twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിബി അസംബന്ധ ലോകത്തില്‍

    By Staff
    |

    സിബി അസംബന്ധ ലോകത്തില്‍
    അശോക്

    കിരീടം, ദശരഥം, സദയം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് സിബി മലയില്‍. ലോഹിതദാസിന്റെ തിരക്കഥകളായിരുന്നു തന്റെ ആദ്യകാലത്തെ മികച്ച ചിത്രങ്ങളുടെ കരുത്തെങ്കിലും പില്‍ക്കാലത്തും സമ്മര്‍ ഇന്‍ ബത്ലഹേം, ഇഷ്ടം തുടങ്ങിയ ചിത്രങ്ങളിലൂടെ സിബി സംവിധായകനെന്ന നിലയിലുള്ള തന്റെ മികവ് നിലനിര്‍ത്തി. എന്നാല്‍ ഈയിടെ പുറത്തിറങ്ങിയ ചില സിബി ചിത്രങ്ങള്‍ അവ ഒരുക്കിയത് ഈ സംവിധായകന്‍ തന്നെയോ എന്ന് തോന്നിപ്പിക്കും വിധം ശരാശി നിലവാരം പോലുമില്ലാത്തവയാണ്.

    ജലോത്സവം എന്ന ചിത്രത്തില്‍ തുടങ്ങിയതാണെന്ന് തോന്നുന്നു സിബിയുടെ ഈ പതനം. കാലത്തിനനുസരിച്ച് സിനിമയുടെ പ്രമേയസ്വീകരണത്തിലും പരിചരണരീതിയിലും വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ ഈ സംവിധായകന്‍ പരാജയമാണോ എന്ന ചോദ്യമാണ് ജലോത്സവവും അതിന് ശേഷം ഒരുക്കിയ സിബി ചിത്രങ്ങളുമുയര്‍ത്തുന്നത്.

    ജലോത്സവത്തിലും അമൃതത്തിലും പറഞ്ഞുപഴകിയ കുടുംബബന്ധങ്ങളുടെ കഥ പഴയ രീതിയില്‍ തന്നെ ആവര്‍ത്തിക്കുന്ന സിബി കെട്ടിലും മട്ടിലും പുതുമയുള്ളത് എന്ന പ്രതീതിയുണര്‍ത്തിയാണ് ആലീസ് ഇന്‍ വണ്ടര്‍ലാന്റുമായി വിഷുവിപണിയില്‍ നേട്ടം കൊയ്യാനെത്തിയത്. എന്നാല്‍ ഊട്ടിയിയുടെ കണ്ണിനിമ്പം പകരുന്ന പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ആലീസ് ഇന്‍ വണ്ടര്‍ലാന്റ് അതിനപ്പുറം പ്രേക്ഷകര്‍ക്ക് ആസ്വാദിക്കാവുന്നതായി ഒന്നുമില്ലാത്ത, പ്രേക്ഷകനെ ഒട്ടും ഗൗനിക്കാതെ ഒരുക്കിയിരിക്കുന്ന മെലോഡ്രാമയില്‍ പൊതിഞ്ഞെടുത്തിരിക്കുന്ന ചിത്രമാണ്. ഈ ചിത്രത്തിലെ ആലീസ് അത്ഭുതലോകത്തിലേക്കല്ല പ്രേക്ഷകരെ കൊണ്ടുപോകുന്നത്. മറിച്ച്, അസംബന്ധങ്ങളുടെ ലോകത്തേക്കാണ്.

    ഇരുപത് വര്‍ഷം മുമ്പെങ്ങിലുമുള്ള സിനിമയിലെ അതിനാടകീയമായ കഥാസന്ദര്‍ഭങ്ങളെയാണ് ഈ ചിത്രത്തിന്റെ പ്രമേയവും ചിത്രത്തിലെ പല ദൃശ്യങ്ങളും ഓര്‍മിപ്പിക്കുന്നത്. കഥക്ക് ഒട്ടും പുതുമയില്ലെന്ന് മാത്രമല്ല അത് ചിത്രീകരിച്ചിരിക്കുന്നതും വിരസത മാത്രം പ്രേക്ഷകര്‍ക്ക് പകര്‍ന്നുനല്‍കുന്ന തരത്തിലാണ്.

    മാനസിക വിഭ്രാന്തിയുള്ള സഹോദരി ആലീസിനെയും അവളെ പരിചരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ആല്‍ബിയെയും ചുറ്റിപ്പറ്റിയാണ് ഈ അസംബന്ധലോകം പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. ഒരു വര്‍ക്ക് ഷോപ്പ് നടത്തുന്ന മെക്കാനിക്കാണ് ആല്‍ബിയെങ്കിലും അയാള്‍ താമസിക്കുന്നത് ഊട്ടിയിലെ ഒരു ബംഗ്ലാവിലാണ്!

    മാനസികാഘാതമുണ്ടാക്കിയ ഒരു സംഭവത്തിനു ശേഷം ആലീസിന്റെ മനോനില ശരിയല്ല. പലപ്പോഴും അക്രമാസക്തയാവുകയും മറ്റുള്ളവര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്ന അവളെ ഒരു മാനസികരോഗാശുപത്രിയിലാക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ആല്‍ബി അതിന് തയ്യാറല്ല. അവള്‍ക്ക് മാനസികമായ തളര്‍ച്ച തോന്നാതിരിക്കാന്‍ അവളെയും കൊണ്ട് കറങ്ങിനടക്കുകയും നൃത്തം ചെയ്യുകയൊക്കെയുമാണ് നമ്മുടെ നായകന്‍.

    നാല് വയസ് പ്രായമുള്ള ഒരു മകളുണ്ട് ആലീസിന്. എന്നാല്‍ അവളുടെ മനോനില തെറ്റിച്ച സംഭവത്തിനു ശേഷം അവള്‍ക്ക് കുട്ടികളെ ഇഷ്ടമല്ല. ആലീസിന്റെ മകള്‍ ഒരു അനാഥാലയത്തില്‍ വളരുകയാണ്.

    ഇതിനിടയിലാണ് സോഫി എന്ന റിസര്‍ച്ച് സ്കോളര്‍ ആല്‍ബിയെ കണ്ടുമുട്ടുന്നത്. ആല്‍ബിയുടെ ജീവിതകഥ കേട്ട അവള്‍ അയാളുമായി പ്രണയത്തിലായി. മറ്റൊരു കഥാപാത്രം കൂടി അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു- വിക്ടര്‍ എന്ന തെരുവ്മാന്ത്രികന്‍. വിക്ടറുമായി ആലീസ് അടുക്കുന്നത് ആല്‍ബിക്ക് ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ ആലീസിനെ രോഗാവസ്ഥയില്‍ നിന്ന് വിമുക്തനാക്കാന്‍ വിക്ടറിന് കഴിയുന്നു. മകള്‍ ആലീസുമായി ഒന്നിക്കുന്നു.

    ഒട്ടും വിശ്വസനീയത ഇല്ലാത്ത ഈ കഥയാണ് ലോകപ്രശസ്ത ക്ലാസിക്കിന്റെ പേര് കടമെടുത്ത് സിബി സിനിമയായി പ്രേക്ഷകര്‍ ക്ക് മുന്നിലെത്തിച്ചിരിക്കുന്നത്. ഇത്രയും പരിചയസമ്പന്നനായ ഒരു സംവിധായകനില്‍ നിന്നാണ് പ്രേക്ഷകരെ വെല്ലുവിളിക്കുന്ന ഇത്തരം സിനിമകളുണ്ടാവുന്നത് എന്നതാണ് കൗതുകകരം.

    ചിത്രത്തില്‍ ആല്‍ബിയായി അഭിനയിച്ചിരിക്കുന്നത് ജയറാമാണ്. ഈ ചിത്രത്തിന്റെ പരാജയത്തോടെ തുടര്‍ച്ചയായ മൂന്ന് വന്‍പരാജയങ്ങളാണ് ജയറാമിന് ഏറ്റുവാങ്ങേണ്ടിവന്നത്. ഏറെ പ്രതീക്ഷയുമായി കഴിഞ്ഞ വര്‍ഷം ക്രിസ്തുമസിനെത്തി, പരാജയപ്പെട്ട സിബി ചിത്രം അമൃതത്തിലും ജയറാമായിരുന്നു നായകന്‍.

    അഭിനേതാക്കളില്‍ ആലീസായി അഭിനയിച്ച സന്ധ്യ മാത്രമാണ് മെച്ചപ്പെട്ടത്. തെരുവ് മാന്ത്രികന്‍ വിക്ടറായി വരുന്ന വിനീതിന്റെ ചേഷ്ടകളും സംഭാഷണരീതിയും പ്രേക്ഷകരെ മടുപ്പിക്കുന്നതാണ്. ജയറാമിന്റെ നായികയായെത്തുന്ന ലയക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.

    ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായില്ല. വിദ്യാസാഗര്‍ ഈണം പകര്‍ന്ന ഗാനങ്ങളിലൊന്നു പോലും ഇമ്പമുള്ളതായില്ല.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X