twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാലത്തിന് ചേരാത്ത പ്രമേയം

    By Staff
    |

    കാലത്തിന് ചേരാത്ത പ്രമേയം
    അശോക്

    കഴിഞ്ഞ വര്‍ഷത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് സിബി മലയിലിന് നേടിക്കൊടുത്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിന് ശേഷം പുറത്തിറങ്ങിയ സിബി ചിത്രമാണ് ജലോത്സവം. കുഞ്ചാക്കോ ബോബന്‍ ആദ്യമായി നായകനായി അഭിനയിച്ച ഈ സിബി ചിത്രം നിര്‍മാതാവിന് സന്തോഷം നല്‍കുന്ന പ്രതികരണമല്ല തിയേറ്ററുകളിലുണ്ടാക്കിയത്.

    കുട്ടനാടന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ജലോത്സവം ഗ്രാമപശ്ചാത്തലത്തില്‍ സാധാരണ മനുഷ്യരുടെ ജീവിതാനുഭവങ്ങള്‍ ഒപ്പിയെടുക്കാനുള്ള മറ്റൊരു ചലച്ചിത്രശ്രമമാണ്. എന്നാല്‍ മെലോഡ്രാമയും അതിഭാവുകത്വവും നിറഞ്ഞ കഥപറച്ചില്‍ പ്രേക്ഷകര്‍ക്ക് ഹൃദ്യമായ അനുഭവം സൃഷ്ടിക്കുന്നതിന് തടസമായപ്പോള്‍ ആ ശ്രമം പാളിപ്പോവുകയായിരുന്നു.

    കിരീടം, ദശരഥം, സദയം തുടങ്ങിയ മലയാള സിനിമാലോകം എക്കാലവും ഓര്‍ക്കുന്ന ചില ചിത്രങ്ങള്‍ സമ്മാനിച്ച സിബി മലയിലിന്റെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ ജലോത്സവം പെടുത്താനാവില്ല. കണ്ണീരും അതിവൈകാരികതയും കുത്തിനിറച്ചൊരുക്കുന്ന ഒരു ചിത്രം കാലത്തിന് ചേരാത്തതാണെന്ന കാര്യം ഈ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ മറന്നുവെന്ന് ജലോത്സവം കാണുമ്പോള്‍ വ്യക്തമാവും.

    എം. സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് സിന്ധുരാജ് ആദ്യമായി തിരക്കഥ എഴുതിയത്. ദിലീപ് നായകനായിട്ടും ആ ചിത്രം പരാജയപ്പെട്ടതിന് കാരണം പ്രേക്ഷകര്‍ക്ക് മടുപ്പ് തോന്നിക്കുന്ന മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ഒരു തിരക്കഥയാണ് ഈ ചിത്രത്തിന്റേതെന്നതായിരുന്നു. പട്ടണത്തില്‍ സുന്ദരനിലെ പിഴവുകള്‍ ജലോത്സവത്തിലും സിന്ധുരാജ് ആവര്‍ത്തിക്കുന്നതാണ് കാണുന്നത്.

    തകര്‍ച്ച നേരിടുന്ന കുടുംബത്തെ രക്ഷിക്കുന്നതിന് മരുന്ന് വില്പനയും കേബിള്‍ ടിവിയിലെ വാര്‍ത്താവായനയുമായി ജീവിതോപാധി കണ്ടെത്തുന്ന ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചോദിക്കുന്ന ആര്‍ക്കും എന്തും കൊടുത്ത് കുടുംബത്തെ തകര്‍ച്ചയിലെത്തിച്ച ഗോവിന്ദനാശാന്‍ (നെടുമുടി വേണു) ആണ് ചന്ദ്രന്റെ അഛന്‍. അവരുടെ കുടുംബകഥയും അവരുടെ പരിസരങ്ങളിലെ കഥാപാത്രങ്ങളുമായി മുന്നോട്ടുപോവുന്ന ചിത്രം റിയാസ്ഖാന്‍ അവതരിപ്പിക്കുന്ന വില്ലന്‍ എത്തുന്നതോടെയാണ് പ്രേക്ഷകര്‍ക്ക് അരോചകമായി തുടങ്ങുന്നത്. റിയാസ്ഖാന്റെ സംഭാഷണരീതിയും ചേഷ്ടകളും പ്രേക്ഷകര്‍ക്ക് സഹിക്കാനാവുന്നതല്ല എന്നതാണ് വാസ്തവം.

    ചന്ദ്രനെ പ്രേമിക്കുന്ന ഗ്രാമീണ പെണ്‍കുട്ടിയായി നവ്യാനായരും ചിത്രത്തിലുണ്ട്. പല സിനിമകളിലും കണ്ടിട്ടുള്ള കഥാപാത്രങ്ങളുടെ ആവര്‍ത്തനമാണ് നവ്യാനായരുടെ വേഷം. എങ്കിലും നവ്യ അത് ഭംഗിയാക്കി.

    ഇഴഞ്ഞിഴഞ്ഞുനീങ്ങുന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ. കഥാഗതിയുടെ ഇഴച്ചില്‍ പ്രത്യക്ഷത്തില്‍ അനുഭവപ്പെടാതിരിക്കാന്‍ പുട്ടിന് തേങ്ങയിടുന്നതു പോലെ തമാശരംഗങ്ങള്‍ കുത്തിനിറക്കുന്ന പതിവ്രീതി ജഗതി ഉള്‍പ്പെട്ട രംഗങ്ങളിലൂടെ ഈ ചിത്രത്തിലും ആവര്‍ത്തിക്കപ്പെടുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല.

    വെള്ളിത്തിര എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ അല്‍ഫോണ്‍സിന് പക്ഷേ തന്റെ രണ്ടാമത്തെ ചിത്രത്തിലെ ഗാനങ്ങള്‍ അത്ര മികച്ചതാക്കാനായില്ല. വേണുഗോപാലിന്റെ ഛായാഗ്രഹണം കുട്ടനാടിന്റെ പശ്ചാത്തലത്തിലെ മികച്ച ചില ദൃശ്യങ്ങള്‍ ഒരുക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X