ അറിയപ്പെടുന്നതു തന്നെ നരി എന്ന പേരിലാണ്. വിട്ടുവീഴ്ച ചെയ്യാതെ പോരടിക്കുന്ന അയാളുടെ സ്വഭാവം തന്നെയാണ് ആ പേരിലൂടെ വെളിപ്പെടുന്നത്. ഡിഐജി ഷഹാബുദ്ദീന്‍ (രാജന്‍ പി.ദേവ്), എസ് പി തോമസ് ആന്റണി (ലാലു അലക്സ്) എന്നിവര്‍ അയാളോട് ഏറെ അടുപ്പം പുലര്‍ത്തുന്നവരാണ്. അതേ സമയം ഐജി ബാലഗോപാലനെ (രാമു) പോലെ പൊലീസ് സേനയ്ക്കുള്ളില്‍ അയാള്‍ക്ക് ശത്രുക്കളുമുണ്ട്.
കഞ്ചാവ്കൃഷി നടത്തുന്ന കമ്പിക്കണ്ടം ജോസിന്റെ (സുബൈര്‍) കൊലപാതകം അന്വേഷിക്കുന്ന ചുമതല നരേന്ദ്രന് ലഭിക്കുന്നു. നരേന്ദ്രന്റെ അന്വേഷണം ചെന്നെത്തിയത് പൊലീസിലെയും രാഷ്ട്രീയത്തിലെയും പല ഉന്നതന്‍മാര്‍ക്കും കഞ്ചാവ് മാഫിയയുമായുള്ള രഹസ്യബന്ധങ്ങളിലാണ്. സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയക്കു നേതൃത്വം കൊടുക്കുന്നവരുമായി ഐജി ബാലഗോപലനും മുഖ്യമന്ത്രിയുടെ മകനും അടുത്ത ബന്ധമാണുള്ളതെന്ന് നരിക്ക് ബോധ്യപ്പെടുന്നു. കടുത്ത സമ്മര്‍ദങ്ങളെ അതിജീവിച്ച് ഈ മാഫിയയ്ക്കെതിരെ നരി വിജയം വരിക്കുന്നതെങ്ങനെയെന്ന് അന്ത്യരംഗങ്ങള്‍ വെളിപ്പെടുത്തുന്നു.


Click it and Unblock the Notifications