twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗുല്‍മോഹര്‍ - നിരൂപണം

    By Super
    |

    ഏതുതരം സിനിമയും തനിക്ക് വഴങ്ങുമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ജയരാജ്. കളിയാട്ടത്തിലൂടെ ലാല്‍ എന്ന നടനെ മലയാളത്തിന് സമ്മാനിച്ച ജയരാജ് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്തിന്റെ അഭിനയപാടവം കൂടി ഈ ചിത്രത്തില്‍ പുറത്തു കൊണ്ടുവരുന്നു.

    ഇന്ദുചൂഡന്റെ കഥയിലൂടെ എഴുപതുകളുടെ ആശയവസന്തത്തിലേയ്ക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്നു ജയരാജ്. കുറ്റമറ്റ തിരക്കഥ. കഥയുടെ കരുത്തൊട്ടും ചോരാത്ത സംവിധാനം. സംവിധായകന്റെ മനമറിഞ്ഞ് ദൃശ്യഭംഗിയൊരുക്കിയ എം ജെ രാധാകൃഷ്ണന്റെ ഛായാഗ്രഹണ വൈശിഷ്ട്യം. സുന്ദരമായൊരു ഗാനം. ശരാശരി സിനിമാ പ്രേമിയുടെ മനം നിറയാന്‍ വേറെന്തു വേണം.

    സ്ക്കൂള്‍ ഹെഡ്മാസ്റ്ററായ ഇന്ദുചൂഡനെ കോളെജ് കാലത്തെ സഹപാഠി ഹരികൃഷ്ണന്‍ കാണാനെത്തുന്നത് അയാളെ ഓര്‍മ്മകളുടെ ആല്‍ബം വീണ്ടും മറിച്ചു നോക്കാന്‍ പ്രേരിപ്പിക്കുന്നു. സഹോദര തുല്യം താന്‍ സ്നേഹിച്ചിരുന്ന തന്റെ സുഹൃത്ത് മാരകമായ രോഗപീഡയനുഭവിക്കുന്നുവെന്ന വേദനിപ്പിക്കുന്ന സത്യവും ഇന്ദുചൂഡന്‍ തിരിച്ചറിയുന്നു.

    ചുവന്ന സ്വപ്നങ്ങളുടെ തീയാളുന്ന ആവേശം ഉളളു നിറഞ്ഞ് പടര്‍ന്ന യൗവനകാലത്ത് തങ്ങള്‍ നടത്തിയ ഓപ്പറേഷന്‍ ഏപ്രിലിനെക്കുറിച്ച് ഇന്ദുചൂഡന്‍ പെട്ടെന്ന് ഓര്‍ക്കുന്നു. ചൂഷണത്തിനും അഴിമതിക്കുമെതിരെ സായുധകലാപത്തിന് ഇറങ്ങിപ്പുറപ്പെട്ട നാളുകളില്‍ അയാള്‍ കോളെജിലെ ഗസ്റ്റ് ലക്‍ചററായിരുന്നു.

    ലക്ഷ്യം തെറ്റിയ ഒരു കൊലപാതകവും അതേ തുടര്‍ന്നുളള ജയില്‍വാസവും ജീവിതദുരന്തവുമെല്ലാം ഇന്ദുചൂഡന്‍ ഓര്‍ക്കുന്നു. അക്കാലത്ത് ആഴമുളള പ്രണയം തന്ന് തന്നെ അനുഗ്രഹിച്ച ഗായത്രിയെയും.

    ഓര്‍മ്മകളില്‍ തീപടരുന്ന ഭൂതകാലത്തിലേയ്ക്ക് ഇന്ദുചൂഡന്‍ നടത്തുന്ന യാത്രയും പിന്നീടുളള സംഭവങ്ങളുമാണ് ഗുല്‍മോഹര്‍ എന്ന ചിത്രത്തിന്റെ പ്രമേയം.

    അസാധാരണമായ കരുത്തോടെ ഇന്ദുചൂഡനെ അവതരിപ്പിക്കുന്ന രഞ്ജിത്ത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും ആകര്‍ഷകമായ ഘടകം. കനമുളള ശബ്ദവും കരുത്താര്‍ന്ന സാന്നിദ്ധ്യവുമായി രഞ്ജിത്ത് പ്രേക്ഷകന്റെ നെഞ്ചകത്ത് കസേര വലിച്ചിട്ട് ഇരുന്നു കഴിഞ്ഞു. കരുത്തുളള കഥാപാത്രങ്ങളെത്രയോ മലയാളിക്ക് സമ്മാനിച്ച ഈ തിരക്കഥാകാരനില്‍ അതിനേക്കാള്‍ കരുത്തുളള ഒരു നടനുമുണ്ടെന്ന് വിളിച്ചു പറഞ്ഞ ജയരാജിന് മാര്‍ക്ക് നൂറില്‍ നൂറ്.

    സിദ്ധിഖാണ് ഹരികൃഷ്ണനെ അവതരിപ്പിക്കുന്നത്. പഴയ സിദ്ധിഖിനെ വീണ്ടും കാണാം ഈ ചിത്രത്തില്‍. യൗവനത്തിന്റെ തിളക്കം ഒട്ടും ചോരാതെ അദ്ദേഹം ഹരികൃഷ്ണനെ സ്ക്രീനിലേയ്ക്ക് പകര്‍ത്തിയിട്ടുണ്ട്.

    ചാക്കോയെന്ന വില്ലനെ അവതരിപ്പിക്കുന്നത് സംഗീത സംവിധായകന്‍ രാജാമണിയാണ്. ഒട്ടും പതറാതെ, പരിചയസമ്പന്നനായ ഒരു നടന്റെ എല്ലാ ഭാവങ്ങളോടും കൂടി രാജാമണി ചാക്കോയെ വെളളിത്തിരയിലെത്തിച്ചിരിക്കുന്നു. സിനിമയുടെ മറ്റു മേഖലകളില്‍ കൈമെയ് മറന്ന് അധ്വാനിക്കുന്ന രണ്ട് പ്രതിഭകളിലെ അഭിനയമികവ് വെളിപ്പെടുത്തിയതിന് ചരിത്രത്തില്‍ പ്രവേശിക്കാന്‍ എല്ലാ യോഗ്യതയുമുണ്ട് ജയരാജിന്.

    പുതുമുഖം നീനു മാത്യുവാണ് ഗായത്രിയെ അവതരിപ്പിക്കുന്നത്. പുതുമുഖത്തിന്റെ പതര്‍ച്ചയൊന്നുമില്ലാതെ ഗായത്രിയും തന്റെ വേഷം മനോഹരമാക്കി.

    പ്രശസ്ത തിരക്കഥാകൃത്ത് ടി ദാമോദരന്റെ മകള്‍ ദീദി ദാമോദരനാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ഗുല്‍മോഹര്‍ കണ്ടിറങ്ങുന്ന കാണികളെല്ലാം, ദീദി ഈ രംഗത്ത് തുടരട്ടെയെന്ന് ആഗ്രഹിക്കും. പിഴവുറ്റ തിരക്കഥകളെഴുതാനുളള പേന കൈവശമുളളവരുടെ വംശം കുറ്റിയറ്റു പോയിട്ടില്ലെന്ന് ദീദി വിളിച്ചു പറയുന്നു.

    ഒഎന്‍വി ജോണ്‍സണ്‍ ടീമിനെ വീണ്ടും ഒന്നിപ്പിച്ചിട്ടുണ്ട് ജയരാജ്. പ്രേക്ഷക പ്രതീക്ഷ തെല്ലും തെറ്റിക്കാതെ ഗൃഹാതുരത്വത്തിന്റെ ചെഞ്ചോര കലര്‍ന്നൊരു പാട്ടുണ്ട് ഗുല്‍മോഹറില്‍. ജോണ്‍സണിന്റെ ഹാര്‍മോണിയത്തിനരികില്‍ വെച്ച് ഒഎന്‍വി പേനെയെടുക്കുമ്പോള്‍ അനശ്വരമായ ഗാനം പിറക്കുമെന്ന പ്രതീക്ഷ ഇവിടെയും തെറ്റുന്നില്ല.

    സൂപ്പര്‍സ്റ്റാര്‍ പടപ്പുകള്‍ക്കിടയില്‍ കണ്ടിരിക്കേണ്ട ചിത്രമാണ് ഗുല്‍മോഹര്‍. തിരക്കഥയും ഗുല്‍മോഹറും തലപ്പാവുമൊക്കെ അടുപ്പിച്ച് തീയേറ്ററുകളിലെത്തുന്നത് സിനിമാ പ്രേക്ഷകനെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുമോ? അതോ അസംബന്ധത്തിന്റെ മായാബസാറുകള്‍ കണ്ട് വിലപിക്കാനുളള അവന്റെ യോഗം അവസാനമില്ലാതെ തുടരുമോ?

    Read more about: ranjith jayaraj
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X