For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആധുനിക ദമയന്തീ സ്വയംവരം..!

  By Staff
  |

  ആധുനിക ദമയന്തീ സ്വയംവരം..!

  സംവിധാനം: കെ. മോഹനകൃഷ്ണന്‍

  രംഗത്ത്: ബോബന്‍ ആലുംമൂടന്‍, നിഷാന്ത് സാഗര്‍, പ്രവീണ തുടങ്ങിയവര്‍

  സംഗീതം: മോഹന്‍ സിതാര

  ആധുനിക ജീവിതത്തില്‍ ഒരു ദമയന്തീ സ്വയംവരം നടന്നാല്‍ എങ്ങനെയിരിക്കും..? പുരാണകഥകളിലും കവിതകളിലും മാത്രം കേട്ടിട്ടുള്ള നള-ദമയന്തീവിവാഹത്തെ ആധുനിക ജീവിതത്തിന്റെ ചട്ടക്കൂട്ടില്‍ ഉള്‍ക്കൊള്ളിക്കുവാനാകുമോ..?

  നവാഗത സംവിധായകന്‍ കെ. മോഹനകൃഷ്ണന്‍ സംവിധാനം ചെയ്ത നളചരിതം നാലാംദിവസം ഇത്തരത്തിലൊരു അന്വേഷണമാണ്. പുരാണകഥയില്‍ ദമയന്തീസ്വയംവരത്തിന് നളന്‍ എത്തുന്നതു മുതലുള്ള ഒരു സാഹചര്യം ഇവിടെയും ഒരുക്കിയിട്ടുണ്ട്. നായകന്മാര്‍ക്കും വില്ലന്മാര്‍ക്കും അച്ഛനമ്മമാര്‍ക്കും മറ്റും കാലത്തിനനുസരിച്ച് മാറ്റമുണ്ടെന്നു മാത്രം.

  മുംബൈയില്‍ ജോലി ചെയ്യുന്ന നളിനന്‍ (ബോബന്‍ ആലുംമൂടന്‍) തന്റെ വിവാഹത്തിനായി നാട്ടിലേക്ക് തിരിച്ചു. അയക്കാരിയായ കാമുകി ഇന്ദു (പ്രവീണ) ആണ് വധു. ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടക്കാന്‍ പോകുന്നത്.

  നളിനന്റെ വരവും കാത്തിരിക്കുന്ന വീട്ടിലേക്ക് പക്ഷെ മറ്റൊരു വാര്‍ത്തയാണ് എത്തിയത്. വീട്ടിലേക്ക് വരുന്ന വഴിയില്‍ നളിനനെ ചിലര്‍ തട്ടിക്കൊണ്ടുപോയെന്നും അവന്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നുമാണ് വീട്ടില്‍ കിട്ടിയ വിവരം. നളിനന്റെ രണ്ടു കൂട്ടുകാര്‍ തന്നെയാണ് ഈ വിവരം വീട്ടിലറിയിച്ചത്. വീട്ടിലേക്കുള്ള യാത്രക്കിടയില്‍ നളിനന്‍ ചില പ്രശ്നങ്ങളില്‍ അകപ്പെടുകയും തുടര്‍ന്ന് അവനെ തട്ടിക്കൊണ്ടു പോയെന്നുമാണ് കൂട്ടുകാര്‍ പറഞ്ഞത്.

  ഇപ്പോള്‍ നളിനന്‍ മൈന (കലാഭവന്‍ മണി) എന്ന ഹിജഡയുടെ കസ്റഡിയിലാണ് എന്നുള്ള കാര്യം വീട്ടുകാര്‍ അറിയുന്നില്ല. അവിടെനിന്നും രക്ഷ്പെടാന്‍ അവന്‍ പലപ്പോഴും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അതേസമയം തന്നെ നളിനന്‍ ഒരു അപകടത്തില്‍ പെട്ട് മരിച്ചുവെന്ന വിവരം വീട്ടില്‍ കിട്ടി. വീട്ടുകാരുടെ ആശങ്ക കൂട്ടാന്‍ ഒരു ജ്യോത്സ്യന്റെ പ്രവചനം കൂടി വന്നു. ഇന്ദു രണ്ടു മാസത്തിനകം വിവാഹം കഴിച്ചില്ലെങ്കില്‍ പിന്നീടൊരിക്കലും വിവാഹം നടക്കില്ലെന്ന്..!

  ഇന്ദുവിനെ രണ്ടാഴ്ചക്കുള്ളില്‍ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ചുകൊടുക്കാന്‍ നളിനന്റെ അച്ഛന്‍ രാമന്‍കുട്ടി (ഒടുവില്‍ ഉണ്ണികൃഷ്ണന്‍) അവളുടെ വീട്ടുകാരോട് അഭ്യര്‍ത്ഥിക്കുന്നു. തുടര്‍ന്ന് നളിനന്റെ കൂട്ടുകാരന്‍ നന്ദുവുമായി (നിഷാന്ത് സാഗര്‍) അവളുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു.

  പുരാണ കഥയിലെ ദമയന്തിയുടെ അവസ്ഥയിലായി ഇന്ദു. ആദ്യമൊക്കെ എതിര്‍ത്തെങ്കിലും വീട്ടുകാര്‍ അനുഭവിക്കുന്ന വേദന കണ്ട് മനസ്സലിഞ്ഞ ഇന്ദു അവസാനം വിവാഹത്തിന് സമ്മതം മൂളി. എന്നാല്‍ അവള്‍ക്കൊരു വ്യവസ്ഥയുണ്ടായിരുന്നു - തന്റെ വിവാഹം നാടടക്കം വീളിച്ചു വേണം നടത്താന്‍. എല്ലാവരും വിവാഹത്തെക്കുറിച്ചറിയുമ്പോള്‍ വിവാഹം നടക്കാന്‍ പോകുന്ന നിമിഷത്തില്‍ നളന്‍ വന്ന് ദമയന്തിയെ രക്ഷിച്ച പോലെ തന്നെ നളിനനും രക്ഷിക്കുമെന്ന് അവള്‍ കരുതി.

  നളിനന്‍ വരുമോ വരാതിരിക്കുമോ എന്ന കാര്യം ചിത്രത്തിന്റെ ക്ലൈമാക്സ്. ചെറിയൊരു സസ്പെന്‍സുള്ള ചിത്രത്തിന്റെ രസച്ചരട് പൊട്ടിക്കരുതല്ലോ...

  പുരാണകഥയെ ആധുനിക ജീവിതത്തില്‍ ആവേശിപ്പിച്ച നളചരിതം നാലാംദിവസം സെന്റിമെന്റ്സ്, സംഘട്ടനം, പാട്ടുകള്‍, ഹാസ്യം എന്നിവകൊണ്ടെല്ലാം സമൃദ്ധമാണ്. എങ്കിലും തിരക്കഥയിലെ പാളിച്ചകള്‍ പലപ്പോഴും കല്ലുകടിയാകുന്നു.

  നിറം ഫെയിം ബോബന്‍ ആലുംമൂടന്റെ നളിനന്‍ ഒരു ശരാശരി കഥാപാത്രം മാത്രമാണ്. വിവാഹത്തിനു ശേഷം അഭിനയത്തോടു വിടപറഞ്ഞ പ്രവീണ ഇന്ദുവിനെ ഭംഗിയാക്കി. എന്നാല്‍ കലാഭവന്‍ മണിയുടെ ഹിജഡ അധികപ്പറ്റായിത്തോന്നി. കഴിവുള്ള ഒരു നടനെക്കൊണ്ട് ഇങ്ങനെ അനാവശ്യ റോളുകള്‍ ചെയ്യിക്കേണ്ടതുണ്ടോ എന്ന് സംവിധായകര്‍ തീരുമാനിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നന്ദുവായെത്തിയ നിഷാന്ത് സാഗര്‍ തന്റെ വേഷം ഭംഗിയാക്കി. ജഗതി ശ്രീകുമാറിന്റെയും ഒടുവില്‍ ഉണ്ണിക്കൃഷ്ണന്റെയും തമാശകള്‍ ചിത്രത്തിന് ജീവനേകാന്‍ ഏറെ സഹായിച്ചിട്ടുണ്ട്.

  കെ.പി. നമ്പ്യാതിരിയുടെ ക്യാമറയും മോഹന്‍സിതാര-യൂസഫലി കേച്ചേരി ടീമിന്റെ ഗാനങ്ങളും ചിത്രത്തിന് മിഴിവേകുന്ന ഘടകമാണ്.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X