twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിരിച്ചു മറക്കാന്‍ കാക്കക്കുയില്‍

    By Staff
    |

    ചിരിച്ചു മറക്കാന്‍ കാക്കക്കുയില്‍

    സംവിധാനം: പ്രിയദര്‍ശന്‍
    രംഗത്ത്: മോഹന്‍ലാല്‍, മുകേഷ്, ആര്‍സു തുടങ്ങിയവര്‍
    സംഗീതം: ദീപന്‍ ചാറ്റര്‍ജി

    ചിരിപ്പിക്കാന്‍ കഴിയുക ഒരു മഹാഭാഗ്യമായി കരുതുന്നയാളാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. രണ്ടു വര്‍ഷം മുന്‍പ് ഷൊര്‍ണൂരിലെ ആയുര്‍വേദ സമാജത്തില്‍ സുഖചികിത്സക്കെത്തിയ പ്രിയദര്‍ശനെ കണ്ടപ്പോള്‍ അന്നദ്ദേഹം ചിരിയെപ്പറ്റിയാണ് കൂടുതല്‍ സംസാരിച്ചത്. ഇന്ത്യയിലെ ജനങ്ങളുടെ ജീവിതം പല വിധത്തില്‍ ദു:ഖപൂര്‍ണ്ണമാണ്. ഈ ദു:ഖം ഒരു നിമിഷം മറക്കാനാണ് അവര്‍ രസം തേടി തിയറ്ററിലെത്തുന്നത്. അപ്പോള്‍ എല്ലാം മറന്ന് അവരെ ചിരിപ്പിക്കാന്‍ കഴിയുക എന്നതും ഒരു വലിയ സാമൂഹ്യധര്‍മ്മമായി ഞാന്‍ കരുതുന്നു- പ്രിയദര്‍ശന്‍ അന്നു പറഞ്ഞ ഈ വാചകം ഓര്‍ത്തു പോയി കാക്കക്കുയില്‍ കണ്ടപ്പോള്‍. മൂന്നു മണിക്കൂര്‍ നേരവും തിയറ്റര്‍ ആകെ കുലുങ്ങിച്ചിരിക്കുന്നു. കഥയില്‍ അല്പസ്വല്പം കണ്ണീരിന്റെ നനവുണ്ടെങ്കിലും ചിത്രത്തില്‍ ചിരി തന്നെ പ്രധാനം. കാണികള്‍ അവരവരെത്തന്നെ മറന്നു ചിരിക്കുന്നു.

    ചന്ദ്രലേഖയായാലും കാക്കക്കുയിലായാലും കഥയൊക്കെ ഏതാണ്ടൊന്നു തന്നെ. പക്ഷെ ചിരിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ മാറിമറിഞ്ഞു വരുന്നു എന്നു മാത്രം. കഥയ്ക്കനുയോജ്യമായ തമാശകള്‍ ഒപ്പിച്ചെടുക്കുന്നു എന്നതിലാണ് പ്രിയദര്‍ശന്റെ വിജയം.

    വീണ്ടും ശിവരാമനും ഗോവിന്ദന്‍കുട്ടിയും

    കാക്കക്കുയിലിലും പഴയ പോലെ ജോലി തേടി മുംബൈ നഗരത്തിലെത്തുന്ന പ്രാരാബ്ധക്കാരനായ യുവാവായി മോഹന്‍ലാല്‍ വേഷം കെട്ടുന്നു. എത്രയോ തവണ ആവര്‍ത്തിച്ച വേഷമായിട്ടുകൂടി കാണികളില്‍ പുതുമ സൃഷ്ടിക്കാന്‍ കഴിയുന്നതിലാണ് മോഹന്‍ലാല്‍ എന്ന നടന്റെ വിജയം. അതിന് പറ്റിയ സൂത്രപ്പണികളെല്ലാം പ്രിയദര്‍ശന്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു. പതിവുപോലെ അബദ്ധത്തില്‍ പണവും വസ്ത്രങ്ങളുമടങ്ങിയ ബാഗ് നഷ്ടപ്പെടുന്ന മോഹന്‍ലാലിന് (കഥാപാത്രത്തിന്റെ പേര് ശിവരാമന്‍)അഭയം നല്കുന്ന പതിവു റോളില്‍ ഇക്കുറിയെത്തുന്നത് മുകേഷാണ്. എന്തുകൊണ്ടാണ് ഈ പതിവുറോളില്‍ നിന്നും ശ്രീനിവാസനെ ഒഴിവാക്കിയതെന്ന് മനസ്സിലാകുന്നില്ല. എന്തായാലും ശ്രീനിവാസന്റെ കുറവ് പരിഹരിക്കുന്നതില്‍ മുകേഷിന്റെ ഗോവിന്ദന്‍കുട്ടി വിജയിച്ചിരിക്കുന്നു.

    മുകേഷും മോഹന്‍ലാലും ചേര്‍ന്ന് പിന്നെ ചിരിയ്ക്ക് തീകൊളുത്തുകയാണ് അവിടുന്നങ്ങോട്ട് . പ്രാരാബ്ധങ്ങള്‍ തീര്‍ന്നുകിട്ടാന്‍ ശിവരാമനും ഗോവിന്ദന്‍കുട്ടിയും ചേര്‍ന്ന് ബാങ്ക് കൊള്ള നടത്തുന്നു. കൊള്ള വിജയിച്ചെങ്കിലും പണം അവര്‍ക്ക് സ്വന്തമാക്കാന്‍ കഴിയുന്നില്ല. പിന്നീട് അവര്‍ അമേരിക്കയില്‍ നിന്നും വരുന്ന കൊച്ചുമകനെ കാത്തിരിക്കുന്ന അന്ധരായ തമ്പുരാന്റെയും തമ്പുരാട്ടിയുടെയും അടുത്തേക്ക് അവരുടെ കൊച്ചുമകനായി വേഷം മാറിചെല്ലുന്നു. ഈ ആള്‍മാറാട്ടത്തിലേക്ക് ഗോവിന്ദന്‍കുട്ടിയെയും ശിവരാമനെയും നയിച്ച ചേതോവികാരം ഒന്നുമാത്രം-വയറ്റുപ്പിഴപ്പ്. പക്ഷെ അമേരിക്കയിലുള്ള കൊച്ചുമകന്‍ യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെടുന്നതോടെ ആള്‍മാറാട്ടക്കാരാണെന്നറിഞ്ഞിട്ടു കൂടി തമ്പുരാന്‍ അദ്ദേഹത്തിന്റെ കൊച്ചുമകനായി ഗോവിന്ദന്‍കുട്ടിയെയും ശിവരാമനെയും അംഗീകരിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.

    ഇന്നസെന്റും ജഗതിയും ജഗദീഷും കൊച്ചിന്‍ ഹനീഫയുമെല്ലാം ചിത്രത്തിന്റെ ഓരോ മുഹൂര്‍ത്തത്തിലും ചിരിക്ക് മാറ്റ് കൂട്ടുന്നതില്‍ വിജയിച്ചിരിക്കുന്നു. ബാങ്കുകൊള്ളയ്ക്ക് നേതൃത്വം നല്കുന്ന കൊച്ചിന്‍ ഹനീഫയുടെ തോമസ് എന്ന കഥാപാത്രവും തോമസിന്റെ സഹായിയായി പ്രവര്‍ത്തിക്കുന്ന മന്ദബുദ്ധിയും വിക്കനുമായ ജഗദീഷിന്റെ ട്യൂട്ടിയും നല്ല നേരമ്പോക്കാണ്. ജഗതി ശ്രീകുമാറിന്റെ നമ്പീശന്‍ എന്ന വക്കീല്‍ കഥാപാത്രം ജഗതിയുടെ സ്വതസിദ്ധമായ ഹാസ്യത്താല്‍ മികവുപുലര്‍ത്തുന്നു. കള്ളുകുടി കൂടിപ്പോയതുകൊണ്ട് കൊട്ടാരത്തില്‍ നിന്ന് പുറത്താക്കുന്ന കാര്യസ്ഥന്‍ നമ്പീശനായി എത്തുന്ന ഇന്നസെന്റും ഈ ചിരിപ്പടയില്‍ മുന്‍പന്തിയില്‍ തന്നെ. മലയാളി നായികമാര്‍ക്ക് പകരം രണ്ട് ഉത്തരേന്ത്യന്‍ താരങ്ങളാണ് നായികമാരുടെ സ്ഥാനത്ത്. മുംബൈയില്‍ മോഡലായ ആര്‍സുവും പ്രീതിയും. അവര്‍ രണ്ടു പേരും തങ്ങളുടെ റോളുകള്‍ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു. ചെറുപ്പക്കാരായ പ്രേക്ഷകര്‍ക്ക് അല്പം ഹരം പകരാന്‍ രമ്യാകൃഷ്ണനും ശ്വേതാമേനോനും നൃത്തരംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. അന്ധരായ തമ്പുരാന്റെയും തമ്പുരാട്ടിയുടെയും വേഷത്തില്‍ പ്രത്യക്ഷപ്പെട്ട നെടുമുടിയും കവിയൂര്‍പൊന്നമ്മയും ചിത്രത്തില്‍ ഒരല്പം കണ്ണീരിന്റെ നനവുണ്ടാക്കാനും സഹായിച്ചു.ഗിരീഷ്പുത്തഞ്ചേരിയുടെ വരികളും ദീപന്‍ചാറ്റര്‍ജിയുടെ ഈണവും എടുത്താന്‍ പറയാന്‍ മാത്രമില്ല.

    പഴയതിനെ പുതിയതാക്കുന്ന പ്രിയന്‍തന്ത്രം

    കാക്കക്കുയില്‍ എന്ന ചിത്രം വന്‍ സാമ്പത്തിക വിജയം നേടുമെന്നതില്‍ സംശയമില്ല. പഴയ വീഞ്ഞു തന്നെ പുതിയ കുപ്പിയില്‍ നിറച്ചു നല്കുന്ന പ്രിയദര്‍ശന്റെ സിനിമ തേടി പ്രേക്ഷകര്‍ സിനിമയുടെ ഈ പ്രതിസന്ധി കാലത്തും തിയ്യറ്ററുകളിലേക്ക് ഒഴുകുന്നുണ്ട്. ഇതിന്റെ കാരണം അന്വേഷിക്കുമ്പോഴാണ് പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ (ഇതില്‍ കഥയും തിരക്കഥയും എല്ലാം പ്രിയന്റേതു തന്നെ) പ്രേക്ഷകരുടെ പള്‍സ് തൊട്ടറിയാനുള്ള കഴിവ് നമ്മള്‍ മനസ്സിലാക്കുക. പ്രാരാബ്ധക്കാരായ ചെറുപ്പക്കാര്‍ ജീവിക്കാന്‍ വേണ്ടി കാട്ടിക്കൂട്ടുന്ന നാടകങ്ങളാണ് എല്ലാ പ്രിയന്‍ ചിരിച്ചിത്രങ്ങളുടെയും കഥാതന്തു. ദാരിദ്യ്രത്തിനും തൊഴിലില്ലായ്മയ്ക്കും പഞ്ഞമില്ലാത്ത ഈ നാട്ടില്‍ ഈ കഥ കാലഹരണപ്പെടില്ലെന്ന് പ്രിയദര്‍ശനറിയാം. ഹാസ്യത്തിന്റെ മര്‍മ്മവും പ്രിയനറിയാം. ചാര്‍ലി ചാപ്ലിന്‍ തൊട്ട് ലോകസിനിമകളിലെ ഹാസ്യമെല്ലാം അപ്പപ്പോള്‍ മനസ്സിലാക്കുന്ന സിനിമക്കാരനാണ് പ്രിയന്‍.

    പിന്നെ കാക്കക്കുയിലിന് ഒരു വലിയ പുതുമയുണ്ട്. പ്രേമം എന്ന വികാരപ്രകടനത്തെ പ്രിയദര്‍ശന്‍ ഈ സിനിമയില്‍ പാടെ ഒഴിച്ചുനിര്‍ത്തിയിരിക്കുന്നു. തമാശയ്ക്ക് വേണ്ടിയല്ലാതെ എല്ലുപൊട്ടുന്ന അടിപിടിരംഗങ്ങളും ഈ ചിത്രത്തിലില്ല. എന്നിട്ടും കാക്കക്കുയിലിന്റെ രസച്ചരടു പൊട്ടുന്നില്ല. സിനിമ തീര്‍ന്ന് കഴിഞ്ഞാല്‍ എന്തിനാണ് ഇത്രനേരം ചിരിച്ചിതെന്ന് കാണികള്‍ മറക്കുമെന്നുറപ്പാണ്. കാരണം ഓര്‍ക്കാന്‍ വലിയ കഥയൊന്നുമില്ലാത്ത ഒരു ചിത്രമാണല്ലോ കാക്കക്കുയില്‍. പക്ഷെ ചില പ്രത്യേക സാഹചര്യങ്ങളിലകപ്പെട്ട കഥാപാത്രങ്ങള്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ സ്വയം മറന്നു ചിരിക്കാന്‍ ഉപകരിക്കുന്നവയാണ്. ഈ കാണികളില്‍ ഭൂരിഭാഗവും മടങ്ങിപ്പോകുന്നത് അവരവരുടെ ജീവിത പ്രാരാബ്ധങ്ങളിലേക്കാണ്. അവിടെ നൂറുനൂറു ജീവിതപ്രശ്നങ്ങള്‍ അവരെക്കാത്തിരിക്കുന്നുണ്ടാവും. ഇനിയിപ്പോള്‍ തന്റെ സിനിമ കാരണം അവര്‍ കൂടുതല്‍ ചിന്താക്കുഴപ്പത്തിലാകേണ്ട എന്നു പ്രിയദര്‍ശന്‍ കരുതുന്നതില്‍ തെറ്റുണ്ടോ?

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X