twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നളദമയന്തി: ഗീതുവിന് പത്ത് മാര്‍ക്ക്

    By Super
    |

    നള ദമയന്തി എന്ന തമിഴ് ചിത്രം റിലീസിന് മുമ്പേ വാര്‍ത്തയായി മാറി. ഒന്ന് കമലഹാസന്‍ ഈ ചിത്രത്തില്‍ ഇംഗ്ലീഷില്‍ പാട്ടുപാടുന്നു, രണ്ട് ചിത്രത്തിലെ നായിക മലയാളിതാരം ഗീതുമോഹന്‍ദാസാണ്. ഗീതുമോഹന്‍ദാസിന്റെ ആദ്യ തമിഴ്ചിത്രം.

    നടന്‍ മാധവന് വേണ്ടിയാണ് കമല്‍ ഇംഗ്ലീഷ് ഗാനം ആലപിയ്ക്കുന്നത്. പാലക്കാട്ട്കാരനായ തമിഴ് ബ്രാഹ്മണനായി വേഷമിടുന്ന മാധവന്‍, ആസ്ത്രേല്യയിലെത്തി അഭയാര്‍ത്ഥിയായി അലയുന്ന രംഗത്താണ് കമലഹാസന്‍ ഇംഗ്ലീഷ് ഗാനം ആലപിയ്ക്കുന്നത്. പക്ഷെ ഈ ഗാനം പാടെ മോശമായി എന്നാണ് പ്രേക്ഷരുടെ പക്ഷം. പക്ഷെ തന്റെ ഇംഗ്ലീഷ് ഗാനം വാര്‍ത്തയാക്കി മാറ്റിയ കമലിന് അതിലൂടെ കുറെ പ്രേക്ഷരെയെങ്കിലും ആകര്‍ഷിയ്ക്കാന്‍ പറ്റി.

    ചിത്രത്തില്‍ ദമയന്തിയായി ഗീതുമോഹന്‍ദാസ് നല്ല അഭിനയം കാഴ്ചവച്ചിരിക്കുന്നു. തമിഴര്‍ക്ക് ഗീതുവിനെ ഇഷ്ടമായിക്കഴിഞ്ഞു. കാരണം തമിഴരുടെ സൗന്ദര്യ സങ്കല്പത്തിന് ഒത്തുപോകുന്നതാണ് ഗീതുവിന്റെ ആകാരവും അഭിനയവും എന്നറിയുന്നു. എന്തായാലും ദമയന്തിയുടെ റോളിന് ഗീതുവിന് പത്തില്‍ പത്ത് മാര്‍ക്കും നല്കാം.

    രാംജി എന്ന കഥാപാത്രത്തെയാണ് നടന്‍ മാധവന്‍ അവതരിപ്പിക്കുന്നത്.

    സഹോദരിയെ കെട്ടിച്ചയച്ചതോടെ രാംജിയുടെ കുടുംബം സാമ്പത്തികമായി കടക്കെണിയിലായി. കുടുംബത്തെ കടത്തില്‍ നിന്ന് കരകയറ്റാന്‍ രാംജി അനധികൃതമായി ആസ്ത്രേല്യയിലേക്ക് കുടിയേറുന്നു. രാംജിയ്ക്ക് ആകെ അറിയാവുന്ന കൈത്തൊഴില്‍ പാചകം മാത്രം. ആസ്ത്രേല്യയില്‍ വച്ച് രാംജിയുടെ പാസ്പോര്‍ട്ടും വര്‍ക്ക്പെര്‍മിറ്റും എല്ലാം നഷ്ടപ്പെടുന്നു.

    ഈ സമയത്ത് ദയാലുക്കളായ രണ്ട് പേര്‍ രാംജിയുടെ രക്ഷയ്ക്കെത്തുന്നു. ഭദ്രിയും അദ്ദേഹത്തിന്റെ ഭാര്യയും രാംജിയ്ക്ക് അഭയം നല്കുന്നു. ഭദ്രിയുടെ വക്കീല്‍ ഇവാന്‍ രക്ഷപ്പെടാന്‍ രാംജിയ്ക്ക് ഒരു ഉപായം പറഞ്ഞുകൊടുക്കുന്നു. തല്ക്കാലം ഒരു പെണ്ണിനെ വിവാഹം കഴിച്ചതായി രേഖയുണ്ടാക്കുക. എങ്കില്‍ ഇമിഗ്രേഷന്‍ അധികൃതരില്‍ നിന്ന് തടിയൂരാം. സൗകര്യത്തിനായി ഇവാന്റെ കാമുകി ദമയന്ത്രിയെ രാംജി വിവാഹം കഴിച്ചതായി രേഖയുണ്ടാക്കുന്നു.

    പക്ഷെ ഈ കള്ളികളെല്ലാം വെളിച്ചത്താകുന്നതും ഒടുവില്‍ ഒരു ഘട്ടത്തില്‍ രാംജിയും ദമയന്ത്രിയും യഥാര്‍ത്ഥത്തില്‍ അടുക്കുന്നതുമാണ് നളദമയന്തിയുടെ കഥ.

    ചിത്രം തകര്‍ത്തോടുന്നുവെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍. ആദ്യ

    ആഴ്ചയില്‍ തന്നെ ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിച്ച് ലാഭമുണ്ടാക്കുമെന്നും പറഞ്ഞുകേള്‍ക്കുന്നു. പ്രമേയത്തില്‍ പുതുമയുണ്ടെങ്കിലും കഥയ്ക്കുള്ളിലെ പൊരുത്തക്കേടുകള്‍ സിനിമയെ പലയിടത്തും ദുര്‍ബലമാക്കുന്നുണ്ട്. ഇതില്‍ പ്രധാനം രാംജിയും ദമയന്തിയും തമ്മില്‍ വളര്‍ന്നുവരുന്ന പ്രണയമാണ്. തീരെ വിശ്വസനീയമായ രീതിയിലല്ല ഇവര്‍ തമ്മിലുള്ള സ്നേഹബന്ധം വളരുന്നതെന്നതാണ് പ്രശ്നം. അതുതന്നെയാണ് ഈ സിനിമയുടെ താളം തെറ്റിയ്ക്കുന്നതും.

    മാധവന്റെ അഭിനയവും കഥാപാത്രത്തിന് ചേരുന്നത്ര നന്നായില്ല. പലപ്പോഴും മാധവന്‍ മാധവനായി തന്നെ ചിത്രത്തില്‍ നിലകൊള്ളുന്നു. ഒരു പാവം പാലക്കാടന്‍ ബ്രാഹ്മണന്‍ എന്ന ചിന്ത കാഴ്ചക്കാരില്‍ ഉണര്‍ത്തുന്നതില്‍ മാധവന്‍ പലപ്പോഴും പരാജയപ്പെടുന്നു. മാത്രമല്ല, കഷ്ടപ്പെട്ട് മാധവന്‍ പാലക്കാടന്‍ ബ്രാഹ്മണരുടെ ശൈലിയില്‍ സംസാരിക്കുന്നത് പലപ്പോഴും അരോചകവുമാണ്. എങ്കിലും പ്രക്ഷകരെ ചിരിപ്പിക്കുന്ന രംഗങ്ങളില്‍ മാധവന്‍ നന്നായി തിളങ്ങി.

    പലപ്പോഴും ചിത്രം ഇഴഞ്ഞുനീങ്ങുന്നുണ്ട്. ആസ്ത്രേല്യയിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെ രാംജിയെ പിടിക്കാന്‍ റെയ്ഡിനെത്തുന്ന രംഗങ്ങള്‍ ഒരു നാടകം പോലെ തരം താണതാണെങ്കിലും ഹാസ്യം ഉണര്‍ത്തുന്നതില്‍ വിജയിച്ചു.

    മൗലി സംവിധാനം ചെയ്ത ചിത്രമാണെന്ന് മറന്നുപോയിട്ടല്ല ഇതെഴുതുന്നത്. കമല്‍ചിത്രം എന്ന നിലയ്ക്കാണ്. പത്ത് വര്‍ഷം മുമ്പ് കമല്‍ തന്നെ എഴുതിയ കഥയാണ് നളദമയന്തിയുടേത്. നേരത്തെ ഈ ചിത്രത്തില്‍ നായകനായി അഭിനയിക്കണമെന്ന് കമലഹാസന് മോഹമുണ്ടായിരുന്നെങ്കിലും പകരം മാധവനെ രാംജിയുടെ റോളിലേക്ക ് കമല്‍ തിരഞ്ഞെടുക്കുകയായിരുന്നു. ഒരു കമല്‍ ചിത്രത്തിന്റെ നിലവാരമില്ലെങ്കിലും പ്രേക്ഷരെ രസിപ്പിക്കുന്നതില്‍ ചിത്രം വിജയിച്ചു. അടിയും ഇടിയും അക്രമവും മാത്രം തൊഴിലാക്കിയ തമിഴ് സിനിമയില്‍ ഒരു ചുവടുമാറ്റവും ആ നിലയ്ക്ക് പ്രേക്ഷകര്‍ക്ക് കുറെ ആശ്വാസവുമായിരിക്കും ഈ സിനിമ. പിന്നെ എല്ലാറ്റിനും അപ്പുറം കുറച്ചേറെ സമയം മറന്നു ചിരിക്കാനും ഉപകരിയ്ക്കും നളദമയന്തി.

    Read more about: geethu mohandas
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X