ഗുലാന്‍ എന്ന സൂപ്പര്‍മാന്‍
ഗുലാന്‍ എന്ന സൂപ്പര്‍മാന്‍
സുധീഷ്
രാജമാണിക്യത്തിന്റെ ഹാങോവര്‍ തുറുപ്പുഗുലാനെ വല്ലാതെ പിടികൂടിയിട്ടുണ്ട്. എങ്കിലും ഈ ഗുലാനെ മമ്മൂട്ടിയുടെ ആരാധകര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും. സിഐഡി മൂസയില്‍ ദിലീപിനെ ശിക്കാരി ശംഭു ശൈലിയിലുള്ള വീരനായകനായി ചിത്രീകരിച്ച ജോണി ആന്റണി തുറുപ്പുഗുലാനില്‍ മമ്മൂട്ടിയെ ഒരു സൂപ്പര്‍മാനായി പ്രതിഷ്ഠിച്ചിട്ടുണ്ട്.
യുക്തിഭദ്രതയുള്ള കഥയോ പുതുമയോ ഈ ചിത്രത്തില്‍ അന്വേഷിക്കരുത്. മസ്തിഷ്കത്തിന് രണ്ടര മണിക്കൂര്‍ അവധി കൊടുത്താല്‍ ആദ്യന്തം കണ്ടിരിക്കാവുന്ന ചിത്രമാണിത്. അതിനുള്ള എല്ലാ മസാല ഫോര്‍മുലകളും ജോണി ആന്റണി ചേര്‍ത്തിട്ടുണ്ട്. ഒപ്പം മമ്മൂട്ടി എന്ന താരത്തിന്റെ സൂപ്പര്‍സാന്നിധ്യം കൂടിയാവുമ്പോള്‍ ഒരു വിനോദചിത്രമെന്ന നിലയില്‍ ഈ ചിത്രത്തിന് ശരാശരി മാര്‍ക്ക് നല്‍കാം.
മുച്ചൂട്ടികളിക്കാരനായ കുഞ്ഞുമോനെന്ന റൗഡിയുടെ കഥയാണ് തുറുപ്പുഗുലാന്‍. ചീട്ടുകളിയിലെ അയാളുടെ വൈദഗ്ധ്യം കാരണം ഗുലാന്‍ കുഞ്ഞുമോനെന്ന വിളിപ്പേരുമുണ്ട്. ഡാന്‍സിനോടുള്ള ഇഷ്ടം മൂലം സ്റണ്ട് നടത്തുമ്പോള്‍ ഡാന്‍സിന്റെ സ്റ്റെപ്പുകള്‍ അനുകരിക്കാന്‍ ശ്രമിക്കുന്നയാളാണ് കുഞ്ഞുമോന്‍!
കുഞ്ഞുമോന്റെ അപ്പന്‍ കൊച്ചുതോമ (ഇന്നസെന്റ്) കൊച്ചിയില്‍ തട്ടുകട നടത്തുന്നുണ്ട്. വമ്പന്‍ ഹോട്ടലായ രാജ് പാലസിന്റെ മുമ്പിലാണ് ഈ തട്ടുകട. രാജ് പാലസിന്റെ ഉടമകള്‍ തട്ടുകട ഒഴിപ്പിക്കാന്‍ പല ശ്രമങ്ങളും നടത്തി. അവരുടെ ശല്യം കൂടിയതോടെ കൊച്ചുതോമ തുറുപ്പുഗുലാനെ വിളിക്കുന്നു. തുടര്‍ന്ന് ശത്രുക്കളെ നേരിടുന്ന കുഞ്ഞുമോന്റെ ലീലാവിലാസങ്ങളാണ് തുടര്‍ന്ന്. അതിനിടയില്‍ പതിവ് പ്രണയനാടകവും അരങ്ങേറുന്നുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുടമയുടെ മകളും (ലക്ഷ്മി) കുഞ്ഞുമോനും തമ്മിലുള്ള ബന്ധം പല സിനിമകളിലും കണ്ടതിന്റെ ആവര്‍ത്തനമാണ്.
മമ്മൂട്ടിയെ ഒരു സൂപ്പര്‍മാനായി ചിത്രീകരിക്കും വിധത്തിലാണ് ജോണി ആന്റണി സ്റണ്ട് രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഓരോ സൂപ്പര്‍താരത്തിനും ഓരോ ശൈലിയുണ്ട്. മമ്മൂട്ടിയുടെ ഈ ചിത്രത്തിലെ സ്റണ്ട് രംഗങ്ങള്‍ക്ക് ഒരു കോമിക് ഇഫക്ടാണുള്ളത്. ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ സംഘട്ടനം പോലെ. പ്രിന്റഡ് ഷര്‍ട്ടും കടുംവര്‍ണങ്ങളുള്ള വേഷവുമായി പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടിയുടെ കഥാപാത്രം കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ സ്വഭാവമുള്ള വീരനായകനാണ്.
തൊമ്മനും മക്കളും, തസ്കരവീരന്‍, രാജമാണിക്യം തുടങ്ങിയ ചിത്രങ്ങളിലേതു പോലെ പ്രത്യേക തരത്തിലുള്ള വേഷവുമായാണ് ഈ ചിത്രത്തിലും മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തിനാകട്ടെ തമിഴ് സിനിമയിലെ സൂപ്പര്‍താരങ്ങള്‍ അവതരിപ്പിക്കുന്ന വേഷങ്ങളോടാണ് സാമ്യം.
മമ്മൂട്ടിയുടെ സവിശേഷമായ മാനറിസങ്ങളെ പരമാവധി പ്രയോജനപ്പെടുത്തിയാണ് ജോണി ആന്റണി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി എന്ന സൂപ്പര്‍താരത്തിനു വേണ്ടി മാത്രമായി ഒരുക്കിയ ഒരു തിരക്കഥയാണ് തുറുപ്പുഗുലാന്റേത്.
മമ്മൂട്ടിയുടെ നമ്പരുകള്‍ക്കു പുറമെ ഹാസ്യരംഗങ്ങള്‍ക്ക് കൊഴുപ്പുകൂട്ടാന്‍ ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, സുരാജ് വെഞ്ഞാറംമൂട് തുടങ്ങിയ ഹാസ്യനടന്മാരുടെ ഒരു നിര തന്നെ സിനിമയിലുണ്ട്. ചില ഹാസ്യരംഗങ്ങള്‍ അരോചകമായെന്നു കൂടി പറയണം.
നൃത്തം ചെയ്യാനറിയില്ലെന്ന വിമര്‍ശനത്തെ നേരിടാനാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ ശ്രമിക്കുന്നതെന്ന് തോന്നുന്നു. അതെന്തായാലും നൃത്തം ചെയ്യുന്നത് തനിക്കു കഴിയുന്ന കാര്യമല്ലെന്ന് മമ്മൂട്ടി സ്വയം തിരിച്ചറിയുന്നതാണ് നല്ലത്. ഗാനരംഗങ്ങളിലെ മമ്മൂട്ടിയുടെ ചുവടുവയ്പുകള്‍ പലപ്പോഴും അസഹ്യമായി അനുഭവപ്പെടുന്നുണ്ട്.


Click it and Unblock the Notifications