വിചിത്രം ഈ വീരവേഷം

By Staff

വിചിത്രം ഈ വീരവേഷം
സന്തോഷ് രവീന്ദ്രന്‍

വേഷങ്ങളുടെ വൈവിധ്യത്തിനായി സൂപ്പര്‍താരങ്ങള്‍ രൂപഭാവങ്ങളില്‍ ചില്ലറ പരീക്ഷണങ്ങളൊക്കെ വരുത്തുന്നത് പ്രേക്ഷകര്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ പ്രായം മറന്നുള്ള വിചിത്രമായ വേഷം കെട്ടലായാല്‍ അത് സൂപ്പര്‍താരങ്ങളുടെ ആരാധകര്‍ പോലും ക്ഷമിച്ചുവെന്നു വരില്ല.

തൊമ്മനും മക്കളും എന്ന ചിത്രത്തില്‍ ജാക്കി ചാന്‍ സ്റൈലില്‍ ഒറ്റക്കാതിലെ കുണുക്കും നിറങ്ങള്‍ വാരിയൊഴിച്ചതു പോലുള്ള ഷര്‍ട്ടുമിട്ട് അല്പം വിചിത്രവേഷത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. കഥാപാത്രത്തിന്റെ സ്വഭാവത്തിനിണങ്ങുന്ന ആ വേഷം സ്വീകരിക്കപ്പെടുകയും ചിത്രം ഹിറ്റാവുകയും ചെയ്തു. എന്നാല്‍ ഏറെ പ്രതീക്ഷകളോടെയെത്തിയ തസ്കരവീരന്‍ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ രൂപവും പ്രകടനവും അതിരുവിട്ടതായി.

തസ്കരവീരനില്‍ അറക്കളം ബേബി എന്ന അധോലോക നായകനാവാന്‍ മമ്മൂട്ടി നടത്തിയിരിക്കുന്ന വിചിത്രമായ രൂപപരീക്ഷണവും നായികയായ നയന്‍താരയോടൊത്തുള്ള നൃത്തവും ബൈക്കില്‍ കുതിച്ചുകൊണ്ടുള്ള പ്രകടനവും ചിത്രത്തിലെ പുതുമയും യുക്തിയുമില്ലാത്ത പ്രമേയം പോലെ പ്രേക്ഷകര്‍ക്ക് അരോചകമായി അനുഭവപ്പെടുന്നു.

കള്ളന്‍മാരുടെ കുടുംബത്തില്‍ പിറന്ന ഹൈടെക് കള്ളനായ അറക്കളം ബേബിയുടെ കഥയാണ് തസ്കരവീരന്‍ പറയുന്നത്. അധോലോക രാജാവായ നാട്ടില്‍ തിരിച്ചെത്തുന്നത് തന്റെ മുത്തച്ഛന്‍ പൈലി (മധു)യെ കൊന്ന ഈപ്പച്ചനോട് (ഇന്നസെന്റ്) പകരം ചോദിക്കാനാണ്. യാദൃശ്ചികമായുണ്ടായ സംഭവത്തിനൊടുവില്‍ തന്റെ അപ്പന്‍ ഇട്ടിയെ (സ്ഫടികം ജോര്‍ജ്) കൊന്ന ഈപ്പന്‍ അത് ചെയ്തത് ബേബിയുടെ അപ്പനായ കുട്ടപ്പനാണെന്ന് (രാജന്‍ പി. ദേവ്) വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. ഈ കൊലപാതകങ്ങള്‍ക്കു സാക്ഷിയായ ബേബി തന്റെ ഗ്രാമത്തില്‍ നിന്നു തന്നെ ഓടിപ്പോവുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ പുതിയ രൂപഭാവങ്ങളോടെ ഈപ്പച്ചനോട് പകരം ചോദിക്കാനെത്തുന്നു.

പൈലിയുടെ കാമുകിയായിരുന്ന മീനാക്ഷി (ഷീല)യാണ് ബേബിയെ നാട്ടിലേക്ക് വിളിച്ചുവരുത്തുന്നത്. നാട്ടിലെ ദിവസങ്ങള്‍ക്കിടയില്‍ മുട്ടക്കച്ചവടക്കാരി തങ്കമണി (നയന്‍താര)യുമായി ബേബി പ്രണയത്തിലാവുന്നു. ബേബിയും മീനാക്ഷിയും തങ്കമണിയും ചേര്‍ന്ന് ഈപ്പച്ചനോട് പകരം ചോദിക്കുന്നതാണ് തുടര്‍ന്നുള്ള കഥ.

ഹൈടെക് രീതികളിലൂടെ തന്റെ ശത്രുക്കളെ അടിയറവ് പറയിക്കുന്ന ബേബിയുടെ കസര്‍ത്തുകളാണ് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നത്. മുഖംമൂടി ധരിച്ച് ഈപ്പച്ചന്റെ മകനായി (സിദ്ധിക്ക്) വേഷപ്രച്ഛന്നാവുന്നതു പോലുള്ള വിചിത്രരംഗങ്ങള്‍ ഒരുക്കാന്‍ സംവിധായക ജോഡികളായ പ്രമോദ് പപ്പന്‍ ധൈര്യപ്പെട്ടിരിക്കുന്നു! നായകതസ്കരന്റെ വീരപരാക്രമങ്ങളാണ് രണ്ടാം പകുതിയില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഹോളിവുഡ് സിനിമയില്‍ കാണുന്നതു പോലുള്ള ബൈക്ക് പറത്തലുമൊക്കെയായി നായകന്‍ വീരപരിവേഷത്തിന്റെ അങ്ങേയറ്റത്തെത്തുന്നു. അമ്പത് കടന്ന മമ്മൂട്ടി ചെയ്യുന്ന ഈ ഗിമ്മിക്കുകളും നയന്‍താരയോടൊത്തുള്ള ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന നൃത്തരംഗവുമെല്ലാം പലപ്പോഴും അരോചകമായി അനുഭവപ്പെടുന്നു.

തസ്കരവീരനില്‍ കാട്ടുന്ന പ്രകടനങ്ങള്‍ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ അതിയായ ശ്രദ്ധ കാട്ടാറുള്ള മമ്മൂട്ടിയെ പോലൊരു നടന് ചേര്‍ന്നതല്ല. അമിതമായ ആത്മവിശ്വാസം ചിലപ്പോള്‍ വിനയാവുമെന്ന കാര്യം മമ്മൂട്ടി ശ്രദ്ധിക്കുന്നത് നന്ന്.

തുടര്‍ച്ചയായ ഹിറ്റുകളിലൂടെ മലയാളത്തിലെ ഏറ്റവും താരമൂല്യമേറിയ നടനായി മാറിയിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍. വിജയങ്ങള്‍ നല്‍കുന്ന ഈ ഉയര്‍ച്ചയിലൂടെ നേരത്തെ മോഹന്‍ലാലും ദിലീപുമൊക്കെ കടന്നുപോയതാണ്. റെക്കോഡ് വിജയം നേടിയ ആറാം തമ്പുരാന്‍-നരസിംഹ ചിത്രങ്ങളിലൂടെ താരമൂല്യത്തിന്റെ ഉന്നതിയിലെത്തിയ മോഹന്‍ലാല്‍ തുടര്‍ന്നുള്ള ഏതാനും ചിത്രങ്ങളുടെ പരാജയത്തിലൂടെ ഒരു പതനം നേരിടേണ്ടിവന്നത് അമിതമായ ആത്മവിശ്വാസവും ശ്രദ്ധക്കുറവും മൂലമായിരുന്നു. മീശമാധവന്‍, സിഐഡി മൂസ തുടങ്ങിയ സൂപ്പര്‍ഹിറ്റുകളിലൂടെ സൂപ്പര്‍താരങ്ങളെ വെല്ലുവിളിക്കാന്‍ പോന്ന നടനെന്ന നിലയിലെത്തിയ ദിലീപിനും കഴിഞ്ഞ വര്‍ഷം അടിതെറ്റിയത് ഏറെക്കുറെ ഈ കാരണങ്ങള്‍ കൊണ്ടുതന്നെയാണ്. വിജയത്തുടര്‍ച്ചയിലൂടെ കരിയറിലെ ഏറ്റവും സുവര്‍ണഘട്ടത്തിലെത്തി നില്‍ക്കുന്ന മമ്മൂട്ടി തസ്കരവീരന്‍ പോലുള്ള സാഹസങ്ങള്‍ക്ക് ഇനിയും മുതിര്‍ന്നാല്‍ ഇപ്പോഴത്തെ വിജയതിമര്‍പ്പ് ഓര്‍മയായി മാറുവാന്‍ അധികം കാത്തിരിക്കേണ്ടിവരില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X