For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചിതറിപ്പോയ പ്രമേയം

  By Staff
  |

  ചിതറിപ്പോയ പ്രമേയം

  സംവിധാനം: സി.എസ്. സുധേഷ്
  രംഗത്ത്: മുകേഷ്, ലാല്‍, ഹരിശ്രീ അശോകന്‍, ദിവ്യാ ഉണ്ണി തുടങ്ങിയവര്‍
  സംഗീതം: മോഹന്‍ സിതാര

  മാസങ്ങളോളം പെട്ടിയില്‍ കിടന്ന ശേഷമാണ് സി.എസ്. സുധേഷ് സംവിധാനം ചെയ്ത നക്ഷത്രങ്ങള്‍ പറയാതിരുന്നത് പ്രദര്‍ശനത്തിനെത്തിയത്. കുറച്ചു കാലമായി നായകസ്ഥാനത്തു നിന്നു മാറിനിന്നിരുന്ന മുകേഷിനെ നായകനാക്കിയും തമിഴിലേക്ക് ചേക്കേറിയ ദിവ്യാ ഉണ്ണിയെ നായികയാക്കിയും ആണ് സുധേഷ് നക്ഷത്രങ്ങള്‍ പറയാതിരുന്നത് തയ്യാറാക്കിയത്.

  ബിസിനസ് തുടങ്ങി പൊട്ടിപ്പൊളിഞ്ഞ രണ്ടു യുവാക്കള്‍ ഒരു കമ്പനിയില്‍ കടന്നു കൂടി വലിയൊരു ആപത്തില്‍ നിന്നും ആ കമ്പനിയെ രക്ഷിക്കുന്നതാണ് നക്ഷത്രങ്ങള്‍ പറയാതിരുന്നതിന്റെ ചുരുക്കം. ഇതിനായി സംവിധായകനും തിരക്കഥാകൃത്തും പുതിയ മാധ്യമമായ ഇന്റര്‍നെറ്റിനെ വരെ ഉപയോഗിച്ചിട്ടുണ്ട്.

  തൊഴില്‍ തേടിയലഞ്ഞ് ഗതികിട്ടാതായവരാണ് നന്ദകുമാറും (മുകേഷ്) ശശാങ്കനും (ഹരിശ്രീ അശോകന്‍). വീഡിയോ കട തുടങ്ങിയപ്പോള്‍ അശ്ലീല കാസറ്റിന്റെ പേരില്‍ പൊലീസ് അത് പൂട്ടിച്ചു. പിന്നീട് തുടങ്ങിയത് ഇന്റര്‍നെറ്റ് കഫേയാണ്. ഇ-മെയിലില്‍ ലഭിച്ച ഒരു ചിത്രം ഉപയോഗിച്ച് അഞ്ച് പെണ്‍കുട്ടികളെ ബ്ലാക്ക് മെയില്‍ ചെയ്ത് അല്പം കാശുണ്ടാക്കാന്‍ ശശാങ്കന്‍ പദ്ധതിയൊരുക്കി. ചിത്രത്തിലെ അഞ്ച് പെണ്‍കുട്ടികളില്‍ ഒരാളാണ് ശിവരഞ്ജിനി (ദിവ്യാ ഉണ്ണി). ബാംഗ്ലൂരില്‍ പഠിച്ചുകൊണ്ടിരിക്കെ ഹോസ്റലില്‍ നിന്നെടുത്ത ഫോട്ടോയാണ് ഇന്റര്‍നെറ്റിലൂടെ ശശാങ്കന്റെ കൈയിലെത്തിയിരിക്കുന്നത്. ഒരിക്കല്‍ ഇവരുടെ ഇന്റര്‍നെറ്റ് കഫേയിലെത്തിയ ശിവരഞ്ജിനി ഈ ഫോട്ടോ കണ്ട് ആളുകളെ വിളിച്ചുകൂട്ടുന്നു. അതോടെ ഈ ബിസിനസും തകരുകയായി.

  തുടര്‍ന്നാണ് നന്ദനും ശശാങ്കനും ഒരു വൈദ്യശാല തുടങ്ങിയത്. നന്ദന്റെ അച്ഛന്‍ വാസുദേവ പണിക്കര്‍ (നരേന്ദ്രപ്രസാദ്) പേരെടുത്ത ഒരു വൈദ്യനായിരുന്നു. ആ കൈപ്പുണ്യം കൊണ്ട് നന്ദന്റെ വൈദ്യശാല പെട്ടെന്നുതന്നെ ഉയരങ്ങളിലേക്കുയര്‍ന്നു.

  ഇതില്‍ അസൂയപൂണ്ട ആചാര്യ ഫാര്‍മസ്യൂട്ടിക്കല്‍സ് മാനേജിംഗ് ഡയറക്ടര്‍ രാജശേഖരന്‍ പിള്ള (രാജന്‍ പി. ദേവ്) ആസ്ത്മയുടെ മരുന്ന് കണ്ടു പിടിക്കാന്‍ നന്ദനെ കമ്പനിയില്‍ നിയോഗിക്കുന്നു. സഹോദരീ ഭര്‍ത്താവിനെ കൊന്ന് ആ കുറ്റം നന്ദന്റെ അച്ഛന്‍ വാസുദേവ പണിക്കരുടെ മേല്‍ ചുമത്തിയ ആളാണ് രാജശേഖരന്‍. പക്ഷെ പണിക്കരുടെ മകനാണ് നന്ദനെന്ന വസ്തുത അയാള്‍ക്കറിയില്ലായിരുന്നു.

  ആചാര്യ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഇപ്പോഴത്തെ ഉടമ ഇന്ദിരാമ്മ (ജയഭാരതി) ആണ്. അവരുടെ മകളാണ് ശിവരഞ്ജിനി. നന്ദന്‍ കമ്പനിയിലെത്തിയത് കമ്പനി തകര്‍ക്കാനാണെന്ന് ശിവരഞ്ജിനി വിശ്വസിച്ചു. അവരുടെ പിണക്കങ്ങള്‍ അവസാനം പ്രേമത്തിലെത്തി. പക്ഷെ തന്റെ മകന്‍ ഗൗരീശങ്കറിനെ (ലാല്‍) കൊണ്ട് ശിവരഞ്ജിനിയെ വിവാഹം കഴിപ്പിച്ച് കമ്പനി സ്വന്തമാക്കുക എന്നതായിരുന്നു രാജശേഖരന്‍ പിള്ളയുടെ ആഗ്രഹം. ഇതിനായി അയാള്‍ കമ്പനിയുടെ 50 ശതമാനം ഓഹരികള്‍ തന്റെ മകന്‍ ഗൗരിശങ്കറിനുവേണ്ടി നന്ദന്റെ പേരില്‍ ബിനാമിയായി വാങ്ങിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

  എന്നാല്‍ ഗൗരി തിരിച്ചു വന്നതോടെ നന്ദന്‍ വാസുദേവപ്പണിക്കരുടെ മകനാണെന്ന സത്യം വെളിപ്പെട്ടു. നന്ദന്‍ കമ്പനിയില്‍ നിന്ന് പുറത്തായി. ഗൗരിയും രാജശേഖരനും കൂടി വാസുദേവപ്പണിക്കരെ തേടിപ്പിടിച്ചുകൊണ്ട് വന്ന് ആസ്ത്മക്കുള്ള മരുന്ന് കണ്ടുപിടിക്കാന്‍ ഏര്‍പ്പാടാക്കി. മരുന്ന് കണ്ടുപിടിച്ച ശേഷം അയാളെ വകവരുത്താനായിരുന്നു അച്ഛന്റെയും മകന്റെയും പരിപാടി.

  ഇതിനിടെ ശിവയുടെ അച്ഛനെ കൊന്നത് രാജശേഖരനാണെന്ന് നന്ദന്‍ ഇന്ദിരയെ പറഞ്ഞ് മനസ്സിലാക്കിയിരുന്നു. പണിക്കര്‍ മരുന്ന് കണ്ടുപിടിച്ചതോടെ രാജശേഖരന്‍ അയാളെ കൊല്ലാനൊരുങ്ങുന്നെങ്കിലും നന്ദനും മനം മാറിയ ഗൗരിയും ചേര്‍ന്ന് രക്ഷിക്കുന്നു. പക്ഷെ അവിടെയെത്തിയ ഇന്ദിര രാജശേഖരനെ തീകൊളുത്തി കൊല്ലുന്നു.

  ആദ്യാവസാനം തലയും വാലുമില്ലാത്തൊരു കഥയാണ് നക്ഷത്രങ്ങള്‍ പറയാതിരുന്നതില്‍. നല്ലൊരു വില്ലന്റെ ഭാവം പൂണ്ട ഗൗരിയെ പിന്നീട് എന്തിനാണ് നല്ലവനാക്കിയതെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല. കാരണം കാണിക്കാതെയുള്ള ആ മാറ്റം സിനിമയുടെ ഒഴുക്കിനെ തന്നെ ബാധിച്ചു.

  ശത്രുഘ്നന്റെ തിരക്കഥ തീരെ ബലമുള്ളതല്ല. രണ്ടര മണിക്കൂര്‍ സമയം കൊണ്ട് എന്തൊക്കെയോ പറഞ്ഞു ഫലിപ്പിച്ചു. ഒട്ടേറെ കാര്യങ്ങള്‍. പക്ഷേ ഒന്നും തമ്മില്‍ ബന്ധമില്ല. എല്ലാം അവിടെയും ഇവിടെയും കിടക്കുന്നു - മെഗാ സീരിയല്‍ പോലെ.

  മുകേഷിന്റേതും ദിവ്യാഉണ്ണിയുടേതും ശരാശരിയില്‍ കുറഞ്ഞ അഭിനയം മാത്രമാണ്. ഹരിശ്രീ അശോകന്റെ തമാശകള്‍ പ്രേക്ഷകര്‍ക്ക് ബോറടിയില്‍ നിന്നുള്ള താല്‍ക്കാലികാശ്വാസമാകും. ഇന്നസെന്റിന്റെ കമ്മത്തും കൊള്ളാം. ലാല്‍ ഇതേവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ തീരെ ഉള്‍ക്കാമ്പില്ലാത്തതാണ് ഇതിലെ ഗൗരീശങ്കര്‍. ജയഭാരതിയുടെ തിരിച്ചുവരവായിരുന്നെങ്കിലും പലപ്പോഴും കൃത്രിമത്വം നിറഞ്ഞ അഭിനയമാണ് അവര്‍ നടത്തിയത്.

  കൈതപ്രം രചിച്ച് മോഹന്‍ സിതാര ഈണം നല്‍കിയ ഗാനങ്ങള്‍ കൊള്ളാം. കുക്കു കുക്കു എന്ന ് തുടങ്ങുന്ന ഗാനം ഇമ്പമേറിയ ഗാനമാണ്. ഇതിനെ മനോഹര ദൃശ്യങ്ങളിലേക്ക് പകര്‍ത്തുന്നതില്‍ വേണുഗോപാലിന്റെ ക്യാമറയും വിജയിച്ചു.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X