twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപ്, സൂപ്പര്‍സ്റാറാകാന്‍ ശ്രമിയ്ക്കരുതേ....

    By Staff
    |

    ദിലീപ്, സൂപ്പര്‍സ്റാറാകാന്‍ ശ്രമിയ്ക്കരുതേ....
    ഗോപാല്‍

    ഇന്നത്തെ കാലത്ത് നാല് കാശുണ്ടാവുക എളുപ്പമല്ല. കാശുണ്ടായാലോ, പിന്നെ പലര്‍ക്കും ജീവിതത്തില്‍ ഇല്ലാത്തതെന്തോ അത് ഉണ്ടെന്ന് നാലാളെ കാണിക്കുന്നത് ഒരു രസമാണ്. ഈ അല്പത്തരം കാണുന്ന ജനം പുറമേ കാണിച്ചില്ലെങ്കിലും ഉള്ളില്‍ ചിരിയ്ക്കും.

    ദിലീപിന്റെ സിഐഡി മൂസ എന്ന ചിത്രം ബ്ലാക്കില്‍ ടിക്കറ്റെടുത്ത് കണ്ടശേഷം തോന്നിയ ചില ചിന്തകളാണ് മുകളില്‍ കുറിച്ചത്. 25 രൂപയുടെ ബാല്‍ക്കണി ടിക്കറ്റ് 45 രൂപ കൊടുത്താണ് എടുത്തത്. സിഐഡി മൂസ ഇറങ്ങിയിട്ട് അപ്പോള്‍ നാല് ദിവസമേ ആയിട്ടുള്ളൂ. തിയറ്ററില്‍ രണ്ടു പൂരം കാണാനുള്ള ജനം. അല്പം വൈകിപ്പോയതിനാല്‍ ടിക്കറ്റ് കിട്ടിയില്ല. അതുകൊണ്ട് ബ്ലാക്കുകാരനെ ആശ്രയിക്കേണ്ടിവന്നു.

    ഓ, പറഞ്ഞു തുടങ്ങിയ കാര്യം മറന്നു. ദിലീപ് ഇപ്പോള്‍ നല്ല കാശുകാരനാണ്. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം ഒന്നൊന്നായി വിജയിച്ചപ്പോള്‍ പ്രതിഫലവും കുത്തനെ കൂടി. അതോടൊപ്പം മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നീ സൂപ്പര്‍ താരങ്ങള്‍ കഥയില്ലാ ചിത്രങ്ങളില്‍ അഭിനയിച്ച് പൊളിഞ്ഞ് പാളീസാവുകയും ചെയ്തു. ഇതോടെ ദിലീപിനുള്ള റേറ്റിംഗ് കൂടി. ചില മാധ്യമങ്ങള്‍ പുതിയ സൂപ്പര്‍ സ്റാറായി ദിലീപിനെ വാഴിയ്ക്കുകയും ചെയ്തു.

    മാധ്യമങ്ങള്‍ പല കുറി ദിലീപ് അടുത്ത സൂപ്പര്‍ സ്റാര്‍ എന്നെഴുതിയതിയപ്പോള്‍ ആ കെണിയില്‍ ദിലീപും വീണുപോയോ? സിഐഡി മൂസ കണ്ടപ്പോള്‍ അങ്ങിനെ തോന്നുന്നു. കാരണം ദിലീപിന് ഏറെ പരിമിതിയുള്ള ഒരു കഥാപാത്രത്തെ മെരുക്കാനാണ് ദിലീപ് സിഐഡി മൂസയില്‍ ശ്രമിച്ചത്. അത് പ്രതീക്ഷിച്ചപോലെ നന്നായില്ല.

    നര്‍മ്മത്തിന്റെ മേമ്പൊടിയുണ്ടെങ്കിലും സിഐഡി മൂസ അല്പം അതിമാനുഷിക സ്വഭാവങ്ങളുള്ള ഒരു കഥാപാത്രമാണ്. തന്റെ മിടുക്ക് കൊണ്ട് തന്നെ അധോലോകക്കൊലയാളികളെ നേരിട്ട് തോല്പിക്കുന്ന കയ്യൂക്കുള്ള കഥാപാത്രം. ഈ കഥാപാത്രത്തെ തന്റെ കൈപ്പിടിയില്‍ ഒതുക്കാന്‍ ദിലീപിന് വേണ്ടത്ര കഴിഞ്ഞുവോ എന്ന് സംശയമുണ്ട്.

    അതിമാനുഷിക കഥാപാത്രത്തെ ചെയ്ത് വിജയിപ്പിക്കാന്‍ തനിക്ക് കഴിയുമോ എന്ന സംശയമുള്ളത് കൊണ്ടാണ് അല്പം തമാശയില്‍ പൊതിഞ്ഞ് സിഐഡി മൂസ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ ശ്രമിച്ചത്. പകരം സംഭവിച്ചതോ തമാശയും ഫലിച്ചില്ല, വീരസാഹസികതയും വിജയിച്ചില്ല. പ്രേക്ഷകന് ദിലീപിനെ വീരസാഹസിക മൂസയായോ, വിഡ്ഢി മൂസയായോ സ്വീകരിക്കാനും കഴിഞ്ഞില്ല.(വെറും വിഡ്ഡിത്തങ്ങള്‍ കാട്ടി വിജയിക്കുന്ന മൂസയായിരുന്നെങ്കില്‍ സിഐഡി മൂസ തീര്‍ച്ചയായും വിജയിച്ചേനേ).

    ദിലീപ് മൂന്ന് കോടി രൂപയാണ് സിഐഡി മൂസ നിര്‍മ്മിയ്ക്കാന്‍ ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാട്ടുസീനിലും സ്റണ്ട് സീനിലും നല്ലതുപോലെ പണം ചെലവാക്കിയിട്ടുണ്ട്. (റോഡ് കത്തിച്ച വകയില്‍ രണ്ടരലക്ഷം രൂപ നഷ്ടപരിഹാരം നല്കേണ്ടിയും വന്നു).

    മൂന്നു കോടി ചെലവില്‍ മെഗാതാരത്തിന്റെ പരിവേഷം പ്രേക്ഷകന് മേല്‍ അടിച്ചേല്പിക്കാന്‍ ശ്രമിച്ചു എന്നതാണ് ദിലീപ് സിഐഡി മൂസയില്‍ കാട്ടിയ വിഡ്ഡിത്തം. ദിലീപിന് കയ്യിലൊതുങ്ങുന്ന കഥാപാത്രം അവതരിപ്പിച്ചാല്‍ മതിയായിരുന്നു. ഉദാഹരണത്തിന് കുഞ്ഞിക്കൂനന്‍, സല്ലാപം, മീശമാധവന്‍ എന്നീ ചിത്രങ്ങളിലേതു പോലുള്ള ഏറെ കുറ്റങ്ങളും കുറവുകളുമുള്ള സാദാ കഥാപാത്രങ്ങള്‍. കണ്ണീരില്‍ കുതിര്‍ന്ന സാധാരണക്കാരുടെ വേഷങ്ങള്‍. ഈ കഥാപാത്രങ്ങളുടെ മണ്ണിന്റെ മണമുള്ള ധര്‍മ്മസങ്കടങ്ങള്‍ കണ്ടാണ് പ്രേക്ഷകര്‍ ദിലീപിനെ സ്വീകരിച്ചത്. ആ വേഷങ്ങളിലൂടെയാണ് ദിലീപ് എന്ന നടനുമായി ജനങ്ങള്‍ താദാത്മ്യം പ്രാപിച്ചത്. ദിലീപിനെ അത്തരം വേഷങ്ങളിലാണ് ജനം കൂടുതല്‍ പ്രതീക്ഷിയ്ക്കുന്നതും. പക്ഷെ ദിലീപ് ശ്രമിയ്ക്കുന്നതാകട്ടെ, സൂപ്പര്‍ താര പരിവേഷത്തോടെ തന്നെ ജനത്തെ കൊണ്ട് സ്വീകരിപ്പിക്കാനാണ്. അതിനുള്ള ശ്രമമായിരുന്നു സിഐഡി മൂസയിലെ മൂലംകുഴിയില്‍ സഹദേവന്‍ എന്ന ദിലീപിന്റെ കഥാപാത്രം.

    ദിലീപ് തന്നെ നിര്‍മ്മിയ്ക്കുന്ന ചിത്രമായതിനാല്‍ സിനിമ വരും മുമ്പേ ജനങ്ങള്‍ ഏറെ പ്രതീക്ഷിച്ചിരുന്നു. മാധ്യമങ്ങളും സിഐഡി മൂസയ്ക്ക് വന്‍ പ്രചാരം നല്കി. പക്ഷെ മൂസ ജനങ്ങളെ നിരാശപ്പെടുത്തിയെന്നേ പറയേണ്ടൂ. ആദ്യദിവസങ്ങളില്‍ തിയറ്ററുകളില്‍ നല്ല ഇടിയാണ്. ദിലീപ് നിര്‍മ്മിയ്ക്കുന്ന, ദിലീപ് നായകനായി അഭിനയിയ്ക്കുന്ന ചിത്രം എന്ന പ്രതീക്ഷയായിരിയ്ക്കാം തുടക്കത്തിലെ ഈ തള്ളിന് പിന്നില്‍. പക്ഷെ ജനം ഈ ചിത്രത്തെ കൂടുതല്‍ നാള്‍ സ്വീകരിയ്ക്കുമോ എന്ന് കണ്ടറിയണം. (ഇതിനായി മഞ്ജു വാര്യരെ കൂടി ഉള്‍പ്പെടുത്തി ചില ഭാഗങ്ങള്‍ വരും നാളില്‍ ചേര്‍ക്കാന്‍ ദിലീപിന് പദ്ധതിയുള്ളതായി കേള്‍ക്കുന്നു.)

    പട്ടണ പ്രവേശം, നാടോടിക്കാറ്റ് എന്നീ മോഹന്‍ലാല്‍- ശ്രീനിവാസന്‍ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ചിത്രമാണ് സിഐഡി മൂസ. പട്ടണപ്രവേശവും നാടോടിക്കാറ്റും സിഐഡി സിനിമകളാണ്. നാടോടിക്കാറ്റില്‍ ഗള്‍ഫിലേക്ക് വലിയ മോഹവുമായി പോകുന്ന രണ്ട് തൊഴിലില്ലാത്ത ചെറുപ്പക്കാരെ പിന്നീട് ചില അധോലോക സംഘങ്ങള്‍ സിഐഡിയായി തെറ്റിദ്ധരിയ്ക്കുകയും ഈ ചെറുപ്പക്കാര്‍ യാദൃച്ഛികമായി അധോലോകത്തെ പിടികൂടാന്‍ പൊലീസിനെ സഹായിക്കുകയും ചെയ്യുന്ന കഥയാണ് പറയുന്നത്. നാടോടിക്കാറ്റില്‍ ജീവിതത്തിന്റെ ചൂടും ചൂരുമുള്ള കഥാപാത്രങ്ങളും അവരുടെ ധര്‍മ്മസങ്കടങ്ങളും അതിനിടയില്‍ സംഭവിയ്ക്കുന്ന ചില നര്‍മ്മങ്ങളുമാണ് ഉള്ളത്. മാത്രമല്ല, സത്യന്‍ അന്തിക്കാട് എന്ന വിദഗ്ധനായ, നര്‍മ്മത്തിന്റെ മര്‍മ്മമറിയുന്ന ഒരു സംവിധായകന്റെ സാന്നിധ്യമുണ്ട്. ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്ത് കണ്ടെടുത്ത ജീവിതമുഹൂര്‍ത്തങ്ങളുണ്ട്. സിദ്ദിക്കി (സംവിധായകന്‍) ന്റെ നാടകീയത നിറഞ്ഞ കഥയാണെങ്കിലും അതിന് ജീവിതത്തിന്റെ ചൂരുള്ള പശ്ചാത്തലവും മുഹൂര്‍ത്തങ്ങളും ശ്രീനിവാസന്‍ നല്‍കിയിരിക്കുന്നു.

    എന്നാല്‍ സിഐഡി മൂസയില്‍ യഥാര്‍ത്ഥ ജീവിതവുമായി കാര്യമായി ബന്ധമില്ലാത്ത കഥാപാത്രങ്ങളും കഥയുമാണ് ഉള്ളത്. അവിശ്വസനീയമാണെന്ന് തോന്നിയ്ക്കുന്ന രീതിയിലാണ് കഥ പുരോഗമിയ്ക്കുന്നത്. ഈ ചിത്രത്തില്‍ സംവിധായകന്റെയോ തിരക്കഥാകൃത്തിന്റെയോ മിടുക്കുകള്‍ ഒന്നും കാണാനില്ല. ദിലീപിനെ മാത്രം ആശ്രയിച്ച് നീങ്ങുന്ന ഒരു പാവം സിനിമ എന്നേ തോന്നൂ.

    മുഖ്യമന്ത്രിയെ വധിയ്ക്കാന്‍ ദില്ലിയില്‍ നിന്ന് ഒരു അധോലോകനായകന്‍ പറഞ്ഞയയ്ക്കുന്ന ഗുണ്ടകള്‍. അവരില്‍ നിന്ന് തന്റെ മിടുക്ക് കൊണ്ട് മുഖ്യമന്ത്രിയെ രക്ഷിയ്ക്കുന്ന സിഐഡി മൂസ. ഇതാണ് സിഐഡി മൂസയുടെ കഥ. ഇതില്‍ വരുന്ന നര്‍മ്മങ്ങളോ മൂന്നാംകിടയാണ്. കോമാളിത്തരങ്ങളാണ് ഇപ്പോഴത്തെ മലയാള സിനിമയിലെ നര്‍മ്മങ്ങള്‍ എന്ന് ലോഹിതദാസ് ഈയിടെ നടത്തിയ പ്രസ്താവന എത്ര ശരിയാണ്.

    ഗാനങ്ങളുടെ ചിത്രീകരണം വ്യത്യസ്തമായിട്ടുണ്ടെങ്കിലും വിദ്യാസാഗര്‍ ഈണം നല്‍കിയ പാട്ടുകളെല്ലാം ഈയിടെ ഇറങ്ങിയ ചില ഗാനങ്ങളുടെ അനുകരണം പോലെ തോന്നും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X