twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പര്‍സ്റാര്‍ പ്രേതം

    By Staff
    |

    സൂപ്പര്‍സ്റാര്‍ പ്രേതം
    അശോക്

    വെള്ളിനക്ഷത്രം, വിസ്മയത്തുമ്പത്ത് എന്നീ ചിത്രങ്ങള്‍ക്കു ശേഷം അപരിചിതന്‍. പ്രേതത്തിന്റെയും ആത്മാവിന്റെയുമൊക്കെ കഥ പറയുന്ന മൂന്നാമത്തെ ചിത്രമാണ് ഈ വര്‍ഷം മലയാളത്തില്‍ ഇറങ്ങുന്നത്.

    പ്രേതവും ആത്മാവുമൊക്കെ പ്രത്യക്ഷപ്പെടുന്ന സിനിമകളെ മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചുപോരുന്നതിനാല്‍ അപരിചിതനും വിജയമാവുമെന്നായിരിക്കണം നവാഗതസംവിധായകനായ സഞ്ജീവ് ശിവന്റെ കണക്കുകൂട്ടല്‍. ഏതായാലും റിലീസായതിന് ശേഷമുള്ള ആദ്യദിവസങ്ങളില്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്ന പ്രതികരണം സംവിധായകന്റെ കണക്കുകൂട്ടല്‍ തെറ്റിയിട്ടില്ല എന്നാണ് വ്യക്തമാക്കുന്നത്.

    വെള്ളിനക്ഷത്രത്തില്‍ പ്രേതബാധിതയായ കുട്ടിയാണ് കേന്ദ്രകഥാപാത്രം എന്നതായിരുന്നു പുതുമ. വിസ്മയത്തുമ്പത്തില്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ മല്ലടിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് പുറത്തിറങ്ങി ചുറ്റിയടിക്കുന്ന ആത്മാവ് നായികയായി വരുന്നു എന്നതായിരുന്നു പ്രത്യേകത. അപരിചിതനിലാവട്ടെ കുട്ടികള്‍ വിനോദത്തിന് കളിക്കുന്ന ഓജോ ബോര്‍ഡ് കളിക്ക് നിഗൂഢപരിവേഷം നല്‍കി അവതരിപ്പിക്കുന്നുവെന്നതാണ് പുതുമ. പോരാത്തതിന് സൂപ്പര്‍താരം തന്നെ ചിത്രത്തില്‍ പ്രേതമായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു!

    മീനാക്ഷി (കാവ്യാമാധവന്‍) സിമി സാമുവല്‍ (കാര്‍ത്തിക), ദേവി (മന്യ) എന്നീ മൂന്ന് പെണ്‍കുട്ടികളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ലോ കോളജില്‍ പഠിക്കുന്ന ഈ പെണ്‍കുട്ടികള്‍ പരീക്ഷയുടെ തലേന്ന് ചോദ്യപേപ്പര്‍ ചോര്‍ത്താന്‍ ശ്രമിച്ചതിന് കോളജില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെടുന്നു. മറ്റെവിടേക്കും പോവാനില്ലാത്തതിനാല്‍ സിമിയുടെ കാമുകനായ ചാക്കോച്ചന്റെ (വിനീത്കുമാര്‍) സഹായത്തോടെ അവര്‍ നെല്ലിയാമ്പതിയിലെത്തുന്നു. നെല്ലിയാമ്പതിയിലെ യാത്രക്കിടയിലാണ് ഒരു അപരിചിതനെ ഇവര്‍ കണ്ടുമുട്ടുന്നത്.

    ആദ്യമൊക്കെ തങ്ങളുടെ യാത്രയില്‍ ശല്യമായി തോന്നിയ രഘുറാം (മമ്മൂട്ടി) അവരെ അപകടത്തില്‍ നിന്നും രക്ഷിക്കുന്നു. ഒരു രാത്രി കാട്ടിലകപ്പെട്ട അവരെ രക്ഷിച്ച രഘുറാം മീനാക്ഷിയോട് തന്റെ കഥ പറയുന്നു.

    നാഷണല്‍ ജ്യോഗ്രഫിക് ചാനലിന്റെ ഫോട്ടോഗ്രാഫറായിരുന്ന രഘുറാമിന്റ ജീവിതത്തെ മാറ്റിമറിച്ച സംഭവമായിരുന്നു ആദിവാസിയായ കല്യാണിയുമായുള്ള കണ്ടുമുട്ടല്‍. തന്റെ സഹോദരിയുമായുള്ള സാദൃശ്യം രഘുറാമിനെ അവളിലേക്ക് ആകര്‍ഷിച്ചു. ഒരു ദിവസം കല്യാണിയെ കാണാതാവുന്നതോടെ രഘുറാമിന്റെ ജീവിതം തന്നെ മാറിമറിയുകയായിരുന്നു. ആ മാറ്റങ്ങളാണ് കഥയിലെ സസ്പെന്‍സ്.

    ചിത്രത്തിന്റെ രണ്ടാം പകുതിയെ മുന്നോട്ടുകൊണ്ടുപോവുന്നത് രഘുറാമായി അഭിനയിക്കുന്ന മമ്മൂട്ടിയാണ്. രഘുറാമായി മികച്ച അഭിനയമാണ് മമ്മൂട്ടി കാഴ്ചവച്ചത്. കാവ്യാ മാധവനും തന്റെ കഥാപാത്രത്തെ ഭംഗിയാക്കി. കല്യാണിയായി വേഷമിട്ട മുംബൈ മോഡല്‍ മഹി വിജിന് കഥാപാത്രത്തെ അനായാസമായി അവതരിപ്പിക്കാനായില്ല.

    സഞ്ജീവ്ശിവനും എ. കെ. സാജനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. തിരക്കഥയിലെ ഒഴുക്കില്ലായ്മ കഥ പറച്ചിലിനെ ബാധിക്കുന്നുണ്ട്. വാനപ്രസ്ഥത്തിന് ശേഷം മറ്റൊരു മലയാളചിത്രത്തിനായി ക്യാമറ ചലിപ്പിച്ച സന്തോഷ്ശിവന്റെ ഛായാഗ്രഹണമാണ് ചിത്രത്തിന്റെ ഒരു പ്രധാന സവിശേഷത.

    ചിത്രത്തിന്റെ നിഗൂഢാന്തരീക്ഷത്തില്‍ ലാഘവത്വം വരുത്താനായി ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, മച്ചാന്‍ വര്‍ഗീസ് എന്നിവര്‍ക്കൊക്കെ ഓരോ വേഷം ഏല്പിച്ചുകൊടുത്തിട്ടുണ്ട്. എന്നാല്‍ ചിരിപ്പിക്കാനായുള്ള രംഗങ്ങളൊന്നും വേണ്ടവിധം ഏറ്റില്ല.

    ഈ ചിത്രത്തില്‍ അഭിനയിക്കാമെന്നേറ്റപ്പോള്‍ മമ്മൂട്ടി പറഞ്ഞത് ഹോളിവുഡിലേതു പോലെ ഇത്തരം ചിത്രങ്ങള്‍ മലയാളത്തിലും വരണമെന്നാണ്. മലയാളി സംവിധായകര്‍ ഇങ്ങനെയാണ് ഹോളിവുഡിനെ മാതൃകയാക്കുന്നതെങ്കില്‍ മലയാളി പ്രേക്ഷകര്‍ക്ക് പ്രേതസിനിമകള്‍ മാത്രം കണ്ട് കാലം കഴിക്കേണ്ടിവരും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X