twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിസ്മയം തീര്‍ക്കുന്ന ഫാസിലിന്റെ ഫാന്റസി

    By Staff
    |

    വിസ്മയം തീര്‍ക്കുന്ന ഫാസിലിന്റെ ഫാന്റസി
    ഗംഗ

    പ്രേക്ഷകര്‍ കാത്തിരുന്ന ഫാസില്‍-മോഹന്‍ലാല്‍ ചിത്രം അവരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയില്ല. ഒരു മുഴുനീള എന്റര്‍ടെയ്നര്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനമുറപ്പിക്കാന്‍ വിഷുആഘോഷം പങ്കിടാനെത്തിയ വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിന് കഴിഞ്ഞിരിക്കുന്നു.

    തുടര്‍ച്ചയായ രണ്ട് ചിത്രങ്ങളുടെ പരാജയത്തിന് ശേഷമാണ് ഫാസില്‍ വിസ്മയത്തുമ്പത്ത് ഒരുക്കിയത്. ഫാസിലിനെ സംബന്ധിച്ചിടത്തോളം ഒരു വിജയം അത്യാവശ്യം. തുടര്‍ച്ചയായ രണ്ട് ചിത്രങ്ങളുടെ പരാജയം ഇമേജിലേല്പിച്ച മങ്ങലില്‍ നിന്ന് മുക്തമാവാന്‍ മോഹന്‍ലാലിനും ഒരു വിജയം ഒഴിച്ചുകൂട്ടാനാവാത്തതെന്ന സ്ഥിതിയില്‍ ഒരുക്കിയ വിസ്മയത്തുമ്പത്ത് ഏതായാലും സംവിധായകന്റെയും നായകന്റെയും തിരിച്ചുവരവ് ഗംഭീരമാക്കി.

    ഒരു നടനെന്ന നിലയില്‍ മോഹന്‍ലാല്‍ അഭിനയം മറക്കുന്നോ എന്ന ചോദ്യം ഒടുവിലത്തെ മോഹന്‍ലാല്‍ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ട് പ്രേക്ഷകര്‍ ചോദിച്ചുതുടങ്ങിയിരുന്നതാണ്. മോഹന്‍ലാലിന്റെ അഭിനയശേഷിയുടെ അനായാസത ഒരു പരിധി വരെ ഫാസിലിന് തിരിച്ചുകൊണ്ടുവരാനായിയെന്നതും വിസ്മയത്തുമ്പത്തിനെ സവിശേഷമാക്കുന്നു.

    ചിത്രത്തിന്റെ പ്രമേയം ഫാസിലിന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തെ ഓര്‍മിപ്പിക്കുന്നുണ്ട്. എന്നാല്‍ അവതരണത്തിലെ വ്യത്യസ്തത കൊണ്ട് പ്രേക്ഷകന് പുതുമയുള്ള അനുഭവം സൃഷ്ടിക്കാനായി എന്നതാണ് ഫാസിലിന്റെ നേട്ടം. ഫാസില്‍ തന്നെ രചിച്ച തിരക്കഥയിലെ വ്യത്യസ്തമായ സീക്വന്‍സും ഒഴുക്കുള്ള സംഭാഷണങ്ങളും ചിരി വിതറുന്ന മുഹൂര്‍ത്തങ്ങളുമൊക്കെ ഒരു മുഴുനീള വിനോദചിത്രമൊരുക്കാന്‍ ഏറെ സഹായിച്ചിരിക്കുന്നു.

    അതീന്ദ്രിയമായ ചില കഴിവുകളുള്ള ശ്രീകുമാര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയായ റീത്താ മാത്യൂസുമായി നടത്തുന്ന ചില അതീന്ദ്രിയ വിനിമയങ്ങളാണ് ചിത്രത്തിന്റെ കാതല്‍. ഉന്നതപഠനത്തിനായി യുഎസിലേക്കുള്ള യാത്രയുടെ ദിവസം മുതല്‍ കാണാതായ റീത്താ മാത്യൂസിനെ നഗരത്തിലെ പൊലീസ് അന്വേഷിക്കുകയാണ്. റീത്തയെ പൊലീസ് അന്വേഷിക്കുന്നതിനിടയിലാണ് ആരോ തന്നെ വിളിക്കുന്നുവെന്ന തോന്നലിനെ തുടര്‍ന്ന് ശ്രീകുമാര്‍ നഗരത്തിലെത്തുന്നത്. അവിടെ അയാളെ സഹായിക്കാന്‍ സുഹൃത്തുക്കളായ ഗോവിന്ദന്‍കുട്ടിയും ചന്ദ്രനുമുണ്ട്.

    ഗോവിന്ദന്‍കുട്ടിയും ചന്ദ്രനും ഏര്‍പ്പാടാക്കിക്കൊടുത്ത വീട്ടിലെ അടച്ചിട്ട മുറിയില്‍ കണ്ട പെണ്‍കുട്ടി തനിക്ക് മാത്രം കാണാനാവുന്ന ഒരു ആത്മാവാണെന്ന് ശ്രീകുമാര്‍ വൈകിയാണ് മനസിലാക്കുന്നത്. കാണാതായ റീത്താ മാത്യൂസിന്റെ ആത്മാവ് തന്നെ പിന്തുടരുകയാണെന്ന് ശ്രീകുമാര്‍ തിരിച്ചറിഞ്ഞതോടെ തനിക്ക് ചെയ്തുതീര്‍ക്കാനുള്ള ഒരു ദൗത്യത്തെ കുറിച്ച് അയാള്‍ ബോധവാനായി. റീത്താ മാത്യൂസിന്റെ ആത്മാവിലൂടെ അവള്‍ തിരോധാനം ചെയ്തതിന് പിന്നിലെ യാഥാര്‍ഥ്യങ്ങളെ കുറിച്ച് അറിയുന്ന ശ്രീകുമാര്‍ വീട്ടില്‍ കോമയില്‍ കിടക്കുന്ന യഥാര്‍ഥ റീത്താ മാത്യൂസിന്റെ ശരീരത്തില്‍ അവളുടെ ആത്മാവിനെ തിരികെ പ്രവേശിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നു.

    മണിച്ചിത്രത്താഴ് ദ്വന്ദ്വവ്യക്തിത്വം എന്ന മാനസികാവസ്ഥയുടെയും രോഗമൂര്‍ഛയുടെയും ചില തലങ്ങളിലൂടെയാണ് കടന്നുപോവുന്നതെങ്കില്‍ അത്തരം മനശാസ്ത്ര പിന്തുണയൊന്നുമില്ലാത്ത, ഫാന്റസിയുടെ പരിവേഷമുള്ള ഒരു കഥയാണ് വിസ്മയത്തുമ്പത്തില്‍ ഫാസില്‍ മെനഞ്ഞിരിക്കുന്നത്. ചിത്രത്തിലെ ചില സന്ദര്‍ഭങ്ങള്‍ മണിച്ചിത്രത്താഴിനെ ഓര്‍മിപ്പിക്കുന്നുണ്ട്. ചില രംഗങ്ങളിലെ സംഭാഷണങ്ങള്‍ തന്നെ ഉദാഹരണം.

    കഥയില്‍ വലിയ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും പരിചരണരീതിയിലെ വ്യത്യസ്തതയാണ് ഈ ചിത്രത്തെ ഒരു മുഴുനീള എന്റര്‍ടെയ്നറാക്കി മാറ്റിയത്. പ്രേക്ഷകനെ ഒട്ടും ബോറടിപ്പിക്കാത്ത, മുഴുവന്‍ സമയവും മുഴുകിയിരിക്കാവുന്ന ഈ ചിത്രത്തിന് പിന്നില്‍ വളരെ സൂക്ഷ്മതയോടെ രചിച്ചിരിക്കുന്ന തിരക്കഥയുടെ പിന്‍ബലമുണ്ട്. എപ്പോള്‍ വേണമെങ്കിലും പാളിപ്പോകാമായിരുന്ന ഫാന്റസിയുടെ സ്വഭാമുള്ള കഥ വളരെ ഒതുക്കത്തോടെ പറഞ്ഞു ഫലിപ്പിക്കാനായി എന്നതാണ് ഫാസിലിന്റെ വിജയം. ചിത്രത്തിന്റെ ഒടുക്കം വരെ പ്രേക്ഷകനെ വിസ്മയത്തുമ്പത്തിരുത്താന്‍ ഫാസില്‍ എന്ന സംവിധായകനും തിരക്കഥാക്കൃത്തിനും കഴിഞ്ഞു.

    രണ്ട് ചിത്രങ്ങളുടെ പരാജയത്തിന് ശേഷം മോഹന്‍ലാല്‍ അഭിനയിച്ച ഈ ചിത്രം തീര്‍ച്ചയായും അദ്ദേഹത്തിന് മറ്റൊരു തിരിച്ചുവരവാണ് ഒരുക്കിയിരിക്കുന്നത്. അഭിനയത്തിലെ അനായാസത അദ്ദേഹത്തിന് ഈ ചിത്രത്തില്‍ തിരിച്ചുപിടിക്കാനായി. മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണിയെ പോലെ മോഹന്‍ലാലിന് മാത്രം അവതരിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രമാണ് വിസ്മയത്തുമ്പത്തിലെ ശ്രീകുമാര്‍.

    മോഹന്‍ലാലിന്റെ സഹായിയായ കഥാപാത്രമായി ഒരിക്കല്‍ കൂടി പ്രത്യക്ഷപ്പെടുന്ന മുകേഷിന്റെ മികച്ച അഭിനയമാണ് ചിത്രത്തില്‍ കാണാനാവുന്നത്. ചിരിരംഗങ്ങള്‍ക്ക് കൊഴുപ്പേകാന്‍ ഹരിശ്രീ അശോകന്റെ സാന്നിധ്യത്തിന് കഴിഞ്ഞു. റീത്താ മാത്യൂസായി അഭിനയിക്കുന്ന നയന്‍താര ആ കഥാപാത്രത്തെ ഭദ്രമായി അവതരിപ്പിച്ചു. ചിത്രത്തിലെ ഗാനങ്ങളെല്ലാം മികച്ചതാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X