ആദ്യന്തം വിരസം ഈ ലങ്കന്‍ കാഴ്ചകള്‍

By Staff

ആദ്യന്തം വിരസം ഈ ലങ്കന്‍ കാഴ്ചകള്‍
സുധീഷ്

മലയാളത്തില്‍ ആദ്യമായി ഒരു ഇറോട്ടിക് ത്രില്ലര്‍ തുടങ്ങിയ വിശേഷണങ്ങളോടെയാണ് എ.കെ.സാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ലങ്ക തിയേറ്ററുകളിലെത്തിയത്. സുരേഷ് ഗോപിയും മംമ്ത മോഹന്‍ദാസും ചേര്‍ന്നുള്ള റൊമാന്റിംഗ് സീനുകള്‍ ഉള്‍പ്പെട്ട പോസ്ററുകളുമായെത്തിയ ഈ ചിത്രം ഹിന്ദി സിനിമയിലെ രതിചിത്ര തരംഗം മലയാളത്തിലേക്കും കൊണ്ടുവരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായി.

ഒരു കാര്യം ശരിയാണ്. ഹിന്ദിയിലെ രതിസിനിമകള്‍ പോലെ ഈ ചിത്രത്തിലും കാമ്പും കഴമ്പുമുള്ള കഥയോ അവതരണരീതിയോ ഇല്ല. ഇറോട്ടിക് ത്രില്ലര്‍ എന്നൊക്കെ വെറുതെ പറയാമെന്നു മാത്രം. പ്രത്യേകിച്ചെന്തെങ്കിലും എടുത്തു പറയാവുന്നതായി ഒന്നുമില്ലാത്ത ഒരു അതിവിരസമായ സുരേഷ് ഗോപി ചിത്രമാണിത്.

മംമ്താ മോഹന്‍ദാസിന്റെ ചൂടന്‍ പോസ്ററുകളില്‍ ആകൃഷ്ടരായാണ് പ്രേക്ഷകര്‍ തിയേറ്ററുകളിലെത്തുന്നതെങ്കില്‍ അവരെയും ലങ്ക നിരാശപ്പെടുത്തും. ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ പേരില്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ടെങ്കിലും വിചിത്രമായ മേക്കപ്പുമായെത്തി പ്രേക്ഷകരെ പേടിപ്പെടുത്താനാണ് മംമ്ത നോക്കുന്നത്.

ശ്രീലങ്കയില്‍ എല്‍ടിടിഇ തീവ്രവാദികളെ തുരത്താനായി ഇന്ത്യാ സര്‍ക്കാര്‍ നിയോഗിച്ച സമാധാന സേനയിലെ കമാന്ററായിരുന്നു ശ്രാവണ്‍ (സുരേഷ്ഗോപി). ഒട്ടേറെ തമിഴ് പുലികളെ ഇയാള്‍ വധിച്ചിട്ടുണ്ട്. നേവി വിട്ട് ബിസിനസ് ജീവിതത്തിലേക്ക് നീങ്ങിയ ശ്രാവണ്‍ ഇപ്പോള്‍ ലങ്കയില്‍ സ്ഥിരതാമസക്കാരനാണ്.

എന്നാല്‍ എല്‍ടിടിഇക്കാര്‍ക്ക് ഇപ്പോഴും ശ്രാവണിനോട് അടങ്ങാത്ത പകയുണ്ട്. സ്ത്രീകള്‍ ശ്രാവണിന്റെ ദൗര്‍ബല്യമാണ്. സ്ത്രീകളെ ഉപയോഗിച്ച് വലിച്ചെറിയുന്നതില്‍ രസം കാണുന്നയാളാണ് ശ്രാവണ്‍. ശ്രാവണിനോടുള്ള പ്രതികാരം നിര്‍വഹിക്കുന്നതിനായി പുലികള്‍ ഉപയോഗിക്കുന്നതും ഒരു പെണ്ണിനെയാണ്.

ലങ്കാലക്ഷ്മി (മംമ്ത) എന്ന ഇവളെ ശ്രാവണ്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. എന്നാല്‍ പിന്നീട് അവളെ വിവാഹം ചെയ്യാന്‍ അയാള്‍ തയ്യാറായി. പുലികളുടെ പ്രതികാരനിര്‍വഹണത്തിനിടയില്‍ വെടിയേറ്റ ശ്രാവണ്‍ ശയ്യാവലംബനായി. അയാളെ പരിചരിക്കുന്നത് ലങ്കയും. ഇതിനിടയില്‍ അയാളുടെ പണമെല്ലാം തട്ടിയെടുത്ത് അവള്‍ ലണ്ടനിലേക്ക് പോകുന്നു.

എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ എ.കെ.സാജന് ഒരു നിശ്ചയവുമില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ലങ്കയുടെ അവതരണം. കഥാപാത്രങ്ങള്‍ വരുന്നു, പോകുന്നു. ഇതിനിടിയില്‍ വിചിത്ര വേഷങ്ങളുമായി സുരേഷ് ഗോപിയും മംമ്തയും. കഥക്ക് യുക്തിപരമായ തുടര്‍ച്ചയോ രസകരമായ ട്വിസ്റുകളോ ഇല്ല.

സുരേഷ് ഗോപി ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് ഒരു സൂപ്പര്‍ നായകന്റെ വീരപരാക്രമങ്ങളാണ്. സ്ത്രീകള്‍ക്കു നേരെ വീരപരാക്രമങ്ങള്‍ നടത്തുന്ന ശ്രാവണ്‍ എന്ന കഥാപാത്രം ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ ചലനമറ്റ് കിടക്കുന്ന അവസ്ഥയിലാണ്! പ്രേക്ഷകരെ രസിപ്പിക്കാന്‍ പ്രത്യേകിച്ചൊന്നുമില്ലാത്ത കഥയും അവതരണവുമായി മുന്നോട്ടുപോകുന്ന ചിത്രത്തില്‍ സുരേഷ് ഗോപി എന്ന ആക്ഷന്‍ ഹീറോയെ ഇങ്ങനെ അവതരിപ്പിക്കാന്‍ സംവിധായകന് അസാമാന്യമായ ധൈര്യം തന്നെ വേണം. സാധാരണ സുരേഷ് ഗോപി സിനിമയില്‍ കാണുന്നതു പോലുള്ള ചടുലമായ ഡയലോഗുകളോ പിരിമുറുക്കമുള്ള രംഗങ്ങളോ ഇല്ലാത്ത ഈ ചിത്രത്തിലെ നായകവേഷം ഈ നടന്‍ എന്തിന് സ്വീകരിച്ചുവെന്ന സംശയം സ്വാഭാവികം.

ബോക്സോഫീസില്‍ പ്രത്യേകിച്ചൊരു ചലനവും ഉണ്ടാക്കാന്‍ സാധിക്കാത്ത ചിത്രമായിരിക്കും ഇതെന്ന് വ്യക്തം. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ലങ്ക പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ ഒഴിഞ്ഞുതുടങ്ങി.

ഓസ്കാര്‍ അവാര്‍ഡിന്റെ തലേന്ന് ഏറ്റവും വിരസവും അസഹ്യവുമായ സിനിമകള്‍ക്കും മോശപ്പെട്ട അഭിനയം കാഴ്ചവയ്ക്കുന്ന നടീനടന്‍മാര്‍ക്കും അവാര്‍ഡുകള്‍ നല്‍കാറുണ്ട്. മലയാളത്തില്‍ അത്തരമൊരു അവാര്‍ഡ് ഏര്‍പ്പെടുത്തിയാല്‍ ലങ്ക എന്ന ചിത്രവും സംവിധായകനും നായികാനായകന്‍മാരും തീര്‍ച്ചയായും അതിന് അര്‍ഹരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X