കണ്ടിരിക്കാം, അത്രയും ആശ്വാസം...
കണ്ടിരിക്കാം, അത്രയും ആശ്വാസം...
സംവിധാനം: വി. എം. വിനു
താരങ്ങള്‍: വിനീത്കുമാര്‍, നിത്യാദാസ്, കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍
സംഗീതം: എം. ജയചന്ദ്രന്‍
കണ്ടുമടുത്ത പ്രമേയങ്ങളിലും മുഹൂര്‍ത്തങ്ങളിലും കണ്ടുമടുത്ത മുഖങ്ങള്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നതിന്റെ വിരസത ഒട്ടൊന്നുമല്ല മലയാള സിനിമാ പ്രേക്ഷകനെ സിനിമയില്‍ നിന്ന് മുഖം തിരിപ്പിക്കുന്നത്. ആവര്‍ത്തനത്തിന്റെ മടുപ്പാണ് മലയാള സിനിമയെ ഇങ്ങനെ മുങ്ങാന്‍ പാകത്തില്‍ നില്‍ക്കുന്ന ഓട്ട വീണ കപ്പലാക്കിയത്.
സിനിമ എട്ടുനിലയില്‍ പൊട്ടാതിരിക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞത് പ്രേക്ഷകനെ മടുപ്പിക്കാതിരിക്കുകയെങ്കിലും വേണം. വലിയ പുതുമയൊന്നുമില്ലെങ്കിലും കണ്ടിരിക്കാവും വിധം മടുപ്പിക്കാതെ ചിത്രമെടുത്താല്‍ അത് കാണാന്‍ പ്രേക്ഷകര്‍ വരും, തീര്‍ച്ച! അത് മനസിലാവാതെ പോവുന്നതു കൊണ്ടാണ് മലയാള സിനിമയെ രക്ഷിക്കണമെന്ന് അട്ടഹസിക്കുന്നവര്‍ തന്നെ പ്രേക്ഷകനെ തിയേറ്ററിന്റെ പരിസരത്തു പോലുമെത്തിക്കാത്ത ചിത്രങ്ങള്‍ എടുത്തുകൂട്ടുന്നത്.
വി. എം. വിനുവിന്റെ കണ്‍മഷി പ്രേക്ഷകരെ ബോറടിപ്പിക്കുന്നില്ല. കണ്ടിരിക്കാവുന്ന ചിത്രമെന്ന് മാര്‍ക്ക് കൊടുക്കാന്‍ പ്രേക്ഷകര്‍ മടിക്കാത്ത ചിത്രം. വിരസതയില്ലാത്ത കഥയോടൊപ്പം പുതുമുഖങ്ങളുടെ സാന്നിധ്യം കൊണ്ട് ഫ്രഷ്നസ് അനുഭവിപ്പിക്കാന്‍ കൂടി കഴിയുന്നു വി. എം. വിനുവിന്. സിനിമയ്ക്ക് പകരം ഫുട്ബോള്‍ കാണിക്കേണ്ടിവരും തിയേറ്ററുകള്‍ പ്രതിസന്ധിയില്‍ കഴിയുന്ന ഒരു നാട്ടില്‍ പഴമണമില്ലാത്ത ഒരു ചിത്രമുണ്ടാവുന്നതു തന്നെ ധാരാളമല്ലേ...
(മലയാളത്തില്‍ പുതുമുഖങ്ങള്‍ നായികാ നായകന്മാരാവുന്ന ചിത്രങ്ങളുടെ ഒരു നിര തന്നെ വരാന്‍ പോവുകയാണ്. മലയാള സിനിമ പതുക്കെ രക്ഷപ്പെട്ടു തുടങ്ങുന്നതിന്റെ സൂചനയാണോ അത്?)
നിത്യാദാസാണ് കണ്‍മഷിയെന്ന് അറിയപ്പെടുന്ന സേതുലക്ഷ്മിയുടെ വേഷത്തില്‍ നായികയാവുന്നത്. പറക്കുതളികയ്ക്കു ശേഷം നിത്യാദാസ് അവതരിപ്പിക്കുന്ന കഥാപാത്രം ഒരു ഗ്രാമീണ പെണ്‍കൊടിയുടേതാണ്. ഗ്രാമത്തിലെ നിഷ്കളങ്കയായ ഗ്രാമീണ പെണ്‍കൊടിയെ മുമ്പും സിനിമകളില്‍ പലയിടത്തായി കണ്ടിട്ടുണ്ടെങ്കിലും ഈ പുതിയ സേതുലക്ഷ്മിയ്ക്ക് വ്യത്യസ്തതയുണ്ട്.
വിനീത്കുമാറും സേതുലക്ഷ്മിയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. എന്നാല്‍ ആദ്യപകുതിയില്‍ സേതുലക്ഷ്മിയും അവളുടെ കുട്ടിക്കൂട്ടുകാരും ചേര്‍ന്ന് ചെയ്തുകൂട്ടുന്ന കുസൃതികളാണ് നിറഞ്ഞുനില്‍ക്കുന്നത്. സേതുലക്ഷ്മിയെ വിവാഹം ചെയ്യാനായി പിന്നാലെ നടക്കുന്ന മുരുകന് (കലാഭവന്‍ മണി) പറ്റുന്ന അക്കിടികള്‍ ആദ്യപകുതിയെ രസകരമാക്കുന്നുണ്ട്.
വിനീത് കുമാറും നിത്യാദാസും പ്രേക്ഷകരെ മടുപ്പിക്കുന്നില്ല. കലാഭവന്‍ മണിയുടേത് പതിവ് കഥാപാത്രമാണെങ്കിലും പ്രേക്ഷകരെ ചിരിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ മണിക്ക് കഴിയുന്നുണ്ട്. ഗ്രാമത്തിലെ പ്രമാണിയായി അഭിനയിക്കുന്ന നെടുമുടി വേണു ക്ലൈമാക്സ് രംഗങ്ങളില്‍ ശരിക്കും തകര്‍ത്തഭിനയിച്ചു. ജഗതിയും കുറെ വളിപ്പല്ലാത്ത തമാശ സൃഷ്ടിക്കുന്നുണ്ട്.
ഗാനങ്ങളും ഗാനരംഗങ്ങളും നന്നായി. അലക്സ് കടവിലും വി. ആര്‍. മോഹനനും ഭേദപ്പെട്ട രീതിയില്‍ രചിച്ച തിരക്കഥ ഒരു ഭേദപ്പെട്ട ചിത്രമൊരുക്കാന്‍ വി. എം. വിനുവിനെ കുറച്ചൊന്നുമല്ല സഹായിച്ചത്. സ്വര്‍ണകിരീടം, പല്ലാവൂര്‍ ദേവനാരായണന്‍, ആകാശത്തിലെ പറവകള്‍ തുടങ്ങിയ സാമാന്യം ബോറായ ചിത്രങ്ങളുടെ സ്രഷ്ടാവാണ് വി. എം. വിനു. കണ്‍മഷിയിലെത്തുമ്പോള്‍ വിനു വളരെ ഭേദപ്പെട്ടിരിക്കുന്നു. അത്രയും നല്ലത്.


Click it and Unblock the Notifications