»   » പകല്‍ നക്ഷത്രങ്ങള്‍ - നിരൂപണം

പകല്‍ നക്ഷത്രങ്ങള്‍ - നിരൂപണം

Posted By:
Subscribe to Filmibeat Malayalam
Pakal Nakshathrangal
സുന്ദരമായൊരു തിരക്കഥയുടെ ശരാശരി സംവിധാനം. പകല്‍ നക്ഷത്രം എന്ന ചിത്രത്തെ ഒറ്റവാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. കലാമര്‍മ്മമറിഞ്ഞ ഒരു സംവിധായകന്റെ കൂട്ടുണ്ടായിരുന്നെങ്കില്‍ അനൂപ് മേനോന്റെ ആദ്യ തിരക്കഥയുടെ ജാതകം മറ്റൊന്നായേനെ. രാജീവ് നാഥ് വേണ്ടത്ര തയ്യാറെടുപ്പില്ലാതെയാണ് ഈ ചിത്രം സംവിധാനം ചെയ്തതെന്ന് വ്യക്തം.

പത്മരാജന്റെ സ്വഭാവവും ജോണ്‍ എബ്രഹാമിന്റെ അന്ത്യവും ചേര്‍ത്ത് രൂപപ്പെടുത്തിയ കഥാപാത്രമാണ് മോഹന്‍ലാലിന്റെ സിദ്ധാര്‍ത്ഥന്‍. സിദ്ധാര്‍ത്ഥന്റെ ദുരൂഹമായ മരണത്തിന്റെ കാരണം തിരഞ്ഞിറങ്ങുകയാണ് മകന്‍ ആദി. തനിക്ക് തോന്നും വിധം ജീവിതം ആഘോഷിച്ചു തീര്‍ത്ത സിദ്ധാര്‍ത്ഥന്‍ എന്ന പ്രതിഭയുടെ ജീവിതം പശ്ചാത്തലമാക്കി ആദി ഒരു നോവലെഴുതി. ആ നോവലെഴുതാന്‍ വേണ്ടി താന്‍ നടത്തിയ യാത്രയും അനുഭവങ്ങളും ഭാര്യ പത്മയോട് ആദി വിശദീകരിക്കുന്നു.

താമസിച്ചിരുന്ന വീടിന്റെ രണ്ടാം നിലയില്‍ നിന്ന് വീണാണ് സിദ്ധാര്‍ത്ഥന്‍ മരിച്ചത്. മരണം ദുരൂഹതയുണര്‍ത്തിയിരുന്നെങ്കിലും പോലീസ് അന്വേഷണത്തില്‍ തുമ്പൊന്നും ലഭിച്ചില്ല. സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകമാണെന്ന് ആദ്യം മുതല്‍ വിശ്വസിച്ചിരുന്നയാളാണ് കേസന്വേഷിച്ച തിലകന്‍ എന്ന പൊലീസുദ്യോഗസ്ഥന്‍. തന്റെ അന്വേഷണം തിലകനില്‍ നിന്ന് ആദി ആരംഭിക്കുന്നു.

തിലകനില്‍ നിന്നാണ് സിദ്ധാര്‍ത്ഥന്റെ സുഹൃത്തുക്കളെ ആദി അറിയുന്നത്. പിന്നെ അവന്റെ യാത്ര അവരെത്തേടിയാകുന്നു. തന്റെ പിതാവിന്റെ ജീവിതത്തില്‍ ഒട്ടേറെ സ്ത്രീകളുണ്ടായിരുന്നുവെന്ന് ആദിയറിയുന്നു. സിദ്ധാര്‍ത്ഥന്റെ ഉറ്റസുഹൃത്ത് ഡോ. വൈദ്യനാഥനിലെത്തിയപ്പോള്‍ അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാകുന്നു.

മരിച്ചവരുടെ ആത്മാക്കളുമായി സംവാദിക്കാന്‍ കഴിയുന്ന സവിശേഷ വ്യക്തിത്വമാണ് വൈദ്യനാഥന്‍. സിദ്ധാര്‍ത്ഥന്റെ ആത്മാവുമായി വൈദ്യനാഥന്‍ സംസാരിക്കുന്നു. ഒരു മര്‍ഡര്‍ സ്റ്റോറി ചുരുളഴിയുകയാണ് ഇവിടെ.

വൈദ്യനാഥനായി സുരേഷ് ഗോപിയാണ് അഭിനയിക്കുന്നത്. അമിതാഭിനയത്തിന്റെ ചുവയുണ്ട് സുരേഷ് ഗോപിയുടെ പ്രകടനത്തില്‍. എന്നാല്‍ കഥാപാത്രം ആവശ്യപ്പെടുന്ന പ്രത്യേകതരം മാനസികാവസ്ഥയുടെ പ്രതിഫലനം സംവിധായകന്‍ ബോധപൂര്‍വം ആവശ്യപ്പെട്ടതായിരിക്കുമെന്ന് കരുതാന്‍ ന്യായമുണ്ട്.

സിദ്ധാര്‍ത്ഥനായി മോഹന്‍ലാല്‍ തകര്‍ത്തിട്ടുണ്ട്. വളര്‍ന്നു വരുന്ന ഒരു നല്ലനടന്‍ തന്നിലുണ്ടെന്ന് ആദിയിലൂടെ വീണ്ടും അനൂപ് മേനോന്‍ തെളിയിക്കുന്നു. തിരക്കഥയ്ക്കു ശേഷം അനൂപിന്റെ മികച്ച പ്രകടനം ഈ ചിത്രത്തിലും കാണാം.

ആദ്യചിത്രമെന്ന നിലയില്‍ അനൂപിന് അഭിമാനിക്കാന്‍ ഏറെയുണ്ട്. ഒരു സസ്പെന്‍സ് ചിത്രമാക്കാന്‍ കഴിയാത്തത് സംവിധായകന്റെ പരാജയമാണ്. പലേടത്തും ചിത്രം വല്ലാതെ ഇഴയുന്നുണ്ട്. ആര്‍ട്ട് ചിത്രമാക്കാനുളള മനപ്പൂര്‍വ ശ്രമമില്ലായിരുന്നെങ്കില്‍ അതിമനോഹരമായ ചിത്രമായിരുന്നേനെ പകല്‍ നക്ഷത്രങ്ങള്‍.

ചില ജീവിതശൈലികളെ വല്ലാതെ ഗ്ലോറിഫൈ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കഥയില്‍ നിന്ന് സംവിധായകന്റെ ശ്രദ്ധ പാളുന്നു. സ്വന്തം നിരീക്ഷണങ്ങളും അഭിപ്രായങ്ങളും തത്ത്വചിന്തയും വാചാലമായി സംവദിക്കാന്‍ ശ്രമിക്കുന്നിടത്തെല്ലാം സിനിമ പാളിപ്പോകുന്നുണ്ട്. ഇവിടെയൊക്കെ കൃത്രിമത്വമാണ് മുഴച്ചു നില്‍ക്കുന്നത്.

എങ്കിലും വ്യത്യസ്തമായി ചിന്തിക്കാനുളള ധൈര്യം കാണിച്ച സിനിമയെന്ന മട്ടില്‍ ഈ ചിത്രം പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. കണ്ടുമടുത്ത കാഴ്ചകളും മുഹൂര്‍ത്തങ്ങളും വിട്ട് മലയാള സിനിമ എങ്ങോട്ടു പോയാലും അതിനെ പ്രോത്സാഹിപ്പിക്കേണ്ടത് നല്ല സിനിമയെ സ്നേഹിക്കുന്നവരുടെ കടമയാണ്. പകല്‍ നക്ഷത്രങ്ങള്‍ പോലുളള സംരംഭങ്ങള്‍ വിജയിച്ചാല്‍, മാറിച്ചിന്തിക്കുന്നവര്‍ക്ക് സിനിമയിലേയ്ക്കുളള പ്രവേശനം കൂടുതല്‍ എളുപ്പമാകും.

മലയാളി എഴുത്തുകാര്‍ സ്വപ്നം കാണുന്ന അരാജകത്വ ജീവിതത്തിന്റെ ആഘോഷമാണ് ഈ ചിത്രം പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നത്. ഉത്തരവാദിത്തമില്ലാത്ത ജീവിതം, ഭാര്യ, മക്കള്‍ ഒക്കെ പടിക്കു പുറത്ത്. മതിവരുവോളം മദ്യവും കൊതി തീരുവോളം സെക്സും ആസ്വദിക്കാന്‍ അവസരമുളള ജീവിതത്തിനാണ് ഭംഗിയെന്ന ചിന്ത വിപണനം ചെയ്യാന്‍ സിനിമ ശ്രമിക്കുന്നുണ്ട്.

പത്മരാജന്‍, അരവിന്ദന്‍, ജോണ്‍ എബ്രഹാം എന്നിവരുടെയൊക്കെ ജീവിതത്തെക്കുറിച്ചുളള നിറം ചേര്‍ത്തതും അല്ലാത്തതുമായ കഥകള്‍ നമ്മുടെ മാധ്യമങ്ങള്‍ ഏറെ വിറ്റഴിച്ചിച്ചുണ്ട്. അതില്‍ പലതിനെയും ആധാരമാക്കിയാണ് ഈ സിനിമയുടെ കഥാപാത്ര നിര്‍മ്മിതി.

സിനിമയുടെ മൂഡിനനുസരിച്ചുളള ദൃശ്യങ്ങള്‍ രാമചന്ദ്രബാബുവിന്റെ കാമറ പകര്‍ത്തിയിട്ടുണ്ട്. രഞ്ജിത്ത് എഴുതി ഷഹബാസ് അമന്‍ സംഗീതം നല്‍കിയ ഗാനം മനോഹരമായിട്ടുണ്ടെങ്കിലും ചിത്രീകരിച്ച് നശിപ്പിച്ചു. കഥയോട് ഇഴുകിച്ചേരും വിധം ഗാനം നില്‍ക്കാത്തത് പ്രേക്ഷകരെ ബോറടിപ്പിക്കുന്നുണ്ട്.

ഇത്രയുമൊക്കെ പറയുമ്പോഴും സ്ഥിരം മസാലകള്‍ പകരാത്ത ഒരനുഭവമാകാന്‍ പകല്‍ നക്ഷത്രങ്ങള്‍ക്ക് കഴിയുന്നുണ്ട്. മുഴുവന്‍ ക്രെഡിറ്റും തിരക്കഥാകൃത്തായ അനൂപ് മേനോന് തന്നെയാണ്.

പകല്‍ നക്ഷത്രങ്ങള്‍ ചിത്രങ്ങള്‍

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam