twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിരസം, അതിവിരസം

    By Staff
    |

    വിരസം, അതിവിരസം
    സന്ദീപ് മോഹന്‍

    ഈയിടെയിറങ്ങിയ ചില തുടര്‍ഭാഗങ്ങള്‍ മലയാളത്തില്‍ വന്‍വിജയമാണ് നേടിയത്. സിബിഐ പരമ്പരയിലെ ചിത്രങ്ങള്‍, കമ്മിഷറുടെ രണ്ടാം ഭാഗം തുടങ്ങയവ വന്‍വിജയം നേടിയപ്പോള്‍ ചില സംവിധായകര്‍ പഴയ കാല ഹിറ്റുകള്‍ക്ക് തുടര്‍ഭാഗമൊരുക്കുന്നതിലെ സാധ്യതകള്‍ ആരായാന്‍ തുടങ്ങി. സന്ധ്യാമോഹന്റെ കിലുക്കം കിലുകിലുക്കം എന്ന ചിത്രം സൂപ്പര്‍ഹിറ്റ് ചിത്രം കിലുക്കത്തിന്റെ രണ്ടാം ഭാഗമെന്ന അവകാശവാദവുമായി പുറത്തിറങ്ങിയത് അങ്ങനെയാണ്.

    കിലുക്കം പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയും മതിമറന്നു ചിരിപ്പിക്കുകയും ചെയ്ത ചിത്രമാണ്. കിലുക്കം കിലുക്കം എന്ന ചിത്രമാകട്ടെ തീര്‍ത്തും വിപരീതമായ അനുഭവമാണ് പ്രേക്ഷകര്‍ക്കു നല്‍കുന്നത്. പ്രേക്ഷകന്റെ ക്ഷമയെയും യുക്തിയെയും വെല്ലുവിളിക്കുന്ന തരത്തിലുള്ള ഇത്തരം ചിത്രങ്ങള്‍ ഒരുക്കുന്ന സംവിധായകരുടെ സാമാന്യബോധം അപാരം തന്നെ!

    ഇതാണ് കിലുകിലുക്കത്തിന്റെ കഥ- കൊച്ചി മേയര്‍ (വിജയരാഘവന്‍) തന്റെ മകള്‍ ചാന്ദ്നിയുടെ മുന്നില്‍ വച്ച് കൊല ചെയ്യപ്പെടുന്നു. കൊലയാളികളുടെ പിടിയില്‍ നിന്നും ഓടിരക്ഷപ്പെടുന്ന ചാന്ദ്നി ഊട്ടിയിലെത്തി ഒരു കോണ്‍വെന്റില്‍ താമസമാക്കുന്നു. ഊട്ടിയിലെത്തിപ്പെടുന്ന റോയ് (കുഞ്ചാക്കോ ബോബന്‍), (ബാലു (ജയസൂര്യ) എന്നിവര്‍ ചാന്ദ്നിയുടെ പിന്നാലെ കൂടുന്നു. ചാന്ദ്നിയെ പിടിച്ചുകൊടുത്താല്‍ പണം കിട്ടുമെന്ന് മനസിലാക്കി മറ്റു പലരും ആ പെണ്‍കുട്ടിക്കു പിന്നാലെ കൂടുന്നു. ഇക്കൂട്ടത്തില്‍ കിലുക്കത്തിലെ നിശ്ചലു(ജഗതി ശ്രീകുമാര്‍) മുണ്ട്! ഒടുവില്‍ ശത്രുക്കളില്‍ നിന്ന് ചാന്ദ്നിയെ രക്ഷിക്കാന്‍ സാക്ഷാല്‍ ജോജി (മോഹന്‍ലാല്‍) എത്തുന്നു!!!

    കിലുക്കത്തിന്റെ രണ്ടാം ഭാഗമല്ല ഈ ചിത്രം. മറിച്ച് കിലുക്കത്തിന്റെ അതിവികൃതമായ അനുകരണമാണ്. കിലുക്കത്തിന്റെ കഥ മറ്റൊരു തരത്തില്‍ പുനരവതിപ്പിക്കുകയാണ് തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ-സിബി കെ. തോമസ്. കിലുക്കത്തിലെ രേവതിയുടെ അഭിനയരീതി വികലമായ രീതിയില്‍ അനുകരിക്കാന്‍ കാവ്യാമാധവന്‍ ശ്രമിക്കുകയും ചെയ്യുന്നു.

    തമാശയെന്ന പേരില്‍ ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍ എന്നിവര്‍ കാട്ടിക്കൂട്ടുന്ന കോമാളിത്തങ്ങള്‍ ഏതുതരം പ്രേക്ഷകനും സഹിക്കാവുന്നതിനപ്പുറമാണ്. ഹാസ്യനടന്‍മാരെ സംവിധായകന്‍ കെട്ടഴിച്ചുവിട്ടിരിക്കുകയാണ് ചിത്രത്തില്‍.

    അവസാന പതിനഞ്ച് മിനുട്ടിലാണെങ്കിലും ജോജിയായി മോഹന്‍ലാല്‍ അതിഥിവേഷത്തിലെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അതിഥി വേഷമാണെങ്കിലും ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായത് അല്പം കടന്നുപോയി. ഇങ്ങനെയൊരു വികലമായ സിനിമയില്‍ ജോജിയായി മോഹന്‍ലാല്‍ വീണ്ടുമെത്തുന്നത് അരോചകമായി മാത്രമേ കിലുക്കം കണ്ട പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുകയുള്ളൂ.

    എന്തുകൊണ്ടാണ് യുവനായകര്‍ക്ക് സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തത് എന്ന ചോദ്യത്തിന് വളരെ വ്യക്തമായ ഉത്തരം ചിത്രത്തിലെ നായകന്‍മാരായ കുഞ്ചാക്കോ ബോബനും ജയസൂര്യയും നല്‍കുന്നുണ്ട്. പ്രത്യേകിച്ച് സംവിധാനത്തെ പറ്റി വലിയ ധാരണയൊന്നുമില്ലാത്ത സന്ധ്യാമോഹനെ പോലുള്ളവരുടെ ഇത്തരം ചിത്രങ്ങളില്‍ അഭിനയിക്കുന്നത് ഫീല്‍ഡില്‍ നിന്ന് ഔട്ടാകുന്നതിന്റെ വേഗം കൂട്ടാന്‍ മാത്രമേ ഈ നടന്‍മാരെ സഹായിക്കൂ.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X