For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നാമന്‍: വീഞ്ഞ് പഴയത് തന്നെ

  By Staff
  |

  ഒന്നാമന്‍: വീഞ്ഞ് പഴയത് തന്നെ

  സംവിധാനം: തമ്പി കണ്ണന്താനം

  താരങ്ങള്‍: മോഹന്‍ലാല്‍, രമ്യാകൃഷ്ണന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍

  സംഗീതം: എസ്. പി. വെങ്കിടേഷ്

  മലയാള സിനിമയിലെ പ്രതിസന്ധി തീര്‍ക്കാന്‍ ദൈവം വിചാരിച്ചാല്‍ സാധിക്കില്ല. അതിന് സംവിധായകനും തിരക്കഥാകൃത്തുമടങ്ങുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ തന്നെ വിചാരിക്കണം. അല്ലെങ്കില്‍ ഇപ്പോഴേ കുത്തുപാളയെടുത്തു കഴിഞ്ഞ മലയാള സിനിമ അന്ത്യശ്വാസം വലിക്കാന്‍ അധികകാലം വേണ്ടിവരില്ല. പ്രത്യേകിച്ചും വീണ്ടുവിചാരം തൊട്ടുതീട്ടിയിണ്ടില്ലാത്തവര്‍ ഒരുക്കുന്ന ഒന്നാമന്‍ പോലുള്ള സിനിമകളാണ് മലയാളത്തില്‍ ഇനിയുമിറങ്ങുന്നതെങ്കില്‍.

  ഒരു സിനിമ ഓടിത്തകര്‍ത്താല്‍ അതേ മാതൃകയില്‍ ഹോട്ടല്‍ മുറിയിലിരുന്ന് തട്ടിക്കൂട്ടുന്നതാണ് മലയാള സിനിമ എന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് എത്രശരി. ഒരു നരസിഹം പ്രേക്ഷകര്‍ സ്വീകരിച്ചാല്‍ അതിന് പിന്നാലെ ഒരു നൂറ് നരസിംഹങ്ങള്‍. അതിലൊന്നാണ് ഒന്നാമന്‍.

  നരസിംഹത്തിലേതു പോലെ മോഹന്‍ലാല്‍ മീശ പിരിച്ചതുകൊണ്ടോ മസില്‍ പെരുപ്പിച്ചതു കാട്ടിയതു കൊണ്ടോ സിനിമ വിജയിക്കില്ലെന്ന് തിരിച്ചറിവില്ലാത്തവരാണ് ഒന്നാമന്റെയും പിറകില്‍. ആദ്യദിവസങ്ങളില്‍ പ്രേക്ഷകര്‍ കൂവി തകര്‍ത്ത ചിത്രം തിയേറ്ററുകളില്‍ നിന്ന് പതുക്കെ അപ്രത്യക്ഷമായി കഴിഞ്ഞു. മോഹന്‍ലാല്‍ മോശ പിരിച്ച് പത്തു പേരെ ഒന്നിച്ചടിക്കുകയും നൂറു പേരെ വെടിവെച്ചുകൊല്ലുകയും ചെയ്താല്‍ സിനിമ വിജയിക്കില്ലെന്ന് തമ്പി കണ്ണന്താനം ഇനിയെങ്കിലും മനസിലാക്കേണ്ടിയിരിക്കുന്നു.

  നരസിംഹത്തിലും രാവണപ്രഭുവിലും മോഹന്‍ലാല്‍ മീശ പിരിക്കുകയും അതിമാനുഷന്‍ കളിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പ്രേക്ഷകന് പുതുമ രുചിക്കുന്ന കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും സംഭാഷണത്തിലെ പുതുമയെല്ലാമായിരുന്നു ആ സിനിമകള്‍ വിജയിക്കാന്‍ കാരണമായത്. അത്തരം യാതൊരു പുതുമയും അവകാശപ്പെടാനില്ലെന്ന് മാത്രമല്ല, പഴമണത്തിന്റെ ജീര്‍ണത മൂക്കിലടിക്കുന്ന കഥയും കഥാപാത്രങ്ങളുമേ ഈ ചിത്രത്തിലുളളതുതാനും.

  അഭിമന്യു സ്റൈലില്‍ ഒരു നായകനെ പൊടിതട്ടിയെടുത്ത് പുതിയ കുപ്പായമിടീച്ചാല്‍ ചിത്രത്തെ പ്രേക്ഷകര്‍ കൂവിതോല്പിക്കുമെന്നതിന്റെ ഉദാഹരണമാണല്ലോ പ്രജ. അത്തരമൊരു പഴകിയ വീഞ്ഞാണ് ഒന്നാമനും. ഇന്ദ്രജാലം എന്ന തന്റെ തന്നെ ചിത്രത്തിന് പുതിയ കുപ്പായമീടിക്കാനാണ് ഒന്നാമനില്‍ തമ്പി ശ്രമിച്ചിരിക്കുന്നത്.

  ചിത്രത്തിലെ മോഹന്‍ലാലിന്റെ രവിശങ്കര്‍ ഇന്ദ്രജാലത്തിലും രാജാവിന്റെ മകനിലും കണ്ടിട്ടുള്ള വൃത്തിക്കേടുകളെല്ലാം കാട്ടിയിട്ടും നായകനന്മ ചമയുന്ന പഴകി പോയ ഫോര്‍മാറ്റില്‍ ഒരുക്കിയിരിക്കുന്ന കഥാപാത്രമാണ്. എല്ലാ തോന്ന്യാസങ്ങളും കാണിച്ചിട്ട് ദേശീയപതാകയ്ക്കു മുന്നില്‍ നിന്ന് നാല് ഡയലോഗ് അടിച്ചാല്‍ രാജ്യസ്നേഹിയായ നായകനെ പ്രേക്ഷകര്‍ സ്വീകരിച്ചോളും എന്ന് കരുതുന്ന സംവിധായകര്‍ക്ക് ഇല്ലാത്തത് വകതിരിവ് എന്ന സാധനമാണ്. അതില്ലാത്തതിന്റെ എല്ലാ കുഴപ്പങ്ങളും ഈ ചിത്രത്തിലുണ്ട്.

  വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടന്മാരെയെല്ലാം കയറൂരി വിട്ടിരിക്കുകയാണ് സംവിധായകന്‍ ഈ ചിത്രത്തില്‍. മോഹന്‍ലാല്‍ അതിമാനുഷ വേഷത്തിന് അടിമയായി പോയിരിക്കുന്നുവെന്ന് തെളിയിക്കുന്നു ഈ ചിത്രം. മലയാളത്തിന്റെ പ്രിയങ്കരനായ നടന്‍ എന്നാണ് ഈ സ്ഥിരം അവതാര വേഷത്തില്‍ നിന്ന് മോചിതനാവുക എന്ന ചോദ്യം കൂടി അവശേഷിപ്പിക്കുന്നു ഈ ചിത്രം.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X