വീണ്ടും ആന്റി ഹീറോ വിളയാട്ടം
വീണ്ടും ആന്റി ഹീറോ വിളയാട്ടം
അശോക്
പുതുമകളൊന്നുമില്ലെങ്കിലും പ്രേക്ഷകരെ അധികം ബോറടിപ്പിക്കാതെ കഥ പറയാന്‍ പുതുമുഖ സംവിധായക ജോഡിയയായ പ്രമോദ് പപ്പന് വജ്രത്തില്‍ സാധിച്ചിരിക്കുന്നു. കന്നിസിനിമയെന്ന സഭാകമ്പങ്ങളൊന്നുമില്ലാതെ ചിത്രം ഒരുക്കുന്നതില്‍ സംവിധായക ജോഡി വിജയിച്ചിട്ടുണ്ട്.
പഴയ മൂശയില്‍ വാര്‍ത്ത ആന്റി ഹീറോയാണ് പ്രമോദ് പപ്പന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ വജ്രത്തിലെ കേന്ദ്രകഥാപാത്രം. സാഹചര്യങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങി ക്രിമിനലായി മാറേണ്ടി വന്ന നല്ലവനായ ആന്റി ഹീറോ മലയാള സിനിമയില്‍ പലകുറി പ്രത്യക്ഷപ്പെട്ടിട്ടുള്ളതാണ്. എങ്കിലും ആന്റി ഹീറോയുടെ കഥ ഒഴുക്കോടെ പറയുന്നതില്‍ പ്രമോദ് പപ്പന്‍ വിജയിച്ചിരിക്കുന്നു.
മമ്മൂട്ടിയുടെ ആരാധകര്‍ക്ക് വേണ്ട എല്ലാ ചേരുവകളോടെയും ഒരുക്കിയിട്ടുള്ള ചിത്രം അവരുടെ താത്പര്യങ്ങളെ തൃപ്തിപ്പെടുത്തും. രണ്ടാം പകുതിയില്‍ അതിമാനുഷികസ്വഭാവം എടുത്തണിയുന്ന നായകന്‍ പ്രേക്ഷകരില്‍ ഏത് വിഭാഗത്തിനെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തം.
അനാഥാലയത്തിലാണ് വളര്‍ന്നതെങ്കിലും ചെറുപ്പത്തിലേ ക്രിമിനലായി മാറിയ ദേവരാജന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കുറ്റകൃത്യങ്ങള്‍ ചെയ്യുമ്പോഴും നല്ലവനായ ഒരാള്‍ അയാളുടെയുള്ളില്‍ ജീവിക്കുന്നുണ്ടായിരുന്നു. സമ്പന്നനായ മാധവന്‍തമ്പിയുട മകള്‍ നന്ദുവിനെ വിവാഹം കഴിച്ച് സ്വസ്ഥമായ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചു. എന്നാല്‍ ആഗ്രഹിച്ചതു പോലൊരു ജീവിതം അയാള്‍ക്ക് തുടരാനായില്ല.
നന്ദുവിന്റെ അച്ഛന്‍ മാധവന്‍തമ്പിയെ കൊല ചെയ്ത കേസില്‍ അറസ്റ് ചെയ്യപ്പെട്ട ദേവരാജന്‍ താന്‍ ചെയ്യാത്ത കുറ്റത്തിന് ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു. ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ ദേവരാജനില്‍ നിന്നും വിവാഹമോചനം ലഭിക്കുന്നതിനായി നന്ദു കേസ് നല്‍കി. തുടര്‍ന്ന് ഉണ്ടാവുന്ന സ്വത്ത് തര്‍ക്കവും തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ദേവരാജന്‍ നടത്തുന്ന പോരാട്ടവുമൊക്കെയാണ് കഥയെ മുന്നോട്ടുകൊണ്ടുപോവുന്നത്.
മമ്മൂട്ടിയുടെ നായികയായി നന്ദുവിന്റെ വേഷം അവതരിപ്പിക്കുന്നത് നന്ദിനിയാണ്. ഒരു അപകടത്തില്‍ നിന്ന് ദേവരാജന്‍ രക്ഷിക്കുന്ന ജെമിനി എന്ന നടിയായി വസുന്ധരാദാസും അവളെ കൊല്ലാന്‍ നീക്കം നടത്തുന്ന ഭര്‍ത്താവ് വില്യംസായി ബാബു ആന്റണിയുമൊക്കെ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ബാബു ആന്റണിക്ക് പുറമെ മനോജ് കെ. ജയന്‍, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് വില്ലന്‍മാര്‍.
ഹോളിവുഡ് ചിത്രമായ റോഡ് ടു പെര്‍ഡീഷ്യനില്‍ നിന്ന് കടം കൊണ്ടിരിക്കുന്നതാണ് വജ്രത്തിന്റെ പ്രമേയം. ഈ ചിത്രത്തിലെ കഥാപാത്രത്തെ മാതൃകയാക്കിയാണ് ദേവരാജന്‍ എന്ന കഥാപാത്രത്തിന് രൂപം നല്‍കിയിരിക്കുന്നത്.
ഡെന്നീസ് ജോസഫിന്റെ പരിചയസമ്പന്നമായ തൂലികയ്ക്ക് കഥ ഒഴുക്കോടെ പറയാന്‍ സാധിച്ചിരിക്കുന്നു. മികച്ച കുറെ ഫ്രെയ്മുകള്‍ നവാഗത സംവിധായക ജോഡിയായ പ്രമോദ് പപ്പന്‍ സമ്മാനിക്കുന്നുണ്ട്.
ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ അതിമാനുഷിക പരിവേഷം ആര്‍ജിക്കുന്ന നായകന്റെ ചെയ്തികള്‍ സാമാന്യബുദ്ധിയോടെ കണ്ടിരിക്കാവുന്നതല്ല. കഥ ഒഴുക്കോടെ പറഞ്ഞ പ്രമോദ് പപ്പന് രണ്ടാം പകുതിയില്‍ സംഭവിച്ചിരിക്കുന്ന വീഴ്ചയും ഇതാണ്. മുന്‍നിര പ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കിയ രംഗങ്ങളാണ് രണ്ടാം പകുതിയെ ഭരിക്കുന്നത്.
ഒരിക്കല്‍ക്കൂടി ആന്റി ഹീറോ വേഷം മമ്മൂട്ടി ഭദ്രമാക്കി. മമ്മൂട്ടിയുടെ കൂട്ടാളിയായി പ്രത്യക്ഷപ്പെടുന്ന ഹരിശ്രീ അശോകന്‍ കുറെ ചിരിമുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്നുണ്ട്.


Click it and Unblock the Notifications