twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരാശപ്പെടുത്തുന്ന പാണ്ടിപ്പട

    By Staff
    |

    നിരാശപ്പെടുത്തുന്ന പാണ്ടിപ്പട

    തന്റെ ജന്മദിനായ ജൂലൈ നാല് ഭാഗ്യദിനമാണെന്നാണ് ദിലീപ് വിശ്വസിക്കുന്നത്. ഈ പറക്കുംതളിക, മീശമാധവന്‍, സിഐഡി മൂസ എന്നീ സൂപ്പര്‍ഹിറ്റുകള്‍ റിലീസ് ചെയ്തത് ജൂലൈ നാലിനാണ്. ജൂലൈ നാലിന്റെ ഭാഗ്യം തേടിയാണ് ഇത്തവണ അതേ ദിവസം പാണ്ടിപ്പട ദിലീപ് തിയേറ്ററുകളിലെത്തിച്ചത്. ജൂലൈ നാല് തനിക്ക് നാലാമതൊരു സൂപ്പര്‍ഹിറ്റ് സമ്മാനിക്കുമെന്ന ദിലീപിന്റെ വിശ്വാസം പാളുകയാണോ?

    റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ഈ ചിത്രം സമിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഒരു ദിലീപ് ചിത്രത്തിന് ആദ്യദിവസങ്ങളില്‍ കിട്ടുന്ന കളക്ഷനിലെത്താന്‍ പാണ്ടിപ്പടക്കായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമാശരംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. എന്നാല്‍ എല്ലാവിധ പ്രേക്ഷകര്‍ക്കും ആസ്വാദ്യമായി തോന്നാവുന്ന ചിത്രമല്ല പാണ്ടിപ്പട.

    നോണ്‍ സ്റോപ്പ് കോമഡിയെന്ന പരസ്യവാചകവുമായെത്തിയ പാണ്ടിപ്പടയിലെ കോമഡി രംഗങ്ങള്‍ പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം തുടങ്ങിയ റാഫി മെക്കാര്‍ട്ടിന്‍ ചിത്രങ്ങളിലെ തമാശമുഹൂര്‍ത്തങ്ങളുടെ അടുത്തൊന്നുമെത്തുന്നില്ല. ചിത്രം ആദ്യന്തം നര്‍മപ്രധാനമായി ഒരുക്കാന്‍ റാഫി മെക്കാര്‍ട്ടിന്‍ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും മുന്‍ചിത്രങ്ങളിലേതു പോലെ തകര്‍പ്പന്‍ തമാശരംഗങ്ങളൊന്നും ചിത്രത്തിലില്ല. പലപ്പോഴും ദിലീപ്-ഹരിശ്രീ അശോകന്‍-സലിംകുമാര്‍ ടീമിന്റെ തമാശക്കായുള്ള കസര്‍ത്തുകള്‍ ചിലപ്പോഴൊക്കെ അരോചകമാവുന്നുമുണ്ട്.

    ഒരു ഇടവേളക്കു ശേഷമാണ് ഒരു മുഴുനീള കോമഡി ചിത്രത്തില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന നിലവാരത്തിലുള്ള ദിലീപിന്റെ ഒരു തമാശ ചിത്രമല്ല പാണ്ടിപ്പട. ഒരു പിടി തമാശ സിനിമകള്‍ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള റാഫി മെക്കാര്‍ട്ടിന്റെ കൈയിലുള്ള കോമഡി നമ്പരുകളൊക്കെ ശുഷ്കമായി തീര്‍ന്നിരിക്കുന്നുവെന്ന് പാണ്ടിപ്പട പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നു.

    റിയല്‍ എസ്റേറ്റ് ബിസിനസില്‍ ഭാഗ്യം തേടുന്ന ഭുവനചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ പണം പലിശക്കു കൊടുക്കുന്ന ഉമ്മച്ചനില്‍ (കൊച്ചിന്‍ ഹനീഫ) നിന്ന് പണം കടമെടുത്ത് ഭുവനന്‍ തമിഴ്നാട് അതിര്‍ത്തിയില്‍ സ്ഥലം വാങ്ങി.

    എന്നാല്‍ താന്‍ വാങ്ങിയ സ്ഥലത്തിന്റെ പേരില്‍ തര്‍ക്കം നടക്കുന്നുണ്ടെന്ന് ഭുവനന്‍ പിന്നീടാണ് അറിയുന്നത്. കനിവിന്റെ അണുപോലും ഇല്ലാത്ത കറുപ്പുസ്വാമിയുടേയും (രാജന്‍ പി ദേവ്) പാണ്ടിദുരൈയുടേയും (പ്രകാശ് രാജ്) തീരാപ്പകയ്ക്ക് കാരണമായ ഈ സ്ഥലം തനിക്ക് സ്വന്തമാക്കാനാവില്ലെന്ന് ബോധ്യമായ ഭുവനചന്ദ്രന്‍ സ്ഥലം കൈക്കലാക്കാനായി ചില തന്ത്രങ്ങള്‍ മെനയുന്നു.

    സുഹൃത്തായ ഭാസിയ്ക്കൊപ്പം (അശോകന്‍) ആള്‍മാറാട്ടം നടത്തി പാണ്ടിദുരൈയുടെ വീട്ടില്‍ കയറിക്കൂടിയ ഭുവനചന്ദ്രന്‍ ക്രമേണ ആ കുടുംബത്തിന്റെ സ്നേഹം നേടുന്നു. ഇതിനിടെ കറുപ്പുസ്വാമിയുടെ മകള്‍ മീനയുമായി (നവ്യാ നായര്‍) ഭുവനന്‍ പ്രണയത്തിലാവുന്നു. എന്നാല്‍ പാണ്ടിദുരൈക്കും മീനയില്‍ കണ്ണുണ്ട്. അതോടെ ഒരു സംഘര്‍ഷത്തിലേക്ക് കഥ നീങ്ങുകയാണ്.

    ആദ്യാവസാനം തമാശയുടെ മേമ്പൊടിയോടെ കഥ പറയാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും പഞ്ചാബിഹാസ്, തെങ്കാശിപ്പട്ടണം തുടങ്ങിയ ചിത്രങ്ങളിലേതു പോലെ പ്രേക്ഷകന്‍ മതിമറന്നു ചിരിക്കുന്ന ഒരു രംഗം പോലും ഒരുക്കാന്‍ റാഫി മെക്കാര്‍ട്ടിന് കഴിഞ്ഞിട്ടില്ല. ഒരു ഇടവേളക്കു ശേഷം ദിലീപ് ചെയ്യുന്ന മുഴുനീള കോമഡി ചിത്രത്തിന് പ്രേക്ഷകരുടെ പ്രതീക്ഷയോളം ഉയരാനായില്ല.

    ചിത്രത്തിലെ ഗാനരംഗങ്ങളും സെറ്റുകളും തെങ്കാശിപ്പട്ടണത്തിലെ രംഗങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട്. സലിംകുമാറും ഹരിശ്രീ അശോകനും കാണിക്കുന്ന കസര്‍ത്തുകള്‍ പ്രേക്ഷകരെ ചിരിപ്പിക്കാനായി നടത്തുന്ന വൃഥാവ്യായാമങ്ങള്‍ മാത്രമാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X