twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊച്ചിരാജാവ്: പരാജയത്തിന്റെ തുടര്‍ക്കഥ

    By Staff
    |

    കൊച്ചിരാജാവ്: പരാജയത്തിന്റെ തുടര്‍ക്കഥ

    മീശ മാധവന്‍, സിഐഡി മൂസ തുടങ്ങിയ സൂപ്പര്‍ഹിറ്റുകളിലൂടെ സൂപ്പര്‍താരതുല്യനായി മാറിയ ദിലീപിന്റെ കരിയര്‍ ഇപ്പോഴൊരു പ്രതിസന്ധിയിലാണ്. സൂപ്പര്‍സ്റാര്‍ ചിത്രങ്ങള്‍ക്ക് വന്‍വിജയം നേടാന്‍ കഴിയാതെ പോയ സമയത്ത് സൂപ്പര്‍വിജയങ്ങളുമായി ജനപ്രിയനായകനെന്ന് പേരെടുത്ത ദിലീപിന് ഇപ്പോള്‍ തുടര്‍ച്ചയായ പരാജയത്തിന്റെ കാലമാണ്.

    കഴിഞ്ഞ വിഷുവിന് പുറത്തിറങ്ങിയ റണ്‍വേയാണ് ശരാശി വിജയം നേടിയ ഒടുവിലത്തെ ദിലീപ് ചിത്രം. അതിനു ശേഷം പുറത്തിറങ്ങിയ ദിലീപ് ചിത്രങ്ങളൊന്നും വിജയിച്ചില്ല. കഴിഞ്ഞ ക്രിസ്തുമസിനെത്തിയ രസികനിലൂടെ ദിലീപ് ഒരു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ആ ചിത്രവും പരാജയപ്പെടുന്നതാണ് കണ്ടത്. നാല് മാസങ്ങളുടെ ഇടവേളക്ക് ശേഷമെത്തിയ പുതിയ ദിലീപ് ചിത്രമായ കൊച്ചിരാജാവിനും പറയാനുള്ളത് പരാജയത്തിന്റെ തുടര്‍ക്കഥയാണ്.

    ദിലീപിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സിഐഡി മൂസ ഒരുക്കിയ ജോണി ആന്റണിയാണ് കൊച്ചിരാജാവ് സംവിധാനം ചെയ്തത്. ജോണി ആന്റണിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം വന്‍പ്രതീക്ഷകളോടെയാണ് വിഷുചിത്രമെന്ന നിലയില്‍ തിയേറ്ററുകളിലെത്തിയത്. എന്നാല്‍ ഒരിക്കല്‍ക്കൂടി ദിലീപ് പ്രേക്ഷകപ്രതീക്ഷകളുടെ താളം തെറ്റിച്ചിരിക്കുന്നു.

    ആദ്യന്തം നര്‍മരസത്തിലുള്ള രംഗങ്ങളാണ് ഒരു ദിലീപ് ചിത്രത്തില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. അതില്‍ കവിഞ്ഞുള്ള സൂപ്പര്‍ ആക്ഷനോ ഗൗരവമോ ദിലീപ് ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. സിഐഡി മൂസയില്‍ ദിലീപ് ആക്ഷന്‍ ചെയ്തത് ഒരു കാര്‍ട്ടൂണ്‍ ചിത്രത്തെ ഓര്‍മിപ്പിക്കുന്ന നര്‍മപശ്ചാത്തലത്തിലാണ്. കാര്‍ട്ടൂണ്‍ചിത്ര സ്വഭാവമാണ് ആ ചിത്രത്തെ വിജയമാക്കിയത്. എന്നാല്‍ കൊച്ചിരാജാവിലെത്തുമ്പോള്‍ രജനീകാന്തിന്റെ ബാഷയെ ഓര്‍മിപ്പിക്കുന്ന തരത്തിലാവുന്നു കാര്യങ്ങള്‍. ആക്ഷന്‍ ചെയ്ത് സൂപ്പര്‍താരമാവാമെന്ന മോഹത്തിലാണ് ദിലീപെന്ന് തോന്നുന്ന തരത്തിലാണ് ചിത്രത്തില്‍ ചില രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

    ഒരു കാര്‍ട്ടൂണ്‍ ചിത്രത്തിന്റെ സ്വഭാവമുള്ളതു കൊണ്ടാണ് സിഐഡി മൂസയിലെ അയുക്തി പ്രേക്ഷകര്‍ കാര്യമാക്കാതിരുന്നത്. ഒരു ടോം ആന്റ് ജെറി കാര്‍ട്ടൂണ്‍ പോലെയാണ് ആ ചിത്രം പ്രേക്ഷകര്‍ കണ്ടത്. എന്നാല്‍ സൂര്യനാരായണ വര്‍മ എന്ന രാജകുടുംബാംഗത്തിന്റെ കഥ പറയുന്ന കൊച്ചിരാജാവിലെ ആദ്യന്തം നിറഞ്ഞുനില്‍ക്കുന്ന അയുക്തിയും അതിഭാവുകത്വവും പ്രേക്ഷകര്‍ക്ക് സഹിക്കാവുന്നതല്ല.

    ആഭ്യന്തര വകുപ്പില്‍ ഉയര്‍ന്ന ഉദ്യോസസ്ഥനാണ് സൂര്യനാരായണവര്‍മയുടെ അച്ഛന്‍ (മുരളി). അദ്ദേഹം വളരെ കര്‍ക്കശക്കാരനാണ്. അതേ സമയം മുത്തച്ഛന്‍ (ജഗതി ശ്രീകുമാര്‍) സൂര്യനാരായണവര്‍മയുടെ എല്ലാം ചെയ്തികള്‍ക്കും കൂട്ടുനില്‍ക്കും. ലോ കോളജിലെ വിദ്യാര്‍ഥി നേതാവായ സൂര്യ പല പ്രശ്നങ്ങളിലും ചെന്നുപെടാറുണ്ട്. അക്കൂട്ടത്തിലൊരിക്കല്‍ സൂര്യ ഉള്‍പ്പെട്ട അക്രമാസക്തമായ വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടയില്‍ കരിമ്പാറക്കല്‍ കുടുംബത്തിന്റെ ബസ്സുകള്‍ തകര്‍ക്കപ്പെട്ടു. ആ കുടുംബത്തിലെ അംഗമായ അശ്വതി (കാവ്യാ മാധവന്‍)യുമായി പ്രണയത്തിലാണ് സൂര്യ. തുടര്‍ന്നുണ്ടാവുന്ന തെറ്റിദ്ധാരണകളെ തുടര്‍ന്ന് അച്ഛന്‍ സൂര്യയെ വീട്ടില്‍ നിന്ന് പുറത്താക്കുന്നു. അങ്ങനെ ജീവിക്കാന്‍ വേണ്ടി നമ്മുടെ നായകന്‍ നേരെ ചെന്ന് ഓട്ടോഡ്രൈവറാവുന്നു! ഇദ്ദേഹത്തിന്റെ ഓട്ടോയുടെ പേരാണ് കൊച്ചിരാജാവ്.

    കാമുകിക്കു വേണ്ടി കാമുകന്‍ ഒരാളെ കൊല്ലുന്നതും തുടര്‍ന്ന് ജയിലില്‍ പോകുന്നതും ജയിലില്‍ നിന്ന് മോചിതനായതിന് ശേഷം വീണ്ടും മറ്റൊരു കോളജില്‍ ചേര്‍ന്ന് പഠനം തുടരുന്നതും അവിടെ വച്ച് മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്നതും അതിനിടയില്‍ തന്റെ പഴയ കാമുകി ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞ് ഞെട്ടുന്നതും അവളെ തേടിപോകുന്നതുമൊക്കെയായി ബഹളമയമാണ് സിനിമ. കഥക്ക് യുക്തി വേണമെന്ന യാതൊരു നിര്‍ബന്ധവുമില്ലാത്തയാളാണ് സംവിധായകന്‍.

    കോമഡിക്കായി ഒരുക്കിയിരിക്കുന്ന തറവളിപ്പുകളുടെ ആവര്‍ത്തനം അരോചകമാണ്. മഴത്തുള്ളിക്കിലുക്കത്തില്‍ നായികയായ ഹോം നഴ്സ് നായകനായ ദിലീപിന് അസാമാന്യ വലിപ്പമുള്ള സിറിഞ്ച് കൊണ്ട് ഇഞ്ചക്ഷന്‍ നല്‍കുന്ന രംഗം അതേ പടി പകര്‍ത്തിവയ്ക്കാന്‍ പോലും തിരക്കഥാകൃത്തുക്കളായ സിബി കെ. തോമസ്- ഉദയ്കൃഷ്ണ മടിച്ചിട്ടില്ല. ഹരിശ്രീ അശോകന്‍ തമാശക്കായി ഉണ്ടാക്കുന്ന പുകിലുകള്‍ സഹനീയതയുടെ അതിര്‍ത്തിക്കപ്പുറത്താണ്.

    തിരക്കഥകളില്‍ നന്നായി ശ്രദ്ധയര്‍പ്പിക്കാറുള്ള താരമാണ് ദിലീപ്. എന്നിട്ടും തുടര്‍ച്ചയായ പരാജയങ്ങള്‍ വന്നുപിണയുകയാണ് ഈ നടന്. തന്റെ വിജയത്തിന്റെ ട്രാക്കിനെ പറ്റിയുള്ള ഈ നടന്റെ മുന്‍ധാരണകള്‍ മാറ്റേണ്ട സമയമായിരിക്കുന്നെന്ന് തോന്നുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X