പരസ്യസംവിധായകന്റെ ചിത്രം

By Staff

പരസ്യസംവിധായകന്റെ ചിത്രം
സന്തോഷ് രവീന്ദ്രന്‍

പുനരധിവാസം എന്ന ചിത്രത്തിലൂടെയാണ് വി. കെ. പ്രകാശ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പരസ്യചിത്രസംവിധാന രംഗത്ത് ഏറെ വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചതിനു ശേഷമാണ് സിനിമാരംഗത്തേക്ക് കടന്നതെങ്കിലും കച്ചവട സിനിമയിലൂടെയല്ല വി. കെ. പ്രകാശ് സിനിമയില്‍ തുടക്കം കുറിച്ചത്.

പ്രിയദര്‍ശന്‍, രാജീവ്മേനോന്‍ തുടങ്ങിയ പരസ്യചിത്ര സംവിധായകരില്‍ നിന്ന് വ്യത്യസ്തമാണ് തന്റെ വഴിയെന്ന പ്രതീതി ജനിപ്പിച്ചാണ് പുനരധിവാസം എന്ന ചിത്രം വി. കെ. പ്രകാശ് ഒരുക്കിയത്. സമാന്തരസിനിമാ വിഭാഗത്തില്‍പ്പെടുത്താവുന്ന പുനരധിവാസം പ്രമേയത്തിലും പരിചരണരീതിയിലും വ്യത്യസ്തത പുലര്‍ത്തി.

എന്നാല്‍ തുടര്‍ന്നുള്ള ചിത്രങ്ങളിലൂടെ പ്രകാശ് സമാന്തര സിനിമയോട് വിട പറയുന്നതാണ് കണ്ടത്. ഫ്രീക്കി ചക്ര എന്ന ഹിന്ദി ചിത്രത്തിലൂടെ കച്ചവട സിനിമയുടെ വഴിയിലേക്ക് പ്രവേശിച്ച പ്രകാശ് മലയാളത്തില്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ മുല്ലവള്ളിയും തേന്മാവും കച്ചവട ചേരുകള്‍ ചേര്‍ത്താണ് ഒരുക്കിയത്.

പുനരധിവാസത്തില്‍ നിന്നും മുല്ലവള്ളിയിലെത്തുമ്പോള്‍ വി. കെ. പ്രകാശ് എന്ന സംവിധായകന്റെ സംവിധാന ശൈലിയും വല്ലാതെ മാറുന്നതാണ് കണ്ടത്. വളരെ ദുര്‍ബലമായ തിരക്കഥയില്‍ പടുത്ത മുല്ലവള്ളിയിലെ ഷോട്ടുകള്‍ വ്യത്യസ്തമാണ്. എന്നാല്‍ ദുര്‍ബലവും അതിവൈകാരികവുമായ കഥയെ പ്രേക്ഷകര്‍ക്ക് ഹൃദ്യമാവുന്ന സിനിമാനുഭവമാക്കുന്നതിതില്‍ പരാജയപ്പെട്ട വി. കെ. പ്രകാശ് ചിത്രത്തിലൊരുക്കിയ വ്യത്യസ്തമായ ദൃശ്യസീക്വന്‍സുകള്‍ ഒരു പരസ്യസംവിധായകന്റെ കൗതുകസൃഷ്ടി മാത്രമായി മുഴച്ചുനിന്നു.

മുല്ലവള്ളിയില്‍ നിന്നും ദി പൊലീസ് എന്ന തന്റെ പുതിയ ചിത്രത്തിലേക്കെത്തുമ്പോള്‍ വി. കെ. പ്രകാശ് അടിമുടി ഒരു പരസ്യസംവിധായകന്‍ മാത്രമാണ്. പരസ്യചിത്രത്തില്‍ കാണുന്ന തരത്തിലുള്ള ദൃശ്യവിന്യാസങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്ന ഈ സംവിധായകന്‍ മുല്ലവള്ളിയിലേതു പോലെ ദി പൊലീസിലും തിരക്കഥക്ക് വലിയ പ്രാധാന്യം കൊടുക്കുന്നില്ല.

മണിരത്നത്തെ പോലുള്ള സംവിധായകര്‍ സിനിമയില്‍ സാങ്കേതികഭംഗി കൈവരിക്കുന്നത് തിരക്കഥയെയും കഥയെയും മറന്നുകൊണ്ടല്ല. ശക്തമായ തിരക്കഥയുടെ അടിത്തറയിലാണ് മണിരത്നം സാങ്കേതികപൂര്‍ണതയുടെ ചലച്ചിത്രശില്പം പടുക്കുന്നത്. എന്നാല്‍ വി. കെ. പ്രകാശ് ഊന്നല്‍ നല്‍കുന്നത് സാങ്കേതികമേന്മ എന്ന പേരില്‍ ഒരു പരസ്യസംവിധായകനു ചെയ്യാവുന്ന ദൃശ്യകസര്‍ത്തുകളിലാണ്. സിനിമ ചെയ്യുമ്പോഴും അദ്ദേഹം ഒരു പരസ്യസംവിധായകന്‍ മാത്രമാണ്.

പരസ്യസിനിമയുടെ മേഖലയില്‍ വളരെ സജീവമായ പ്രിയദര്‍ശന്‍, രാജീവ്മേനോന്‍ തുടങ്ങിയ പ്രഗത്ഭ സംവിധായകര്‍ പരസ്യസിനിമാരംഗത്തെ തങ്ങളുടെ പരിചയം സിനിമകളില്‍ ഗുണപരമായി ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. സിനിമയുടെ ഭാഷ തൊട്ടറിഞ്ഞാണ് അവര്‍ ചിത്രങ്ങളൊരുക്കുന്നത്. നല്ല സിനിമക്കു പ്രാഥമികമായി വേണ്ടത് ശക്തമായ തിരക്കഥയാണെന്ന് അവര്‍ക്കറിയാം. അത് വി. കെ. പ്രകാശ് എന്ന പരസ്യസംവിധായകന്‍ ഒട്ടും മനസിലാക്കിയിട്ടില്ല.

മയക്കുമരുന്ന് മാഫിയയെ തളക്കാന്‍ ശ്രമിക്കുന്ന രണ്ട് പൊലീസ് ഓഫീസര്‍മാരുടെ കഥയാണ് ദി പൊലീസ് പറയുന്നത്. ആനന്ദ് ജേക്കബും ശേഖരവര്‍മയും കൊച്ചി നഗരത്തിലെ ആന്റി നാര്‍ക്കോട്ടിക്ക് സെല്ലിലെ ഒരേ റാങ്കിലുള്ള പൊലീസ് ഓഫീസര്‍മാരാണ്. ഇരുവും തമ്മില്‍ സര്‍വീസ് രംഗത്ത് കടുത്ത മത്സരമുണ്ട്. ഒരു തരത്തില്‍ ജോലിയുടെ മേഖലയില്‍ അവര്‍ ശത്രുക്കളാണെന്നു പറയാം.

ഇരുവരും സ്വന്തം നിലയില്‍ മയക്കുമരുന്ന് മാഫിയക്കെതിരായ നീക്കങ്ങള്‍ നടത്തിയപ്പോള്‍ മയക്കുമരുന്ന് അധോലോകം അവരെ നശിപ്പിക്കാനുള്ള ശ്രമത്തിലായി. മയക്കുമരുന്ന് മാഫിയയുടെ കരുനീക്കങ്ങള്‍ തങ്ങളുടെ ജീവിതത്തെ ബാധിച്ചുതുടങ്ങിയതോടെ സര്‍വീസ് രംഗത്തുള്ള ശത്രുത മറന്ന് ഇരുവരും ഒന്നിച്ചുള്ള പോരാട്ടത്തിലേര്‍പ്പെടുന്നു.

ദി പൊലീസ് ഒരു മുഴുനീള ആക്ഷന്‍ ചിത്രമാണെങ്കിലും ഇതിനിടെ ഇരുവരുടെയും കുടുംബപശ്ചാത്തലത്തിലേക്കും എത്തിനോക്കുന്നു. ആനന്ദിന്റെ ഏകസഹോദരിയുമായുള്ള ബന്ധം, ശേഖരവര്‍മുടെ പഴയ തറവാട്ടിലെ അമ്മ, അയാളുടെ മുറപ്പെണ്ണ്...അത്യാധുനിക ആക്ഷന്‍ ചിത്രമൊരുക്കുന്നതിന് ഇറങ്ങിപ്പുറപ്പെട്ട വി. കെ. പ്രകാശ് കണ്ണീര്‍ രംഗങ്ങളൊരുക്കാനായി ഇത്തരം പറഞ്ഞുപഴകിയ കുടുംബപശ്ചാത്തലങ്ങളെയാണ് ആശ്രയിക്കുന്നത്. അത് സിനിമയില്‍ വല്ലാതങ്ങ് മുഴച്ചുനില്‍ക്കുകയും ചെയ്യുന്നു.

ചിത്രത്തില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും അവതരിപ്പിക്കുന്ന പൊലീസ് ഓഫീസര്‍മാര്‍ കാക്ക കാക്ക എന്ന ചിത്രത്തില്‍ സൂര്യ അവതരിപ്പിച്ച അംബുശെല്‍വന്‍ എന്ന കഥാപാത്രത്തെ വല്ലാതെ ഓര്‍മിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ പല സീക്വന്‍സുകളും കാക്ക കാക്കയിലെ രംഗങ്ങളാണ് പ്രേക്ഷകരുടെ മനസില്‍ കൊണ്ടുവരുന്നത്. വയലന്‍സ്-, സത്യം, കൃത്യം തുടങ്ങിയ ചിത്രങ്ങളില്‍ ആക്ഷന്‍ വേഷം ചെയ്ത പൃഥ്വിരാജ് തനിക്കു ചെയ്യാവുന്നതൊക്കെ ഈ ചിത്രത്തിലും ചെയ്തിട്ടുണ്ട്.

സാങ്കേതിക കസര്‍ത്തുകള്‍ കൊണ്ടു മാത്രമായി മികച്ചൊരു ചിത്രം ഒരുക്കാനാവില്ല. ദൃശ്യവിന്യാസങ്ങളിലെ അമിതമായ ഊന്നലിനിടയില്‍ പറയാനുദ്ദേശിക്കുന്ന പ്രമേയത്തെ മറക്കുന്ന സംവിധായകന്‍ ഒരു നല്ല സിനിമക്കാരനല്ല. ശക്തമായ തിരക്കഥയില്ലാതെ സാങ്കേതികതയില്‍ മാത്രമൂന്നി ഒരു സംവിധായകനും മികച്ച ചിത്രമൊരുക്കാനാവില്ലെന്ന് സിനിമാസംവിധായകന്‍ മനസിലാക്കിയിരിക്കേണ്ട പാഠങ്ങളിലൊന്നു മാത്രമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X