twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആവര്‍ത്തനം മാത്രമായ മേഘസന്ദേശം

    By Staff
    |

    ആവര്‍ത്തനം മാത്രമായ മേഘസന്ദേശം

    സംവിധാനം: രാജസേനന്‍
    രംഗത്ത്: സുരേഷ്ഗോപി, സംയുക്താ വര്‍മ്മ, രാജശ്രീ നായര്‍ തുടങ്ങിയവര്‍
    സംഗീതം: എം.ജി.രാധാകൃഷ്ണന്‍

    മലയാള സിനിമ എങ്ങോട്ടാണ് പോകുന്നത്..? പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന മലയാള സിനിമ പഴയ പ്രേതലോകത്തേക്ക് തിരിച്ചുപോകുന്നതില്‍ എന്ത് ന്യായീകരണമാണുള്ളത്..? പുതിയ പരീക്ഷണങ്ങള്‍ക്കു പകരം ഇത്തരത്തില്‍ പഴഞ്ചന്‍ ചിന്തകള്‍ മലയാളിയുടെ മനസ്സിലേക്ക് എന്തിനാണ് നമ്മുടെ സിനിമാപ്രവര്‍ത്തകര്‍ തിരുകികയറ്റുന്നത്..?

    കുറച്ചുകാലം മുമ്പ് ഹൊററും കോമഡിയും കലര്‍ത്തി വിനയന്‍ ആകാശഗംഗ വിജയിപ്പിച്ചെടുത്തു. അന്ന് അതൊരു പുതുമയായിരുന്നു. കാണികളെ പേടിപ്പെടുത്തുകയാണ് ഹൊറര്‍ ചിത്രത്തിന്റെ ഫോര്‍മുല എന്ന ധാരണ അല്പം തിരുത്തി കോമഡിയേയും സിനിമയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് പുതിയൊരു കച്ചവടതന്ത്രം മെനയുകയായിരുന്നു അദ്ദേഹം . പക്ഷെ അതൊരിക്കലും ഒരു വിജയമാതൃകയാക്കാന്‍ പറ്റിയ ഫോര്‍മുലയുമായിരുന്നില്ല.

    അതിനാല്‍ രാജസേനന്‍ സംവിധാനം ചെയ്ത മേഘസന്ദേശം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു പരീക്ഷണമായിരുന്നെങ്കിലും മലയാള സിനിമക്ക് അങ്ങനെയല്ല. ഒരിക്കലും നിശ്ചിത ഫോര്‍മുലകളില്‍ തയ്യാറാക്കപ്പെടുന്ന ഒരു ചിത്രത്തിനും മലയാളി വഴങ്ങിക്കൊടുത്തിട്ടുമില്ല. രാജസേനന്റെ മേഘസന്ദേശം താഴെപറയുന്ന രീതിയില്‍ ചുരുക്കി വായിക്കാം.

    റോസി സാമുവല്‍ (രാജശ്രീ നായര്‍) എന്ന കോളേജ് കുമാരിക്ക് പത്രപ്രവര്‍ത്തകനായ ബാലഗോപാലിനെ (സുരേഷ് ഗോപി) ഇഷ്ടമായിരുന്നു. എന്നാല്‍ അയാളോട് അക്കാര്യം പറയുന്നതിനു മുമ്പ് അവള്‍ ഒരു അപകടത്തില്‍ കൊല്ലപ്പെട്ടു. പക്ഷെ ഇളവന്നൂര്‍ കോവിലകത്ത് ബാലു താമസിക്കാനെത്തുമ്പോള്‍ അവള്‍ യക്ഷിയായി വന്ന് തന്റെ സ്നേഹകഥ അയാളെ അറിയിക്കുന്നു. ആദ്യം വിശ്വസിക്കാനായില്ലെങ്കിലും പിന്നീട് ബാലു അവളെ കോവിലകത്ത് താമസിക്കാന്‍ അനുവദിക്കുന്നു.

    എന്നാല്‍ ഇളവന്നൂര്‍ കോവിലകത്തിന്റെ അവകാശി അഞ്ജലിയെ (സംയുക്താവര്‍മ്മ) ബാലു സ്നേഹിക്കുന്നുവെന്നറിഞ്ഞതോടെ റോസി യക്ഷിയുടെ തനത് സ്വഭാവമെടുക്കുന്നു. ബാലുവിന്റെ അപേക്ഷ വകവെക്കാതെ അവള്‍ അഞ്ജലിയെ കൊല്ലാന്‍ ശ്രമിച്ചു. അഞ്ജലിയെ കൊല്ലാന്‍ സാധിക്കില്ലെന്നു വന്നപ്പോള്‍ ബാലുവിനെ കൊന്ന് സ്വര്‍ഗത്തില്‍ വച്ചെങ്കിലും തങ്ങള്‍ക്ക് ഒന്നാകാമെന്ന് റോസി കരുതി.

    ഈ സമയത്താണ് രക്ഷകന്റെ വേഷത്തില്‍ ഫാദര്‍ റൊസാരിയോ (നെപ്പോളിയന്‍) അവതരിക്കുന്നത്. ഏതൊരു പ്രേതസിനിമയിലെയും പോലെ മന്ത്രവാദങ്ങള്‍ക്കും സാഹസിക ശ്രമങ്ങള്‍ക്കും ശേഷം റോസിയെ ഫാദര്‍ റൊസാരിയോ അവളുടെ കുഴിമാടത്തിലേക്ക് ആവാഹിക്കുന്നു. ബാലുവിനും അഞ്ജലിക്കും മംഗളം നേര്‍ന്നുകൊണ്ട് റോസി കുഴിമാടത്തിലൊതുങ്ങുന്നതോടെ സിനിമയും അവസാനിക്കുന്നു.

    ഒട്ടേറെ ഹാസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള രാജസേനന് മേഘസന്ദേശത്തില്‍ ആ രംഗത്തുകൂടി പരാജയം നേരിട്ടു. പലപ്പോഴും ഹാസ്യം ഏച്ചുകെട്ടിയതുപോലെ തോന്നി. സുരേഷ് ഗോപിക്കോ, സംയുക്താവര്‍മ്മക്കോ ചിത്രത്തില്‍ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. പക്ഷെ റോസിയായെത്തിയ പുതുമുഖം രാജശ്രീ നായര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. മലയാളിപ്പെണ്ണിന്റെ മുഖശ്രീയോടെ ഒരു നായികയെക്കൂടി മലയാള സിനിമക്ക് കിട്ടിയിരിക്കുന്നു.

    എസ്. രമേശന്‍ നായരും എം.ജി. രാധാകൃഷ്ണനും ഒത്തുചേര്‍ന്നെങ്കിലും ചിത്രത്തിന് ഒരൊറ്റ ഇമ്പമുള്ള ഗാനം പോലും നല്‍കാനായില്ല. സ്പെഷ്യല്‍ ഇഫക്ടുകള്‍ ചേര്‍ത്ത് കുറച്ചുകൂടി ഭീകരാന്തരീക്ഷവും ശബ്ദവിസ്മയവും ചേര്‍ക്കാന്‍ ചിത്രത്തിനായി. പഴയ പ്രേതചിത്രങ്ങളെ അപേക്ഷിച്ച് മേഘസന്ദേശത്തിന് എടുത്തുപറയാവുന്ന മേന്മയും ഇതുതന്നെ.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X