twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേക്ഷകഹൃദയം കീഴടക്കുന്ന വടക്കുംനാഥന്‍

    By Staff
    |

    പ്രേക്ഷകഹൃദയം കീഴടക്കുന്ന വടക്കുംനാഥന്‍
    സുധീഷ്

    വൈകി റിലീസ് ചെയ്യുന്ന സിനിമകള്‍ പലപ്പോഴും പ്രേക്ഷകാഭിപ്രായത്തിലും ബോക്സോഫീസ് പ്രകടനത്തിലും പിന്നില്‍ നില്‍ക്കുന്നതാണ് കാണാറുള്ളത്. എന്നാല്‍ മോഹന്‍ലാല്‍ നായകനായ വടക്കുംനാഥന്‍ സാങ്കേതിക തടസങ്ങള്‍ കാരണം വൈകിയാണ് തിയേറ്ററുകളിലെത്തിയതെങ്കിലും പ്രേക്ഷകര്‍ ഈ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു.

    ചിത്തഭ്രമവും മാനസിക വിഭ്രാന്തിയും ഈയിടെയായി സിനിമാ രചയിതാക്കള്‍ക്കും സംവിധായകര്‍ക്കും താത്പര്യമുള്ള വിഷയമാണ്. മണിച്ചിത്രത്താഴ് മുതല്‍ അന്യന്‍ പോലുള്ള ബ്രഹ്മാണ്ഡ സിനിമകള്‍ വരെ മാനസിക രോഗങ്ങളുടെ സിനിമാ സാധ്യതകളെയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഹോളിവുഡില്‍ ഇത്തരം സിനിമകള്‍ സുലഭം. എന്നാല്‍ വടക്കുംനാഥന്‍ അക്കൂട്ടത്തില്‍ അല്പം വ്യത്യസ്തമായ ചിത്രമാണ്. ബൈപോളാര്‍ ഡിസോര്‍ഡര്‍ ബാധിച്ച ഭരതപിഷാരടി എന്ന സംസ്കൃതം കോളജ് അധ്യാപകന്റെ മാനസിക സംഘര്‍ഷങ്ങളെയും അയാളുടെ വ്യക്തിബന്ധങ്ങളിലുണ്ടാവുന്ന സങ്കീര്‍ണതകളെയും തന്മയത്വത്തോടെ സെല്ലുലോയ്ഡില്‍ പകര്‍ത്താന്‍ സംവിധായകന്‍ ഷാജുണ്‍ കാര്യാലിനും തിരക്കഥാകൃത്ത് ഗിരീഷ് പുത്തഞ്ചേരിക്കും സാധിച്ചിട്ടുണ്ട്.

    വിവാഹദിവസം വീട്ടില്‍ നിന്ന് ഓടിപ്പോയ മകന്‍ മരിച്ചുവെന്ന വിശ്വാസത്തില്‍ ഹരിദ്വാറില്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യാനായെത്തുന്ന അമ്മയുടെ (കവിയൂര്‍ പൊന്നമ്മയുടെ) ദൃശ്യങ്ങളില്‍ നിന്നാണ് വടക്കുംനാഥന്‍ ആരംഭിക്കുന്നത്. കൂട്ടിന് ഇളയമകന്‍ (ബിജു മേനോന്‍) ഉണ്ട്.

    അവിടെ വച്ച് തീര്‍ത്തും യാദൃശ്ചികമായി മരിച്ചുവെന്ന് കരുതിയിരുന്ന മകന്‍ ഭരതനെ (മോഹന്‍ലാല്‍) കണ്ടെത്തുകയും അവനെ തിരികെ നാട്ടിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു. സംസ്കൃതം പ്രൊഫസറായ ഭരതപിഷാരടി മുറപ്പെണ്ണ് മീര (പത്മപ്രിയ)യുമായി ഗാഢപ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹദിനത്തിലാണ് ഭരതന്‍ ഒളിച്ചോടുന്നത്.

    വര്‍ഷങ്ങള്‍ക്കു ശേഷം തിരികെയെത്തിയ ഭരതന്‍ വളരെ വ്യത്യസ്തമായ സ്വഭാവമാണ് പ്രകടിപ്പിച്ചത്. അയാളുടെ വിചിത്രമായ പെരുമാറ്റം അയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന ധാരണ പരത്തി. എന്നാല്‍ ഭരതന്റെ പെട്ടിയില്‍ നിന്നും ചില കടലാസുകള്‍ കണ്ടെടുത്ത സഹോദരന് ഭരതന്‍ ഒരു മാനസിക രോഗിയാണെന്ന് ബോധ്യമായി. ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന രോഗത്തിനടിപ്പെട്ട ഭരതന്‍ ഏറെക്കാലമായി ചികിത്സയിലാണെന്ന സത്യം അപ്പോഴാണ് സഹോദരന്‍ അറിയുന്നത്.

    ഈ സത്യം അറിയുന്നതോടെ എല്ലാവര്‍ക്കും ഭരതനോടുണ്ടായിരുന്ന മനോഭാവം മാറി. ഭരതനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ മീര ശ്രമിച്ചു. അത് അപ്രതീക്ഷിതമായ ചില സംഭവങ്ങളിലേക്കാണ് ചെന്നെത്തുന്നത്.

    വളരെ സങ്കീര്‍ണമായ മാനസിക വ്യാപാരങ്ങളിലൂടെ കടന്നുപോകുന്ന ഭരതപിഷാരടി എന്ന കഥാപാത്രവും രോഗാവസ്ഥയിലെ അയാളുടെ പെരുമാറ്റത്തിലെ വ്യതിയാനങ്ങളും ഭദ്രമായി അവതരിപ്പിക്കുക എന്നത് ഒരു നടനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. യഥാര്‍ത്ഥത്തില്‍ ഈ സിനിമയുടെ ഭദ്രത തന്നെ ഈ കഥാപാത്രം എങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. സൂക്ഷ്മഭാവങ്ങളിലൂടെ ഭരതപിഷാരടിയായി പകര്‍ന്നാടുന്ന മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയാണ് ഈ ചിത്രത്തിന് ചൈതന്യം പകരുന്നത്.

    അഭിനയസിദ്ധിയുള്ള നടിയാണ് താനെന്ന് കാഴ്ചക്കു ശേഷം ഒരിക്കല്‍ കൂടി പത്മപ്രിയ തെളിയിക്കുന്നു. മോഹന്‍ലാലിന്റെ സഹോദരിയായി അഭിനയിക്കുന്ന കാവ്യാ മാധവന്‍ ഉള്‍പ്പെടെ എല്ലാ താരങ്ങളും കഥാപാത്രങ്ങള്‍ക്ക് ചേര്‍ന്നവരായി.

    രവീന്ദ്രന്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പു തന്നെ ഹിറ്റായിരുന്നു. ചിത്രത്തിന്റെ ഒഴുക്കില്‍ ഈ ഗാനങ്ങള്‍ ഹൃദ്യമായ അനുഭവമാണ് പ്രേക്ഷകര്‍ക്ക് പകരുന്നത്.

    ഇഴയടുപ്പമുള്ള ഒരു തിരക്കഥയാണ് ഈ ചിത്രത്തിന്റെ പിന്‍ബലം. ഗാനരചയിതാവായ ഗിരീഷ് പുത്തഞ്ചേരി തിരക്കഥ രചിക്കുന്നതില്‍ സൂക്ഷ്മത പാലിച്ചിട്ടുണ്ട്. എസ്.കുമാറിന്റെ ക്യാമറയാണ് ചിത്രത്തിന്റെ എടുത്തു പറയേണ്ട മറ്റൊരു സവിഷേത.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X