തെളിമ നിറഞ്ഞ ചലച്ചിത്രാനുഭവം

By Staff

തെളിമ നിറഞ്ഞ ചലച്ചിത്രാനുഭവം

വിനീത് വിജയന്‍

പഴയ ചില സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതമായ കുടുംബ പശ്ചാത്തലത്തിലുളള പ്രമേയവും മുഹൂര്‍ത്തങ്ങളും പശ്ചാത്തലങ്ങളിലും കഥാപാത്രസ്വഭാവത്തിലും ചില്ലറ ഭേദഗതികളോടെ അവതരിപ്പിക്കുകയാണ് ടി. എ. റസാക്ക് എന്ന തിരക്കഥാകൃത്ത് വേഷത്തില്‍ ചെയ്തത്. ആ സിനിമ സൂപ്പര്‍ഹിറ്റായി. വേഷം നേടിയ വിജയത്തിന്റെ ഹാങ്ഓവര്‍ റസാക്കിനെ വിട്ടുമാറിയിട്ടില്ലെന്ന് തോന്നുന്നു.

പഴയ ചില ഹിറ്റ് ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്ന കഥയും കഥാപാത്രങ്ങളുമായാണ് ഇപ്പോള്‍ രാപ്പകലിലും ടി. എ. റസാക്ക് സൃഷ്ടിച്ചിരിക്കുന്നത്. വ്യത്യസ്തതയില്ലെങ്കിലും ഈ ചിത്രവും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന തരത്തില്‍ ഒരുക്കാന്‍ റസാക്കിനും സംവിധായകന്‍ കമലിനും സാധിച്ചിട്ടുണ്ട്.

രാപ്പകല്‍ അതീവ വ്യത്യസ്തമാണെന്ന് റസാക്ക് പോലും അവകാശപ്പെടുന്നില്ല. എന്നാല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ പോന്ന മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലുണ്ടെന്ന് ഷൂട്ടിംഗ് വേളയില്‍ അദ്ദേഹം അവകാശപ്പെടുകയും ചെയ്തിരിന്നു. രാപ്പകല്‍ കാണുമ്പോള്‍ അത് ശരിയാണെന്ന് ബോധ്യമാവുകയും ചെയ്യുന്നു. മനുഷ്യബന്ധങ്ങളുടെ തീവ്രതയും ഇഴയടുപ്പവും വളരെ ഭംഗിയായി എഴുതിയൊരുക്കാന്‍ റസാക്കിനും അത് ഭേദപ്പെട്ട സിനിമാനുഭവമാക്കാന്‍ കമലിനും സാധിച്ചിട്ടുണ്ട്.

കൃഷ്ണമംഗലം കോവിലകത്തെ സരസ്വതിയമ്മയുടെയും അവിടുത്തെ സഹായിയായ കൃഷ്ണന്‍കുട്ടിയുടെയും കഥയാണ് രാപ്പകല്‍ പറയുന്നത്. സരസ്വതിയമ്മക്ക് കൃഷ്ണന്‍കുട്ടി താന്‍ പ്രസവിക്കാത്ത മകനാണ്. അത്രയും അടുപ്പമുള്ള വൈകാരികബന്ധം അവര്‍ക്ക് അയാളുമായുണ്ട്. ആ തറവാട്ടിനും അവിടുത്തെ മനുഷ്യര്‍ക്കും എല്ലാമാണ് കൃഷ്ണന്‍കുട്ടി.

കുടുംബത്തിലെ അംഗങ്ങള്‍ എല്ലാവരും ഒരു അവധിക്കാലത്ത് അവിടെ സമ്മേളിക്കാനെത്തുന്നതോടെ ആ തറവാട്ടില്‍ ഒരു ഉത്സവത്തിന്റെ പ്രതീതിയായി. എന്നാല്‍ സരസ്വതിയമ്മയെയും കൃഷ്ണന്‍കുട്ടിയെയും സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ ഏറെ നീണ്ടുനിന്നില്ല. തറവാട് വില്‍ക്കാനുള്ള കുടുംബാംഗങ്ങളുടെ തീരുമാനം തങ്ങളുടെ ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെയാണ് അവര്‍ കേട്ടത്. തറവാട് വില്‍ക്കുന്നതോടെ അകലേണ്ടിവരുന്ന സരസ്വതിയമ്മയുടെയും കൃഷ്ണന്‍കുട്ടിയുടെയും ജീവിതത്തിലെ വേദന നിറഞ്ഞ അനുഭവങ്ങളെ അതീവ ഹൃദയസ്പര്‍ശിയായി കമല്‍ അവതരിപ്പിച്ചിട്ടുണ്ടം.

കമലിന് ഈ ചിത്രം ഒരു ബ്രേക്കാണെന്ന് വേണം പറയാന്‍. നിര്‍മാതാവിന് നഷ്ടമുണ്ടാക്കിയ മഞ്ഞുപോലൊരു പെണ്‍കുട്ടിക്കു ശേഷം കമല്‍ ഒരുക്കിയ പെരുമഴക്കാലം വിമര്‍ശകരുടെ സമിശ്ര പ്രതികരണമാണ് ക്ഷണിച്ചുവരുത്തിയത്. ചിത്രം സാമ്പത്തികമായി പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ രാപ്പകലില്‍ കമല്‍ കഴിഞ്ഞ രണ്ടു ചിത്രങ്ങളിലും സംഭവിച്ച പാളിച്ചകള്‍ തരണം ചെയ്തിട്ടുണ്ട്. ചിത്രം ഒരു സൂപ്പര്‍ഹിറ്റാവുമെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

ഗാനരംഗങ്ങള്‍ മനോഹരമായി അവതരിപ്പിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ കാട്ടാറുണ്ട് കമല്‍. എന്നാല്‍ എന്തുകൊണ്ടോ രാപ്പകലിലെ ഗാനങ്ങളോ ഗാനരംഗങ്ങളോ പ്രത്യേകിച്ചൊരു മികവും അവകാശപ്പെടാനില്ലാത്തതായി. സിനിമയില്‍ മറ്റു രംഗങ്ങളിലൊന്നും കാണാത്ത കൃത്രിമത്വം ഗാനരംഗങ്ങളില്‍ മുഴച്ചുനില്‍ക്കുകയും ചെയ്യുന്നു.

വാത്സല്യത്തിലും കാഴ്ചയിലുമെന്ന പോലെ മമ്മൂട്ടി രാപ്പകലിലും ഉജ്വലമായ അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്. തസ്കരവീരന്‍ പോലുള്ള ചിത്രങ്ങളില്‍ അഭിനയിച്ചതിന് കേള്‍ക്കേണ്ടിവന്ന വിമര്‍ശനത്തെ അതിജീവിക്കാന്‍ രാപ്പകലിലെ കൃഷ്ണന്‍കുട്ടിയെ ഗംഭീരമായി അവതരിപ്പിച്ച മമ്മൂട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.

ഒരു ഇടവേളക്കു ശേഷം മലയാളത്തിലെത്തിയ ശാരദ സരസ്വതിയമ്മയായി ജീവിക്കുക തന്നെ ചെയ്തു. വേലക്കാരിയുടെ വേഷത്തിലെത്തുന്ന നയന്‍താരക്ക് പകരം അത്രയും ഗ്ലാമറില്ലാത്തെ മറ്റൊരു നടിക്ക് ആ കഥാപാത്രത്തെ ഏല്പിച്ചുകൊടുക്കാമായിരുന്നു. നാഗരികയായ പെണ്‍കുട്ടിയായെത്തുന്ന ഗീതു മോഹന്‍ദാസിന് നയന്‍താര അവതരിപ്പിച്ച വേലക്കാരിയായ ഗൗരിയുടെ വേഷം നല്‍കിയിരുന്നെങ്കില്‍ ഒരു പക്ഷേ ആ കഥാപാത്രത്തെ കുറെക്കൂടി ഭംഗിയാക്കാന്‍ കഴിയുമായിരുന്നു.

കമലിന്റെ സ്ഥിരം ക്യാമറാമാനായ പി. സുകുമാര്‍ പ്രമേയത്തിന്റെ സ്വഭാവം ഉള്‍ക്കൊണ്ട് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X