twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആവര്‍ത്തനക്കാഴ്ചകളുടെ ഉത്സവം

    By Staff
    |

    ആവര്‍ത്തനക്കാഴ്ചകളുടെ ഉത്സവം

    ദേവാസുരം, ആറാം തമ്പുരാന്‍, നരസിംഹം, രാവണപ്രഭു എന്നിവ രഞ്ജിത്ത് തിരക്കഥയെഴുതിയ സൂപ്പര്‍ഹിറ്റ് മോഹന്‍ലാല്‍ ചിത്രങ്ങളാണ്. ദേവാസുരം ഐ. വി. ശശിയും ആറാം തമ്പുരാനും നരസിംഹവും ഷാജി കൈലാസുമാണ് സംവിധാനം ചെയ്തതെങ്കില്‍ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭു രഞ്ജിത്ത് സംവിധാനം ചെയ്ത ആദ്യത്തെ ചിത്രം. ഈ ചിത്രങ്ങളുടെ ജനുസിലുള്ള മറ്റൊരു ചിത്രമാണ് ഇത്തവണ വിഷുവിനായി രഞ്ജിത്ത് ഒരുക്കിയത്. എന്നാല്‍ മുന്‍ചിത്രങ്ങളുടെ വിജയം ചന്ദ്രോത്സവം എന്ന പുതിയ ചിത്രത്തില്‍ ആവര്‍ത്തിക്കാന്‍ രഞ്ജിത്തിനായില്ല.

    ദേവാസുരം, ആറാം തമ്പുരാന്‍, നരസിംഹം, രാവണപ്രഭു എന്നീ നാല് ചിത്രങ്ങളും മോഹന്‍ലാലിനെ വീരനായകനാക്കി പ്രതിഷ്ഠിക്കുന്ന, മിക്കവാറും ഒരേ ഫോര്‍മുലയില്‍ വാര്‍ത്ത ചിത്രങ്ങളായിരുന്നു. ഒരേ മാതൃകയിലുള്ള കഥാപാത്രങ്ങളെ നാല് തവണ ആവര്‍ത്തിച്ച് അവതരിപ്പിക്കുകയും ആ നാല് ചിത്രങ്ങളും മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റുകളാക്കുകയും ചെയ്യുക എന്നത് മോഹന്‍ലാലിന് മാത്രം അവകാശപ്പെടാവുന്ന അപൂര്‍വതയാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ ജനപ്രിയതാരമെന്ന നിലയില്‍ പ്രേക്ഷകര്‍ക്കിടയില്‍ മോഹന്‍ലാലിനോടുള്ള ആരാധന ഒന്നുകൊണ്ടു മാത്രമാണ് സ്വയം ആവര്‍ത്തിച്ച് നാല് ചിത്രങ്ങള്‍ വിജയമാക്കുക എന്ന അസാധാരണനേട്ടം മോഹന്‍ലാലിന് കൈവരിക്കാന്‍ കഴിഞ്ഞത്. ഒരു പക്ഷേ മലയാളത്തിലെ മറ്റൊരു നടനും സാധ്യമല്ല ഇതുപോലൊരു തനിയാവര്‍ത്തന വിജയം.

    പക്ഷേ സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തണമെന്നാണല്ലോ. ആവര്‍ത്തനം നിര്‍ത്തേണ്ട സമയം അതിക്രമിച്ചുവെന്ന് രഞ്ജിത്ത് ചിത്രങ്ങളുടെ മാതൃകയില്‍ പടുത്ത മോഹന്‍ലാല്‍ ചിത്രങ്ങളുടെ പരാജയങ്ങളില്‍ നിന്ന് മനസിലാക്കേണ്ടതായിരുന്നു. എന്നാല്‍ ദേവാസുരം, ആറാം തമ്പുരാന്‍, നരസിംഹം, രാവണപ്രഭു എന്നിവ തിരക്കഥയുടെ ബലത്തില്‍ വിജയിപ്പിക്കാനായ തനിക്ക് ഈ ജനുസിലുള്ള മറ്റൊരു ചിത്രം കൂടി വിജയിപ്പിച്ചെടുക്കാനാവുമെന്ന അമിതമായ ആത്മവിശ്വാസമായിരിക്കണം ചന്ദ്രോത്സവം എന്ന ചിത്രമാൈരുക്കാന്‍ രഞ്ജിത്തിനെ പ്രേരിപ്പിച്ചത്. എന്നാല്‍ ഇത്തവണ രഞ്ജിത്തിന് പിഴച്ചു. ഈ ആവര്‍ത്തനം വിരസമെന്ന് ഇപ്പോള്‍ പ്രേക്ഷകര്‍ വിധിയെഴുതുന്നു. ചിത്രം പരാജയത്തിലേക്ക് നീങ്ങുന്നു.

    ദേവാസുരത്തിലും ആറാം തമ്പുരാനിലും രാവണപ്രഭുവിലും കണ്ട വരിക്കാശേരി മനയാണ് ഒരിക്കല്‍ കൂടി ചിത്രത്തിന് പശ്ചാത്തലമാവുന്നത്. രഞ്ജിത്ത് രചന നടത്തിയ ഈ മോഹന്‍ലാല്‍ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ സവിശേഷതകള്‍ തന്നെയാണ് ചന്ദ്രോത്സവത്തിലെ ശ്രീഹരിക്കുള്ളത്. സംസ്കൃതത്തിലും സംഗീതത്തിലും പ്രാവീണ്യമുള്ള, കായികബലത്തില്‍ ആരെയും മലര്‍ത്തിയടിക്കുന്ന, വലിയ സുഹൃദ്വലയത്തിനൊപ്പം കൊച്ചു കൊച്ചു കൗതുകങ്ങളും തമാശകളും ആസ്വദിക്കുന്ന, സുഹൃത്തുക്കളോടൊപ്പം മദ്യലഹരിയില്‍ ആറാടുന്ന ശ്രീഹരി. ശ്രീഹരിയുടെ രീതികള്‍ എല്ലാം പഴയതുപോലെ തന്നെ- ശ്രീഹരിയുടെ തറവാടായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന വരിക്കാശേരി മന പോലെ.

    ഒരു പലായനത്തിന്റെ ഓര്‍മകളുമായി വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ തിരിച്ചെത്തുന്ന നായകന്‍. അയാളുടെ വരവ് ആഘോഷിക്കുന്ന സുഹൃത്തുക്കള്‍. ആ വരവിന് പിന്നിലെ ലക്ഷ്യമായി അയാളുടെ മനസില്‍ നീറുന്ന പക. അതിന് കാരണക്കാരിയായ പഴയ കാമുകി. ഒട്ടും പുതുമയില്ലാത്ത കഥാഗതി ആവര്‍ത്തനത്തിന്റെ ചെടിപ്പ് വല്ലാതെ കൂട്ടുന്നതാണ് ചന്ദ്രോത്സവത്തിന്റെ പരാജയത്തിന് കാരണമാകുന്നത്.

    വീരനായകനായ മോഹന്‍ലാല്‍ കഥാപാത്രം ഈ വിധം ആവര്‍ത്തിക്കപ്പെടുമ്പോഴും ക്ലൈമാക്സില്‍ ഒരു വ്യത്യസ്തയുണ്ട്. സര്‍വസംഹാര ശേഷിയുള്ള മറ്റു കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ ചിത്രത്തിലെ ശ്രീഹരി മാരകമായ ക്യാന്‍സര്‍ രോഗത്തിന്റെ പിടിയിലാണ്. ശ്രീഹരിയെ ചികിത്സക്കായി നാട്ടില്‍ നിന്ന് കൊണ്ടുപോകുന്നതിന് ഡോ. ദുര്‍ഗ എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നതോടെയാണ് ഇത് വെളിപ്പെടുന്നത്. 20 വര്‍ഷം മുമ്പുള്ള ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്ന കഥാസന്ദര്‍ഭം!

    പ്രേക്ഷക മനസില്‍ സ്ഥിരപ്രതിഷ്ഠ നേടിയ പഴയ മോഹന്‍ലാല്‍ കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കും വിധം ഉദയനാണ് താരത്തിലൂടെ തിരിച്ചുവരവ് നടത്തിയ സൂപ്പര്‍താരം ചന്ദ്രോത്സവത്തിലെത്തുമ്പോള്‍ വീണ്ടും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു. മോഹന്‍ലാലിന്റെ അനായാസതയും അഭിനയശേഷിയും അസാധാരണമാക്കുന്ന ഉദയനെ പോലുള്ള സ്വാഭാവികതയുള്ള കഥാാപാത്രങ്ങള്‍ക്കാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നതെന്ന് ചന്ദ്രോത്സവത്തിന്റെ പരാജയം ഒരിക്കല്‍ കൂടി തെളിയിക്കുന്നു.

    പോ മോനേ ദിനേശാ, സവാരിഗിരിഗിരി പോലുള്ള നമ്പറുകള്‍ ഈ ചിത്രത്തിലുമുണ്ട്. ബെസ്റ് കണ്ണാ ബെസ്റ് എന്ന നമ്പരുമായാണ് ഇത്തവണ മോഹന്‍ലാല്‍ കഥാപാത്രം പ്രേക്ഷകരെ കൈയിലെടുക്കാന്‍ ശ്രമിക്കുന്നത്. അതു പക്ഷേ ഒട്ടുമേശിയില്ല.

    ബ്ലാക്ക് എന്ന പുതുമയുള്ള ആക്ഷന്‍ ചിത്രം ഒരുക്കിയ രഞ്ജിത്തിന് ആ വ്യത്യസ്തത ചന്ദ്രോത്സവത്തില്‍ സൃഷ്ടിക്കാനായില്ല. ചിത്രത്തിലെ മോഹന്‍ലാലിന്റെ നെടുങ്കന്‍ ഡയലോഗുകള്‍ പഴയ വീരനായക ചിത്രങ്ങളുടെ ശൈലിയിലുള്ളതാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X