twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഴമേഘപ്രാവുകള്‍: പിഴവുകളേറെ

    By Staff
    |

    മഴമേഘപ്രാവുകള്‍: പിഴവുകളേറെ
    പി.സിദ്ധാര്‍ത്ഥന്‍

    സംവിധാനം: പ്രദീപ്
    രംഗത്ത്: കൃഷ്ണ, ലാലു അലക്സ്, കാവ്യാമാധവന്‍, പ്രഗതി തുടങ്ങിയവര്‍
    സംഗീതം: ശ്രീറാം

    കുന്നിന്റെയും താഴ്വാരത്തിന്റെയും മനോഹാരിത ഒപ്പിയെടുത്ത ദൃശ്യത്തിലാണ് പ്രദീപ് സംവിധാനം ചെയ്ത മഴമേഘപ്രാവുകള്‍ തുടങ്ങുന്നത്. മലഞ്ചെരിവില്‍ നേര്‍ത്ത നാടപോലെ തോന്നിക്കുന്ന റോഡിലൂടെ ഒരു സായ്പിന്റെ ജീപ്പുമായി മധ്യവയസ്കരായ ദമ്പതികള്‍ മലകയറുകയാണ്.

    പ്രശസ്ത സാഹിത്യകാരനായ എന്‍.ജെ. ദേവും (ലാലു അലക്സ്) ഭാര്യ സത്യഭാമയും (പ്രഗതി) ആണ് അവര്‍. ജീവിതത്തിലെ ഒറ്റപ്പെടലുകളില്‍ സാന്ത്വനത്തിന്റെ കുളിര്‍സ്പര്‍ശത്തിനായി മലഞ്ചെരിവിനെ ആശ്രയിച്ചാണ് അവര്‍ ഇവിടെ എത്തിയിരിക്കുന്നത്.

    കുന്നിന്‍പുറത്തെ ബംഗ്ലാവില്‍ ഈ ദമ്പതികള്‍ക്ക് കൂട്ടായി ശ്രീക്കുട്ടനെയും (കൃഷ്ണ) മാളുവിനെയും (കാവ്യാമാധവന്‍) കിട്ടുന്നു. സ്ഥലത്തെ പ്രധാന ശത്രുസംഘങ്ങളുടെ മേധാവികളാണവര്‍. മെഡിക്കല്‍ റപ്രസന്റേറ്റീവായ ശ്രീക്കുട്ടനെ മാളു കുമ്പളങ്ങ എന്നേ വിളിക്കാറുള്ളൂ. നേര്‍ക്കുനേര്‍ കണ്ടാല്‍ കടിച്ചുകീറാന്‍ വരുന്നവര്‍. ഇവര്‍ പ്രത്യക്ഷത്തില്‍ ശത്രുക്കളെങ്കിലും മനസ്സില്‍ അന്യോന്യം സ്നേഹിക്കുന്നുണ്ടെന്ന് കണ്ടെത്തിയ ദേവും ഭാര്യയും ഇവരെ ഒന്നിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു.

    ആയിടയ്ക്കാണ് മാളുവിന്റെ അച്ഛന്‍ അനന്തന്‍ മരിക്കുന്നത്. അമ്മ നേരത്തെത്തന്നെ മരിച്ചിരുന്ന മാളു അതോടെ അക്ഷരാര്‍ത്ഥത്തില്‍ അനാഥയായി. താങ്ങും തണലുമായി ദേവും ഭാര്യയും നിന്നെങ്കിലും അവളുടെ മുറച്ചെറുക്കന്‍ ഋഷികേശിന്റെ (സുബൈര്‍) ശല്യം സഹിക്കവയ്യാതായപ്പോള്‍ ദേവിന് തന്റെ കൈക്കരുത്ത് പരീക്ഷിക്കേണ്ടി വന്നു. തക്കസമയത്ത് ശ്രീക്കുട്ടനും കൂടി എത്തിയതോടെ ഋഷികേശിനെ തുരത്താന്‍ ഇരുവര്‍ക്കും സാധിച്ചു.

    രക്തബന്ധത്തിന്റെ പേരില്‍ ഋഷികേശ് കാട്ടിക്കൂട്ടുന്ന അക്രമങ്ങളെ നേരിടാനുള്ള ഉപാധിയായി ശ്രീക്കുട്ടനും മാളുവും പെട്ടെന്നു തന്നെ വിവാഹിതരാകണമെന്ന നിര്‍ദ്ദേശം ദേവ് ശ്രീക്കുട്ടന്റെ അച്ഛന്‍ ശ്രീകണ്ഠന്‍ നായരെ (ജഗതി) അറിയിക്കുന്നു. അതനുസരിച്ച് ശ്രീക്കുട്ടനും അച്ഛനും കൂടി മാളുവിനെ പെണ്ണ് കാണാന്‍ വരികയും ചെയ്തു.

    എന്നാല്‍ എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് മാളു ഈ ബന്ധത്തെ എതിര്‍ക്കുകയാണ് ചെയ്തത്. മണിവര്‍ണതൂവലിട്ട് തങ്ങള്‍ മനസ്സില്‍ താലോലിക്കുന്ന പട്ടാളക്കാരനായ തങ്ങളുടെ ഏകമകന്‍ ശ്യാമിനെയാണ് (വിഷ്ണു) മാളു സ്നേഹിക്കുന്നതെന്നറിഞ്ഞപ്പോള്‍ ദേവും ഭാര്യയും ഞെട്ടി. അതിര്‍ത്തിയില്‍ പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലില്‍ തന്റെ മകന്‍ മരിച്ചുവെന്ന വിവരം ദേവ് മാളുവിനെ അറിയിക്കുന്നു. മകന്റെ വേര്‍പാടില്‍ നിന്നും ഒരു മോചനമെന്നോണമാണ് തങ്ങള്‍ കുന്നിന്‍ചെരിവിലെത്തിയതെന്നും അദ്ദേഹം അവളെ അറിയിച്ചു.

    ശ്രീക്കുട്ടനെയും മാളുവിനെയും ഒന്നിപ്പിക്കാന്‍ കഴിയാത്ത വിഷമവും മരിച്ച മകനെക്കുറിച്ചുള്ള ഓര്‍മ്മകളും ദേവിനെയും ഭാര്യയെയും ആ പ്രദേശം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കി. എന്നാല്‍ അവരുടെ കാറില്‍ കയറിപ്പറ്റിയ മാളു തന്നെ ഉപേക്ഷിക്കരുതെന്നും മനസ്സ് പൂര്‍വാസ്ഥിതിയിലാകാന്‍ അനുവദിക്കണമെന്നും കേണപേക്ഷിക്കുന്നു. യാത്രയാക്കാനെത്തിയ ശ്രീക്കുട്ടനും കൂട്ടുകാര്‍ക്കും തിരിച്ചുവരുമെന്ന സാന്ത്വനവാക്ക് നല്‍കി ദേവിന്റെ കുടുംബത്തോടൊപ്പം മാളു യാത്രയാകുന്നു.

    നഷ്ടപ്പെട്ട കടിഞ്ഞാണ്‍

    ഇംഗ്ലീഷ് മീഡിയം എന്ന സാമാന്യം ഭേദപ്പെട്ട ചിത്രം സംവിധാനം ചെയ്ത പ്രദീപില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ചിത്രമാണ് മഴമേഘപ്രാവുകള്‍. ജയന്‍ തിരുമന എഴുതിയ തിരക്കഥയിലും രഞ്ജന്‍ എബ്രഹാം നിര്‍വഹിച്ച എഡിറ്റിംഗിലും ഒരു പാട് പാളിച്ചകള്‍ വെളിപ്പെട്ടപ്പോള്‍ ചിത്രത്തിന്മേലുള്ള നിയന്ത്രണം സംവിധായകന് തീര്‍ത്തും നഷ്ടമായി എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.

    ദേവ് എന്ന സാഹിത്യകാരനായാണ് ലാലു അലക്സ് എത്തിയതെങ്കിലും നിറത്തിലെ അച്ചായന്‍ കഥാപാത്രത്തിന്റെ തുടര്‍ച്ച മാത്രമായി ഒതുങ്ങിപ്പോയി. സീരിയല്‍ രംഗത്തു നിന്നും സിനിമയിലേക്ക് പ്രവേശിച്ച പ്രഗതിക്ക് സത്യഭാമയെ വ്യത്യസ്തതയുള്ളൊരു കഥാപാത്രമാക്കി മാറ്റാന്‍ സാധിച്ചു.

    വയസ്സ് കൊണ്ടും മനസ്സുകൊണ്ടും കാവ്യാമാധവന്‍ ചെറിയ കുട്ടിയായിരിക്കാം. പക്ഷെ കുട്ടിത്തമുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ വയസ്സിലധികം വളര്‍ച്ച നേടിയ തന്റെ ശരീരത്തെക്കൂടി കണക്കിലെടുക്കാന്‍ കാവ്യ തയ്യാറാകേണ്ടതുണ്ട്. അല്ലെങ്കില്‍ മഴമേഘപ്രാവുകളിലെ മാളുവിനെപ്പോലെ പൂര്‍ണതകര്‍ച്ചയായിരിക്കും ഫലം. കൃഷ്ണയുടെ കാര്യം നേരെ തിരിച്ചും. ശ്രീക്കുട്ടന്റെ കുട്ടിത്തങ്ങള്‍ കൃഷ്ണ ഫലപ്രദമായവതരിപ്പിച്ചു. എന്നാല്‍ സംഭവം സീരിയസായതോടെ കഥാപാത്രം കൃഷ്ണയുടെ കൈയിലൊതുങ്ങുന്നതിലും വളര്‍ന്നുപോയി. താരനിര്‍ണ്ണയത്തില്‍ സംവിധായകന്‍ കുറെക്കൂടി ശ്രദ്ധ ചെലുത്തേണ്ടിയിരുന്നു എന്നു തന്നെയാണ് ഇത് വ്യക്തമാക്കുന്നത്.

    എ.ആര്‍. റഹ്മാന്റെ സഹായിയായിരുന്ന ശ്രീറാം സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചിട്ടും മനസ്സില്‍ തട്ടത്തക്ക വിധത്തില്‍ ഒരു ഗാനവും ഉണ്ടായില്ല എന്നത് അല്പം വിഷമം ഉണ്ടാക്കി. പ്രത്യേകിച്ചും ശ്രീറാമിനു പുറമെ യേശുദാസ്, എസ്. ജാനകി, ചിത്ര, ഉണ്ണിക്കൃഷ്ണന്‍, സുരേഷ് പീറ്റേഴ്സ്, അനുരാധാ ശ്രീറാം, ബേബി ശ്രീറാം എന്നിവര്‍ ഗായകരായുണ്ടായിട്ടും.

    ദൃശ്യങ്ങള്‍ നയനമനോഹരമാക്കി മാറ്റാന്‍ എം.ഡി. സുകുമാരന്‍ വിദഗ്ധമായി ക്യാമറ ചലിപ്പിച്ചതു കാരണം കഴിഞ്ഞു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X