വിജിതമ്പിയുടെ സാഹസകൃത്യം

By Staff

വിജിതമ്പിയുടെ സാഹസകൃത്യം

ഏതാനും ഹോളിവുഡ് സിനിമകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് വിജി തമ്പി തന്റെ പുതിയ സിനിമയായ കൃത്യം ഒരുക്കിയത്. ഹോളിവുഡ് സിനിമകളുടെ കഥയും സീനുകള്‍ പോലും അതേ പടി പകര്‍ത്തി മലയാളത്തില്‍ സിനിമകളൊരുക്കുന്ന സംവിധായകരുടെ ചുവടുപിടിച്ച് വിജി തമ്പിയും ഒരു സാഹസകൃത്യത്തിന് മുതിര്‍ന്നിരിക്കുകയാണ്.

പ്രമേയത്തിന് അനുസരിച്ചു വേണം സിനിമയുടെ പരിചരണം. വിജി തമ്പിക്ക് പ്രചോദനമായ ഹോളിവുഡ് സിനിമകള്‍ തന്നെ സിനിമയിലെ ഈ ബാലപാഠം അദ്ദേഹത്തെ പഠിപ്പിച്ചിരിക്കേണ്ടതാണ്. പക്ഷേ കൃത്യം എന്ന സസ്പെന്‍സ് ത്രില്ലര്‍ ഒരുക്കിയ വിജി തമ്പിക്ക് പ്രമേയത്തിന്റെ അന്തരീക്ഷം അനുസരിച്ചുള്ള പരിചരണമൊരുക്കാനായില്ല. അയുക്തി നിറഞ്ഞുനില്‍ക്കുന്ന കഥയാണെങ്കില്‍ പോലും മറ്റൊരു മൂഡിലുള്ള പരിചരണമായിരുന്നെങ്കില്‍ ഈ സിനിമയോട് പ്രേക്ഷകര്‍ പൊറുത്തേനെ. ഹോളിവുഡ് സിനിമകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടൊരുക്കിയ ഈ ചിത്രത്തില്‍ മികച്ച സംവിധാനത്തിന്റെ അഭാവം മുഴച്ചുനില്‍ക്കുന്നു.

സാന്ദ്ര എന്ന പണക്കാരി പെണ്‍കുട്ടിയെയും അവളെ കൊല്ലാനായി എത്തുന്ന ക്രിസ്റിയെയും അവളുടെ കാമുകന്‍ സത്യയെയും കേന്ദ്രീകരിച്ചാണ് കൃത്യത്തിന്റെ കഥ വികസിക്കുന്നത്. സാന്ദ്രയുടെ മാതാപിതാക്കള്‍ അവളുടെ ബാല്യത്തിലേ മരിച്ചതാണ്. വലിയൊരു ബംഗ്ലാവില്‍ തന്റെ സംരക്ഷകരോടൊപ്പം താമസിക്കുന്ന സാന്ദ്രക്ക് കടുത്ത രോഗമുണ്ട്. ആ രോഗം തന്നെ മരണത്തിലേക്ക് നയിക്കുകയാണെന്നും ഏതാനും മാസങ്ങള്‍ മാത്രമേ താനിനി ജീവിച്ചിരിക്കുകയുള്ളൂവെന്നും അറിയുന്നതോടെ സാന്ദ്ര ചില തീരുമാനങ്ങളിലെത്തി.

ക്രൈെം ത്രില്ലറുകളെഴുതുന്ന ശീലമുള്ള സാന്ദ്ര (പവിത്ര) തന്റെ മരണവും ഒരു ക്രൈം ത്രില്ലറിലേതു പോലെ സംഭവബഹുലമായിരിക്കണമെന്ന് കരുതി. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെടുന്ന വാടകകൊലയാളി ക്രിസ്റിയെ (പൃഥ്വിരാജ്) തന്നെ കൊല്ലാനായി അവള്‍ നിയോഗിച്ചു. 20 ലക്ഷം രൂപയാണ് ക്രിസ്റിക്ക് അതിനുള്ള പ്രതിഫലം. അതേ സമയം താന്‍ ആരാണെന്ന് അവള്‍ ക്രിസ്റിയോട് വെളിപ്പെടുത്തിയുമില്ല.

മുംബൈയില്‍ നിന്ന് ക്രിസ്റി തന്റെ ദൗത്യം പൂര്‍ത്തീകരിക്കാനായെത്തി. ഇതിനിടയിലാണ് തന്റെ രോഗം ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്ന് സാന്ദ്ര മനസിലാക്കുന്നത്. അതോടെ താന്‍ തന്നെ നിയോഗിച്ച കൊലയാളിയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിലായി അവള്‍.

ഇതിനിടയില്‍ അവള്‍ പരിചയത്തിലാവുന്ന സത്യ (പൃഥ്വിരാജ്) എന്ന സംഗീതജ്ഞനുമായി അവള്‍ പ്രണയത്തിലായി. സത്യക്ക് ക്രിസ്റിയുമായി അത്ഭുതകരമായ രൂപസാദൃശ്യമുണ്ട്. ക്രിസ്റിയില്‍ നിന്നും രക്ഷപ്പെടാന്‍ സത്യ അവളെ സഹായിക്കാന്‍ ശ്രമിച്ചു. കൊലക്കത്തിയില്‍ നിന്നും രക്ഷപ്പെടാന്‍ സാന്ദ്രക്ക് കഴിയുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് തുടര്‍ന്നുള്ള സീനുകളില്‍ വിജി തമ്പി നല്‍കുന്നത്.

ഒരു ആക്ഷന്‍-ത്രില്ലര്‍ ചിത്രത്തിന്റെ അന്തരീക്ഷത്തിനനുസരിച്ച് സിനിമ ഒരുക്കാന്‍ വിജി തമ്പിക്ക് കഴിഞ്ഞില്ല. സാന്ദ്രയുടെ സംരക്ഷകരായി പ്രത്യക്ഷപ്പെടുന്ന ജഗതിയും കല്പനയും ചേര്‍ന്നുള്ള നിലവാരമില്ലാത്ത തമാശ രംഗങ്ങളാണ് ചിത്രത്തിന്റെ ആദ്യത്തെ മുപ്പത് മിനുട്ടോളം നിറഞ്ഞുനില്‍ക്കുന്നത്. ഒരു സസ്പെന്‍സ് ത്രില്ലറിന് ചേരാത്ത ഇത്തരം രംഗങ്ങള്‍ ചിത്രത്തിന് വല്ലാത്ത ഇഴച്ചില്‍ നല്‍കിയിരിക്കുന്നു.

സത്യത്തിനു ശേഷം പൃഥ്വിരാജ് ഒരിക്കല്‍കൂടി ആക്ഷന്‍ഹീറോ വേഷമണിയുകയാണ് ഈ ചിത്രത്തില്‍. ഇരട്ടവേഷത്തിലാണ് ഈ നടന്‍ പ്രത്യക്ഷപ്പെടുന്നത്. തനിക്ക് ചെയ്യാവുന്നതിന്റെ പരാമവധിയില്‍ ഈ വേഷം അവതരിപ്പിക്കാന്‍ പൃഥ്വിരാജ് ശ്രമിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതു പോലെ ഒരു സാഹസമായി അനുഭവപ്പെടുന്നു ഇത്. ചക്രത്തിലേതു പോലെ അനുഭവസമ്പന്നനായ ഒരു താരം ചെയ്യേണ്ട വേഷം ഈ യുവനടന്‍ ചെയ്യുമ്പോഴുണ്ടാകുന്ന കല്ലുകടി. കുറെക്കൂടി മുതിര്‍ന്നതിന് ശേഷമാവാം ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നൊരു തീരുമാനത്തില്‍ പൃഥ്വിരാജ് എത്തേണ്ടിയിരിക്കുന്നു.

തമിഴില്‍ നിന്നുമെത്തിയ പവിത്ര എന്ന നടിയാണ് ചിത്രത്തിലെ നായിക. വല്ലാതെ മടുപ്പിക്കുന്നതാണ് ഈ നടിയുടെ പ്രകടനം. അന്യഭാഷാനടിമാരെ മലയാളത്തിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ അഭിനയശേഷി കൂടി കണക്കിലെടുക്കുന്നത് നന്നായിരിക്കും.

കാര്യമായ പ്രതികരണമൊന്നുമുളവാക്കാനാവാതെ മറ്റൊരു യുവതാര ചിത്രം കൂടി പരാജയപ്പെടുന്നുവെന്ന സൂചനയാണ് ചിത്രത്തോടുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ നല്‍കുന്നത്. കുഴപ്പം തീര്‍ച്ചയായും താരങ്ങളുടേല്ല, മറിച്ച് കഥ തിരഞ്ഞെടുക്കുകയും അതിന് ഏതുതരത്തിലുള്ള പരിചരണം വേണമെന്ന് തീരുമാനിക്കുകയും കഥാപാത്രങ്ങള്‍ക്ക് ചേരുന്ന അഭിനേതാക്കള്‍ ആരെന്ന് നിശ്ചയിക്കുകയും ചെയ്യുന്ന സംവിധായകന്റേതാണെന്ന് വ്യക്തം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X