twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മടുപ്പിക്കുന്ന പ്രേതക്കാഴ്ചകള്‍

    By Staff
    |

    മടുപ്പിക്കുന്ന പ്രേതക്കാഴ്ചകള്‍
    ഗംഗ

    തുടര്‍ച്ചയായ ചില ചിത്രങ്ങളുടെ പരാജയത്തിന് ശേഷം ഹൊറര്‍ ചിത്രമായ ആകാശഗംഗയിലൂടെയാണ് വിനയന്‍ ഒരു തിരിച്ചുവരവ് നടത്തിയത്. തുടര്‍ച്ചയായ മൂന്ന് ചിത്രങ്ങളുടെ പരാജയത്തിന് ശേഷം മറ്റൊരു ഹൊറര്‍ ചിത്രമൊരുക്കി തിരിച്ചുവരവ് നടത്താനാണ് വെള്ളിനക്ഷത്രം എന്ന ചിത്രത്തിലൂടെ വിനയന്‍ ഇപ്പോള്‍ ശ്രമിച്ചത്. എന്നാല്‍ ആ ശ്രമത്തില്‍ അദ്ദേഹം തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു.

    മരിച്ചുപോയ നാല് പേര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പുനര്‍ജനിച്ചതിനെ തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുടെ കഥ പറയുന്ന ഈ ചിത്രം പ്രേക്ഷകന് ഒരു തരത്തിലും എന്റര്‍ടെയ്നറായി അനുഭവപ്പെടുന്നില്ല. കമ്പ്യൂട്ടര്‍ ഗ്രാഫിക്സുകളുടെയും മറ്റും അകമ്പടിയോടെ പ്രേതവിഹാരരംഗങ്ങള്‍ പ്രേക്ഷകനെ പേടിപ്പിക്കാനായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം കണ്ടിറങ്ങുന്നവര്‍ക്ക് ഇനി ഒരു മലയാള ഹൊറര്‍ ചിത്രം കാണണമെന്ന് തോന്നില്ല.

    ലക്ഷ്മീപുരം കൊട്ടാരത്തിലെ 175 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയ നാല് പേര്‍ പുനര്‍ജനിക്കുന്നു. ക്രൂരനായ മഹേന്ദ്രവര്‍മ്മ (സിദ്ദിഖ്), അയാളുടെ ഇംഗിതത്തിന് വഴങ്ങാത്തതിനാല്‍ കൊലചെയ്യപ്പെട്ട ഇന്ദുമതി തമ്പുരാട്ടി (മീനാക്ഷി), മകള്‍ അമ്മുക്കുട്ടി, അമ്മുക്കുട്ടിയുടെ അച്ഛന്‍ വിനോദ് വര്‍മ്മ (പൃഥ്വിരാജ്)എന്നിവരാണ് പുനര്‍ജനിക്കുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടുപോവുന്നത്.

    പുനര്‍ജനിക്കപ്പെട്ട കഥാപാത്രം നടത്തുന്ന പ്രതികാരം നിര്‍വഹണവും ബാധ ഒഴിപ്പിക്കലുമൊക്കെയായി മുന്നോട്ടുപോവുന്ന ചിത്രത്തില്‍ ഇടയ്ക്കിടെ ചിരിരംഗങ്ങള്‍ തിരുകിപിടിപ്പിച്ചിട്ടുണ്ട്. ജഗതി, ജഗദീഷ്, ഇന്ദ്രന്‍സ്, സലിംകുമാര്‍ ടീമിനെയാണ് പ്രേക്ഷകരെ ചിരിപ്പിക്കുന്നതിനുള്ള ദൗത്യം വിനയന്‍ ഏല്പിച്ചിരിക്കുന്നത്. എന്നാല്‍ പ്രേതങ്ങളുടെ വിഹാരങ്ങള്‍ക്കിടയില്‍ ചിരിരംഗങ്ങള്‍ മുങ്ങിപ്പോയി.

    ആകാശഗംഗ പ്രേക്ഷകര്‍ സ്വീകരിച്ചതുപോലെ താന്‍ ഒരുക്കുന്ന മറ്റൊരു ഹൊറര്‍ ചിത്രവും പ്രേക്ഷകര്‍ സ്വീകരിക്കും എന്ന അമിതമായ ആത്മവിശ്വാസത്തിന്റെ പുറത്ത് വിനയന്‍ ചെയ്തുകൂട്ടിയിരിക്കുന്ന ഒരു വികലസൃഷ്ടിയാണ് വെള്ളിനക്ഷത്രം. പ്രേക്ഷകന്റെ ക്ഷമയെ ചോദ്യം ചെയ്യുന്ന വിധത്തിലുള്ള ഒരു കൂട്ടം രംഗങ്ങളാണ് വിനയന്‍ ഒരുക്കിയിരിക്കുന്നത്.

    വികലമായ തിരക്കഥയും പല പ്രേതചിത്രങ്ങളിലും കണ്ടുമടുത്ത കമ്പ്യൂട്ടര്‍ ഗ്രാഫിക്സുമൊക്കെയായി പ്രേക്ഷകനെ മടുപ്പിക്കാനുള്ള ഘടകങ്ങളെല്ലാം വിനയന്‍ ഈ ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ഒമന്‍ ഹോളിവുഡ് ചിത്രത്തിന്റെ പ്രമേയമാണ് വെള്ളിനക്ഷത്രത്തില്‍ വിനയന്‍ കടംകൊണ്ടിരിക്കുന്നത്.

    നായകനായ പൃഥ്വിരാജിന് ചിത്രത്തില്‍ ഒന്നും ചെയ്യാനില്ലെന്ന സ്ഥിതിയാണ്. നായികയായി പ്രത്യക്ഷപ്പെടുന്ന മീനാക്ഷിക്ക് അഭിനയിക്കാനറിയില്ലെന്ന് വ്യക്തം. തരുണി എന്ന ബാലതാരം നന്നായി.

    എം. ജയചന്ദ്രന്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ക്ക് വലിയ മേന്മയൊന്നും അവകാശപ്പെടാനില്ല. കൈതപ്രവും രമേശന്‍നായരും രചിച്ച ഗാനങ്ങളിലെ പൈനാപ്പിള്‍ പെണ്ണേ, ചോക്കളേറ്റ് പീസേ പോലുള്ള വരികള്‍ അരോചകമായി അനുഭവപ്പെടുകയും ചെയ്യുന്നു. കാക്ക കാക്ക എന്ന തമിഴ് ചിത്രത്തിലെ ഉയിരിന്‍ ഉയിരേ.. എന്ന ഗാനത്തിന്റെ ചിത്രീകരണം അനുകരിച്ചിരിക്കുകയാണ് പൈനാപ്പിള്‍ പെണ്ണേ, ചോക്കളേറ്റ് പീസേ എന്ന ഗാനരംഗത്തില്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X