For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എബ്രഹാം ലിങ്കണ്‍ - പഴയ വീഞ്ഞ് . .

By Staff
|

സിനിമാസംവിധാനം ഏറെ ജ്ഞാനമൊന്നും വേണ്ട പണിയല്ലെന്നും അഞ്ചാറ് സിനിമ കണ്ടാല്‍ ആര്‍ക്കും അത് ചെയ്യാവുന്നതേയുളളൂ എന്നും ഒരു സിദ്ധാന്തമുണ്ട് മലയാളത്തില്‍.

പ്രമോദ് പപ്പന്‍ എന്ന സംവിധായക ജോടിയാണ് ഈ സിദ്ധാന്തം ആവിഷ്കരിച്ചത്. ചെറുപ്പം മുതലേ സിനിമ കണ്ട പരിചയവുമായി ഇവര്‍ രണ്ട് ചിത്രങ്ങള്‍ ചെയ്തിട്ടുമുണ്ട്. വജ്രവും തസ്കരവീരനും.

ഇവരുടെ പുതിയ ചിത്രമാണ് എബ്രഹാം ലിങ്കണ്‍. കഴിഞ്ഞ രണ്ടു ചിത്രങ്ങളും മമ്മൂട്ടിയെ വച്ചാണ് പരീക്ഷിച്ചതെങ്കില്‍ ഇപ്പോള്‍ ഇരട്ട നായകരെ പരീക്ഷിക്കുന്നു. കലാഭവന്‍ മണിയും റഹ്മാനും.

വജ്രം ഏഴു നിലയില്‍ പൊട്ടിയെങ്കിലും തസ്കരവീരന്‍ മമ്മൂട്ടിയ്ക്ക് ചീത്തപ്പേരുണ്ടാക്കിയില്ല. നയന്‍താരയുടെ ഉടല്‍വടിവും മമ്മൂട്ടിയ്ക്കു നല്‍കിയ ഗറ്റപ്പും ചേര്‍ന്നപ്പോള്‍ ചിത്രം തരക്കേടില്ലാതെ ഓടി.

ആ ഹാങ് ഓവറിലേയ്ക്കാണ് എബ്രഹാം ലിങ്കണ്‍ എത്തുന്നത്. പതിവുപോലെ കൊലപാതകം, പ്രതികാരം എന്നിവയൊക്കെത്തന്നെയാണ് ചിത്രത്തിന്റെ പ്രമേയം.

കഥാസാരം

സോണാര്‍ കെല്ല ഗ്രൂപ്പിനു വേണ്ടി സ്വര്‍ണം കടത്തുന്ന ജോണ്‍സണ്‍ ഡൊമനിക്കിന്റെ കൊലപാതകത്തോടെ കഥ തുടങ്ങുന്നു. കൊല്ലുന്നത് സൊണാര്‍ ഗ്രൂപ്പിന്റെ ബിസിനസ് എതിരാളികളായ റഹിം റാഥെയുടെ സംഘം. സോണാര്‍ ഗ്രൂപ്പ് ഉടമസ്ഥന്‍ ശങ്കര്‍ നാഥിന്റെ അവസാനം കാണുകയാണ് എതിരാളികളുടെ ലക്ഷ്യം.

ജോണ്‍സണ്‍ ഡൊമനിക്കിന്റെ അനുജന്‍ എബ്രഹാം ആര്‍മിയിലാണ്. ചേട്ടന്റെ കൊലയാളികളെ കണ്ടെത്തി പകരം ചോദിക്കാന്‍ അനിയന്‍ പട്ടാളത്തില്‍ ലീവെടുത്ത് നാട്ടില്‍ വരുന്നു.

അന്വേഷണം അയാളെ കൊണ്ടെത്തിച്ചത് സംസ്ഥാനത്തെ നിയന്ത്രിക്കുന്ന സ്വര്‍ണമാഫിയയിലാണ്. അന്വേഷണം പുരോഗമിക്കുന്നതോടെ ശങ്കര്‍നാഥും സോണാര്‍ ഗ്രൂപ്പും എബ്രഹാമിന്റെ നീക്കങ്ങളെ ഭയന്നു തുടങ്ങുന്നു.

നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന നീലച്ചിത്രമാഫിയയെ ഒതുക്കാനാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ലിങ്കണ്‍ ജോര്‍ജിന്റെ ശ്രമം. അതിനിടെ അവിചാരിതമായി ലിങ്കണ്‍ ജോര്‍ജ് എബ്രഹാമുമായി ഇടയുന്നു.

ഇരുവരും തെരുവില്‍ ഏറ്റുമുട്ടുന്നതിനിടെ ലിങ്കണ്‍ അജ്ഞാതരുടെ വെടിയേറ്റു വീഴുന്നു. അടി മതിയാക്കി എബ്രഹാം വെടിയേറ്റു വീണ ലിങ്കണെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കുന്നു. ജീവന്‍ രക്ഷിക്കുന്നയാള്‍ സ്വാഭാവികമായും സുഹൃത്താവുമെന്ന് ലോക നിയമം ഇവിടെയും പാലിക്കപ്പെടുന്നു.

ഇരുവരും ഉറ്റ സുഹൃത്തുക്കളാവുകയും കഥ പരസ്പരം പറയുകയും ചെയ്യുന്നു. ബാംഗ്ലൂരില്‍ പഠിക്കവെ തന്റെ സഹോദരി നാന്‍സിയെ ചതിച്ചവരെ തേടിയാണ് ലിങ്കണ്‍ നടക്കുന്നത്. ചതിയില്‍ മനം നൊന്ത് മനോരോഗം ബാധിച്ച സഹോദരിയ്ക്കു വേണ്ടിയാണ് ലിങ്കണ്‍ ജീവിക്കുന്നത്.

പുതുതായി ചാര്‍ജെടുക്കുന്ന കളക്ടര്‍ സ്വര്‍ണമാഫിയയെ തുരത്താന്‍ ലിങ്കണെ നിയോഗിക്കുന്നതോടെ സംഗതി എളുപ്പമാകുന്നു. കളക്ടറുടെ ഉത്തരവോടെ എബ്രഹാമിന്റെയും ലിങ്കണിന്റെയും ലക്ഷ്യം തിരക്കഥാകൃത്ത് ഒന്നാക്കുന്നു.

ഇരുവരും ചേര്‍ന്ന് മാഫിയയെ ഒതുക്കുന്നതോടെ കഥ തീരുന്നു.

പുതു തലമുറയുടെ ഫ്രെയിമുകള്‍

ദ്രുതഗതിയിലുളള കാമറാ ചലനങ്ങളും ഫ്രെയിമുകളുടെ വ്യത്യസ്തതയുമാണ് പ്രമോദ് പപ്പന്‍ ചിത്രങ്ങളുടെ ഹൈലൈറ്റ്. ലെന്‍സ്മാന്‍ പരസ്യക്കമ്പനിക്കു വേണ്ടി പരസ്യ ചിത്രങ്ങള്‍ ഷൂട്ടു ചെയ്തിട്ടിട്ടുളള ഇവര്‍ക്ക് യുവതലമുറ ഇഷ്ടപ്പെടുന്ന ഫ്രെയിമുകള്‍ കാണാപ്പാഠമാണ്.

എബ്രഹാം ലിങ്കണ്‍ എന്ന ഈ ചിത്രത്തിലും അതൊക്കെത്തന്നെയാണ് പ്രത്യേകതകളായി പറയാനുളളത്. പാട്ടുകളും സംഘട്ടനരംഗങ്ങളുമൊക്കെ അത്യന്താധുനിക തലമുറയ്ക്കു വേണ്ടിപ്പകര്‍ത്തിയിട്ടുണ്ട്.

പ്രശസ്തമോഡലായ ശ്വേതാ മേനോനും നേഹയുമാണ് നായികമാര്‍. മേനിയഴകും ആവോളം നുകര്‍ന്നിട്ടുണ്ട് കാമറ.

കലാഭവന്‍ മണി എബ്രഹാമും റഹ്മാന്‍ ലിങ്കണും ആവുന്നു. ഇരുവരും തങ്ങളുടെ വേഷം ഭംഗിയാക്കി. സലീം കുമാറിന്റെ കോണ്‍സ്റബിള്‍ മാര്‍ക്കോസിനാണ് ചിരിപ്പിക്കാനുളള ചുമതല. പതിവു രീതിയില്‍ സലീം കുമാര്‍ ആ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

പറഞ്ഞു പഴകിയ പ്രമേയം

പ്രമേയം, പറഞ്ഞും തിരക്കഥാകൃത്തൊരുക്കുന്ന ദൃശ്യങ്ങള്‍ കണ്ടും പഴകിയതാണ്. ചേട്ടന്റെ കൊലപാതകം, അനിയന്റെ പ്രതികാരം, അനിയത്തിയുടെ മാനഭംഗം മറ്റൊരു ചേട്ടന്റെ പകരം വീട്ടല്‍, എല്ലാം പഴയതു തന്നെ.

എന്നാല്‍ അവതരണത്തിലെ ചടുലതയും ഗാനങ്ങളും സംഘട്ടനങ്ങളും ചിത്രീകരിച്ചിരിക്കുന്ന രീതിയും പുതുതലമുറയുടെ കൈയടി നേടുന്നുണ്ട്. മോട്ടോര്‍ റൈസും ഹൈവേ കവര്‍ച്ചയുമൊക്കെ ഉദ്വേഗം ജനിപ്പിക്കുന്ന രീതിയില്‍ ദൃശ്യങ്ങളാക്കിയതിന് പ്രമോദ് പപ്പന്‍ കൈയടി അര്‍ഹിക്കുന്നുണ്ട്.

കാമറ കൈകാര്യം ചെയ്തിരിക്കുന്നത് പ്രമോദും മുരളി രാമനുമാണ്. Fതിരക്കഥ ഡെന്നീസ് ജോസഫ്. ബാലചന്ദ്രന്‍ ചുളളിക്കാടിന്റെ ഗാനങ്ങള്‍ക്ക് ഈണം ഔസേപ്പച്ചന്റെ വക.

ഇപ്പോഴിറങ്ങുന്ന ചില ചിത്രങ്ങളുടെ കാര്യം ഓര്‍ത്താല്‍ ഇതുതന്നെ ഭാഗ്യമല്ലേ. സിനിമകള്‍ പലയാവര്‍ത്തി കണ്ട പരിചയം മാത്രം വച്ച് സംവിധാന സാഹസത്തിനിറങ്ങിയ പ്രമോദും പപ്പനും ഇത്രയെങ്കിലും ചെയ്തതു തന്നെ ധാരാളം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more