For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ട്രാക്കു തെറ്റിയ സ്പീഡ് ട്രാക്ക്

  By Staff
  |

  ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ജയസൂര്യയുടെ ദിലീപ് ചിത്രമായ ദി സ്പീഡ് ട്രാക്ക് തീയറ്ററുകളിലെത്തിയത്. സംവിധായകന്‍ ജയസൂര്യയാണെങ്കില്‍ യശശരീരനായ എസ് എല്‍ പുരം സദാനന്ദന്റെ മകന്‍. അദ്ദേഹമാണെങ്കിലോ മലയാളിയുടെ നാടക സിനിമാ ബോധത്തില്‍ ജീവിതത്തിന്റെ നിഴല്‍ച്ചിത്രങ്ങള്‍ വരച്ചിട്ട പ്രതിഭാധനനും. അങ്ങനെയൊരാളുടെ മകന്റെ ആദ്യ സിനിമാ സംരംഭത്തെക്കുറിച്ച് പണം മുടക്കി പടം കാണുന്നവന് ചില പ്രതീക്ഷകളൊക്കെ ഉണ്ടായാല്‍ കുറ്റം പറയാമോ?

  ആക്ഷനും സെന്റിമെന്റ്സും പ്രണയവും പാട്ടും വാശിയും വൈരാഗ്യവും തമാശയും എന്നു വേണ്ട മലയാള സിനിമയിലിന്നോളം എടുത്തു വീശിയ എല്ലാ ഫോര്‍മുലകളുടെയും അവിയലാണ് സ്പീഡ് ട്രാക്കിന്റെ പ്രമേയം.

  ബിസിഎം സ്പോര്‍ട്ട്സ് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായി എത്തുന്ന അര്‍ജുനിലൂടെയാണ് കഥ തുടങ്ങുന്നത്. കാമ്പസിലെ ഹീറോയും 400 മീറ്റര്‍ ഓട്ടത്തിലെ ചാമ്പ്യനുമായ രാഹുലിന്റെ (മധുവാര്യര്‍) സഹോദരി ഗൗരി (ഗജാല)യും കാമ്പസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

  നായിക സ്വാഭാവികമായും അഹങ്കാരിയും തന്നിഷ്ടക്കാരിയും സര്‍വോപരി അല്‍പവസ്ത്രധാരിണിയും ആയിരിക്കണമെന്ന പതിവ് ഇവിടെയും ആവര്‍ത്തിച്ചിട്ടുണ്ട്. (കുട്ടി ഫ്രാക്കുമിട്ട് ചാടാന്‍ വിസമ്മതിച്ചതിനാലാവണം, സ്ഥിരം നായികയായ കാവ്യയോ ഭാവനയോ ഈ ചിത്രത്തില്‍ എത്താത്തത്). ഏതെങ്കിലും പയ്യന്‍ നായികയുടെ കൂട്ടുകാരിയെ പ്രണയിക്കാന്‍ മുതിര്‍ന്നാല്‍ സംഗതി വശപ്പെശകാവും. ബാസ്കറ്റില്‍ അഞ്ചു തവണ തുടര്‍ച്ചയായി പന്തെത്തിച്ചാലേ പയ്യന് പെണ്‍കൊച്ചിനെ പ്രേമിക്കാനാവു. പരാജയപ്പെട്ടാല്‍ മീശവടിക്കണമെന്നാണ് ഗൗരി വച്ചിരിക്കുന്ന നിബന്ധന.

  ആര്‍ക്കും ആരെയും പ്രേമിക്കാനാവാത്ത സമ്പൂര്‍ണ അരാജകത്വം കാമ്പസില്‍ നടമാടുന്നു. അങ്ങനെയിരിക്കുന്ന അവസരത്തിലാണ് കൂട്ടുകാരനെ രക്ഷിക്കാനായി അര്‍ജുന്‍ അഞ്ചു തവണ പന്ത് കൃത്യമായി ബാസ്കറ്റില്‍ എത്തിക്കുന്നു. ജയിച്ചാല്‍ കിട്ടുന്ന നായികയുടെ പരസ്യചുംബനം നായകന്‍ വേണ്ടെന്നു വയ്ക്കുന്നു.

  (മഞ്ജു വാര്യരുടെ സഹോദരന്‍ മധുവാര്യരുണ്ട് ഈ ചിത്രത്തില്‍. പുളളി കണ്ടു നില്‍ക്കെ ഒരു ചുംബനത്തിന് കെല്‍പ്പില്ലാത്തതാണോ കാരണം. ചുംബനം നിരസിച്ചവന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യുന്നില്ല). ഏതായാലും അനുരാഗം മുളയ്ക്കുന്നുണ്ട്. അത്രയും ഭാഗ്യം.

  അവിചാരിതമായി നായകന്റെ വീട്ടിലെത്തുന്ന നായിക ഞെട്ടുന്ന കാഴ്ച കാണുന്നു. നായകന്റെ അനിയന്‍ വീല്‍ ചെയറില്‍. കഥ ഫ്ലാഷ് ബാക്കില്‍ വിവരിക്കപ്പെടുമ്പോള്‍ കാര്യം വ്യക്തമാകുന്നു.

  അച്ഛന്റെ മരണ ശേഷം തന്റെ കഴിവുകള്‍ തൂമ്പായിലൂടെ പാടത്തു പ്രകടിപ്പിച്ച് കായിക പ്രതിഭയായ അനിയനു വേണ്ടി വഴി മാറിക്കൊടുത്ത ത്യാഗിവര്യനാണ് അര്‍ജുന്‍. കുടുംബഭാരം ഏറ്റെടുത്ത് അനിയനെ ഒരു നിലയിലെത്തിക്കുകയാണ് ദൃഢചിത്തനായ ചേട്ടന്റെ ജീവിത ലക്ഷ്യം. ചേട്ടന്റെ തലയില്‍ പേന്‍ നോക്കുന്ന അനിയനും അനിയനെ കുളിപ്പിച്ച് തലതോര്‍ത്തുന്ന ചേട്ടനും ഉള്‍പ്പെടുന്ന കൊതിപ്പിക്കുന്ന സ്നേഹദൃശ്യങ്ങള്‍ കൊണ്ടു കൊരുത്തെടുത്ത പാട്ടും പാടി എന്ന യേശുദാസ് ഗാനം ഇവിടെ കേള്‍ക്കാം.

  സംഗതി കീഴ്മേല്‍ മറിയുന്നത് പെട്ടെന്നാണ്. സംസ്ഥാന ബാസ്കറ്റ് ബാള്‍ ടീമില്‍ പ്രവേശനം ലഭിക്കുന്ന അനിയനെയും കയറ്റി അര്‍ജുന്‍ സൈക്കിളോടിക്കുമ്പോള്‍ പാഞ്ഞു വന്ന പാണ്ടി ലോറിയിടിക്കുന്നു. അനിയന്റെ കാലൊടിയുന്നു. കായികമോഹം പൊലിയുന്നു.

  അനിയന്റെ കാലും ഭാവിയും നേരെയാക്കാനുളള വഴി സ്വാഭാവികമായും അമേരിക്കയിലാണ് ഉളളത്. അവിടെയെത്തിച്ച് ചികിത്സിക്കണമെങ്കില്‍ പത്തുലക്ഷം രൂപ വേണം. പ്ലേവിന്‍, സൂപ്പര്‍ ലോട്ടോ എന്നിവ നിരോധിക്കുകയും സര്‍ക്കാരിന്റെ സ്പോര്‍ട്ട്സ് ലോട്ടറി ചീറ്റിപ്പോവുകയും ചെയ്ത സാഹചര്യത്തില്‍ അര്‍ജുന്റെ മുന്നില്‍ വഴി ഒന്നു മാത്രം.

  ബിസിഎം കോളജില്‍ സ്പോര്‍ട്ട് വിദ്യാര്‍ത്ഥിയായി ചേരുക. നാലിനങ്ങളില്‍ ഒന്നാം സ്ഥാനം നേടി കായിക പ്രതിഭയാവുക. ചാമ്പ്യന് സ്പോണ്‍സര്‍ ചെയ്യപ്പെട്ട പത്തു ലക്ഷം രൂപ കരസ്ഥമാക്കുക. അനിയനെ അമേരിക്കയിലെത്തിച്ച് ചികിത്സിക്കുക. വീണ്ടും തൂമ്പയെടുത്ത് കിളയ്ക്കുക.

  അര്‍ജുന്റെ ലക്ഷ്യവും മറ്റും മനസിലാക്കിയാല്‍ പിന്നെ ഗൗരിയ്ക്ക് പ്രണയിക്കാതിരിക്കാനാവില്ല. ഗൗരി പ്രണയം തുടങ്ങുന്നു. ത ന്റെ അവസ്ഥയും സാഹചര്യവും ഒരു കുഞ്ഞിനോടും പറയരുതെന്ന് വിലക്കുന്നതിനാല്‍ ഗൗരിയ്ക്ക് നായകനെക്കുറിച്ച് ഒന്നും മിണ്ടാനും പറ്റുന്നില്ല.

  കോളജിലെ ഹൈജംപ് ചാമ്പ്യനായ നളിന്‍ ആക്ഷന്‍ അഥവാ നളിനാക്ഷന്‍ മസിലു പെരുപ്പിച്ച് അഭിനയിക്കുന്ന റിയാസ് ഖാനാണ്. നളിനന് ഗൗരിയോട് നിശബ്ദ പ്രേമമാണ്. എന്നാല്‍ സുഹൃത്തും ഗൗരിയുടെ ചേട്ടനുമായ രാഹുലിനെപ്പേടിച്ച് വെളിയില്‍ മിണ്ടുന്നില്ല. പ്രതിഭയല്ലാത്തതിനാലും സിനിമയിലെ വില്ലനായതിനാലും സ്വന്തം കഴിവുകള്‍ പുറത്തെടുത്ത് നായികയുടെ അനുഭാവം സമ്പാദിക്കാനുളള അവസരം സംവിധായകന്‍ നല്‍കിയിട്ടില്ല.

  അര്‍ജുനും ഗൗരിയും തമ്മില്‍ പ്രണയമാണെന്ന് തിരിച്ചറിയുന്ന നളിന്‍ തന്റെ ആക്ഷനുകള്‍ തുടങ്ങുന്നു. ഗൗരിയുടെ ചേട്ടനെയും അര്‍ജുനെയും തമ്മില്‍ തെറ്റിക്കുകയെന്നതാണ് സംവിധായകനും തിരക്കഥാകൃത്തും കൂടി നളിനെ ഏല്‍പ്പിച്ചിരിക്കുന്ന ആക്ഷന്‍. അതിനുളള ആദ്യത്തെ മരുന്ന് ലോകസിനിമയിലെ തന്നെ അത്ഭുതമായ ഒരു തിരക്കഥാ സന്ദര്‍ഭമാണ്.

  ഒരു ഷൂ പുരാണമാണ് പിന്നീട്. ഗൗരി അര്‍ജുന് സമ്മാനിക്കാന്‍ ഒരു ജോഡി ഷൂ വാങ്ങുന്നു. ഇത് വില്ലന്‍ ഒളിച്ചു നിന്ന് കാണുന്നു. ഗൗരി ഷൂ വാങ്ങിയത് രാഹുലിനാണെന്ന് നളിന്‍ ടിയാനെ തെറ്റിദ്ധരിപ്പിക്കുന്നു. ഷൂ ചോദിച്ചു ചെന്ന ചേട്ടനോട് ഇല്ലെന്ന് അനിയത്തി പറയുന്നു. പിറ്റേന്ന് ഗൗരി അര്‍ജുന് ഷൂ നല്‍കിയ കാര്യം നളിന്‍ വീണ്ടും രാഹുലിനെ അറിയിക്കുന്നു. ചേട്ടനെക്കാള്‍ കാര്യം അവള്‍ക്ക് അര്‍ജുനോടാണെന്ന പരദൂഷണത്തില്‍ രാഹുല്‍ ഗൗരിയെ വെറുക്കുന്നു.

  ഒരു ജോഡി ഷൂവിന്റെ കാരണം പറഞ്ഞ് കാമ്പസില്‍ അനിയത്തിയും ചേട്ടനും തമ്മില്‍ തെറ്റുന്നു. പിന്നെ കഥയുടെ പോക്ക് പെട്ടെന്നാണ്. സംസ്ഥാന കായിക മീറ്റില്‍ ബിസിഎം കോളജിന്റെ പ്രകടനം. എതിരാളികളുമായി കട്ടയ്ക്കു കട്ടയ്ക്ക് മത്സരം. ഗൗരിയുടെ ചേട്ടനു വേണ്ടി അര്‍ജുന്‍ തോറ്റു കൊടുക്കുന്നു. എന്നിട്ടും ഒരിനം ബാക്കിയിരിക്കെ ചാമ്പ്യന്‍ പട്ടം അര്‍ജുന്റെ കൈയെത്തും ദൂരത്താവുന്നു.

  റിലേ മത്സരങ്ങള്‍ തുടങ്ങും മുമ്പ് നളിനാക്ഷന്റെ ഗുണ്ടകള്‍ അര്‍ജുനെ ആക്രമിക്കുന്നു. വെട്ടേറ്റ കാലും വച്ചു കെട്ടി നളിനാക്ഷന്റെ പാരയെ ട്രാക്കിലും അതിജീവിച്ച് അതിവേഗം ഓടി ചാമ്പ്യനാവുന്നു. 10 ലക്ഷം രൂപയും ട്രോഫിയും നേടുന്നു അനിയനെ അമേരിക്കയിലെത്തിച്ച് ചികിത്സിച്ച് ബാസ്കറ്റ് ബാള്‍ ചാമ്പ്യനും ആക്കുമ്പോള്‍ സിനിമ തീരുന്നതായി അറിയിപ്പു ലഭിക്കും.

  ജോമോന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ജാക്ക്പോട്ട് എന്ന ചിത്രത്തിലെ ക്ലൈമാക്സ് ഒരു കുതിരപ്പന്തയമാണ്. ഈ ചിത്രത്തിന്റെ ക്ലൈമാക്സിനെ അനുസ്മരിപ്പിക്കുന്നു സ്പീഡ് ട്രാക്കിന്റെ അന്ത്യവും.

  വ്യത്യസ്തതയ്ക്കു വേണ്ടിയുളള പരക്കം പാച്ചില്‍ നടത്തുന്നുവെന്ന് വീമ്പിളക്കുമ്പോഴും വീഞ്ഞും കുപ്പിയുമെല്ലാം പഴയതു തന്നെ. ചിരി വരുത്താനായി ജഗതിയെക്കൊണ്ടു പോലും കാണിക്കുന്ന കോപ്രായങ്ങള്‍ക്കൊടുവിലും ചിരി ചുണ്ടിലെത്താതെ വിദൂരതയിലെവിടെയോ നില്‍ക്കുന്നു.

  ദീപക് ദേവാണ് സംഗീതം. ഗാനരചന വയലാര്‍ ശരത്. യേശുദാസ് പാടുന്ന പാട്ടും പാടി എന്ന ഗാനം മാത്രം കേള്‍ക്കാന്‍ കൊളളാം. ഉദിത് നാരായണന്‍ പാടാത്ത ദിലീപ് ചിത്രം ഇല്ലല്ലോ. ഇതിലും ഉണ്ട് ഒരു ഗാനം. ദോഷം പറയരുതല്ലോ, പാട്ടു കേട്ട് വാക്കും വരിയും മനസിലായി എന്നൊരു ദോഷം ഈ ചിത്രത്തിലും ആരും പറയില്ല.

  ചുരുക്കത്തില്‍, അമ്മായിയും കുടിച്ചു പഴങ്കഞ്ഞി എന്നു പറഞ്ഞതു പോലെ, ജയസൂര്യയും ഒരു പടം സംവിധാനിച്ചു.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X