twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അങ്ങനെ ദിലീപും ആക്ഷന്‍ഹീറോ

    By Staff
    |

    അങ്ങനെ ദിലീപും ആക്ഷന്‍ഹീറോ
    അശോക്

    അങ്ങനെ ആക്ഷന്‍ ഹീറോ വേഷത്തില്‍ കസറുക എന്ന സ്വപ്നം ദിലീപ് യാഥാര്‍ഥ്യമാക്കിയിരിക്കുന്നു. ദിലീപിന്റെ കരിയറിലെ മറ്റൊരു കാല്‍വയ്പ്. കനത്ത മഴയിലും തിയേറ്ററുകള്‍ നിറച്ചോടുന്ന റണ്‍വെ ദിലീപിന്റെ താരശോഭ കൂട്ടിയിരിക്കുന്നുവെന്ന് നിസ്സംശയം പറയാം.

    ആക്ഷന്‍ ചിത്രങ്ങളുടെ രാജാവായ ജോഷി സംവിധാനം ചെയ്ത റണ്‍വെ റിലീസാവുന്നതിന് മുമ്പ് ചിത്രത്തില്‍ നായകനായ ദിലീപ് ആക്ഷന്‍ ഹീറോയായി ശോഭിക്കുമോ എന്ന സംശയം പലര്‍ക്കുമുണ്ടായിരുന്നു. ദിലീപ് ആക്ഷന്‍ഹീറോയോ എന്ന് അവര്‍ നെറ്റി ചുളിച്ചു. എന്നാല്‍ സന്ദേഹങ്ങളും വിമര്‍ശനങ്ങളും അസ്ഥാനത്താക്കി റണ്‍വെയില്‍ ദിലീപ് കസറുക തന്നെ ചെയ്തു. തമാശ രംഗങ്ങളും ആക്ഷന്‍ രംഗങ്ങളും വേണ്ട ചേരുവയോടെ കലര്‍ത്തി ഒരുക്കിയിരിക്കുന്ന റണ്‍വെയില്‍ ദിലീപ് തന്റെ കഥാപാത്രത്തെ ഭദ്രമായി അവതരിപ്പിച്ചു. ആക്ഷന്‍ രംഗങ്ങളില്‍ ഒന്നാന്തരമായി അഭിനയിച്ച ദിലീപ് തന്റെ ചിത്രത്തില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന കോമഡി നമ്പരുകളും ആവശ്യത്തിന് നല്‍കുന്നുണ്ട്.

    ദുബായ്, പ്രജ എന്നീ സൂപ്പര്‍താര ചിത്രങ്ങളുടെ പരാജയത്തിന് ശേഷം ജോഷി ഒരുക്കിയ ചിത്രമാണ് റണ്‍വെ. രണ്ട് ചിത്രങ്ങളുടെ പരാജയത്തില്‍ മനംമടുത്ത ജോഷിക്ക് ഒരു സൂപ്പര്‍ഹിറ്റ് നല്‍കാന്‍ ഏതായാലും ദിലീപിന് സാധിച്ചിരിക്കുന്നു. സ്ഥിരം ട്രാക്കില്‍ നിന്ന് മാറി ഒരുക്കിയ ആക്ഷന്‍ ചിത്രം വിജയിച്ചതിനോട് പ്രധാനമായും ജോഷി കടപ്പെട്ടിരിക്കുന്നത് തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ-സിബി കെ. തോമസ് ടീമിനോടാണ്. ഇവര്‍ ഒരുക്കിയിരിക്കുന്ന തമാശമുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് നന്നായി രസിക്കുന്നുണ്ട്.

    രണ്ട് മുഖങ്ങളുള്ള കഥാപാത്രത്തെയാണ് ദിലീപ് റണ്‍വെയില്‍ അവതരിപ്പിക്കുന്നത്. വാളയാര്‍ പരമശിവം എന്ന പേരില്‍ അറിയപ്പെടുന്ന ക്രിമിനലാണ് ഉണ്ണി (ദിലീപ്). അധാലോകസംഘത്തില്‍ സജീവമായ ഉണ്ണി (ദിലീപ്) തന്റെ ഗോഡ്ഫാദറായ ഭായിക്ക് (മുരളി) വേണ്ടി അദ്ദേഹം ചെയ്ത കൊലപാതകത്തിന്റെ കുറ്റം ഏറ്റെടുത്ത് ജയിലില്‍ പോവുന്നു. നാട്ടില്‍ കഴിയുന്ന അമ്മയോടും സഹോദരങ്ങളോടും താന്‍ ദുബായിലാണെന്നാണ് ഉണ്ണി പറഞ്ഞിരിക്കുന്നത്. ദുബായില്‍ നിന്ന് ഉണ്ണി അയക്കുന്നതാണെന്ന വ്യാജേന ഭായി എല്ലാ മാസവും അവര്‍ക്ക് പണമെത്തിക്കുന്നു.

    ജയില്‍വാസത്തിന് ശേഷം വീട്ടിലെത്തിയ ഉണ്ണിയ്ക്ക് ചില പ്രതിസന്ധികള്‍ നേരിടേണ്ടിവരുന്നു. വാളയാര്‍ പരമശിവം എന്ന പേരില്‍ അറിയപ്പെടുന്ന ക്രിമിനലിനെ ഒതുക്കാന്‍ പൊലീസ് ഓഫീസറായ അനുജന്‍ ബാലു (ഇന്ദ്രജിത്ത്) ഒരുമ്പെട്ടിറങ്ങുന്നതോടെ കാര്യങ്ങള്‍ ഒരു സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. ഉണ്ണിയുടെ സംഘം എതിരാളികളുമായി ഏറ്റുമുട്ടുന്നതോടെ ചിത്രം രണ്ടാം ഭാഗത്ത് ആക്ഷന്‍മയമാവുകയാണ്.

    ആദ്യപകുതിയില്‍ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ മുന്നോട്ടുപോവുന്ന ചിത്രത്തിന് രണ്ടാം പകുതിയില്‍ അവിശ്വസനീയതയുടെ പരിവേഷമാണുള്ളത്. ക്ലൈമാക്സും മറ്റും അതിഭാവുകത്വത്തിന്റെ കടുംവര്‍ണത്തിലായിപ്പോയി.

    ഇരട്ടമുഖമുള്ള കഥാപാത്രമായി ദിലീപ് തിളങ്ങിയപ്പോള്‍ മറ്റ് താരങ്ങളും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. ചിരിരംഗങ്ങള്‍ നയിക്കുന്നത് പ്രധാനമായും ഹരിശ്രീ അശോകനും ജഗതി ശ്രീകുമാറും ചേര്‍ന്നാണ്. ഉണ്ണിയുടെ അയല്‍പ്പക്കക്കാരിയായി കാവ്യാ മാധവനും ചിത്രത്തിലുണ്ട്.

    ചിത്രത്തിലെ ഗാനരംഗങ്ങള്‍ വിദേശത്താണ് ചിത്രീകരിച്ചിരിക്കുന്നതെന്ന സവിശേഷതയുണ്ട്. ഹിന്ദി, തമിഴ് ചിത്രങ്ങളിലെ ഗാനരംഗങ്ങളെ ഓര്‍മിപ്പിക്കും വിധമാണ് ഈ ചിത്രത്തിലെ ഗാനരംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

    കഥയ്ക്ക് പുതുമെയാന്നുമില്ലെങ്കിലും പ്രേക്ഷകരെ രസിപ്പിക്കുന്ന ശൈലിയില്‍ ചിത്രം അവതരിപ്പിക്കാനായി എന്നതാണ് റണ്‍വെയുടെ വിജയം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X