twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേക്ഷകനെ ചന്തു ചതിച്ചില്ല

    By Staff
    |

    പ്രേക്ഷകനെ ചന്തു ചതിച്ചില്ല
    അശോക്

    തെങ്കാശിപ്പട്ടണം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മൂന്ന് വര്‍ഷത്തെ ഇടവേള പിന്നിട്ടാണ് റാഫി മെക്കാര്‍ട്ടിന്‍ ചതിക്കാത്ത ചന്തു എന്ന ചിത്രമൊരുക്കിയത്. തിയേറ്ററില്‍ നിലക്കാത്ത ചിരിയുടെ അലകള്‍ സൃഷ്ടിച്ച് വന്‍വിജയം കൊയ്ത തെങ്കാശിപ്പട്ടണത്തിന് ശേഷം ഒരുക്കുന്ന ചിത്രവും മറ്റൊരു സൂപ്പര്‍ ഹിറ്റാവണം എന്ന നിര്‍ബന്ധമുള്ളതുകൊണ്ടാവണം അടുത്ത ചിത്രത്തിന് റാഫി മെക്കാര്‍ട്ടിന്‍ നീണ്ട ഇടവേളയെടുത്തത്. ഏതായാലും പ്രേക്ഷകരെ ചിരിപ്പിക്കുന്ന മറ്റൊരു മുഴുനീള കോമഡി ചിത്രം ഒരുക്കുന്നതില്‍ റാഫി മെക്കാര്‍ട്ടിന്‍ ചതിയന്‍ ചന്തുവിലും പൂര്‍ണമായി വിജയിച്ചിരിക്കുന്നു.

    ചിത്രത്തിന്റെ ഷൂട്ടിംഗിന് മുമ്പ് കാസ്റിംഗിന്റെ പേരില്‍ വിവാദം സൃഷ്ടിച്ച ചിത്രമാണിത്. ദിലീപിനെ മാറ്റി ജയസൂര്യയെ കൊണ്ടുവന്നതും ചതിയന്‍ ചന്തു എന്ന പേര് ചതിക്കാത്ത ചന്തുവായതും വലിയ വിവാദമായിരുന്നു. നായകതാരമാരായാലും സിനിമ മറ്റൊരു സൂപ്പര്‍ഹിറ്റിലേക്ക് നീങ്ങുകയാണെന്നാണ് തിയേറ്ററുകളിലെ ചിത്രത്തോടുള്ള പ്രതികരണം വ്യക്തമാക്കുന്നത്.

    പുതുമയില്ലാത്ത കഥയെ പുതുമയുള്ള ചിരി മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിച്ചുവെന്നതാണ് റാഫി മെക്കാര്‍ട്ടിന്റെ ഈ ചിത്രത്തിലെ വിജയം. ചിരി സൃഷ്ടിക്കാനായി വ്യത്യസ്തമായ സീനുകള്‍ സൃഷ്ടിക്കാന്‍ തിരക്കഥ കൂടി രചിച്ച റാഫി മെക്കാര്‍ട്ടിന് സാധിച്ചു. മറ്റ് സംവിധായകരുടെയും തങ്ങളുടെയും ഒരു പിടി കോമഡി ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുള്ള റാഫി മെക്കാര്‍ട്ടിന്‍ ചിരി ഉണ്ടാക്കാന്‍ വേണ്ടതൊക്കെ ഇപ്പോഴും കൈയിലുണ്ടെന്ന് തെളിയിച്ചിരിക്കുന്നു.

    ഒട്ടേറെ സിനിമകളില്‍ കണ്ടിട്ടുള്ള ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. തന്റെ മുതലാളിയുടെ മകളെ പ്രേമിക്കുന്ന പാവപ്പെട്ടവന്‍ സിനിമകളില്‍ കണ്ടുപഴകിയ കഥാപാത്രമാണ്. എന്നാല്‍ ഈ കഥാപാത്രത്തെ വ്യത്യസ്തമായി അവതരിപ്പിക്കാന്‍ റാഫി മെക്കാര്‍ട്ടിന് സാധിച്ചിരിക്കുന്നു. പണമുണ്ടാക്കുന്നതിന് ഈ കഥാപാത്രം ചെയ്യുന്നത് സിനിമയുടെ തിരക്കഥ രചിക്കുക എന്ന പ്രവൃത്തിയാണ്. തന്റെ ഒരു തിരക്കഥ ഏതെങ്കിലും സംവിധായകനെ കൊണ്ട് സിനിമയാക്കുന്നതിനുള്ള തത്രപ്പാടില്‍ ചന്തു എന്ന കഥാപാത്രം ചിരിയുടെ അലകള്‍ തന്നെ തീര്‍ക്കുന്നു.

    ചന്തുവും ഇന്ദിരയും തമ്മിലുള്ള പ്രണയവും അവര്‍ക്കിടയിലേക്ക് മറ്റൊരു പെണ്‍കുട്ടി കടന്നുവരുന്നതുമാണ് ചിത്രത്തിന്റെ കഥാതന്തു. തന്റെ മുതലാളിയുടെ മകളെയാണ് ചന്തു പ്രണയിക്കുന്നത്. ചന്തുവിനെ കൊണ്ട് മുതലാളി വസുമതി എന്ന സാങ്കല്പികവ്യക്തിക്ക് കത്തുകള്‍ എഴുതിക്കുന്നത് ചന്തുവും മുതളാളിയുടെ മകളും തമ്മിലുള്ള പ്രണയം പൊളിക്കാനാണ്. ചന്തു ആ പെണ്‍കുട്ടിക്ക് എഴുതിയ കത്തുകള്‍ പുറത്താക്കുക വഴി ആ ശ്രമത്തില്‍ മുതലാളി വിജയിക്കുകയും ചെയ്തു. ഇന്ദിര ആ കത്തുകള്‍ വായിച്ച് ചന്തുവിനെ തെറ്റിദ്ധരിച്ചു.

    എന്നാല്‍ സാങ്കല്പിക വ്യക്തിക്കാണ് ചന്തു കത്തുകളെഴുതിയതെങ്കിലും അവന്‍ കത്തുകള്‍ അയക്കുന്ന വിലാസം യഥാര്‍ഥത്തിലുള്ളതായിരുന്നു. ആ കത്തുകള്‍ വായിച്ച് യഥാര്‍ഥത്തില്‍ ജീവിച്ചിരിക്കുന്ന പെണ്‍കുട്ടി അവനെ പ്രണയിച്ചു. അവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാവുന്നതിനിടയില്‍ തെറ്റിദ്ധാരണ മാറി പഴയ കാമുകി തിരിച്ചെത്തുന്നതോടെ കഥ മുറുകുന്നു.

    ചന്തുവായി ജയസൂര്യ മികച്ച അഭിനയം തന്നെ കാഴ്ചവച്ചു. ഹാസ്യരംഗങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ജയസൂര്യ ഏറെ മെച്ചപ്പെട്ടിരിക്കുന്നു. ജയസൂര്യയുടെ നായികമാരായ ഭാവനയും നവ്യാനായരും പതിവ് ശൈലിയിലൊതുങ്ങി.

    ജയസൂര്യക്ക് പുറമെ ചിരിപ്പിക്കുക എന്ന ദൗത്യത്തിനായി നിയോഗിക്കപ്പെട്ട കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍, ലാല്‍ എന്നിവരൊക്കെ തങ്ങളുടെ ഭാഗം ഭദ്രമാക്കി. ഒരു ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ വിനീത് തന്റെ തിരിച്ചുവരവ് ഗംഭീരമാക്കി. അസിസ്റന്റ് കോറിയോഗ്രാഫര്‍ കൃഷ്ണനായി അഭിനയിക്കുന്ന വിനീത് ആ വേഷം മികച്ച രീതിയില്‍ അവതരിപ്പിച്ചു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X