For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മണിയുടെയും വിനയന്റെയും തിരിച്ചുവരവ്

By Super
|

>സംവിധാനം: വിനയന്‍

രംഗത്ത്: കലാഭവന്‍ മണി, സായികുമാര്‍, നന്ദിനി തുടങ്ങിയവര്‍

സംഗീതം: മോഹന്‍ സിതാര

വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തില്‍ കലാഭവന്‍ മണി അന്ധനായ രാമുവിനെ അവതരിപ്പിച്ചപ്പോള്‍ അയാള്‍ മിമിക്രി കാണിക്കുകയാണെന്ന് പലരും ആരോപിച്ചു. ഹാസ്യം തന്റേതായ രീതിയില്‍ ചെയ്തു പോന്ന ഈ കലാകാരന് തന്റേതല്ലാത്ത കാരണത്താല്‍ ഒട്ടേറെ വിമര്‍ശനങ്ങളും കേള്‍ക്കേണ്ടിവന്നു.

വിനയന്റെ തന്നെ പുതിയ ചിത്രമായ കരുമാടിക്കുട്ടനില്‍ മണി തന്റെ വിമര്‍ശകര്‍ക്ക് അഭിനയകലയിലൂടെ തന്നെ മറുപടി നല്‍കുകയാണ്. ഇനിയും മണിയെ മിമിക്രിക്കാരനെന്നു വിളിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് മാത്രമേ കരുതേണ്ടതുള്ളൂ. അത്ര തന്മയത്വത്തോടെ മണി കരുമാടിക്കുട്ടനിലെ മന്ദബുദ്ധിയെ അവതരിപ്പിച്ചിരിക്കുന്നു.

30 വയസ്സുണ്ടെങ്കിലും പത്തുവയസ്സുകാരന്റെ മനസ്സുമായി ജീവിക്കുന്ന കുട്ടന്‍ എന്ന യുവാവിന്റെ കഥയാണ് കരുമാടിക്കുട്ടന്‍. മാളികപ്പുറം കോവിലകത്തെ ഒരു തമ്പുരാട്ടിക്ക് ചെറുമന്‍ ചെറുക്കനില്‍ ജനിച്ച കുട്ടിയാണ് കുട്ടന്‍. എല്ലാവരെയും സ്നേഹിക്കാന്‍ മാത്രം അറിയുന്ന കുട്ടനെ കോലോത്തെ വലിയ തമ്പുരാട്ടി (ഭാരതി)ക്ക് വലിയ കാര്യമാണ്. തമ്പുരാട്ടിയും ചെറുമകള്‍ നന്ദിനിക്കുട്ടി (നന്ദിനി)യുമാണ് ഇപ്പോള്‍ കോലോത്ത് താമസിക്കുന്നത്. നന്ദിനിക്കുട്ടി തന്റെ മുറപ്പെണ്ണാണെന്ന് മനസ്സിലാക്കിയ കുട്ടന്‍ അവളെ വിവാഹം കഴിക്കുന്ന ദിവസവും കാത്തിരിക്കുകയാണ്. എന്നാല്‍ നന്ദിനിക്കാകട്ടെ അവനോട് വെറുപ്പാണുള്ളത്.

നീലാണ്ടന്‍ മുതലാളിയെന്ന് അറിയപ്പെടുന്ന പഴയ ചെത്തുകാരന്‍ നീലകണ്ഠന്റെ (രാജന്‍ പി.ദേവ്) അധീനതയിലാണ് ഇപ്പോള്‍ കോവിലകം. മദ്യരാജാവായ ഇയാളുടെ മകന്‍ ശേഖരന് (സുരേഷ് കൃഷ്ണന്‍) നന്ദിനിയെ സ്വന്തമാക്കണമെന്നുണ്ട്. എന്നാല്‍ നന്ദിനി എതിര്‍ത്തതിനെ തുടര്‍ന്ന് അയാള്‍ അവളെയും മുത്തശ്ശിയെയും കോലോത്തുനിന്ന് ഇറക്കിവിട്ടു. ആധി കയറിയ വലിയ തമ്പുരാട്ടി മരിച്ചതോടെ നന്ദിനി ഒറ്റക്കായി. ഈ തക്കത്തില്‍ ശേഖരന്‍ നന്ദിനിയെ മാനഭംഗപ്പെടുത്തുന്നു. ഇതിനിടയില്‍ തന്റെ പ്രിയപ്പെട്ട നായയുടെ കടിയേറ്റ നീലകണ്ഠന്‍ പേയിളകി മരിക്കുന്നു.

തന്നെ ഗര്‍ഭിണിയാക്കിയ ശേഖരനെ വിവാഹം കഴിക്കാന്‍ നന്ദിനി തയ്യാറായില്ല. പകരം അവള്‍ കുട്ടനെ വിവാഹം കഴിച്ചു. നന്ദിനിയുടെ സ്നേഹവും പരിചരണവും ലഭിച്ചപ്പോള്‍ കുട്ടനില്‍ ആശാസ്യമായ മാറങ്ങള്‍ വന്നു തുടങ്ങി. നന്ദിനിയെ വിവാഹം കഴിച്ചതിന് ശേഖരനും കൂട്ടുകാരും കുട്ടനെ പലപ്പോഴും മര്‍ദ്ദിച്ചു. എന്നാല്‍ നന്ദിനിയുടെയും നീലകണ്ഠന്റെ കാര്യസ്ഥന്റെയും (ജനാര്‍ദ്ദനന്‍) പ്രേരണയില്‍ കുട്ടന്‍ ശേഖരനോട് തിരിച്ചടിക്കാനൊരുങ്ങുന്നു. ശേഖരനോട് പ്രതികാരം ചെയ്യാന്‍ കിട്ടിയൊരവസരത്തില്‍ നന്ദിനി അയാളെ കൊല്ലുന്നു.

ദാദാസാഹിബില്‍ നിന്നും വിനയന്‍ ഒട്ടേറെ മുന്നേറിയ ചിത്രമാണ് കരുമാടിക്കുട്ടന്‍. കെട്ടുറപ്പുള്ള തിരക്കഥയും പുതുമയാര്‍ന്ന പ്രമേയവും ചടുലമായ അവതരണ ശൈലിയും വിനയന് ഈ ചിത്രത്തില്‍ ഏറെ തുണയായി. അധ:കൃതരുടെയും ദരിദ്രന്റെയും ജീവിതത്തില്‍ നിന്നും ഹൃദയസ്പൃക്കായ രംഗങ്ങള്‍ ഒപ്പിയെടുക്കാനുള്ള വിനയന്റെ കഴിവ് ഈ ചിത്രത്തില്‍ ഏറെ കാണാന്‍ സാധിക്കും. വലിപ്പചെറുപ്പമില്ലാതെ എല്ലാ കഥാപാത്രങ്ങളെയും അവിസ്മരണീയമാകത്തക്ക വിധത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതും ഈ സംവിധായകന്റെ വിജയം തന്നെ.

ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കെല്ലാം തനതായ വ്യക്തിത്വമുണ്ട്. കലാഭവന്‍ മണിയുടെ കുട്ടന്‍ ഏവരുടെയും പ്രതീക്ഷപോലെ തന്നെ മികച്ചതായി. പുരസ്കാരങ്ങളേക്കാളുപരി പ്രേക്ഷകരുടെ അംഗീകാരമാണ് വലുതെന്ന് തിരിച്ചറിഞ്ഞ ഈ നടന്‍ പ്രേക്ഷകമനസ്സുകള്‍ക്കൊത്ത് അഭിനയിച്ചിരിക്കുന്നു. ഒരു നാടന്‍ പാട്ടിലൂടെ തന്റെ സ്വന്തം ആരാധകരെ തൃപ്തിപ്പെടുത്താനും അദ്ദേഹത്തിനു കഴിഞ്ഞു.

പക്ഷെ ചിത്രത്തിലെ അവിസ്മരണീയവും അപ്രതീക്ഷിതവുമായ പ്രകടനം രാജന്‍ പി. ദേവിന്റേതാണ്. ഒട്ടേറെ വില്ലന്‍ കഥാപാത്രങ്ങളെയും ഹാസ്യ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുള്ള ഈ നടന് തന്റെ സിനിമാ ജീവിതത്തില്‍ ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ഈ ചിത്രത്തിലെ നീലകണ്ഠന്‍. പേവിഷബാധയേറ്റു മരിച്ചുവീഴുന്ന ഒറ്റ രംഗം മാത്രം മതി ഈ നടന്റെ കഴിവുകള്‍ മനസ്സിലാക്കാന്‍. ശേഖരനെ സുരേഷ് കൃഷ്ണനും നന്ദിനിക്കുട്ടിയെ നന്ദിനിയും മികവുറ്റതാക്കി.

വാസന്തിയിലെപ്പോലെ കരുമാടിക്കുട്ടനിലെയും ഗാനങ്ങള്‍ കാതുകള്‍ക്ക് ഇമ്പമേകും. യുസഫലി കേച്ചേരിയുടെ വരികളെ മോഹന്‍ സിതാര കേരളത്തിന്റെ ഗ്രാമ്യഗാനശീലുകളില്‍ നിന്നും ഈണം കണ്ടെത്തി മികച്ചതാക്കിയിരിക്കുന്നു. നെഞ്ചുടുക്കിന്റെ താളത്തുടുപ്പില്‍.., ഇന്നലെകള്‍, ഇന്നലെകള്‍... എന്നീ ഗാനങ്ങള്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. കലാഭവന്‍ മണിയുടെ നാടന്‍ പാട്ട് ഇതിനു കൊഴുപ്പു കൂട്ടുകയും ചെയ്തു.

Read more about: vinayan kalabhavan mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more